Latest News
|^| Home -> Novel -> Novel -> ന്യായാധിപന്‍ – 6

ന്യായാധിപന്‍ – 6

Sathyadeepam

ജോര്‍ജ് പുളിങ്കാട്

അഖിലാ നിവാസിലെ ഡൈനിംഗ് റൂമില്‍ വീല്‍ച്ചെയറിലിരുന്ന് പ്രഭാതഭക്ഷണം കഴിക്കുകയാണ് ആനന്ദ്മേനോന്‍. ഓരോന്നിനും അയാളെ സഹായിച്ചുകൊണ്ടു ഭാര്യ സുഗതടീച്ചര്‍ അരികെയുണ്ട്.

“സുഗതയ്ക്ക് ഇനി സര്‍വീസ് അഞ്ചു വര്‍ഷംകൂടിയുണ്ടല്ലേ?” – മേനോന്‍ തിരക്കി.

“ഉണ്ട്; ഇപ്പോള്‍ത്തന്നെ മടുത്തു. ഒന്നു റിട്ടയര്‍ ചെയ്താല്‍ മതിയെന്നേയുള്ളൂ” – ടീച്ചര്‍ പറഞ്ഞു.

“സ്കൂളില്‍ കുട്ടികളോടും സഹപ്രവര്‍ത്തകരോടുമൊപ്പമുള്ള മണിക്കൂറുകള്‍ നല്ലതല്ലേ സുഗതേ? റിട്ടയര്‍ ചെയ്തിങ്ങു വന്നാല്‍ വീല്‍ച്ചെയറില്‍ ഇങ്ങനെ മരിച്ചുജീവിക്കുന്ന എന്നെയും കണ്ട് എനിക്കോരോന്നു ചെയ്തു തന്ന്… മടുക്കും നീ. ശരിക്കും ബോറാകും.”

“കുട്ടികളേം സ്കൂളിനേം ഒന്നുമിഷ്ടമല്ലാഞ്ഞിട്ടല്ല. ഇപ്പം, ദേ സേര്‍വന്‍റ് രണ്ടു ദിവസത്തേയ്ക്കില്ല. ആനന്ദേട്ടനെ തനിച്ചാക്കി ഞാന്‍ പോകണ്ടേ? എന്തെങ്കിലുമൊരു സഹായത്തിനാരുമില്ല. മകളുള്ളതിന് എപ്പോഴും തിരക്കോടു തിരക്ക്.”

“എന്‍റെ കാര്യമോര്‍ത്തു നീ വിഷമിക്കണ്ട. ഞാനെങ്ങനേം മാനേജ് ചെയ്തോളാം. അഖില, അവളിന്ന് അറിയപ്പെടുന്ന ഒരു പത്രക്കാരിയായി വളര്‍ന്നിരിക്കുന്നു. തിരക്കു കാണും, ടെന്‍ഷന്‍ കാണും. ഞാനതെല്ലാം ഒരുകാലത്ത് അനുഭവിച്ചതാ.”

“എന്‍റെ ആനന്ദേട്ടാ, ഈ പത്രപ്രവര്‍ത്തനം പെണ്ണുങ്ങള്‍ക്കത്ര പറ്റിയ പണിയല്ല. രാത്രിയുണ്ടോ, പകലുണ്ടോ? വെടിയുടേം യുദ്ധത്തിന്‍റേം പകര്‍ച്ചവ്യാധീടേമൊക്കെ ഇടയില്‍ ചെന്നു നില്ക്കണ്ടേ? എന്തു സുരക്ഷിതത്വമാ ഉള്ളത്? അച്ഛന്‍ പത്രപ്രവര്‍ത്തനം നടത്തിയിപ്പം വീല്‍ച്ചെയറേലല്ലേ? വല്ല ബാങ്കിലോ സ്കൂളില്‍ ടീച്ചറായിട്ടോ അവള്‍ക്കൊരു ജോലി കിട്ടിയിരുന്നെങ്കില്‍ എത്ര നല്ലതായിരുന്നു?”

