Latest News
|^| Home -> Novel -> Novel -> ന്യായാധിപന്‍ – 8

ന്യായാധിപന്‍ – 8

Sathyadeepam

ജോര്‍ജ് പുളിങ്കാട്

സബ്എഡിറ്റര്‍ ശരത് അഖില ആനന്ദിന്‍റെ ഡെസ്കിലേക്കു ചെന്നു.

“ശരത് ഇരിക്ക” – ലാപ് ടോപ്പില്‍ നിന്നും കണ്ണെടുക്കാതെ അവള്‍ പറഞ്ഞു. ശരത് അവള്‍ക്കരികിലുണ്ടായിരുന്ന ചെയറില്‍ കടന്നിരുന്നു.

“താനെന്താ ഇത്ര ഗൗരവത്തില്‍ ചെയ്യുന്നേ?”

“നാളത്തെ ലോകകപ്പ് ഫുട്ബോള്‍ മത്സരത്തില്‍ ഇംഗ്ലണ്ടും ബ്രസീലും തമ്മിലുള്ള ഏറ്റുമുട്ടലിനെപ്പറ്റി ഒരു ഐറ്റം തയ്യാറാക്കുകയാ. പഴയ ചില ഫോട്ടോസ് നെറ്റില്‍നിന്നെടുക്കണം.”

“ശൊ! കഷ്ടം! താനെന്താ ഈ സ്പോര്‍ട്സില്‍ കയറിപ്പിടിച്ചേ? അതിലും ക്രേസുണ്ടോ?”

“ക്രേസുണ്ടായിട്ടൊന്നുമല്ലെടോ. അതു ചെയ്തുകൊണ്ടിരുന്ന ശ്രീക്കുട്ടന്‍ വന്നിട്ടില്ല. ഇനി നാലു ദിവസം കഴിഞ്ഞേ കക്ഷി വരികയുള്ളൂ; ഭാര്യയ്ക്കെന്തോ രോഗം.”

“താന്‍ വലിയ തെരക്കിലാണെങ്കില്‍ ഞാന്‍ പോകുക” – ശരത് പറഞ്ഞു.

“ഇരിക്ക് ശരത്. ഇത്ര ക്ഷമയില്ലേ? ഒരു മിനിറ്റുകൊണ്ട് ഞാന്‍ ഫ്രീയാകും.”

“ഒന്നല്ല, അഞ്ചു മിനിറ്റു തന്നിരിക്കുന്നു. ഞാനനങ്ങാതെ മിണ്ടാതിവിടിരുന്നോളാം.”

അഞ്ചു മിനിറ്റാകും മുമ്പേ അഖില ലാപ്ടോപ്പ് ഓഫ് ചെയ്തു. പിന്നെ കുപ്പിയില്‍ കൊണ്ടുവന്ന തിളപ്പിച്ചാറ്റിയ വെള്ളം കുറച്ചു കുടിച്ചു.

“ശരത്തിനു വെള്ളം വേണോ?” – അവള്‍ കുപ്പി അവനു നേരെ നീട്ടി.

“വേണ്ടായിരുന്നു. എങ്കിലും താന്‍ നീട്ടിയതല്ലേ? കുറച്ചു കുടിച്ചേക്കാം” – കുപ്പി വാങ്ങി ഒരു കവിള്‍ വെള്ളം ശരത്തും കുടിച്ചു.

അഖില അവന്‍റെ നേരെ തിരിഞ്ഞിരുന്നു.

“പറയ്.”

“അഖിലാ ഭാസുരചന്ദ്രവര്‍മ്മ നമ്മുടെ ഇന്‍റര്‍വ്യൂ കഴിഞ്ഞതേ തട്ടിപ്പോയല്ലോ?”

“അറിഞ്ഞു. പാവം രക്ഷപ്പെട്ടു; എന്തൊരു ജീവിതമായിരുന്നു.”

