ഇല കൊഴിയും കാലം – 4

ഇല കൊഴിയും കാലം – 4

വഴിത്തല രവി

പുതിയ വീട്ടില്‍ താമസമാരംഭിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ രണ്ടു വീട്ടിലും കാര്‍ വാങ്ങി. പുതിയ മോഡല്‍ മാരുതി സ്വിഫ്റ്റ് കാര്‍. ബാങ്ക് ലോണാണെന്ന് മക്കള്‍ പറഞ്ഞെങ്കിലും അതൊന്നും ശ്രീദേവിക്കു വിഷയമായിരുന്നില്ല. പുതുപുത്തന്‍ മാരുതിക്കാര്‍ സ്വന്തമാക്കിയതിന്‍റെ അഭിമാനം അവരുടെ മുഖത്തു കാണാമായിരുന്നു.

കൊച്ചു മോളെ കിന്‍റര്‍ ഗാര്‍ട്ടന്‍ സ്കൂളില്‍വിട്ട് ഓഫീസിലേക്ക് പോകുമ്പോള്‍ ശ്രീദേവിയും മക്കളോടൊപ്പം കാറില്‍ മിക്കവാറും തൃപ്പൂണിത്തുറയിലേക്കു പോകും. രണ്ടു ബിഗ്ഷോപ്പര്‍ നിറയെ പച്ചക്കറിയും പലവ്യഞ്ജനങ്ങളും ഇറച്ചിയും മീനുമൊക്കെ വാങ്ങിയിട്ടാണ് ഓട്ടോറിക്ഷയില്‍ അവര്‍ മടങ്ങിവരിക.

വിജയരാഘവന്‍ ചോദിക്കും: "നീ എന്തിനുള്ള പുറപ്പാടാ ശ്രീദേവി?"

"ഞാന്‍ എന്‍റെ മക്കള്‍ക്ക് നല്ല ഭക്ഷണം ഉണ്ടാക്കിക്കൊടുക്കും."

"നീ ഇതുവരെ ഉണ്ടാക്കിക്കൊടുത്തതു നല്ല ഭക്ഷണമല്ലേ?"

"നല്ല ഭക്ഷണം തന്നെ. പക്ഷേ, ഒരു വ്യത്യാസം. അന്നു ഞാന്‍ ഒരു കമ്പനിത്തൊഴിലാളിയുടെ ഭാര്യയായിരുന്നു."

"ഇന്നോ… കമ്പനിത്തൊഴിലാളിയുടെ ഭാര്യയല്ലേ?"

"ആണ്. ഒപ്പം രണ്ടു ടോപ്പ് എക്സിക്യൂട്ടീവ്സിന്‍റെ അമ്മയാണ്. രണ്ട് അടിപൊളി മരുമക്കളുടെ അമ്മായിഅമ്മയും."

അവര്‍ ചിരിച്ചുകൊണ്ട് അകത്തേയ്ക്കു പോകുമ്പോള്‍ അത്ഭുതത്തോടെ അയാളോര്‍ത്തു… എന്തു ജന്മമാണിത്?

ഞാന്‍ എവിടെയാണോ… അവിടെയാണ് എല്ലാവര്‍ക്കും ഭക്ഷണം എന്നതാണു ശ്രീദേവി മക്കളുടെ മുന്നില്‍വച്ച നിര്‍ദ്ദേശം.

പുലര്‍ച്ചെ നാലു മണിക്ക് എഴുന്നേറ്റ് വിനയചന്ദ്രന്‍റെ അടുക്കളയില്‍ എല്ലാവര്‍ക്കും വേണ്ട ചായയും പലഹാരങ്ങളും ഊണുമെല്ലാം അവര്‍ ഒരുക്കിവയ്ക്കും. ആറര ഏഴു മണിയാകുമ്പോഴാണു മക്കളെല്ലാം എഴുന്നേറ്റുവരിക. പിന്നെ ഓഫീസിലേക്കു പോകാനുള്ള തിടുക്കം. വേണ്ടതു കഴിച്ച് ഉച്ചഭക്ഷണം പാത്രങ്ങളിലെടുത്ത്… വേണ്ടത്ര പണം അമ്മയെ ഏല്പിച്ചു മക്കള്‍ പോയിക്കഴിഞ്ഞാല്‍ ഭര്‍ത്താവിനോടൊപ്പം ശ്രീദേവിയും പ്രഭാതഭക്ഷണം, ഇത്തിരി കുശലം.