“സുഗത, ആണിനിന്നത്, പെണ്ണിനിന്നത് എന്നു ജോലികളെ തരംതിരിക്കുന്ന കാലം പോയി. ആണു ചെയ്യുന്ന എന്തു ജോലിയാ ഇന്നു പെണ്ണു ചെയ്യാത്തത്? ജീവിതം ഒന്നേയുള്ളൂ. അടങ്ങിയൊതുങ്ങി ഏതെങ്കിലും കോണില്‍ ആരുമറിയാതെ ജീവിക്കുന്ന ലക്ഷക്കണക്കിനാളുകളുണ്ട്. അവരെപ്പോലെയായിട്ടെന്തു കാര്യം?”

“ആകെ ഒന്നേയുള്ളൂ; ആണും പെണ്ണുമായിട്ട്. അതിനൊന്നും സംഭവിക്കരുതേന്നാണെന്‍റെ പ്രാര്‍ത്ഥനയിപ്പോള്‍.”

“അപകടവും രോഗവും മരണവുമൊക്കെ ആര്‍ക്കും ഏതു നേരവും സംഭവിക്കാം. അത് ഇന്ന് ജോലി ചെയ്യുന്നവര്‍ക്കു മാത്രമുള്ളതല്ല” – ആനന്ദ് മേനോന്‍ പറഞ്ഞു.

സുഗതടീച്ചര്‍ എതിര്‍ത്തു പറഞ്ഞില്ല. വളരെ സാവകാശമാണു മേനോന്‍ ഇഡ്ഡലി കഴിച്ചുകൊണ്ടിരുന്നത്. മൂന്നെണ്ണം വിളമ്പിയിരുന്നു. രണ്ടെണ്ണം കഴിച്ച് അയാള്‍ നിര്‍ത്തി.

“ആനന്ദേട്ടാ, ആ ഒരെണ്ണം കൂടിയങ്ങ് കഴിക്ക്. നല്ല ഇഡ്ഡലിയല്ലേ?” – സുഗത നിര്‍ബന്ധിച്ചു.

“വിശപ്പ് തീരെ കുറവാ സുഗതേ” – അങ്ങനെ പറഞ്ഞു കൊണ്ട് അയാള്‍ മൂന്നാമത്തെ ഇഡ്ഡലിയും കഴിച്ചു. കൈ കഴുകാനും മുഖം കഴുകാനും സുഗത സഹായിച്ചു. അയാള്‍ വായിച്ചുകൊണ്ടിരുന്ന ഇംഗ്ലീഷ് പുസ്തകം സുഗത എടുത്തുകൊണ്ടു വന്നു കൊടുത്തു. പിന്നെ കുനിഞ്ഞു ഭര്‍ത്താവിന്‍റെ നെറുകയില്‍ പതിവുള്ള ഉമ്മയും നല്കിയിട്ടു ടീച്ചര്‍ കുളിക്കാനും മറ്റുമായി പോയി.

ആനന്ദ്മേനോന്‍ പുസ്തകം തുറന്നു വായിച്ചുനിര്‍ത്തിയ ഭാഗമെടുത്തു. ആകാംക്ഷയുണര്‍ത്തുന്ന ഒരു ക്രൈം നോവലായിരുന്നു അത്. അദ്ദേഹം വായന തുടര്‍ന്നു.

ഉച്ചകഴിഞ്ഞപ്പോള്‍ മകള്‍ അഖില യാദൃച്ഛികമായി വീട്ടിലെത്തി. അവള്‍ അച്ഛന്‍റെ അടുത്തേയ്ക്കു ചെന്നു.

“അച്ഛാ… ‘ജലേജേ’ച്ചി വന്നില്ലേയിന്ന്?” – അവള്‍ തിരക്കി.

“ഇല്ല മോളെ. അവളുടെ അച്ഛന്‍ മെഡിക്കല്‍ കോളജിലാ; രണ്ടു ദിവസമായിട്ട്.”

“ശ്ശൊ! എങ്കില്‍ അച്ഛന്‍ തനിച്ചായിപ്പോയല്ലോ?”

“ങാ… സാരമില്ല. അമ്മയ്ക്ക് എടുക്കാനിനി ലീവില്ല. തനിച്ചാക്കിയപ്പോയതു വല്യവിഷമത്തോടെയാ. എല്ലാം തയ്യാറാക്കിവച്ചിട്ടാ സുഗത പോയത്.”

