ഇല കൊഴിയും കാലം – 3

ഇല കൊഴിയും കാലം – 3

വഴിത്തല രവി

"പുതിയ മാല കഴുത്തിലിടാത്തതെന്താ?"

ഊണു കഴിഞ്ഞു കുട്ടികള്‍ കിടപ്പുമുറിയിലേക്കു പോയിക്കഴിഞ്ഞു വിജയരാഘവനും ശ്രീദേവിയും വരാന്തയില്‍ത്തന്നെ ഇരിക്കുകയായിരുന്നു. സമയം രാത്രി ഒമ്പതു കഴിഞ്ഞു കാണും.

"അമ്പലത്തില്‍ കൊടുത്തു പൂജിച്ചു വാങ്ങിയിട്ട് ഇടാമെന്നു കരുതി."

അതു നന്നായി എന്ന് അയാള്‍ക്കും തോന്നി.

അപ്പോഴാണ് അകത്തുനിന്നും രേവതി വിളിച്ചത്.

"അമ്മേ…"

ശ്രീദേവി അകത്തേയ്ക്കു പോയി.

പുറത്തു നല്ല കാറ്റുണ്ട്. മഴക്കോളുള്ളതുപോലെ. ചെറിയ മിന്നലും മുഴക്കവും.

അമ്മയും മക്കളും ശബ്ദം താഴ്ത്തി കുറേ നേരമായി സംസാരിക്കുന്നു. എന്താണു കാര്യമെന്ന് അയാള്‍ക്കു മനസ്സിലായില്ല. വിശറി താഴ്ത്തിവച്ച് അയാള്‍ പുറത്തേയ്ക്കു നോക്കിയിരുന്നു. ഒടുവില്‍ ശ്രീദേവിയുടെ ശബ്ദം.

"നിങ്ങള്‍ തന്നെ അച്ഛനോടു പറയൂ."

മക്കളും മരുമക്കളും വരാന്തയിലെത്തി അച്ഛനരികിലായി നിന്നു. മുകുന്ദനാണു പറഞ്ഞു തുടങ്ങിയത്…

"അച്ഛാ… നമുക്ക് ഈ വീടൊന്നു മാറിയാലോ… എന്ന് ആലോചിക്കുകയാണ്."

"വീടു മാറാനോ… എന്തിന്?"

"എല്ലാവര്‍ക്കുംകൂടി സ്ഥലം പോരാതായെന്നു തോന്നുന്നു."

"ഒന്നില്‍ കൂടുതല്‍ മക്കളുള്ളിടത്ത് മൂത്തയാള്‍ക്കു കുടുംബമായിക്കഴിയുമ്പോള്‍ ആരെങ്കിലും ഒരാള്‍ മാറിത്താമസിക്കുന്ന പതിവുണ്ടല്ലോ. അങ്ങനെ ആലോചിച്ചാല്‍ പോരേ?"

"ഇതുവരെ അച്ഛന്‍റേം അമ്മേടേം ഒപ്പം താമസിച്ചിട്ടു മാറിപ്പോകാന്‍ മനസ്സ് സമ്മതിക്കുന്നില്ല. തന്നെയുമല്ല, ഒരാള്‍ ഇവിടെ താമസിക്കാമെന്നു വച്ചാല്‍… വീടു നന്നേ പഴകി. മുറികളും അടുക്കളയുമൊക്കെ തീരെ വലിപ്പം പോരാ. രേവതിക്കും രജിതയ്ക്കും കുറച്ചുകൂടി സൗകര്യത്തില്‍ താമസിക്കണമെന്നാണ് ആഗ്രഹം. എല്ലാവരും ജോലി ചെയ്യുന്നുണ്ടല്ലോ."

"എല്ലാവര്‍ക്കും അതാണ് ആഗ്രഹമെങ്കില്‍ ആലോചിക്കാം."

"കുറച്ചുകൂടി സൗകര്യമുള്ള വീട് ഞങ്ങള്‍ കണ്ടിട്ടുണ്ട്. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ നിന്നും അഞ്ചു മിനിറ്റു നടക്കാനുള്ള ദൂരമേയുള്ളൂ. ടാര്‍ റോഡ് ഫ്രണ്ടേജ്. അച്ഛന്‍ വന്നു നോക്കൂ. അച്ഛന് ഇഷ്ടമാകും."

മക്കള്‍ പറഞ്ഞതു ശരിയായിരുന്നു. വിജയരാഘവന് ആ വീട് ഇഷ്ടമായി.