“അഖിലാ അയാളുടെ മരണത്തിന് ഇന്നു കാര്യമായ വാല്യൂ ഒന്നുമില്ല. അകത്തു ജനറല്‍ പേജില്‍ ഒരു ചെറിയ ഫോട്ടോയും മൂന്നിഞ്ചു വാര്‍ത്തയും വന്നേക്കും. പ്രമാദമായ കേസുകളിലെ വിധികളൊന്നും എടുത്തുപറയാനില്ലെന്നാ ന്യൂസ് ഡെസ്കീന്ന് കേട്ടത്.”

“അതു ശരി. കുറ്റവാളിയല്ലെന്നറിഞ്ഞുകൊണ്ട് ഒരാളെ ജീവപര്യന്തം തടവിനു ശിക്ഷിച്ചയാളല്ലേ?”

“തെളിവുകളും വാദങ്ങളും നിയമങ്ങളും നോക്കിയല്ലേ വിധി പ്രഖ്യാപിക്കാന്‍ പറ്റൂ? അങ്ങനെ നോക്കുമ്പോള്‍ ന്യായാധിപന്മാരെ നമുക്കൊരിക്കലും പഴിക്കാനാവില്ല.”

“പിന്നെയാരെ പഴിക്കണം? നിരപരാധിയായ ഒരാളെ ശിക്ഷിക്കുന്നതിനേക്കാള്‍ വലിയ ക്രൂരതയുണ്ടോ?”

“ശരിയാണ്. അതു ശരിക്കും ക്രൂരതതന്നെ. എനിക്കിപ്പോള്‍ മറ്റൊരു സംശയം തോന്നുന്നു അഖിലാ.”

“എന്താണ്?”

“നമ്മളവിടെ ചെന്ന് അര മണിക്കൂറോളം സംസാരിച്ചു. അദ്ദേഹം ചിലതെല്ലാം തുറന്നു പറയുകയും ചെയ്തു. കാണുമ്പോള്‍ പെട്ടെന്നു മരിക്കാനുള്ള ഒരു ക്ഷീണാവസ്ഥയും അദ്ദേഹത്തിനില്ലായിരുന്നു.”

“പെട്ടെന്ന് എത്രയോ പേര് മരിക്കുന്നു. രാവിലെ കണ്ടതാ. ഉച്ചയ്ക്കു സംസാരിച്ചതാ. ഒരു മണിക്കൂര്‍മുമ്പു ഫോണില്‍ വിളിച്ചതാ എന്നൊക്കെ ആളുകള്‍ പറയും. ഒരു പ്രഷര്‍ വേരിയേഷനുണ്ടായാല്‍ മതിയല്ലോ.”

“ഭാസുരചന്ദ്രവര്‍മയുടെ പെട്ടെന്നുള്ള മരണം ദുരൂഹതയുള്ളതാണെന്നും ഞാന്‍ പറയുന്നില്ല; സംശയവുമില്ല. ചില പ്രത്യേക സാഹചര്യങ്ങളുള്ളതുകൊണ്ട് അവിടെയെന്താണു നടന്നതെന്നു വെറുതെയൊന്ന് അന്വേഷിച്ചാലോ?”

“എങ്ങനെ? ആരോട് അന്വേഷിക്കും?” – അഖില ശരത്തിനെ ഉറ്റുനോക്കി.

“പോണം; പോയി അന്വേഷിക്കണം.”

“ശരത്തിനു തന്നെ പോകാമോ?”

“താനും കൂടെ വാടോ. നമുക്ക് അവിടെ നടക്കുന്ന സംഭവങ്ങളൊക്കെയൊന്നു കാണാം. താന്‍ ക്രിയേറ്റീവ് റൈറ്ററല്ലേ? ഒരു കഥയ്ക്കോ നോവലെറ്റിനോ പറ്റിയ തീം കിട്ടിയേക്കാം.”

“ങും ശരി, പോകാം. ഞാനൊന്ന് ഇന്‍ഫോം ചെയ്തിട്ടു വരാം”- അഖില ചീഫ് എഡിറ്ററെ കണ്ടു വിവരം പറയാനായി പോയി.

അനുമതി ചോദിച്ചപ്പോള്‍ ചീഫ് ന്യൂസ് എഡിറ്ററുടെ നെറ്റി ചുളിഞ്ഞു.