“എനിക്കും… ഈ ജോലിയില്‍ ലീവൊന്നും കിട്ടില്ലല്ലോ അച്ഛാ.”

“അതെനിക്കറിയില്ലേ മോളെ? എനിക്കതിനു പ്രശ്നമൊന്നുമില്ല… അഞ്ചുമണിയാകുമ്പം സുഗതയിങ്ങെത്തും” – ആനന്ദ്മേനോന്‍ പറഞ്ഞു.

“അച്ഛന്‍ ഊണ് കഴിച്ചോ?”

“കഴിച്ചു; നീ വിശന്നായിരിക്കുമല്ലോ വന്നത്? ചോറും കറികളുമൊക്കെയിരിപ്പുണ്ട്. എടുത്തു കഴിക്ക്.”

“വിശക്കുന്നുണ്ടച്ഛാ; ചോറു കഴിച്ചിട്ടു വേഗം വരാം.” അങ്ങനെ പറഞ്ഞു അഖില ഡൈനിംഗ് റൂമിലേക്കു പോയി. ടേബിളിലെ കാസറോളില്‍ ചോറുണ്ടായിരുന്നു. കാളനും തീയലും പച്ചപ്പയര്‍ ഉലര്‍ത്തിയതും കൂട്ടി അവള്‍ ചോറുണ്ടു. രാവിലെ മുതല്‍ ഒന്നും കഴിക്കാന്‍ കഴിയാത്തതിനാല്‍ നല്ല വിശപ്പുണ്ടായിരുന്നു അവള്‍ക്ക്. ഊണു കഴിഞ്ഞു പാത്രങ്ങള്‍ കഴുകി കമിഴ്ത്തിവച്ചിട്ട് അഖില അച്ഛന്‍റെയടുത്തേയ്ക്ക് ചെന്നു.

“മോളേ, നീ സുധീഷിനെ വീട്ടില്‍ ചെന്നു കാണുമെന്ന് പറഞ്ഞിട്ടു കണ്ടോ?”

“കണ്ടു അച്ഛാ.”

“അവന്‍ എങ്ങനെ കഴിയുന്നു?”

“സുധീഷ്ിന്‍റെ വീട് ആള്‍ത്താമസമില്ലാതെ അടഞ്ഞുകിടക്കുന്നുണ്ടായിരുന്നു. അത് അടിച്ചുവാരി വൃത്തിയാക്കിയെടുത്തു. അയാളവിടെയാണു താമസം.”

“അവന്‍റെ ജീവിതം?”

“അടുത്തുള്ള ഒരു ചായക്കടയില്‍ ചെറിയ ജോലിയാണ്. രാവിലെ ചെന്നു ചെയ്തുകൊടുക്കും. പിന്നെ വീട്ടില്‍ വന്നിരിക്കും. ഭീഷണികള്‍ പിന്നെയുമുണ്ടാകുന്നുണ്ടെന്നു പറഞ്ഞു. പത്രത്തില്‍ സുധീഷ് പുറത്തിറങ്ങിയ വാര്‍ത്ത കൊടുത്തതു പാവത്തിനു ദോഷമായി.”

ആനന്ദ്മേനോന്‍ പുച്ഛഭാവത്തില്‍ ചിറികോട്ടി.

“പത്രത്തില്‍ വന്നില്ലെങ്കിലും അവന്‍ പുറത്തിറങ്ങുന്ന വിവരവും അവന്‍റെ ഓരോ നീക്കങ്ങളും അവര്‍ മനസ്സിലാക്കും. അകത്തു കിടന്നപ്പോഴും വകവരുത്താന്‍ നോക്കിയവര്‍ പുറത്തു ജീവിക്കുമ്പോള്‍ വെറുതെയിരിക്കുമോ?”

“വാസ്തവത്തില്‍ പൊലീസ് പ്രൊട്ടക്ഷന്‍ ഏര്‍പ്പെടുത്തേണ്ടതാണു സുധീഷിന്” – അഖില പറഞ്ഞു.