പത്തു സെന്‍റ് സ്ഥലത്ത് ഒരേപോലുള്ള രണ്ടു വീടുകള്‍ രണ്ടു കിടപ്പുമുറികളും ഹാളും സ്റ്റോര്‍ മുറിയും അടുക്കളയും. തറ ടൈല്‍സും ഗ്രാനൈറ്റുമാണ്. അടുക്കളയിലും മുറികളിലും വേണ്ടത്ര അലമാരയും ഹാളില്‍ ഷോകേസും. മുറ്റത്തു കിണറും പൈപ്പ് സൗകര്യവും. കാറും സ്കൂട്ടറും നിര്‍ത്തിയിടാനുള്ള സൗകര്യവുമുണ്ട്.

പക്ഷേ, ഇതു വാങ്ങാന്‍ മാത്രം പണം?

"നമുക്കു നമ്മുടെ വീടു വില്‍ക്കാം അച്ഛാ" – മുകുന്ദന്‍റേതായിരുന്നു മറുപടി.

"വിറ്റാലും ഇതു വാങ്ങാന്‍ മാത്രം വില കിട്ടുമോ?"

ആരുമൊന്നും മിണ്ടിയില്ല. അന്നു രാത്രി കിടപ്പറയില്‍ വച്ചു വിളക്കണയ്ക്കുംമുമ്പു ശ്രീദേവി വിജയരാഘവനോടു പറഞ്ഞു: "കമ്പനിയില്‍നിന്നു കിട്ടിയ പണംകൂടി ചേര്‍ത്താല്‍ കാര്യം നടക്കുമെന്നാ മക്കള്‍ പറയുന്നത്."

അയാള്‍ ഭാര്യയെ നിസ്സഹായതയോടെ നോക്കി.

"ഉള്ളതു മുഴുവനെടുത്തു വീടു വാങ്ങാനോ? എന്തെങ്കിലും ഒരാവശ്യത്തിന്… ചെറിയൊരു സംഖ്യ വേണ്ടിവന്നാല്‍ നാമെന്തു ചെയ്യും?"

"മക്കള്‍ അങ്ങനെ ഒരാഗ്രഹം പറയുമ്പോള്‍…?"

"എന്‍റെ കയ്യില്‍ പിന്നെ ഒന്നുമുണ്ടാവില്ല ശ്രീദേവി. പി.എഫ്. പെന്‍ഷന്‍റെ കാര്യം അറിയാമല്ലോ. മാസാ മാസം രണ്ടായിരം രൂപയില്‍ താഴെയേ വരൂ."

"വീട്ടുകാര്യങ്ങള്‍ മക്കള് നോക്കും. പിന്നെയെന്തിനാ വേവലാതിപ്പെടുന്നേ?"

"എന്നാലും മനുഷ്യരല്ലേ. ഇതുവരെ അഭിമാനത്തോടെ ജോലി ചെയ്തു ജീവിച്ചിട്ട്… ഒരാവശ്യം വരുമ്പോള്‍ മക്കളുടെ ദയാവായ്പിനായി കൈനീട്ടി നില്ക്കേണ്ടിവരുന്ന അവസ്ഥ… ഓര്‍ക്കാന്‍ കൂടി വയ്യ."

"നമ്മള്‍ വളര്‍ത്തി വലുതാക്കിയ മക്കളല്ലേ. ആവശ്യങ്ങള്‍ അറിഞ്ഞ് അവര്‍ നിറവേറ്റിത്തരും; എനിക്കുറപ്പുണ്ട്."

അറിയില്ല.

എന്താകുമെന്നറിയില്ല.

അയാള്‍ വിരല്‍ നീട്ടി സ്വിച്ച് ഓഫ് ചെയ്തു. ഇരുളിന്‍റെ ഗര്‍ത്തത്തിലേക്കു താന്‍ താണുപോകുന്നതുപോലെ അയാള്‍ക്കു തോന്നി.

*************

ഗൃഹപ്രവേശം. ശുഭമുഹൂര്‍ത്തവേളയില്‍ ധാന്യങ്ങളും കത്തിച്ച നിലവിളക്കുമായി മക്കളോടും ഭര്‍ത്താവിനോടുമൊപ്പം ശ്രീദേവി തന്‍റെ പുതിയ വീടുകളില്‍ പ്രവേശിച്ചു.

തലേന്നു രാത്രിയില്‍ നടന്ന ഭഗവതിസേവയുടെയും പുലര്‍ച്ചെ നടന്ന ഗണപതിഹോമത്തിന്‍റെയും സുഗന്ധവും പുകയും തങ്ങിനില്ക്കുന്ന അന്തരീക്ഷം. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യം. ആകെയൊരു ഉത്സവഛായ. വീട്ടുമുറ്റത്തു കെട്ടിയുയര്‍ത്തിയ പന്തലില്‍ ഇലയിട്ടു സദ്യ. അഭിനന്ദനങ്ങളും ആശംസകളും മുഴുവന്‍ വിജയരാഘവനായിരുന്നു. അവര്‍ ഓര്‍മിപ്പിച്ചു. ഒരു പുരുഷായുസ്സില്‍ ചെയ്യേണ്ടതെല്ലാം ചെയ്തുതീര്‍ത്തു. ധന്യധന്യമായ ജീവിതം ദീര്‍ഘകാലം സുഖമായിരിക്കൂ…