“അഖില എന്തിനിങ്ങനെ ബുദ്ധിമുട്ടുന്നു? നാളത്തെ പത്രത്തില്‍ അദ്ദേഹത്തെപ്പറ്റി സ്റ്റോറിയൊന്നും നമ്മള്‍ കൊടുക്കാനുദ്ദേശിക്കുന്നില്ല.”

“പത്രത്തില്‍ കൊടുക്കാനല്ല സാര്‍. “സുധീഷിന്‍റെ കേസ് വിധിച്ചയാളാണു മരിച്ചത്. ആ വിഷയത്തില്‍ കിട്ടുന്നതെല്ലാം ശേഖരിക്കണമെന്ന് എം.ഡി. പറഞ്ഞിട്ടുണ്ട്” – അഖില സൂചിപ്പിച്ചു.

“പൊയ്ക്കോളൂ” – ന്യൂസ് എഡിറ്റര്‍ പറഞ്ഞു.

ശരത്തും അഖിലയും വൈകുന്നേരം അഞ്ചു മണിയോടെയാണു ഭാസുരചന്ദ്രവര്‍മയുടെ വീട്ടിലേക്കു പുറപ്പെട്ടത്. ശരത്തിന്‍റെ കൂടെ ബൈക്കിലായിരുന്നു യാത്ര.

“അഖിലാ, എനിക്കിവിടെ വന്നിട്ടു വല്ലാതെ ബോറടിക്കുന്നുണ്ട്. ഒരു വര്‍ഷമൊന്നും ഇവിടെ ജോലി ചെയ്തുപോകുമെന്നു തോന്നുന്നില്ല” – ശരത് ബൈക്ക് പറത്തുന്നതിനിടെ പറഞ്ഞു.

“അതിന്… എന്താ ഉണ്ടായേ?”

“ഒന്നും ഉണ്ടായില്ല; അതാണു പ്രശ്നം.”

“എനിക്കു മനസ്സിലായില്ല.”

“അഖില, നമ്മള് ഭാസുരചന്ദ്രവര്‍മ്മയുടെ വീട്ടില്‍ പോയി. അദ്ദേഹത്തെ ഇന്‍റര്‍വ്യൂ ചെയ്തു. നല്ലൊന്നാന്തരം വെളിപ്പെടുത്തലാണ് ആ മനുഷ്യന്‍ നടത്തിയത്. കുറ്റം ചെയ്യാത്ത ഒരാളെ ജീവപര്യന്തം തടവിനു ശിക്ഷിച്ചല്ലോയെന്ന കഠിനമായ കുറ്റബോധം ആ മനസ്സിനെ അലട്ടുന്നെന്ന്! ശിക്ഷ കഴിഞ്ഞിറങ്ങിയ ‘സുധീഷി’നെ ഒന്നു കാണാനും അദ്ദേഹം ആഗ്രഹിച്ചു. നമ്മുടെ ഭാഗ്യത്തിനു ഭാസുരചന്ദ്രവര്‍മ ഇപ്പോള്‍ മരിക്കുകയും ചെയ്തു. മരണത്തിന്‍റെ റിപ്പോര്‍ട്ടിനൊപ്പം ഞെട്ടിക്കുന്ന ആ വെളിപ്പെടുത്തല്‍കൂടി അടിച്ചുവന്നാല്‍ ശരിക്കും പത്രത്തിനും നമ്മള്‍ക്കും ഒരു നല്ല ബ്രേക്ക് ആകുമായിരുന്നു. വെറുതെ കളഞ്ഞു.”

“ശരത് പറഞ്ഞത് ശരിയാണ്. പക്ഷേ, അതിന്‍റെ ഇംപാക്റ്റ് വലുതായിരിക്കും മാനേജുമെന്‍റിനു ഭയമുണ്ട്.”

“ഭയമുള്ളവനു പറ്റിയ പണിയല്ല പത്രപ്രവര്‍ത്തനം.”

“ഈ കേസില്‍ വിവരങ്ങളെല്ലാം ശേഖരിച്ചിട്ട് അവസാനം ഒരടി കൊടുക്കാനാണു മാനേജുമെന്‍റിന് താത്പര്യം.”