“അതു കിട്ടാന്‍ ബുദ്ധിമുട്ടാകും. അവനെതിരെ നടന്ന കൊലപാതകശ്രമങ്ങള്‍ക്കൊന്നും ഒരു തെളിവുമില്ല. പരാതിക്കാരനുമില്ല.”

“ഇക്കണക്കിനു സുധീഷ് ഏതു ദിവസവും കൊല്ലപ്പെട്ടേക്കാം… അല്ലേ അച്ഛാ?”

“അതെ. ഒരു തെളിവും അവശേഷിപ്പിക്കാത്ത വിധത്തിലായിരിക്കും അവരവനെ വകവരുത്തുന്നത്.”

“സുധീഷിനെ എന്തിനാണച്ഛാ അവരിത്രയും ഭയപ്പെടുന്നത്. അയാളൊരു പാവമല്ലേ? അഥവാ എന്തെങ്കിലും വെളിപ്പെടുത്തിയാല്‍ തന്നെ ആ കേസിനിയും പൊന്തിവരുമോ? വന്നാല്‍ എവിടെനിന്നു തെളിവു ശേഖരിക്കാന്‍ പറ്റും?”

“ഭയപ്പെടുന്നതിനു രണ്ടു കാരണങ്ങളുണ്ട്. സുധീഷ് വെളിപ്പെടുത്തല്‍ നടത്തിയാല്‍ വിമര്‍ശനാതീതന്‍റെ ഇമേജ് പോകും. സംശയത്തിന്‍റെ നിഴലിലാകും. ഭാവിക്കതു വലിയ ദോഷം ചെയ്യും. ഒന്നാമത്തെ കാര്യം സുധീഷ് പ്രതികാരം ചെയ്തേക്കുമെന്ന വലിയ ഭയവും തത്പരക്ഷികള്‍ക്കുണ്ട്. രണ്ടും കല്പിച്ചൊരാളിറങ്ങിയാല്‍ ഏതു വമ്പനെയും ഇന്നു വകവരുത്താനാകും” – ആനന്ദ്മേനോന്‍ പറഞ്ഞു.

അഖില അല്പനേരത്തേയ്ക്കു നിശ്ശബ്ദയായി ചിന്താധീനയായിരുന്നു.

“അച്ഛാ, സുധീഷിനെ കുടുക്കിയതു പൊലീസും നിയമജ്ഞന്മാരും രാഷ്ട്രീയനേതൃത്വവും ഒന്നിച്ചു ചേര്‍ന്നാണ്. ശിക്ഷ വിധിച്ച അന്നത്തെ ന്യായാധിപനാരെന്നും ഞാന്‍ തിരക്കിയറിഞ്ഞു. കൊല്ലപ്പെട്ട സാന്ദ്രയുടെ ശരീരത്തില്‍ നിന്നും കണ്ടെടുത്ത ‘സെമന്‍’ സുധീഷിന്‍റേതുതന്നെയായിരുന്നു. അതൊരു വലിയ തെളിവായി.”

“അതെ. അതെങ്ങനെ സംഭവിച്ചു എന്നത് എനിക്കിന്നും ദുരൂഹമാണ്” – ആനന്ദ്മേനോന്‍ പറഞ്ഞു.

അഖില സുധീഷ് തന്നോടു വെളിപ്പെടുത്തിയ കാര്യം അച്ഛനെ അറിയിച്ചു.

ആനന്ദ്മേനോന്‍റെ മുഖത്തു വികാരവിക്ഷോഭമുണ്ടായി.

കൊല ചെയ്യപ്പെട്ട ‘സാന്ദ്ര’ യുടെ ശരീരത്തില്‍ നിന്നും കണ്ടെത്തിയ ‘സെമനു’ പകരം സുധീഷില്‍നിന്നും ശേഖരിച്ചതു തെളിവായി പരിശോധനയ്ക്കയയ്ക്കുകയായിരുന്നു! അങ്ങനെ നിരപരാധി ശിക്ഷിക്കപ്പെടുകയും കുറ്റവാളി രക്ഷപ്പെടുകയും ചെയ്തു! സുധീഷ് തന്‍റെ മകളോടു വെളിപ്പെടുത്തിയ സത്യം ഇനിയാരു വിശ്വസിക്കും? അതിനെന്തു തെളിവ്? മരിച്ചു തെളിയിക്കാനാര്‍ക്കു കഴിയും? നടുക്കുന്ന യാഥാര്‍ത്ഥ്യം വെളിപ്പെടുത്തിയ തന്‍റെ മകള്‍ ബ്ലാക്ക് മെയിലിംഗ് നടത്തുകയാണെന്നേ വരൂ. അവളെ ഇല്ലാതാക്കാനുള്ള ശ്രമവുമുണ്ടാകും. പലവിധ ചിന്തകള്‍ ആനന്ദ്മേനോന്‍റെ സ്മൃതിപഥത്തിലൂടെ കടന്നുപോയി.

