മരതകതാഴ്വരയിലെ രാജ്ഞി – 5

മരതകതാഴ്വരയിലെ രാജ്ഞി – 5

ഗിഫു മേലാറ്റൂര്‍

അടുത്ത ദിവസം ഹാന്‍സ് ചില പദ്ധതികള്‍ക്കു രൂപം നല്കി.

അര്‍ദ്ധരാത്രിയാകാന്‍ അധികസമയമില്ല.

ഹാന്‍സ് രാജ്ഞിയെ വിളിച്ചു.

അടുത്ത ക്ഷണം രാജ്ഞി മുന്നില്‍.

"എല്ലാം പറഞ്ഞതുപോലെതന്നെ നടന്നു രാജ്ഞീ."

ഹാന്‍സ്, താന്‍ രാജാവിനെ സന്ദര്‍ശിച്ചതും മറ്റുമെല്ലാം രാജ്ഞിയെ പറഞ്ഞുകേള്‍പ്പിച്ചു.

കൊള്ളാം ഹാന്‍സ്; നീ സമര്‍ത്ഥന്‍തന്നെ!"

രാജ്ഞി തുടര്‍ന്നു: "ഇനി നമുക്കു കഴുകന്‍ മലയിലേക്കു പോകണം."

"ഉവ്വ്" – ഹാന്‍സിനു തിടുക്കമായി.

രാജ്ഞി ഹാന്‍സിന്‍റെ കൈ പിടിച്ചു.

അത്ഭുതം!

രാജ്ഞിയും ഹാന്‍സും അദൃശ്യരായി മാറിക്കഴിഞ്ഞിരിക്കുന്നു!

ഇപ്പോള്‍ ഇരുവരെയും മറ്റാര്‍ക്കും കാണാന്‍ കഴിയില്ല. എന്നാല്‍ അവര്‍ക്ക് എല്ലാവരെയും കാണുകയുമാകാം.

ഹാന്‍സിന്‍റെ കൈ പിടിച്ചു രാജ്ഞി വാനിലേക്കുയര്‍ന്നു. പിന്നെ ആകാശത്തിലൂടെ പറക്കാന്‍ തുടങ്ങി.

ഹായ്, എന്തു രസം!

ആകാശത്തിലൂടെ വെള്ളിമേഘക്കൂട്ടങ്ങളെ തട്ടി തെന്നിമാറി നീങ്ങുമ്പോള്‍ താഴെ ഭൂമി കാണാന്‍ എന്തു ഭംഗി.

രാജകൊട്ടാരവും പട്ടണവുമെല്ലാം വെളിച്ചത്തില്‍ തിളങ്ങുന്നു. വൈകാതെ ഇരുവരും കഴുകന്‍മലയിലെത്തി.

അവിടെ ഒരു ഭീമാകാരമായ പാറക്കെട്ടിലാണു മന്ത്രിയുടെ സൈന്യാധിപന്‍റെ താവളമെന്ന് രാജ്ഞി കണ്ടെത്തി.

രാജ്ഞി തന്‍റെ മാന്ത്രികവടി ഒരു പാറയില്‍ സ്പര്‍ശിച്ചു.

അത്ഭുതം!

പാറക്കല്ല് ഒരു വശത്തേയ്ക്കു നിരങ്ങിനീങ്ങുന്നു!

സമയം പാഴാക്കാതെ രാജ്ഞി ഹാന്‍സിന്‍റെ കൈപിടിച്ചു അകത്തേയ്ക്കു കടന്നു.

അപ്പോള്‍ ഗുഹാമുഖം കല്ലു വന്ന് അടയുകയും ചെയ്തു.

ഒരു വലിയ നിലവറ. അകത്തു നിരനിരയായി കത്തിക്കൊണ്ടിരിക്കുന്ന തീപ്പന്തങ്ങള്‍ ആ വെളിച്ചത്തില്‍ എല്ലാം ഹാന്‍സ് കണ്ടു.

ഗുഹയ്ക്കുള്ളില്‍ സര്‍വവിധ സൗകര്യങ്ങളുമുള്ളൊരു യാഗശാലയുണ്ടായിരുന്നു.

മദ്ധ്യത്തില്‍ ചതുരത്തില്‍ ബലിക്കളം… ആളിക്കത്തുന്ന തീ.