“പത്രവര്‍ത്തകനങ്ങനെ നാളേയ്ക്കുവേണ്ടി ഒന്നും സൂക്ഷിച്ചുവയ്ക്കരുത്. ഇന്നിന്‍റെ വാര്‍ത്ത ഇന്ന്; നാളെയത് അപ്രധാനമായേക്കാം, അപ്രസക്തമായേക്കാം.”

അഖില അവനോടു പ്രതികരിച്ചില്ല. അവള്‍ക്കും ശരത് പറഞ്ഞതിനോടു യോജിപ്പായിരുന്നു. അഞ്ചിരുപതായപ്പോള്‍ അവര്‍ ഭാസുരചന്ദ്രവര്‍മയുടെ വീട്ടിലെത്തി. പ്രതീക്ഷിച്ചതുപോലെ വാഹനങ്ങളുടെ നീണ്ടനിരയോ ആള്‍ക്കൂട്ടമോ അവിടെ കണ്ടില്ല. ഒരു സ്വിഫ്റ്റ് കാര്‍ ഗെയ്റ്റിനു വെളിയില്‍ കിടപ്പുണ്ട്. വീടിനു മുമ്പില്‍ പന്തല്‍ ഉയര്‍ന്നുകഴിഞ്ഞു. പത്തുപതിനഞ്ചാളുകള്‍ മുറ്റത്തു കസേരകളിലിരിക്കുന്നു. ശരത്തിനെയും അഖിലയെയും കണ്ടു കാര്യസ്ഥയായ സ്ത്രീ അടുത്തേയ്ക്കു വന്നു. അവരുടെ മുഖം ആകെ വീര്‍ത്തു കെട്ടിയിരുന്നു. ഭാസുരചന്ദ്രവര്‍മയുടെ മരണത്തില്‍ സങ്കടപ്പെടുന്ന ഏകവ്യക്തി ആ സ്ത്രീയാണെന്നു തോന്നിച്ചു.

“ചേച്ചീ… എന്താ സംഭവിച്ചേ?” – അഖില ചോദിച്ചു.

“മൂന്നേമുക്കാലയപ്പോള്‍ ഞാന്‍ കാപ്പിയുമായി ചെന്നു. വിളിച്ചിട്ടു മിണ്ടിയില്ല. അടുത്തു ചെന്നു കുലുക്കി വിളിച്ചപ്പോള്‍ മരിച്ചുകഴിഞ്ഞിരുന്നു. ഞാന്‍ ചെന്ന് അടുത്തുള്ള റിട്ടയര്‍ ചെയ്ത ഒരു നഴ്സിനെ കൂട്ടിക്കൊണ്ടു വന്നു. അവര്‍ മരണം സ്ഥിരീകരിച്ചു.”

“ബോഡിയിപ്പോള്‍?”

“ഇവിടില്ല. ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ വച്ചിരിക്കുകയാ. നാളെയെടുക്കും. പഞ്ചായത്തിന്‍റെ ശ്മശാനത്തില്‍ സംസ്കരിക്കും. അതിന്‍റെ ഏര്‍പ്പാടുകളൊക്കെ പഞ്ചായത്ത് പ്രസിഡന്‍റും റസിഡന്‍സ് അസോസിയേഷന്‍കാരും കൂടിയാ ചെയ്യുന്നത്.”

“ഭാര്യയും മക്കളുമൊക്കെ അമേരിക്കയില്‍നിന്നെത്തുമോ?”

“ഇല്ല. അവര്‍ക്കവിടെനിന്നു പെട്ടെന്നു വരാന്‍ പറ്റില്ലാന്ന്.”

“വരുംവരെ ബോഡി മോര്‍ച്ചറിയില്‍ വയ്ക്കാമായിരുന്നില്ലേ?” – ശരത് ചോദിച്ചു.