വീണ്ടും പാത്രം കഴുകാനും വീടു വൃത്തിയാക്കാനും തുണി നനയ്ക്കാനും ധൃതി.

പണം പിരിക്കാന്‍ വരുന്ന പയ്യനോടും പേപ്പര്‍ വിതരണം ചെയ്യുന്ന ആളോടുപോലും വിശേഷം തിരക്കാന്‍ അവര്‍ സമയം കണ്ടെത്തുന്നു. പാല്‍ക്കാരിക്കും പച്ചക്കറി വണ്ടി ഉന്തിവരുന്ന തമിഴ് സ്ത്രീക്കും അവര്‍ ഇടയ്ക്കിടെ ഭക്ഷണം നല്കുന്നതു കാണാം. തന്‍റെ ചുറ്റുപാടുകളോട് എങ്ങനെ പൊരുത്തപ്പെടാം എന്നറിയാന്‍ ശ്രീദേവിയുടെ ചെയ്തികള്‍ നോക്കിയിരുന്നാല്‍ മതിയാകും. സദാ പ്രസന്നതയാണ് അവരുടെ മുഖമുദ്ര.

വിജയരാഘവന്‍റെ കാര്യം നേരെ തിരിച്ചാണ്. അയാള്‍ക്ക് ആരോടും സംസാരിക്കണമെന്നേയില്ല. ഇഷ്ടമില്ലാത്ത ഒരിടത്തു തനിച്ചായിപ്പോയ കുട്ടിയുടെ അവസ്ഥയാണ് എപ്പോഴും. ജോലിയുള്ള സമയത്തും വലിയ കൂട്ടുകെട്ടോ… ചുറ്റിക്കറങ്ങലോ ഒന്നും ഉണ്ടായിരുന്നില്ല. കമ്പനി, ജോലി, വീട്. തീര്‍ന്നു, അയാളുടെ ലോകം. കിട്ടുന്നത് ശ്രീദേവിയെ ഏല്പിക്കും. ഒരിക്കലും കുടുംബം നടത്തിക്കൊണ്ടുപോകുന്ന ഭാരം അയാളെ അറിയിച്ചിട്ടില്ല അവര്‍. ഇപ്പോഴും അങ്ങനെതന്നെ. പക്ഷേ, അന്നൊക്കെ ദിവസങ്ങള്‍ കടന്നുപോകുന്നത് അറിയാതെയായിരുന്നു. ഇന്നിപ്പോള്‍ താനൊഴിച്ചു ബക്കിയെല്ലാവരും തിരക്കാണ്. ജീവിതത്തിന്‍റെ മധുരമെല്ലാം നഷ്ടപ്പെട്ടു വിരസതയുടെ കയ്പുനീര്‍ നാവില്‍ നുരയിട്ടു നില്ക്കുന്ന അക്കാലത്തു ശാരീരികമായ പ്രശ്നങ്ങളും വിജയരാഘവനെ അലട്ടാന്‍ തുടങ്ങി. പ്രധാന പ്രശ്നം മൂത്രതടസ്സമായിരുന്നു. മൂത്രമൊഴിക്കണമെന്നു തോന്നിയാല്‍ ഉടനെ നിവൃത്തിയുണ്ടാകണം. എന്നാലോ മുഴുവന്‍ പുറത്തേയ്ക്കു പോവുകയുമില്ല. അല്പനേരം ഒരിടത്തു നിന്നാല്‍, ചെറിയ ദൂരം നടന്നാല്‍ മൂത്ര സഞ്ചിക്കു കനം വയ്ക്കാനും വേദനിക്കാനും തുടങ്ങും. വര്‍ദ്ധിച്ചുവരുന്ന പുറംവേദനയാണു മറ്റൊരു വിഷമം.