“മോളേ…”- അദ്ദേഹം വിളിച്ചു.

“പറയ്… അച്ഛാ.”

“സുധീഷ് നിന്നോടു വെളിപ്പെടുത്തിയതു സത്യമാണ്. ഒരസത്യം ഇക്കാര്യത്തില്‍ പറഞ്ഞിട്ട് അവനൊന്നും നേടാനില്ല. അവന്‍ ശിക്ഷ മുഴുവനായി അനുഭവിച്ചു കഴിഞ്ഞു. ഭാര്യ, കുടുംബം, മക്കള്‍, സല്പ്പേര് എല്ലാം നഷ്ടമായി. നീ ഒരു കാര്യം ശ്രദ്ധിക്കണം. ഒരു മനുഷ്യനോടും ഇതു വെളിപ്പെടുത്തരുത്.”

“വെളിപ്പെടുത്തിയാല്‍, എന്നെ കൊല്ലുമെന്ന പേടിയാണോ അച്ഛന്?”

“പേടിയുണ്ട്. അതു മാത്രമല്ല.”

“പിന്നെ?”

“സാന്ദ്രയെ കൊന്നവന്‍റെ, അവളെ ക്രൂരമായി പീഡിപ്പിച്ചവന്‍റെ ഇപ്പോഴത്തെ ഇരിപ്പിടം എവിടെയെന്നറിയാമല്ലോ?”

“അറിയാം.”

“അങ്ങനെയൊരിടത്തിരിക്കുന്നയാളെക്കുറിച്ച് ആര്‍ക്കും എന്തും പറയാനാവില്ല മോളെ.”

“അതും എനിക്കറിയാം.”

“ഒരു കുറ്റവാളിയായി ശിക്ഷിക്കപ്പെട്ടു പുറത്തുവന്നവന്‍റെ വാക്കിനെന്തു വില?”

“സത്യത്തിനൊരു വിലയുമില്ലേ അച്ഛാ?”

“വിലയുണ്ട്. അതു യുക്തി പൂര്‍വം തെളിയിക്കണം. പല കോണുകളില്‍ നിന്നു പല അധരങ്ങളില്‍ നിന്ന് അതു വിളിച്ചുപറയപ്പെടണം. ഇനിയും പലരെയും കാണാനുണ്ട് മോളെ നിനക്ക്. സുധീഷിനെ ശിക്ഷ വിധിച്ച ന്യായാധിപന്‍ അവനെ കാണാനാഗ്രഹിക്കുന്നുണ്ടെന്നു നീ പറഞ്ഞല്ലോ.”

“അദ്ദേഹമതു പത്രമാഫീസിലേക്കു വിളിച്ചുപറയുകയായിരുന്നു; സുധീഷ് കാണാന്‍ തയ്യാറല്ല.”

“വേണ്ട; നീ പോകണം, കാണണം. അദ്ദേഹത്തെ കേള്‍ക്കണം. സാന്ദ്രയുടെയമ്മ ജീവിച്ചിരിപ്പുണ്ട്. ആര്‍ഭാടജീവിതം നയിക്കുകയാണവള്‍. അവളെയും കാണണം, കേള്‍ക്കണം. പിന്നെ സുധീഷിനെ ലോക്കപ്പില്‍ കൈകാര്യം ചെയ്ത പൊലീസുകാരെയും കാണണം. നക്സല്‍ വര്‍ഗീസിന്‍റെ മരണം വെളിപ്പെടുത്തപ്പെട്ട സാഹചര്യം അറിയാമല്ലോ?”