“അവര്‍ക്കു വരണോന്നും കാണണോന്നും ഇല്ല മോനെ. അന്ത്യകര്‍മങ്ങള്‍ ഏക മകനുമെത്തിയില്ലെങ്കില്‍ പിന്നെങ്ങനെയാ? കര്‍മങ്ങളൊന്നും ചെയ്യാതെ കന്നുകാലികളെയൊക്കെ മറവു ചെയ്യുന്നതു പോലെ…”-അവര്‍ വിതുമ്പി.

“അതു വളരെ മോശമല്ലേ? എത്ര വലിയ ആളായിരുന്നു? അന്ത്യകര്‍മങ്ങള്‍ക്കുള്ള പണമൊക്കെയെങ്ങനെയാ?”

“പണം ആവശ്യത്തിനു മിച്ചം എന്നെ ഏല്പിച്ചിട്ടുണ്ട്. മകന്‍ വരുമെന്നും എല്ലാ അന്ത്യകര്‍മങ്ങളും ചെയ്യുമെന്നും അദ്ദേഹം വിചാരിച്ചിരുന്നു. അതു കാരണമാ നാട്ടുകാരുടെ സഹായത്തോടെ ബോഡി ആശുപത്രിമോര്‍ച്ചറിയില്‍ വച്ചത്. ആരും വരില്ലാന്ന് അറിയിച്ചപ്പോള്‍ പിന്നെ മൃതദേഹം വച്ചുകൊണ്ടിരുന്നിട്ടു കാര്യമില്ലല്ലോ?”

ശരത്തിനും അഖിലയ്ക്കും ഭാസുരചന്ദ്രവര്‍മയെപ്പറ്റിയോര്‍ത്തു വലിയ സങ്കടമുണ്ടായി. അയല്ക്കാരും നാട്ടുകാരുമല്ലാതെ ബന്ധുക്കളാരും ഇദ്ദേഹത്തിന്‍റെ ശവസംസ്കാരത്തില്‍ സഹകരിക്കുന്നില്ല. കാണാന്‍ വരുന്നവരും തീരെ കുറച്ചേയുള്ളൂ.

“ചേച്ചീ, അദ്ദേഹത്തിന്‍റെ ആഗ്രഹംപോലെ കര്‍മങ്ങളൊക്കെ നടത്തി മൃതദേഹം ചിതയില്‍ ദഹിപ്പിച്ചാലോ?”

“മകന്‍റെ സ്ഥാനത്ത് ആരു നില്ക്കും?”

“ഞാന്‍ നില്ക്കും. ചിതയ്ക്കു തീ കൊളുത്തുകയും ചെയ്യും” – ശരത് ഉറച്ച സ്വരത്തില്‍ പറഞ്ഞു. അഖില നടുക്കത്തോടെ അവന്‍റെ മുഖത്തേയ്ക്കു നോക്കി. ദൃഢഭാവമായിരുന്നു ശരത്തിന്‍റെ മുഖത്ത്. അവന്‍ മനുഷ്യസ്നേഹത്തിന്‍റെ പ്രതീകമാണെന്നവള്‍ക്കു തോന്നി.

“എങ്കില്‍, മോനെ കര്‍മിയെയൊക്കെ ഏര്‍പ്പാടു ചെയ്യണം. ദഹിപ്പിക്കാനുള്ള കാര്യങ്ങളും ചെയ്യണം. പണം തരാനേ എനിക്കു കഴിയുകയുള്ളൂ.”

“മതി. ഞാനീ കുട്ടിയെ ഓഫീസില്‍ തിരികെ വിട്ടിട്ടു വേഗം വരാം. ഒരു മകന്‍ ചെയ്യുന്ന എല്ലാ കര്‍മങ്ങള്‍ക്കും ഞാനുണ്ടാകും.”

അതുകേട്ട് ആ സ്ത്രീയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അവര്‍ സമ്മതഭാവത്തില്‍ തലയാട്ടി. ശരത് അഖിലയെയും കയറ്റി ബൈക്ക് മുന്നോട്ടെടുത്തു.

“ശരത് ഇത്രയും അലിവുള്ളയാളാണെന്നു വിചാരിച്ചില്ല”- അഖില പറഞ്ഞു.

