ഇല കൊഴിയും കാലം – 5

ഇല കൊഴിയും കാലം – 5

വഴിത്തല രവി

ഗ്രാമീണനായ ഒരച്ഛന്‍ തന്‍റെ മകനെ ചുമലിലിരുത്തി ഉത്സവപ്പറമ്പിലേക്കു പോയ ഒരു കഥ എവിടെയോ വായിച്ചതു വിജയരാഘവനോര്‍ത്തു. ഉത്സവപ്പറമ്പിലെത്തിയതും അവന്‍ യന്ത്രഊഞ്ഞാലില്‍ കയറണമെന്ന് ആവശ്യപ്പെട്ടു. മുന്നോട്ടു വീണ്ടും നടന്നപ്പോള്‍ സവാരി നല്കുന്ന കുതിരപ്പുറത്തു കയറണമെന്നായി ആവശ്യം. ഓരോന്നും മടങ്ങിവരുമ്പോഴാകട്ടെ എന്ന് അച്ഛന്‍ പറഞ്ഞത് അവന്‍ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു. പിന്നെയും ഓരോന്ന് ആവശ്യപ്പെടുമ്പോഴും അച്ഛന്‍റെ മറുപടി മടങ്ങിവരുമ്പോഴാകട്ടെ എന്നുതന്നെയായിരുന്നു. കുറേ ദൂരമായപ്പോള്‍ അച്ഛന്‍റെ ചുമല്‍ വേദനിക്കാന്‍ തുടങ്ങി. പി ന്നെ കൈപിടിച്ചായി നടത്തം. പക്ഷേ, ആ തിരക്കില്‍ എപ്പോഴോ അച്ഛനും മകനും കൂട്ടം തെറ്റി. അച്ഛനെ കാണാതെ ആ പിഞ്ചുബാലന്‍ വാവിട്ടു കരഞ്ഞു. ആരൊക്കെയോ അവനെ ഉത്സവക്കമ്മിറ്റിക്കാരെ ഏല്പിച്ചു. അച്ഛനെ തേടി കണ്ടുപിടിക്കാനുള്ള ശ്രമത്തിനിടയില്‍ അവര്‍ അവനോടു പറഞ്ഞു: "കരയാതിരിക്കൂ… ഞങ്ങള്‍ നിന്നെ യന്ത്രഊഞ്ഞാലില്‍ കയറ്റാം."

അവന്‍ പറഞ്ഞു: "വേണ്ട; എനിക്കച്ഛനെ കണ്ടാല്‍ മതി."

അവര്‍ അച്ഛനെ തേടി പരാജയപ്പെട്ടപ്പോള്‍ കരച്ചില്‍ നിര്‍ത്തിക്കിട്ടാനായി വീണ്ടും പറഞ്ഞു: "നമുക്കു കുതിരപ്പുറത്തു കയറാം." അവന്‍ വീണ്ടും പറഞ്ഞു: "വേണ്ട… എനിക്കച്ഛനെ കണ്ടാല്‍ മതി. ഈ രണ്ടു കാര്യങ്ങളും അച്ഛനോട് അവന്‍ ആവശ്യപ്പെട്ടതാണ്. പക്ഷേ, ഇപ്പോള്‍ അച്ഛന്‍ അടുത്തില്ലാത്തപ്പോള്‍ അവന് അതിലൊന്നും താത്പര്യമില്ല. അച്ഛനെയൊന്നു കണ്ടാല്‍ മതി. അടുത്തില്ലാതായപ്പോഴാണ് അച്ഛന്‍റെ വില എന്തെന്ന് അവനറിഞ്ഞത്.

