മരതകതാഴ്വരയിലെ രാജ്ഞി – 2

മരതകതാഴ്വരയിലെ രാജ്ഞി – 2

ഗിഫു മേലാറ്റൂര്‍

തൂവെള്ള രോമത്തില്‍ ചോരപ്പൂക്കള്‍ അരികു തീര്‍ത്ത കുഞ്ഞാടിന്‍റെ ചലനമറ്റ ശരീരം നോക്കി ഹാന്‍സ് വിതുമ്പി.

തന്‍റെ നശിച്ച ഉറക്കമാണു ചതിച്ചത്.

ഒരു കുരുന്നു ജീവന്‍ താന്‍ മൂലം…

ആട്ടിന്‍പറ്റത്തെ ഹാന്‍സ് സ്വന്തം ജീവനെപ്പോലെയായിരുന്നു കരുതിയിരുന്നത്. നഷ്ടപ്പെട്ട ജീവന്‍ തിരിച്ചു കിട്ടാന്‍ ഒരു വഴിയുമില്ലല്ലോ.

ചെന്നായയെക്കുറിച്ചോര്‍ത്തപ്പോള്‍ ഹാന്‍സിന്‍റെ രക്തം തിളച്ചു.

എവിടെ ആ ദുഷ്ടന്‍?

കണ്ണില്‍ ചോരയില്ലാത്ത ക്രൂ രന്‍!

ഹാന്‍സ് ചെന്നായ തെറിച്ചുവീണിടം നോക്കി. ചെന്നായയുടെ പൊടിപോലുമില്ല.

ഇനി യജമാനനോട് എന്തു സമാധാനം പറയും? എല്ലാം കൂടിയായപ്പോള്‍ ഭ്രാന്തു പിടിക്കുമെന്നായി ഹാന്‍സിന്.

ചലനമറ്റ കുഞ്ഞാടിന്‍റെ ശരീരം ഒരു മരത്തിന്‍റെ മുകളില്‍ കയറ്റിവച്ചശേഷം ഹാന്‍സ് തിരികെ ആട്ടിന്‍പറ്റത്തിനടുത്തെത്തി.

നേരം സന്ധ്യ മയങ്ങി.

ഇന്നിനി വീടെത്തിയാലത്തെ അവസ്ഥ എന്താകും?

യജമാനന്‍റെ കാട്ടാളമുഖം താന്‍ എങ്ങനെ അഭിമുഖീകരിക്കും?

ചിന്താകുലമായ മനസ്സോടെ ഹാന്‍സ് വീടെത്തി.

പ്രതീക്ഷിച്ചതുപോലെ പടിവാതില്‍ക്കല്‍ തന്നെ യജമാനന്‍ കാത്തുനില്ക്കുന്നുണ്ടായിരുന്നു.

ഹാന്‍സിന്‍റെ നല്ല ജീവന്‍ പോയി.

ആട്ടിന്‍പറ്റത്തെ ആലയിലേക്ക് നയിക്കവേ യജമാനന്‍ മുരണ്ടു.

"ഇവിടെ വാടാ…"

ഹാന്‍സ് നിന്നു വിറച്ചു.

"എന്തേ താമസിച്ചത്?"

യജമാനന്‍റെ മുഖത്തു നോക്കാന്‍ ഹാന്‍സിനായില്ല.

എന്തു പറയും?

എങ്ങനെ പറയും സത്യം? എങ്ങനെ പറയാതിരിക്കും?

"ചോദിച്ചതു കേട്ടില്ലേടാ…?"

യജമാനന്‍റെ ഗര്‍ജ്ജനം.

പെട്ടെന്ന് എങ്ങുനിന്നോ വീണുകിട്ടിയ ധൈര്യം സംഭരിച്ചു ഹാന്‍സ് ഉണ്ടായ സംഭവങ്ങളെല്ലാം യജമാനനെ ധരിപ്പിച്ചു.

എല്ലാം കേട്ടപ്പോള്‍ യജമാനന്‍റെ കണ്ണുകളില്‍ തീ പാറി.

"എടാ, നിന്നെ ഇന്നു ഞാന്‍…!"

ചുവന്നു തുടുത്ത മുഖത്തോടെ യജമാനന്‍ ചീറ്റി.