ശ്രീദേവിക്കു കൈ ഒഴിവുണ്ടാകുമ്പോള്‍ അവര്‍ ചോദിക്കും: "ഞാന്‍ തൈലം പുരട്ടി തരട്ടേ?"

മുറിവെണ്ണ പുറത്തു പുരട്ടി ചൂടുവച്ചാല്‍ ചെറിയ ആശ്വാസം തോന്നും. പെന്‍ഷന്‍ വാങ്ങി മടങ്ങുമ്പോള്‍ ഡോക്ടറെ കണ്ട് അയാള്‍ മൂത്രം ശരിയായി പോകാനുള്ള ഗുളിക വാങ്ങി.

പെന്‍ഷനായി അധികകാലമാകും മുമ്പേ താനൊരു വൃദ്ധനും രോഗിയുമായിക്കഴിഞ്ഞിരിക്കുന്നു എന്നു വിജയരാഘവനു തോന്നി.

അങ്ങനെ ഇരിക്കെയാണ് കു ടുംബത്തെ നടുക്കിയ… കു ടുംബത്തിന്‍റെ തായ്വേരറക്കുന്ന ആ സംഭവമുണ്ടായത്.

********

രാവിലെ മുതല്‍ അന്തരീക്ഷം മൂടിക്കെട്ടിയ അവസ്ഥയിലായിരുന്നു. തലേന്നു മഴ പെയ്തതിന്‍റെ ശേഷിപ്പെന്നോണം മുറ്റത്തും പരിസരങ്ങളിലും ചപ്പുചവറുകള്‍ തൂവിക്കിടന്നിരുന്നു.

പുലര്‍ച്ചെ എഴുന്നേല്ക്കുമ്പോള്‍ തന്നെ ശ്രീദേവിക്കു പതിവില്ലാതെ ആദരം തോന്നി. വല്ലവിധേനയുമാണു വീട്ടുജോലികള്‍ പൂര്‍ത്തിയാക്കിയത്. എത്ര ക്ഷീണമായാലും മടി പിടിച്ചിരിക്കാന്‍ കഴിയില്ലല്ലോ.

മക്കള്‍ക്കെല്ലാവര്‍ക്കും രാവിലെ ചായയും പലഹാരവും വേണം കൂടെ ഭക്ഷണം കൊടുത്തുവിടണം.

മക്കളെല്ലാം പോയിക്കഴിഞ്ഞ്, മുറികളെല്ലാം തൂത്തു വൃത്തിയാക്കിക്കഴിഞ്ഞപ്പോള്‍ അവര്‍ വിജയരാഘവനോടു പറഞ്ഞു.

"ചൂടെടുക്കുന്നു; മേല് കഴുകി വേഷം മാറിയിട്ടു ചായ തരാം."

തണുത്ത വെള്ളം ശരീരത്തിലേക്കു വീഴുമ്പോഴും ഉള്ളാകെ ചൂടും പരവേശവുമായിരുന്നു. അടിവയറ്റില്‍നിന്നും തലേന്നു കഴിച്ചതെന്തോ ദഹിക്കാതെ ഉരുണ്ടു കേറുംപോലെ ഛര്‍ദ്ദിക്കുമോ എന്നുപോലും തോന്നി.

വേഷം മാറി… ചായയെടുത്ത് ഇരുവരും ഭക്ഷണം കഴിക്കാനിരുന്നു. കുളിച്ചിട്ടും ശ്രീദേവി കുടുകുടെ വിയര്‍ക്കുന്നതു കണ്ടപ്പോള്‍ വിജയരാഘവന്‍ എഴുന്നേറ്റ് ഫാനിന്‍റെ വേഗത കൂട്ടി.

"നന്നായി വിയര്‍ക്കുന്നുണ്ടല്ലോ… എന്തെങ്കിലും വിഷമംപോലെ?"

"ഏയ് ഒന്നുമില്ല."

എന്നാലും ക്ഷീണവും അസ്വസ്ഥതയും ആ മുഖത്തു കാണാമായിരുന്നു. ഇഡലിയും സാമ്പാറും വീണ്ടും അയാളുടെ പത്രത്തിലേക്കു പകര്‍ന്നുകൊണ്ട് അവര്‍ പ്രോത്സാഹിപ്പിച്ചു.