വിജയരാഘവന്‍റെ കാര്യവും അതുപോലെതന്നെയായിരുന്നു. ശ്രീദേവി വീട്ടിലില്ലാത്ത അവസ്ഥ വന്നപ്പോള്‍ ജീവിതമാകെ ഇരുട്ടിലായതു പോലെ. ഈ ലോകത്തെ ധന്യതകള്‍ ഒന്നും വേണ്ട… ശ്രീദേവിയെ ഒന്നു കണ്ടാല്‍ മാത്രം മതി എന്ന് ആഗ്രഹിച്ചുകൊണ്ടേയിരുന്നു, അയാള്‍.

സഞ്ചയനവും പുലകുളി അടിയന്തിരവും കഴിഞ്ഞു മക്കള്‍ ജോലിക്കു പോയിത്തുടങ്ങിയപ്പോള്‍ എന്തു ചെയ്യണമെന്ന് അറിയാതെ വിജയരാഘവന്‍ അസ്വസ്ഥനായി.

മക്കളുടെ സ്ഥിതിയും അതുതന്നെയായിരുന്നു. ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്ന് ആര്‍ക്കും ഒരു രൂപവുമുണ്ടായിരുന്നില്ല. ഒരു വീട്ടില്‍ ഇത്രയേറെ ജോലിയുണ്ടെന്ന് അവര്‍ ആദ്യമായി മനസ്സിലാക്കുകയായിരുന്നു. മുറികളെല്ലാം അടിച്ചുവാരി തുടയ്ക്കണം. മുറ്റവും പരിസരവും വൃത്തിയാക്കണം. തുണികള്‍ അലക്കിത്തേയ്ക്കണം. ഇത്രയും എങ്ങനെയും ചെയ്യാം. ഭക്ഷണക്കാര്യമാണ് ആകെ പ്രശ്നം. മരുമക്കള്‍ രണ്ടുപേരും ഉന്നതവിദ്യാഭ്യാസം നേടിയവരാണ്. അതു കഴിഞ്ഞ ഉടനെ ജോലിയുമായി. വിവാഹത്തിനുമുമ്പു ഗൃഹഭരണത്തില്‍ വേണ്ടത്ര പ്രാവീണ്യം നേടാനൊന്നും അവര്‍ക്ക് അവസരമുണ്ടായില്ല. വിനയചന്ദ്രന്‍റെ ഭാര്യ ആദ്യഗര്‍ഭത്തിന്‍റെ ആലസ്യം തുടങ്ങിയതോടെ പറഞ്ഞറിയിക്കാനാവാത്ത വിഷമസന്ധിയിലായി. ഒരു ഗ്ലാസ് വെള്ളം കുടിച്ചാല്‍പ്പോലും ഓക്കാനവും നിര്‍ത്താതെ ഛര്‍ദ്ദിയും തലകറക്കവും എഴുന്നേറ്റിരിക്കാന്‍ വയ്യാത്ത ക്ഷീണവും തളര്‍ച്ചയുമായപ്പോള്‍ അച്ഛനമ്മമാര്‍ വന്ന് എറണാകുളത്തെ വീട്ടിലേയ്ക്ക് അവളെ കൂട്ടിക്കൊണ്ടുപോയി. വിനയചന്ദ്രന്‍ മിക്കവാറും ഓഫീസ് വിട്ടാല്‍ അങ്ങോട്ടു പോകും.

ഫലത്തില്‍ വിജയരാഘവന്‍റെ പൊറുതി മുകുന്ദന്‍റെ വീട്ടിലായി. ആ വീടുമാറ്റവും അയാള്‍ക്കു കല്ലുകടിയായിരുന്നു.