ചുറ്റുമായി ബലിക്കായി ഒരുക്കി തയ്യാറാക്കിവച്ചിരിക്കുന്ന സകല സാധനസാമഗ്രികളും.

അടുത്ത ക്ഷണം പാറക്കല്ല് അകന്നു മാറി, രണ്ടുപേര്‍ ബലിക്കളത്തില്‍ പ്രവേശിച്ചു; മന്ത്രിയും സര്‍വസൈന്യാധിപനും!

ഉടന്‍ തന്നെ മറ്റൊരാള്‍ കൂടി. മേലാസകലം ഭസ്മം പൂശി, തറ്റുടുത്ത ഒരു തക്കിടിമുണ്ടന്‍ ഉണ്ടക്കണ്ണന്‍ ദുര്‍മന്ത്രവാദി ഇതുതന്നെ; ഹാന്‍സിന് ഉറപ്പായിരുന്നു.

കുംഭാണ്ഡന്‍: "സമയമായോ?"

മന്ത്രിയോടാണു ചോദ്യം.

"ഒരു നിമിഷംകൂടി!"

ഉടന്‍ കുംഭാണ്ഡന്‍ താന്‍ നിന്നിരുന്ന തറയില്‍ കാല്‍കൊണ്ട് ഒരു വര വരച്ച് ഒരു ഭൂഗര്‍ഭ അറ ദൃശ്യമായി.

അറയില്‍ നിന്നും ഒരു മരക്കൂട് ഉയര്‍ന്നുപൊങ്ങി ബലിക്കളത്തിനു സമീപത്തുവന്നു നിശ്ചലമായി.

കുംഭാണ്ഡന്‍ ഒരു മന്ത്രമുരുവിട്ടു.

പെട്ടെന്നു മരക്കൂട് തറയിലേക്ക് ആഴ്ന്നുപോയി.

ഒരു മരക്കട്ടിലില്‍ കിടന്നുറങ്ങുന്ന രാജകുമാരി; ഹീരാകുമാരിതന്നെയാണെന്നു ഹാന്‍സിനു മനസ്സിലായി.

എത്ര കരുതലോടെയാണു ദുഷ്ടന്മാര്‍ രാജകുമാരിയെ ഒളിപ്പിച്ചിരിക്കുന്നത്.

"ഉം… എല്ലാം ഒരുക്കിന്‍…!" – കുംഭാണ്ഡന്‍ ആജ്ഞാപിച്ചു.

അടുത്ത നിമിഷം ഗുഹയ്ക്കു മറ്റൊരു രഹസ്യവാതില്‍ തുറക്കപ്പെടുകയും മൂന്നു പേര്‍ സ്ഥലത്തെത്തുകയും ചെയ്തു.

മൂവരും കുംഭാണ്ഡനെപ്പോലെ വേഷം ധരിച്ചവരായിരുന്നു.

ബലിക്കളത്തിനു ചുറ്റുമായി ഇരിപ്പുറപ്പിച്ചപ്പോള്‍ മൂവരോടുമായി കുംഭാണ്ഡന്‍റെ അടുത്ത കല്പന.

"ഉം… തുടങ്ങിന്‍…"

അനുചരന്മാര്‍ ഭസ്മം കയ്യിലെടുത്ത് ഏതോ മന്ത്രങ്ങള്‍ ഉരുവിടാന്‍ തുടങ്ങി.

"ഉം… കുമാരിയെ അഗ്നികുണ്ഡത്തിലേക്ക് ആനയിക്കിന്‍…"

കുംഭാണ്ഡന്‍റെ ആജ്ഞകളും കല്പനകളും ഉയര്‍ന്നപ്പോള്‍ ഹാന്‍സിന്‍റെ രക്തം തിളച്ചു.

തന്‍റെ ഊഴമായിരിക്കുന്നു…

ഹാന്‍സ് കാത്തുനിന്നു.

*** *** ***
കുംഭാണ്ഡന്‍റെ അനുചരന്മാര്‍ കട്ടിലില്‍ നിശ്ചലയായി കിടക്കുന്ന ഹീരാരാജകുമാരിയെ പിടിച്ചു ഹോമകുണ്ഡത്തിനരികിലിരുത്താന്‍ തുനിയവെ ഹാന്‍സ് അയാളുടെ ചുമല്‍ നോക്കി ഒരു ചവിട്ട്!