"കഴിക്കൂ."

അയാള്‍ അവരെ തൃപ്തയാക്കാന്‍ വേണ്ടി പിന്നെയും ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു. എങ്കിലും അവരുടെ കണ്ണില്‍ ഒരു പിടച്ചില്‍ അയാള്‍ ശ്രദ്ധിച്ചു. തന്‍റെ ഉള്ളിലെ വെപ്രാളം മറയ്ക്കാനെന്നോണം അവര്‍ ചോദിച്ചു:

"പുറംവേദന എങ്ങനെയുണ്ട്?"

"ഇപ്പോള്‍ അധികമില്ല."

കഴിഞ്ഞ ദിവസം വാങ്ങിയ കുഴമ്പു ഞാന്‍ പുരട്ടിത്തരാം. ചൂടുവെള്ളത്തില്‍ കുളിക്കുകകൂടി ചെയ്താല്‍ ആശ്വാസമാകും."

"അതൊന്നും സാരമില്ലന്നേ."

"മൂത്രതടസ്സത്തിനുള്ള മരുന്ന് എന്നും വൈകീട്ട് മറക്കാതെ കഴിക്കുന്നുണ്ടല്ലോ. ഞാനെപ്പോഴും ഓര്‍ത്തെന്ന് വരില്ല."

"എന്താ… നീ ഇപ്പോള്‍ ഇങ്ങനെയൊക്കെ പറയുന്നേ?"

ശ്രീദേവി ആ ചോദ്യം ശ്രദ്ധിച്ചില്ലെന്നു തോന്നി. അവര്‍ വീണ്ടും ചോദിച്ചു: "പഴയ വീടു വിട്ടുപോന്നതിനുശേഷം ചെറിയ വിഷമമുണ്ടായിരുന്നതു മാറിയോ?"

"അങ്ങനെയൊന്നുമില്ല."

"ഒരിക്കലും സങ്കടപ്പെരുത്; മക്കള്‍ നോക്കിക്കൊള്ളും."

"ശ്രീദേവീ."

വിഷാദം മഷിയെഴുതിയ മിഴികള്‍ തെല്ലുയര്‍ത്തി ആര്‍ദ്രമായി അവര്‍ അയാളെ ഒന്നു നോക്കി. ആകാശവും ഭൂമിയും വട്ടം തിരിയുകയാണോ? ഉടലാകെ പിന്നെയും വിയര്‍പ്പു പൊടിയുന്നു. നെറ്റിയിലേക്കു പാറി കിടക്കുന്ന മുടിയൊതുക്കാനും അശ്രദ്ധമായ വേഷം നേരെയാക്കാനും കഴിയാതെ അദ്ദേഹം തളരുന്നതു കാണ്‍കെ അയാള്‍ അവരെ താങ്ങി തൊട്ടടുത്ത സോഫയിലേക്കു ചാരിയിരുത്തി. അയാളുടെ നെഞ്ചിലേക്ക് ആ മുഖം ചാഞ്ഞു. പിന്നെ ആ മടിയിലേക്കു വീണു. ദേഹം ഒന്നു പിടഞ്ഞുവോ?

"ശ്രീദേവി…"

മറുപടി ഉണ്ടായില്ല. ആ കണ്ണുകള്‍ അടഞ്ഞു. സകലതും കൈവിട്ടുപോയ അവസ്ഥയില്‍ അയാള്‍ അലറിക്കരഞ്ഞു.

"എന്നെ വിട്ടുപോയോ… എന്‍റെ പൊന്നേ. ഇനി എനിക്കാരുണ്ട്? എന്നെ തനിച്ചാക്കി പൊയ്ക്കളഞ്ഞില്ലേ?"