അമ്മയുള്ളപ്പോള്‍ ഒരിക്കല്‍പ്പോലും അടുക്കളയില്‍ കയറിയിട്ടില്ലാത്ത രേവതി ഭര്‍ത്താവിനും മകള്‍ക്കും ഭര്‍ത്തൃപിതാവിനും സമയാസമയത്തു ഭക്ഷണം കൊടുക്കാന്‍ നന്നേ വിഷമിച്ചു. വല്ലവിധേനയും ചോറുണ്ടാക്കാമെന്നല്ലാതെ അതിനപ്പുറം കടക്കാന്‍ എത്ര ശ്രമിച്ചിട്ടും അവള്‍ക്കു കഴിഞ്ഞില്ല. എന്നും വൈകീട്ട് ഓഫീസില്‍നി ന്നും വരുമ്പോള്‍ ഹോട്ടലില്‍ നിന്നു ചിക്കന്‍ കറിയോ ബീഫ് കറിയോ വാങ്ങിക്കൊണ്ടു വരും. വൈകീട്ട് കഴിച്ചതിനു ബാക്കി ഫ്രിഡ്ജില്‍ വച്ചു പിറ്റേന്നു ചൂടാക്കി വിളമ്പും.

പ്രഭാതഭക്ഷണമൊരുക്കലാണ് ഏറ്റവും വലിയ വെല്ലുവിളി. പുട്ടുണ്ടാക്കിയാല്‍ ഉപ്പുമാവുപോലിരിക്കും. ഉപ്പു മാവുണ്ടാക്കാന്‍ ശ്രമിച്ചാല്‍ അതു മറ്റേതോ പലഹാരമായി മാറും. ദോശയോ ഇഡ്ഡലിയോ ഇടിയപ്പമോ… എങ്ങനെ ഉണ്ടാക്കിയെടുക്കാമെന്നു ശ്രമിക്കാന്‍പോലും രേവതിക്കു ധൈര്യമില്ലായിരുന്നു. തൊട്ടടുത്ത ചായക്കടയില്‍ നിന്നും വാങ്ങുന്ന പാഴ്സലില്‍ സമാധാനം കണ്ടെത്തുകയായിരുന്നു അവസാന പോംവഴി.

ഉറക്കമുണര്‍ന്ന് വരുമ്പോള്‍ ശരീരമാകെ മുറിഞ്ഞു നേരിടുന്നതുപോലൊരു തോന്നലാണ് വിജയരാഘവന്. ഒരു ചൂടുചായ കുടിച്ചു പ്രാഥമിക കാര്യങ്ങളൊക്കെ നിര്‍വഹിച്ചു കഴിയുമ്പോഴേ ദേഹത്തിന് ഒരു അയവു തോന്നൂ. വര്‍ഷങ്ങളായുള്ള ശീലമാണത്. കയ്യും കാലും ചലനശേഷി ആര്‍ജ്ജിക്കണമെങ്കില്‍ ചായ വേണം.

ചായ കാത്ത് അയാള്‍ തെല്ലുനേരം വരാന്തയിലിരുന്നു. വരുന്നില്ലെന്നു കണ്ടപ്പോള്‍ അടുക്കളയില്‍ ഒന്നു തല കാണിച്ചു. മരുമകള്‍ ആകെ തിരക്കിലാണ്.

മടങ്ങിപ്പോന്നു. പിന്നെയും സമയം പൊയ്ക്കൊണ്ടിരുന്നു. തലേന്ന് തിളപ്പിച്ചുവച്ചിരുന്ന വെള്ളമെടുത്തു കുടിച്ചു വരാന്തയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. പത്രം മക്കളാരോ ബെഡ്റൂമീലേക്ക് എടുത്തുകൊണ്ടുപോയിരിക്കുന്നു. മുമ്പൊക്കെ താനായിരുന്നു ആദ്യം പേപ്പര്‍ വായിച്ചിരുന്നത് എന്ന് അയാളോര്‍ത്തു. എട്ടു മണിയായി ട്ടും ചായ കിട്ടാതായപ്പോള്‍ സ്വയമൊരു ചായ ഉണ്ടാക്കാമെന്ന് കരുതി അടുക്കളയിലെത്തിയപ്പോള്‍ മരുമകളുടെ പരുഷമായ നോട്ടം. കുക്കറില്‍ വേവിച്ചെടുത്ത ചോറു പായസംപോലെയായതോര്‍ത്തു കൈ തലയില്‍ വച്ചു നില്ക്കുകയായിരുന്നവള്‍. ഒന്നുകില്‍ പായസം അല്ലെങ്കില്‍ കുതിര്‍ന്ന വന്‍പയര്‍പോലെ. ചോറിന്‍റെ പാകം എങ്ങനെയാണു മനസ്സിലാക്കിയെടുക്കുക?