അറിയാം ഞാനെല്ലാവരെയും പോയി കാണാമച്ഛാ. എനിക്കൊരാഗ്രഹമേയുള്ളൂ. സുധീഷിന്‍റെ തലയിലുള്ള കൊലപാതകക്കുറ്റം അടര്‍ത്തി മാറ്റണം. അയാള്‍ക്ക് ഒരു സാധാരണ ജീവിതം ഉണ്ടാക്കികൊടുക്കണം.”

“നല്ല ആഗ്രഹമാണ്; ശ്രമിക്ക് അതിനുവേണ്ടി. അച്ഛന്‍റെ അനുഗ്രഹമുണ്ട്, പ്രാര്‍ത്ഥനയുണ്ട്” – ആനന്ദ്മേനോന്‍ പറഞ്ഞു.

“അച്ഛാ, ഞാന്‍ രണ്ടു ദിവസമായി യാത്രയിലായിരുന്നു. ഇന്നിനി ഓഫീസിലൊന്നു ചെല്ലണം; ഇറങ്ങട്ടെ” – അഖില യാത്ര പറഞ്ഞു.

ആനന്ദ്മേനോന്‍ മന്ദഹാസത്തോടെ തലയാട്ടി.

അഖില പെട്ടെന്നുതന്നെ കൈനറ്റിക്കില്‍ നഗരത്തിലേക്കു പാഞ്ഞു. അര മണിക്കൂര്‍കൊണ്ട് അവള്‍ കേരളദേശത്തിന്‍റെ ഓഫീസിലെത്തി. സബ് എഡിറ്ററുടെ ക്യാബിനിലേക്കു തിടുക്കത്തില്‍ കയറിച്ചെന്നപ്പോള്‍ പരിചയമില്ലാത്ത ഒരു യുവാവ് മുന്നില്‍ വന്നു.

“അഖില ആനന്ദ് അല്ലേ?” – പാന്‍റും ബ്രൗണ്‍ കളര്‍ ജൂബ്ബയും ധരിച്ച് ഉയരം കൂടിയ കുറ്റിത്താടിക്കാരന്‍ ചോദിച്ചു.

“അതെ; മനസ്സിലായില്ല” – അഖില പറഞ്ഞു.

“ഞാന്‍ ശരത്. ഇന്നലെ ഇവിടെ സബ് എഡിറ്ററായി ജോയിന്‍ ചെയ്തു. എക്സ്പ്രസ്സില്‍നിന്നാണിങ്ങോട്ടു വരുന്നത്. ഇതിനകം പന്ത്രണ്ടു സ്ഥാപനങ്ങളില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്.”

“ഹൊ! എങ്കില്‍ നല്ല എക്സ്പീരിയന്‍സുണ്ടാകുമല്ലോ?”

“ഉണ്ട്. ഇന്നലെ മറ്റുള്ളവരെയൊക്കെ പരിചയപ്പെട്ടു. അഖില യാത്രയിലാണെന്നറിഞ്ഞു; പുലിയാണെന്നും കേട്ടു.”

“ദൈവമേ! അതാരു പറഞ്ഞു; ഞാന്‍ മനുഷ്യസ്ത്രീയാ.”‘

“എന്നാല്‍ മനുഷ്യസ്ത്രീ ചെല്ല്. പിന്നെ വിശദമായി പരിചയപ്പെടാം” – അങ്ങനെ പറഞ്ഞു ശരത് ചീഫ് എഡിറ്ററുടെ മുറിയിലേക്കു കയറിപ്പോയി.

അഖിലയ്ക്കു ഡെസ്കില്‍ വളരെയേറെ ജോലികള്‍ തീര്‍ക്കാനുണ്ടായിരുന്നു. അവള്‍ പ്രാധാന്യമനുസരിച്ച് ഓരോന്നും ചെയ്തുതീര്‍ക്കാന്‍ തുടങ്ങി. അതിനിടയിലാണ് എം.ഡി. ജയപ്രകാശ് അവളെ വിളിപ്പിച്ചത്. തടിച്ച ശരീരമുള്ള കഷണ്ടിക്കാരനായ മദ്ധ്യവയസ്കനായിരുന്നു എം.ഡി. ജയപ്രകാശ്.