ചുരുങ്ങിയ സമയംകൊണ്ടാണു പഴയ വീടിന്‍റെ വിലപ്നയും പുതിയ വീടിന്‍റെ കരാറുമായത്. കമ്പനി പരിസരത്തായതുകൊണ്ട് ഇടനിലക്കാര്‍ പഴയവീട് കൊത്തിയെടുക്കുകയായിരുന്നു. ചെറിയൊരു പുനരുദ്ധാരണം നടത്തിയാല്‍ കൂടിയ വിലയ്ക്കു വില്ക്കാന്‍ കഴിയുമെന്ന് അവര്‍ക്കറിയാം. പുതിയ വീടിനു സൗകര്യക്കുറവില്ലെങ്കിലും വരുംകാലങ്ങളില്‍ മുറി കൂട്ടിയെടുക്കാനോ മുകളിലേക്കു പണിയാനോ പണം വേണ്ടിവന്നാല്‍ സൗകര്യത്തിനു ബാങ്കിലോ ജോലിസ്ഥലത്തോ വന്നേക്കാവുന്ന നൂലാമാലകള്‍ ഒഴിവാക്കാന്‍ വീടുകള്‍ മക്കളുടെ പേരിലാണു രജിസ്റ്റര്‍ ചെയ്തത്.

പഴയ വീട്ടിലെ ഫര്‍ണീച്ചറുകള്‍ കാലപ്പഴക്കംകൊണ്ട് അനാകര്‍ഷകമായി കഴിഞ്ഞിരുന്നു. അതു വിറ്റുകളയാമെന്നു മരുമക്കളുടെ അഭിപ്രായം ഏവരും ശരിവച്ചു.

അടുത്ത വീടുകളില്‍ പുറംജോലിക്കു വരുന്ന കല്യാണിക്കും കുട്ടപ്പനും അതു സഹായകമായി. അവരുടെ മൂത്തമകന്‍ പാടത്തിനക്കരെ പഞ്ചായത്തില്‍ നിന്നും കിട്ടിയ ധനസഹായത്തില്‍ വീടുപണി പൂര്‍ത്തിയാക്കുകയാണ്.

കല്യാണി പറഞ്ഞു: "കട്ടിലും മേശയുമൊക്കെ ഞാനെടുത്തോളാം ശ്രീദേവിയമ്മേ."

"നിനക്കുതന്നെ… തരാം."

"വലിയ വിലയൊന്നും തരാന്‍ എന്‍റെ കയ്യിലില്ല."

"നിന്‍റെ കയ്യിലുള്ളതു തന്നാല്‍ മതി."

കട്ടിലും മേശയും മാത്രമല്ല ടിവിയും ഫ്രിഡ്ജും ധാരാളം പഴയ പാത്രങ്ങളും പുതിയ വീട്ടിലേയ്ക്ക് ആവശ്യമില്ലാത്ത വീട്ടുപകരണങ്ങളുമൊക്കെ ശ്രീദേവി കല്യാണിക്കു നല്കി.

വീടൊഴിയുന്ന നേരത്തു ശ്രീദേവിയുടെ ചങ്ക് പിളരുംപോലെ വേദനിച്ചു. ആ വീടു വിട്ടുപോകാന്‍ അവര്‍ക്കു മനസ്സില്ലായിരുന്നു. ഓര്‍ക്കാന്‍ ഒരുപാടു കാര്യങ്ങളുണ്ട് അവരുടെ മനസ്സില്‍.

തന്‍റെ മക്കള്‍ രണ്ടുപേരും പിറന്നുവീണത്… ഓടിക്കളിച്ചതും വളര്‍ന്നതും പഠിച്ചതും വിവാഹിതരായി വധുക്കളെ കൊണ്ടുവന്നതും താനൊരു മുത്തശ്ശിയായതും… എല്ലാം… എല്ലാം.

പുതിയ വീട്ടിലേക്കു കൊണ്ടുവരാന്‍ കാര്യമായുണ്ടായിരുന്നതു വസ്ത്രങ്ങള്‍ മാത്രമായിരുന്നു. പിന്നെ പുരാതന വസ്തുക്കളെന്നു വിശേഷിപ്പിക്കാവുന്ന ചെമ്പുകലം, കുടം, പിത്തളപാത്രങ്ങള്‍, നിലവിളക്ക്, കിണ്ടി അങ്ങനെ ചിലതൊക്കെ.