“അഖിലാ അലിവുകൊണ്ടൊന്നുമല്ല. ഇങ്ങനെയൊരു സന്ദര്‍ഭത്തില്‍ അല്പം മനുഷ്യത്വം കാണിക്കുന്നു. ആ മനുഷ്യന്‍റെ അവസാനത്തെ ഒരാഗ്രഹമായിരുന്നു കര്‍മങ്ങളൊക്കെ നടത്തി പതിവുപോലുള്ള ഒരു ശവദാഹം. മകനും അമ്മയും അയാളെ ഒടുവിലായൊന്നു കാണാന്‍പോലും തയ്യാറാകുന്നില്ല. പൊതുശ്മശാനത്തില്‍ സംസ്കരിച്ചേക്കാന്‍ വിദേശത്തുനിന്നു നിര്‍ദ്ദേശം കൊടുക്കുകയാണവര്‍ ചെയ്തത്. കാര്യസ്ഥയായ ആ സ്ത്രീക്കതില്‍ വിഷമമുണ്ട്. ഭാസുരചന്ദ്രവര്‍മ അവരുടെ കയ്യില്‍ എല്ലാത്തിനുമുള്ള പണം ഏല്പിച്ചിട്ടുമുണ്ട്. അവര്‍ക്കുതന്നെ ഇതെല്ലാം ചെയ്യാന്‍ പറ്റില്ല.”

ശരത് ചെയ്യുന്നതു നല്ല കാര്യമാണ്. ഇത്രയുമൊക്കെ ചെയ്യാന്‍ ആരും തയ്യാറാകുകയില്ല. പിന്നെ… ശരത്തിന്‍റെ വീട്ടില്‍ ആരൊക്കെയുണ്ട്. ഒന്നും ഇതുവരെ ചോദിച്ചില്ല.”

“വീട്ടില്‍ അച്ഛന്‍, അമ്മ, രണ്ടുജ്യേഷ്ഠന്മാര്‍, ഒരു പെങ്ങള്‍.”

“ജ്യേഷ്ഠന്മാരുടെയൊക്കെ വിവാഹം കഴിഞ്ഞില്ലേ?”

“കഴിഞ്ഞു. അവര്‍ രണ്ടു പേരും മാറിത്താമസിക്കുകയാ.”

“ശരത്തിനു വിവാഹം കഴിക്കണോന്നൊന്നുമില്ലേ?”

“വിവാഹം കഴിച്ചല്ലോ” – ശരത് പറഞ്ഞു.

അഖിലയുടെ മുഖം തെല്ലു വിളറി.

“തമാശ പറയുകയാണോ?”

“ഒരിക്കലുമല്ല. മൂന്നു വര്‍ഷം മുമ്പു ഞാന്‍ വിവാഹിതനായതാണ്. രണ്ടു വര്‍ഷമായപ്പോള്‍ പിരിഞ്ഞു.”

“എന്താ നിങ്ങള്‍ തമ്മിലുണ്ടായത്?”

“ചുരുക്കിപ്പറഞ്ഞാല്‍ എന്‍റെയീ മുരടന്‍ സ്വഭാവത്തോട് അവള്‍ക്കൊട്ടും പൊരുത്തപ്പെട്ടുപോകാന്‍ കഴിഞ്ഞില്ല. അവള്‍ പ്രതീക്ഷിച്ചതുപോലൊരു ജീവിതം നല്കാന്‍ എിക്കാവില്ലെന്നും ഞാനും തിരിച്ചറിഞ്ഞു. അങ്ങനെ പിരിയാന്‍ തീ രുമാനിച്ചു. സന്തോഷത്തോടെ ഞങ്ങള്‍ വേര്‍പെട്ടു.”

“കുഞ്ഞുങ്ങളുണ്ടായില്ലേ?”

“ഭാഗ്യത്തിന് അങ്ങനെയൊരു ‘പ്രശ്ന’മുണ്ടായില്ല.”

“എന്നിട്ടാ പെണ്ണിപ്പോള്‍?”