പതിവില്ലാതെ ഒരു പുരുഷന്‍ പൊട്ടിക്കരച്ചില്‍ കേട്ട് അടുത്ത വീടുകളിലുള്ളവര്‍ ഓടിയെത്തി. അവരെത്തുമ്പോള്‍ ശ്രീദേവിയെ കെട്ടിപ്പിടിച്ചു കരയുന്ന വിജയരാഘവനെയാണു കണ്ടത്. ആരുടെയോ ഉത്സാഹത്തില്‍ കാറെത്തി. ആരൊക്കെയോ ശ്രീദേവിയെ താങ്ങിയെടുത്തു കാറില്‍ കയറ്റി സമീപത്തുള്ള ആശുപത്രിയിലേക്കു കുതിച്ചു. കാഷ്വാല്‍റ്റി ഡോക്ടര്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അദ്ദേഹം മരണം ഉറപ്പുവരുത്തുക മാത്രം ചെയ്തു. ഇണയായെത്തി ഒരു കുടുംബം കെട്ടിപ്പടുക്കാന്‍ കൈപിടിച്ചു ഒപ്പം നടന്നയാള്‍ ഇനി തന്നോടൊപ്പമില്ല. ഒരു കള്ളനെപ്പോലെ മരണം വന്നു തന്‍റെ പ്രിയതമയെ കവര്‍ന്നെടുത്തു എന്ന യാഥാര്‍ത്ഥ്യം അയാളെ അക്ഷരാര്‍ത്ഥത്തില്‍ തളര്‍ത്തി. രണ്ടു ദിവസം അസുഖമായി കിടന്നതുപോലുമില്ല. എത്ര ആകസ്മികമാ യിരുന്നു എല്ലാം. ജീവിതം തികച്ചും ശൂന്യമായതുപോലെ. സ്നേഹത്തിന്‍റെ നീരുറവയാണു വറ്റിപ്പോയത്. ഇനി ആര്‍ക്കുവേണ്ടി ജീവിക്കണം? എന്തിനുവേണ്ടി ജീവിക്കണം?

വിനയചന്ദ്രന്‍റെ വീടിന്‍റെ ഹാളില്‍ ശ്രീദേവിയുടെ ദേഹം ഇറക്കിക്കിടത്തി. തലയ്ക്കല്‍ കത്തുന്ന നിലവിളക്ക്, ചന്ദനത്തിരികള്‍.

വീട്ടുമുറ്റത്തു ചെറിയ പന്തലുയര്‍ന്നു. മരണം അന്വേഷിച്ചു വരുന്നവര്‍ക്ക് ഇരിക്കാന്‍ പ്ലാസ്റ്റിക് കസേരകള്‍ നിരത്തി ശവദാഹത്തിനുള്ള ക്രമീകരണങ്ങള്‍ നടക്കുന്നുണ്ട്.

ആരൊക്കെയോ… അനുശോചനവുമായി വരുന്നു; പുഷ്പചക്രം സമര്‍പ്പിക്കുന്നു. ബന്ധുക്കള്‍, അയല്‍വാസികള്‍, പഴയ സഹപ്രവര്‍ത്തകര്‍ എല്ലാം കാണുന്നുണ്ട്, അറിയുന്നുണ്ട്. എന്നാല്‍ ശബ്ദം നിലച്ചതുപോലെ വിജയരാഘവന്‍ മുറ്റത്തിന്‍റെ മൂലയിലെ തണലില്‍ ഒരു കസേരയില്‍ വാടിത്തളര്‍ന്നു കിടന്നു.

ഇത്തിരിമുമ്പു തനിക്കു ഭക്ഷണം വിളമ്പിതന്ന്, സ്നേഹത്തോടെ അടുത്തിരുന്നു സംസാരിച്ചവളാണ് അകത്തു ജീവന്‍ നഷ്ടപ്പെട്ടു കിടക്കു ന്നത്.

ഇന്നു കഴിഞ്ഞാല്‍ ആ മുഖം തനിക്കൊന്നു കാണാന്‍ കഴിയുമോ?

തന്നോടവള്‍ ഒരു വാക്കു മിണ്ടുമോ?

ഇതുപോലൊരു ശിക്ഷ കിട്ടാന്‍ മാത്രം ഞാന്‍ എന്തു ചെയ്തു? എന്തിനാണ് എന്നെ തനിച്ചാക്കിപ്പോയത്?

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org