"ഒരു ചായ."

"ചായ ആയിട്ടില്ല; ആയാല്‍ അങ്ങോട്ടു തരാം. രാവിലെ ഇറങ്ങിപ്പോകാന്‍ ഇവിടെ തലകുത്തി മറിയുകയാ… അതിനിടയ്ക്കാ ചായേം കാപ്പീം…"

തന്‍റെ മരുമകള്‍ക്ക് ഇങ്ങനെയും ഒരു മുഖമുണ്ടെന്നു മനസ്സിലാക്കിയ വിജയരാഘവന്‍ ഞെട്ടിപ്പോയി. വഴിയിലേക്കിറങ്ങി അഞ്ചു മിനിറ്റ് നടന്നാല്‍ ചായക്കടയുണ്ട്. നാളിതുവരെ അവിടെ പോയി ചായ വാങ്ങി കുടിച്ചിട്ടില്ല. ഇപ്പോള്‍ അതിനൊക്കെ വേണ്ടി ഇറങ്ങി പുറപ്പെട്ടാല്‍ മക്കള്‍ക്കു മാനക്കേടാവും.

വേണ്ട; രാവിലെ തന്നെ ചായ കുടിച്ചില്ലെങ്കില്‍ മരിച്ചു പോവുകയൊന്നുമില്ലല്ലോ.

അയാള്‍ വരാന്തയില്‍, പരാതിയൊന്നുമില്ലാതെ വെളിയിലേക്കു നോക്കിയിരുന്നു.

**********

പെന്‍ഷന്‍ വാങ്ങാനായി ട്രഷറിയുടെ കൗണ്ടറിനു മുന്നില്‍ ക്യൂ നില്ക്കുമ്പോള്‍ തന്നോടൊപ്പം ജോലി ചെയ്തവരോ പരിചയക്കാരോ ആരെങ്കിലും ഉണ്ടോ എന്നു വിജയരാഘവന്‍ നോക്കി. ഇല്ല; ആരുമില്ല. ആയിരത്തിഅഞ്ഞൂറോ രണ്ടായിരമോ പെന്‍ഷന്‍ വാങ്ങാനായി ഒരു ദിവസത്തെ മെനക്കേട്. അതുകൊണ്ടുതന്നെ പലരും പെന്‍ഷന്‍ ബാങ്കിലേക്കു മാറ്റി. ബാങ്കില്‍ പണമെത്തിയാല്‍ ഇഷ്ടമുള്ളപ്പോള്‍ എടിഎം വഴി കൈപ്പറ്റാവുന്നതാണ്. തന്‍റെ പെന്‍ഷനും ബാങ്കിലേക്കു മാറ്റാന്‍ ഏര്‍പ്പാടു ചെയ്യണം. അധിക നേരം ക്യൂ നിന്നാല്‍ അടിവയറിനു താഴെ കനം വയ്ക്കും. പിന്നെ ഇരിക്കാനും നില്ക്കാനും വയ്യാത്ത വേദനയാണ്.