“അവളെ തീവ്രമായി സ്നേഹിച്ചിരുന്ന ഒരു യുവാവുണ്ടായിരുന്നു. അവനവളെ കെട്ടി. രണ്ടുപേരും സുഖമായി, സന്തോഷമായി ജീവിക്കുന്നു. ഒരു പെണ്‍കുട്ടിയും പിറന്നു.”

“ഇവിടെ സങ്കടമില്ലേ?”

“ഇല്ല. എനിക്കിപ്പോള്‍ പൂര്‍ണസ്വാതന്ത്ര്യമുണ്ട്. ഒന്നിനും എതിരു പറയാനും നിയന്ത്രിക്കാനും ആരുമില്ല. ഇപ്പോള്‍ ഭാസുരചന്ദ്രവര്‍മയുടെ ചിതയ്ക്കു കൊള്ളിവയ്ക്കാനുള്ള തീരുമാനം ഞാനെടുക്കുന്നു. അതു നടപ്പാക്കുന്നു. എന്നെ കുറ്റപ്പെടുത്താനോ തടയാനോ ആരുമില്ല.”

“സ്നേഹിക്കാനും ആരുമില്ലല്ലോ ശരത്ത്തിന്?”

“അഖിലാ, യഥാര്‍ത്ഥ സ്നേഹം എവിടെയാണ്? കാണുന്നതെല്ലാം പ്രകടനമല്ലേ?”

“ഇനിയൊരു വിവാഹമേയില്ലെന്ന തീരുമാനത്തിലാണോ ശരത്?”

“അതെ. ഈ വിഷയം നിര്‍ത്താം. ഇതിലും ഭേദപ്പെട്ട മറ്റെന്തെങ്കിലും കാര്യത്തെക്കുറിച്ചു സംസാരിക്കാം” – ശരത് മടുപ്പോടെ പറഞ്ഞു.

അവരുടെ സംഭാഷണം മുറിഞ്ഞു. അഖിലയെ പത്രമാഫീസില്‍ കൊണ്ടുചെന്നിറക്കിയ ശരത് പെട്ടെന്നുതന്നെ ഭാസുരചന്ദ്രവര്‍മയുടെ വീട്ടിലേക്കു തിരിച്ചു. അവന്‍ തിരികെയെത്തിയപ്പോഴും ആ വീട്ടില്‍ ആളുകളുടെ എണ്ണം തീര്‍ത്തും കുറവായിരുന്നു. മുറ്റത്തു കസേരകള്‍ നിരത്താനും വീട്ടുവളപ്പിലെ മാവു വെട്ടാനുമൊക്കെയുള്ള നിര്‍ദ്ദേശങ്ങള്‍ അവന്‍ നല്കി. പിറ്റേന്നു രാവിലെ പത്തു മണിക്കു മൃതദേഹം വീട്ടിലെത്തിക്കാനും രണ്ടു മണിക്കു കര്‍മങ്ങള്‍ ആരംഭിക്കാനും തീരുമാനമായി. ഓരോ കാര്യത്തിനും പണമെടുത്തു കൊടുക്കാന്‍ കാര്യസ്ഥ ഒട്ടും മടി കാണിച്ചില്ല. ഏതോ കാര്യം പറയുന്ന തിനിടയിലാണു ശരത് അതു ചോദിച്ചത്.

“ഞങ്ങള്‍ അദ്ദേഹത്തെ കണ്ടു കഴിഞ്ഞ് ഈ വീട്ടില്‍ ആരെങ്കിലും വന്നിരുന്നോ?”

“വന്നിരുന്നു. കറുത്ത് ഉയരം കൂടിയ ഒരു മനുഷ്യന്‍. അദ്ദേഹത്തിന്‍റെ സുഹൃത്താണെന്നാ പറഞ്ഞത്. എന്തോ കാര്യം സംസാരിച്ചിട്ടു വേഗം പോകുകയും ചെയ്തു” – കാര്യസ്ഥ അറിയിച്ചു.

ശരത്തിന്‍റെ നെറ്റി ചുളിഞ്ഞു. മനസ്സില്‍ സംശയവും ഉത്കണ്ഠയും നിറഞ്ഞു.

(തുടരും)

Leave a Comment

*
*