"ആട്ടിന്‍കുട്ടിയെ ചെന്നായ അമൃതേത്താക്കിയെന്നോ… അതോ നീ മറ്റാര്‍ക്കെങ്കിലും വിറ്റു പണമാക്കിയോടാ…?" യജമാനന്‍ എളിയില്‍ നിന്നും ഒരു ചൂരല്‍ വലിച്ചൂരിയെടുത്തു ഹാന്‍സിനെ യാതൊരു ദാക്ഷിണ്യവുമില്ലാതെ തല്ലാന്‍ തുടങ്ങി.

പാവം ഹാന്‍സ്! പ്രഹരമത്രയും കൊള്ളുകയല്ലാതെ എന്തു ചെയ്യാന്‍?

"ഉം… നില്ക്കണ്ട… പൊയ്ക്കോ എങ്ങോട്ടെങ്കിലും…!" – നിന്നെ എനിക്കിനി കാണണ്ട.

ഹാന്‍സ് സ്തബ്ധനായി.

തന്നെ ഇനി യജമാനന് ആവശ്യമില്ലെന്നോ…

ദൈവമേ…. എന്തൊരു പരീക്ഷണം…!

"പറഞ്ഞതു കേട്ടില്ലേടാ? പോകാന്‍…!"

യാജമാനന്‍ ഹാന്‍സിനെ പടി ച്ചൊരു തള്ളല്‍.

ഹന്‍സ് വേച്ചുപോയി.

തന്‍റെ പ്രിയപ്പെട്ട ആട്ടിന്‍പറ്റത്തെ ഒന്നുകൂടി നോക്കി ഹാന്‍സ് സാവകാശം തിരിഞ്ഞു നടന്നു.

എങ്ങോട്ട് പോകും…?

എന്തു വേണമെന്ന് ഒരു നിശ്ചയവുമില്ല.

ആരാണു തനിക്കു സ്വന്തമെന്നു പറയാനുള്ളത്?

അച്ഛനും അമ്മയും താന്‍ ചെറുപ്പമായിരിക്കുമ്പോഴേ മരിച്ചുപോയതില്‍പ്പിന്നെ താന്‍ ഒറ്റയ്ക്കായി.

എന്തെങ്കിലും പണി കിട്ടാന്‍ ഒരുപാടു അലഞ്ഞു. വിശപ്പകറ്റാന്‍ എന്തെങ്കിലും കിട്ടിയാല്‍ മാത്രം മതി.

അവസാനം ഒന്നു തരപ്പെട്ടതു യജമാനന്‍റെ ആടുമേയ്ക്കാരനായി. ആ യജമാനന് ഇനി തന്നെ വേണ്ട.

ഹാന്‍സ് നടന്നെത്തിയത് എന്നും ആടുമേയ്ക്കാറുള്ള താഴ്വരയിലായിരുന്നു.

അരണ്ട വെട്ടത്തിലും വഴിയൊക്കെ ഹാന്‍സിനു കാണാപാഠമായിരുന്നു.

താഴ്വരയില്‍ നക്ഷത്രങ്ങള്‍ പരത്തുന്ന അരണ്ട വെട്ടം മാത്രം. ചെന്നായ കടിച്ചുകൊന്ന കുഞ്ഞാടിന്‍റെ ശരീരംവച്ച മരത്തിലേക്കു നോക്കി നിന്നു.

"കുഞ്ഞാടേ, നീ കാരണം ഞാന്‍ ഇപ്പോള്‍ എത്ര ബുദ്ധിമുട്ടിലാണെന്നറിയാമോ? യജമാനന്‍ നീ മൂലം എന്നെ പിരിച്ചുവിട്ടു… നീ എന്തിനാണു ചെന്നായയ്ക്കു പിടികൊടുത്തത്…?"

ഭ്രാന്തനെപ്പോലെ ഹാന്‍സ് പു ലമ്പിക്കൊണ്ടിരുന്നു.

പൊടുന്നനെ ഒരു വെള്ളിവെളിച്ചം.

ഹാന്‍സ് ചുറ്റും നോക്കി.

താഴ്വരയാകെ പ്രകാശപ്രളയം.

"ഹാന്‍സ്…!"

ആരോ തന്നെ പേരുചൊല്ലി വിളിച്ചോ…?

"തോന്നലൊന്നുമല്ല ഹാന്‍സ്… ഞാന്‍ തന്നെയാണു വിളിച്ചത്…"

അശരീരി മാത്രം.

"ഹാര്?"

ഉള്‍ക്കിടിലത്തോടെ ഹാന്‍സ് ചോദിച്ചു.

"ഞാന്‍ തന്നെ… മരതകതാഴ്വരയിലെ രാജ്ഞി…!"

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org