എന്താണു സംഭവിച്ചതെന്നറിയാതെ അയാള്‍ നിലത്തു വീണു.

പൊടുന്നനെ മറ്റു രണ്ടുപേരും കുമാരിക്കു നേരെ പാഞ്ഞടുത്തു.

ഹാന്‍സും വെറുതെയിരുന്നില്ല.

അദൃശ്യനായ ഹാന്‍സ് ഇരുവരെയും നന്നായി പെരുമാറി.

എവിടെനിന്ന്, എങ്ങനെയാണു പ്രഹരം വരുന്നതെന്നറിയാതെ അനുചരന്മാര്‍ തലങ്ങും വിലങ്ങും കൈകള്‍ ശക്തിയായി വീശിക്കൊണ്ടിരുന്നു.

എന്നാല്‍ ഹാന്‍സിനെയുണ്ടോ അവര്‍ക്കു തൊടാന്‍ പറ്റുന്നു.

അവസാനം മൂന്നു പേരും തളര്‍ന്നു നിലത്തു വീണു പരവേശം കാണിക്കാന്‍ തുടങ്ങി.

"നോക്കിനില്ക്കാതെ കുമാരിയെ ബലിക്കളത്തിലിടുക… സമയമില്ല…"

കുംഭാണ്ഡന്‍റെ ഗര്‍ജ്ജനം കേള്‍ക്കേണ്ട താമസം സൈന്യാധിപന്‍ കുമാരിക്കു നേരെ പാഞ്ഞടുത്തു.

ഹാന്‍സിന്‍റെ ശക്തമായ അടിയേറ്റ് സൈന്യാധിപനും വീണു. സര്‍വസൈന്യാധിപനായ തനിക്ക് അടിയേറ്റുവോ? ഒരിക്കലുമില്ല. സൈന്യാധിപന്‍ ചാടിയെണീറ്റു.

ഒരു ഉഗ്രന്‍ പ്രഹരംകൂടി സൈന്യാധിപന് വാങ്ങേണ്ടി വന്നു.

വേദനകൊണ്ടു പുളഞ്ഞ സൈന്യാധിപന്‍ നാലുപാടും കൈവീശിക്കൊണ്ടിരുന്നു.

പിന്നെ ഉറയില്‍ നിന്നും ഉടവാള്‍ ഊരിയെടുത്തു വീശിയായി അങ്കം!

എന്നാല്‍ സൈന്യാധിപന്‍റെ വാള്‍ ഹാന്‍സ് തട്ടിത്തെറിപ്പിച്ചു.

വൈകാതെ സൈന്യാധിപന്‍ അവസാന അടവും നിഷ്ഫലമായി നിലംപതിച്ചു

പിന്നത്തെ ഊഴം മന്ത്രിയുടേതായിരുന്നു.

സര്‍വസൈന്യാധിപന്‍ തോറ്റ് തുന്നം പാടിയ സ്ഥിതിക്കു തനിക്ക് എന്തു ചെയ്യാന്‍ എന്ന ചിന്തയോടെയായിരുന്നു മന്ത്രിയുടെ അരങ്ങേറ്റം.

പഠിച്ച പണി പതിനെട്ടും പയറ്റിയ മന്ത്രിയും അവസാനം വീണു.

മന്ത്രിയുടെ മൂക്കുത്തിയിട്ട ഉണ്ട മൂക്ക് നോക്കി ഹാന്‍സ് ഒന്നു കൊടുത്തു.

എന്താണു നടക്കുന്നത് എന്നറിയാതെ കുംഭാണ്ഡന്‍ വിറളി പിടിക്കുകയായിരുന്നു അപ്പോള്‍.

രണ്ടും കല്പിച്ചു കുംഭാണ്ഡന്‍ നിലത്തു നിന്നുമെണീറ്റ് കുമാരിയെ പിടിക്കാനാഞ്ഞു.

ഒറ്റചവിട്ടിന് ഹാന്‍സ് അയാളെ ബലിക്കളത്തിലേക്കു തള്ളിയിട്ടു.