മുറിയിലെത്തിയ അഖില അദ്ദേഹത്തെ അഭിവാദ്യം ചെയ്തു.

“അഖില ഇരിക്ക്” – ജയപ്രകാശ് പ്രത്യഭിവാദ്യം ചെയ്തുകൊണ്ടു പറഞ്ഞു.

അവള്‍ കസേരയില്‍ കടന്നിരുന്നു.

ഏതാനും നിമിഷം എ.ഡി. നിശ്ശബ്ദനായിരുന്നു. പിന്നെ നെറ്റിയില്‍ മെല്ലെ വിരലോടിച്ചു.

“സാന്ദ്രാ വധക്കേസ് പതിമൂന്നു വര്‍ഷങ്ങള്‍ക്കുമുമ്പു കോളിളക്കം സൃഷ്ടിച്ച ഒന്നാണ്. പ്രതി പിടിക്കപ്പെട്ടു, ശിക്ഷിക്കപ്പെട്ടു. ശിക്ഷ കഴിഞ്ഞ് അയാള്‍ പുറത്തിറങ്ങുകയും ചെയ്തിരിക്കുന്നു. അടഞ്ഞ അദ്ധ്യായം വീണ്ടും തുറക്കാന്‍ ‘മലയാളദേശം’ തീരുമാനിച്ചു. നമുക്ക് അതിനു പിന്നില്‍ വ്യക്തമായ ലക്ഷ്യമുണ്ട്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന് ഇന്ത്യയുടെ നിയമസംഹിതയ്ക്ക് ഈ കേസില്‍ പോറലേറ്റു എന്ന ദൃഢവിശ്വാസം നമുക്കുണ്ട്. അന്നു കുറ്റാരോപിതനായെങ്കിലും പിടിക്കപ്പെടാതെ, ശിക്ഷിക്കപ്പെടാതെ രക്ഷപ്പെട്ട വ്യക്തി ഇന്നു പ്രത്യേകമായ സുരക്ഷാക വചം ധരിച്ചു അത്യുന്നതസ്ഥാനമലങ്കരിക്കുകയാണ്. ഈ കേസ് സംബന്ധിച്ചു ചില പ്രധാന തെളിവുകള്‍ അഖില കണ്ടെത്തിയിട്ടുണ്ടാകുമല്ലോ?”

“കണ്ടെത്തിയിട്ടുണ്ട്.”

“വളരെ നല്ല കാര്യം. ഇനിയും ശേഖരിക്കാനുള്ളതുകൂടി എത്രയും വേഗം കണ്ടെത്തണം. കാണേണ്ടവരെയെക്കെ കാണണം. ഇക്കാര്യത്തില്‍ അഖിലയെ സഹായിക്കാന്‍ വളരെ സമര്‍ത്ഥനായ ഒരു ചെറുപ്പക്കാരനെ നമ്മള്‍ കണ്ടെത്തി. ഇവിടെ സബ് എഡിറ്ററായി നിയമിക്കുകയും ചെയ്തു.

“ഞാന്‍ ശരത്തിനെ പരിചയപ്പെട്ടു സാര്‍.”

“ഗുഡ്. അയാള്‍ നല്ലൊരു ഫോട്ടോഗ്രാഫര്‍ കൂടിയാണ്. വിവരങ്ങള്‍ റിക്കാര്‍ഡ് ചെയ്യാനും ആള് വിദഗ്ദ്ധനാണ്. ഇനി രണ്ടു പേരും ഒരുമിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കണമെന്നാണു മാനേജുമെന്‍റിന്‍റെ താത്പര്യം. അഭിപ്രായവ്യത്യാസമുണ്ടോ?”

“ഇല്ല സാര്‍. പറഞ്ഞതുപോലെ ചെയ്യാം.”

“ശരി. പൊയ്ക്കോളൂ” – എം.ഡി. അഖിലയ്ക്കു ഷേക്ഹാന്‍ഡ് നല്കി.

അവള്‍ മുറിയില്‍ നിന്നിറങ്ങി.

(തുടരും)

Leave a Comment

*
*