കഴിഞ്ഞ മാസം പെന്‍ഷന്‍ വാങ്ങിയപ്പോള്‍ ഡോക്ടറെ കാണണമെന്നു കരുതിയതാണ്. പണം തീര്‍ന്നുപോയത് എത്ര വേഗം. വീട്ടില്‍ മറ്റാരുമില്ലാത്ത നേരത്താണു കേബിള്‍ ടിവിക്കാരനും പേപ്പറുകാരനും പണം പിരിക്കാന്‍ വരിക. കയ്യില്‍ പൈസ വച്ചിട്ടു പിന്നെ വാ എന്ന് എങ്ങനെ പറയും? വൈകീട്ട് മക്കള്‍ വരുമ്പോള്‍ പേപ്പറുകാരന്‍ വന്നിരുന്നു, കേബിള്‍ ടിവിക്കാരന്‍ വന്നിരുന്നു എന്നു പറഞ്ഞാല്‍ പൈസ കൊടുത്തോ എന്നൊരു ചോദ്യം മാത്രം. അത് എത്രയാണെന്ന് അന്വേഷിച്ച് ഏല്പിക്കാനൊന്നും ആരും തുനിയാറില്ല.

ഇപ്രാവശ്യം അങ്ങനെ വരാന്‍ പാടില്ല. പണം തീരുംമുമ്പേ ഡോക്ടറെ കാണണം.

ട്രഷറിയില്‍നിന്നും വിജയരാഘവന്‍ നേരെ പോയതു കണ്ണടക്കടയിലേക്കാണ്. എട്ടുപത്തു ദിവസമായി കണ്ണടയുടെ കാലിളകിയിട്ട്. പവറും വ്യത്യാസപ്പെട്ടിട്ടുണ്ട്.

പവര്‍ ഗ്ലാസ് മാറ്റുന്നതു പിന്നെയാകാം. കാലുറപ്പിച്ചു കിട്ടിയാല്‍ മതി തത്കാലം. കുറേ ദിവസം മുകുന്ദന്‍റെ ബാഗില്‍ കിടന്നു കണ്ണട. ശരിയാക്കി കൊണ്ടുവരാം എന്നു പറഞ്ഞതല്ലാതെ ഗുണമൊന്നുമുണ്ടായില്ല. പേപ്പറുപോലും വായിക്കാന്‍ പറ്റുന്നില്ല എന്നു പറഞ്ഞപ്പോള്‍ ഓ… അച്ഛന്‍ പരീക്ഷയ്ക്കു പഠിക്കുകയല്ലേ എന്നായിരുന്നു മറുപടി.

അഞ്ചു നിമിഷ നേരത്തെ പണി മാത്രം.

"എത്രയാ ചാര്‍ജ്?"

കടയിലെ ചെറുപ്പക്കാരന്‍ ചിരിയോടെ മറുപടി പറഞ്ഞു: "ഒന്നും വേണ്ട."

ഇത്രയേയുള്ളൂ കാര്യം; ഇനി ഡോക്ടറെ കാണണം.

ഡോക്ടര്‍ വിശദമായിത്തന്നെ പരിശോധിച്ചു. അദ്ദേഹം പറഞ്ഞു: "അടിവയറിനു താഴെ രണ്ടു വശങ്ങളിലും ഹെര്‍ണിയ രൂപപ്പെട്ടിട്ടുണ്ട്."

"ഹെര്‍ണിയയോ?"

"അതെ. കുടലിറക്കം എന്നു പറയും. പേടിക്കാനൊന്നുമില്ല. ചെറിയൊരു ഓപ്പറേഷന്‍കൊണ്ടു ശരിയാക്കാവുന്നതേയുള്ളൂ."

"ഓപ്പറേഷന് എത്ര ചെലവു വരും."

"കീ ഹോള്‍ ചെയ്യാന്‍ ഒരു ലക്ഷത്തിനടുത്തു വേണ്ടി വരും."

ഒരു ലക്ഷം രൂപയോ? വിജയരാഘവന്‍ ഭയന്നുപോയി. നിവൃത്തിയില്ല. ഇത്രയും പണമൊന്നും മക്കളോടു ചോദിക്കുക വയ്യ. തന്നെയുമല്ല ഓപ്പറേഷനായി ആശുപത്രിയില്‍ കിടന്നാല്‍ ടോയ്ലെറ്റില്‍ പോകണമെങ്കില്‍പ്പോലും ആരാണ് ഒന്നു കൈപിടിക്കുക?