തീ പിടിച്ചു കയറിയ വസ്ത്രങ്ങളുമായി കുംഭാണ്ഡന്‍ ഗുഹയ്ക്കുള്ളിലൂടെ പരക്കം പാഞ്ഞു.

എവിടെയൊക്കെയോ തട്ടിയും മുട്ടിയും അവസാനം മഹാമാന്ത്രികനും നിലപതിച്ചു. ഇതിനകം ഉറക്കത്തില്‍ നിന്നും ഉണര്‍ന്നിരുന്ന ഹീരാരാജകുമാരി ഭയാശങ്കകളോടെ എല്ലാം കാണുകയായിരുന്നു.

വൈകാതെ രാജ്ഞി ഹാന്‍സിനെ പൂര്‍വസ്ഥിതിയിലാക്കി.

ഹാന്‍സിനെ കണ്ടു രാജകുമാരി നിലവിളിക്കാന്‍ തുടങ്ങി.

"പേടിക്കണ്ട കുമാരി… ഞാന്‍ ഹാന്‍സ്. കുമാരിയെ രക്ഷിക്കാന്‍ വന്നതാണു ഞാന്‍…"

ഹാന്‍സ് വിവരങ്ങളെല്ലാം ചുരുക്കി കുമാരിയെ പറഞ്ഞുകേള്‍പ്പിച്ചു.

"കുമാരി വരൂ…" – ഹാന്‍സ് ഗുഹാകവാടം തുറന്നു.

പുറത്തെ കാഴ്ച കണ്ടു രാജകുമാരി വിസ്മയിച്ചുപോയി.

തന്‍റെ അച്ഛനും അമ്മയും കൊട്ടാരം പരിവാരങ്ങളും!

മാതാപിതാക്കളെ കണ്ടു കുമാരി അവരുടെയടുത്തേയ്ക്ക് ഓടിച്ചെന്നു.

പുത്രിയെ തിരിച്ചുകിട്ടിയ രാജാവും റാണിയും ആഹ്ലാദചിത്തരായി.

"ഹാന്‍സ് നിങ്ങള്‍ തക്കസമയത്തു വന്നില്ലായിരുന്നെങ്കില്‍…"

രാജാവ് ഹാന്‍സ് എന്ന കൊച്ചു ധീരനെ നിര്‍ന്നിമേഷനായി നോക്കിനിന്നു.

"ഇതിനു തക്ക പ്രത്യുപകാരം ഞാന്‍ ചെയ്യും. ഹാന്‍സ് വരൂ, നമുക്കു കൊട്ടാരത്തിലേക്ക് പോകാം."

രാജാവ് ഹാന്‍സിനെയും കൂട്ടി രഥത്തിനടുത്തേയ്ക്കു നീങ്ങി.

"ഉം… ഈ ദുഷ്ടന്മാരെയെല്ലാം പിടിച്ചുകെട്ടി കൊട്ടാരത്തിലെത്തിക്കുക. ഈ രാജ്യദ്രോഹികള്‍ക്കു ള്ള ശിക്ഷ പിന്നീടു പ്രഖ്യാപിക്കുന്നതാണ്."

രാജാവിന്‍റെ കൂടെ രഥത്തിലേക്കു കയറുമ്പോള്‍ ഹാന്‍സ് തിരിഞ്ഞുനോക്കി.

എവിടെ അവര്‍?

തനിക്ക് ഇത്തരമൊരു മഹാസൗഭാഗ്യം നല്കാന്‍ ഹേതുവായ മരതകത്താഴ്വരയിലെ രാജ്ഞി…?

ഒന്നും കാണാനില്ലാതെ ഹാന്‍സ് നിരാശനായി കണ്ണുകള്‍ പിന്‍വലിച്ചു.

രഥം മുന്നേറിയപ്പോള്‍ ഹാന്‍സ് ഒരിക്കല്‍കൂടി നോക്കി. അപ്പോള്‍ ഹാന്‍സ് അതു കണ്ടു.

ഗുഹാകവാടത്തിനു മുന്നില്‍ അതിമനോഹരമായി പുഞ്ചിരി തൂകിക്കൊണ്ട് നില്ക്കുന്നു; മരതകത്താഴ്വരയിലെ രാജ്ഞി!

(അവസാനിച്ചു)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org