ലോറിയെത്തിയപ്പോള്‍ അച്ഛന്‍റെയും അമ്മയുടെയും സാധനങ്ങള്‍ എവിടെ ഇറക്കിവയ്ക്കണമെന്ന ചോദ്യമുണ്ടായി.

"അവര്‍ താമസിക്കുന്നിടത്ത് വയ്ക്ക്."

"അതെവിടെ?"

മുതിര്‍ന്നവര്‍ ആരോ പറഞ്ഞു: "ഇളയ ആളോടൊപ്പമല്ലേ അച്ഛനമ്മമാര്‍ താമസിക്കുക."

പഴയ കട്ടിലിനോടൊപ്പം കിടക്കയും വിരിയുമൊക്കെ ഉപേക്ഷിച്ചിരുന്നതിനാല്‍ ചില ബാഗുകളും സ്യൂട്ട്കേസുകളുമേ എടുത്തുവയക്കാന്‍ ഉണ്ടായിരുന്നുള്ളൂ.

രണ്ടു വീട്ടിലേക്കും ഒരേപോലുള്ള ബ്രാന്‍റഡ് കമ്പനി ഫര്‍ണീച്ചറുകള്‍ വാങ്ങിയിരുന്നു. നല്ലയിനം സോഫയും ടീപ്പോയിയും ദിവാനും ഡൈനിംഗ് ടേബിളും കസേരയുമൊക്കെ നിരത്തിയപ്പോള്‍ മുറികളൊക്കെ സിനിമയില്‍ കാണുന്നതുപോലെ തോന്നി ശ്രീദേവിക്ക്. ജനാലകള്‍ക്കും വാതിലുകള്‍ക്കും പുതിയ രീതിയിലുള്ള കര്‍ട്ടനുകള്‍, അടുക്കളയില്‍ വിലപിടിപ്പുള്ള ആകര്‍ഷകമായ പാത്രങ്ങള്‍, മിക്സി, ഗ്രൈന്‍ഡര്‍, വലിയ റഫ്രിജറേറ്റര്‍, മൈക്രോ ഓവന്‍, വാട്ടര്‍ പ്യൂരിഫയര്‍ പോലുള്ള ആധുനിക സജ്ജീകരണങ്ങള്‍ സിറ്റൗട്ടിനോടു ചേര്‍ന്ന് ഹാളിന് ഇടതുവശത്തുള്ള മുറി വിനയചന്ദ്രന്‍റെ ഓഫീസ് മുറിയായി രൂപാന്തരപ്പെടുത്തി. ഇന്‍ഷൂറന്‍സ് സംബന്ധമായി ഒരുപാടു പേര്‍ അയാളെ കാണാന്‍ വരിക പതിവുണ്ട്.

പിന്നെയുള്ളതു മാസ്റ്റര്‍ ബെഡ് റൂം.

വീട്ടിലെ മാസ്റ്റര്‍ അതായതു ഗൃഹനാഥന്‍ മകനാണ്; താനല്ല എന്നു വിജയരാഘവന്‍ ഓര്‍ത്തു.

ആ മുറി മകനും മരുമകളും ഉപയോഗിക്കുന്നു.

തങ്ങള്‍ക്കുവേണ്ടി ഒരുക്കിയ മുറിയിലേക്കു ശ്രീദേവി വിജയരാഘവനെ കൂട്ടിക്കൊണ്ടുപോയി. അടുക്കളയോടു ചേര്‍ന്നുള്ള മുറിയാണത്. സത്യത്തില്‍ അതു ബെഡ്റൂമല്ല, സ്റ്റോര്‍ മുറിയാണ്. ഒന്നും സ്റ്റോര്‍ ചെയ്യാനില്ലാത്തതുകൊണ്ടു കട്ടിലിടാനുള്ള സ്ഥലമുണ്ട്. ടോയ്ല്റ്റ് മുറിയോടു ചേര്‍ന്നില്ല. അടുക്കളയിലൂടെ പുറത്തിറങ്ങി പൊതു ടോയ്ലറ്റ് ഉപയോഗിക്കണം. ജനല്‍പ്പാളികള്‍ തുറന്നാല്‍ കാണുന്നത് അടുത്ത വീടിന്‍റെ മതിലാണ്.

വിജയരാഘവന് ആദ്യമേ ആ മുറി ഇഷ്ടമായില്ല. ഇതു തന്‍റെ വീടല്ല എന്ന തോന്നല്‍ അയാളെ അലോസരപ്പെടുത്തി. ഏതോ കൂട്ടില്‍പ്പെട്ടുപോയ കിളിയെപ്പോലെ അയാള്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

ആദ്യദിവസം തന്നെ അയാള്‍ക്കു വേണ്ടതുപോലെ ഉറങ്ങാന്‍ കഴിഞ്ഞില്ല.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org