"ഓപ്പറേഷനല്ലാതെ വഴിയൊന്നുമില്ലേ ഡോക്ടര്‍."

"ഗുളിക കഴിക്കാം. മൂത്രതടസ്സം നീങ്ങും. വേദനയ്ക്കും കുറവുണ്ടാകും. അധിക ഭാരമൊന്നും എടുക്കാതെ ശ്രദ്ധിച്ചാല്‍ മതി."

ഗുളിക മാത്രം വാങ്ങി അയാള്‍ പുറത്തു കടന്നു. പോകുന്നിടത്തോളം പോകട്ടെ. പിന്നീടുള്ള കാര്യം അപ്പോള്‍ നോക്കാം എന്നു വിചാരിക്കുകയും ചെയ്തു.

കൊച്ചുമോള്‍ക്കു മധുരപലഹാരവും കളിപ്പാട്ടവും വാങ്ങിക്കഴിഞ്ഞു കുട നിവര്‍ത്തി ഒറ്റ നടപ്പായിരുന്നു. വീട്ടിലേക്കുള്ള വഴിയിലെത്തിയപ്പോഴാണ് ഊണു കഴിക്കാന്‍ മറന്നല്ലോ എന്ന് ഓര്‍മിച്ചത്. രാവിലെ പുറപ്പെടുമ്പോഴേ എവിടെയെങ്കിലും ഹോട്ടലില്‍ നിന്നു സസ്യാഹാരം കഴിക്കണമെന്നു വിചാരിച്ചിരുന്നാണ്. ഇനി എന്തു ചെയ്യാന്‍?

പാത്രം തുറക്കുമ്പോഴേ മനംപുരട്ടലാണ് വരിക.

ഹോട്ടലില്‍ എപ്പോഴെങ്കിലും പാചകം ചെയ്തു ഫ്രീസറില്‍വച്ചിരിക്കുന്ന ഇറച്ചിയും മീനുമൊക്കെ ആവശ്യക്കാര്‍ വരുമ്പോള്‍ ചൂടാ ക്കി വിളമ്പുകയാണു പതിവ്. അതു പാഴ്സലാക്കി കൊണ്ടുവന്നു കഴിച്ചിട്ട് ബാക്കിയുള്ളതു ഫ്രിഡ്ജില്‍ വച്ചു പുലര്‍ച്ചെ എടുത്തു ചൂടാക്കിവച്ചിരിക്കുന്നു. ഉച്ചയ്ക്ക് അതു വീണ്ടും കഴിക്കുന്നതില്‍ ഭേദം പട്ടിണിയാണ്.

കഴിഞ്ഞ ദിവസം സഹികെട്ടു മരുമകളോടു പറഞ്ഞതാണ്; "ഇങ്ങനെ ദിവസോം ഇറച്ചീം മീനുമല്ലാതെ… വല്ല മോരു കാച്ചീതോ… ചീരയിലത്തോരനോ എന്തെങ്കിലും ഉണ്ടാക്കിയാല്‍ നന്നായിരുന്നു."

"മുകുന്ദേട്ടന്‍ ഇറച്ചീം മീനും ഇല്ലാതെ ഊണു കഴിക്കില്ലെന്ന് അറിയില്ലേ?"

"എന്നും കഴിച്ചാല്‍ വയറിന് സുഖം തോന്നില്ല; വയറ്റീന്നു പോകാനും പ്രയാസം."

"അത്ര പ്രയാസമുള്ളോരു കഴിക്കണ്ടാന്നു വയ്ക്കണം."

മരുമകളുടെ തീരുമാനത്തിനു മുമ്പില്‍ വിജയരാഘവന്‍ മൗനം ദീക്ഷിച്ചു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org