Latest News
|^| Home -> Novel -> Novel -> ന്യായാധിപന്‍ – 7

ന്യായാധിപന്‍ – 7

Sathyadeepam

ജോര്‍ജ് പുളിങ്കാട്

മുന്‍ ന്യായാധിപന്‍ ഭാസുരചന്ദ്രവര്‍മയുടെ വീട്ടിലേക്ക്, സബ് എഡിറ്റര്‍ ശരത്തിന്‍റെ ബുള്ളറ്റിനു പിറകിലിരുന്നാണ് അഖില പോയത്. ക്ഷേത്രത്തിനു സമീപമുള്ള കുളത്തൂര്‍ തറവാടിന്‍റെ മുറ്റത്തെത്തിയപ്പോള്‍ സമയം രാവിലെ ഒമ്പതര. പഴമയുടെ ഗാംഭീര്യം നിലനിര്‍ത്തുന്ന ഇരുനില വീടായിരുന്നു അത്. ബുള്ളറ്റ് ചെന്നു നിന്ന ശബ്ദം കേട്ടിട്ടും ആരും പുറത്തേയ്ക്കു വന്നില്ല.

“അദ്ദേഹത്തെ വല്ല ഹോസ്പിറ്റലിലും കൊണ്ടു പോയതായിരിക്കുമോ?” – അഖില സംശയം പ്രകടിപ്പിച്ചു.

“ഇവിടെ കാണും; മണിയടിക്കാം” – ശരത് കയറില്‍ പിടിച്ചു മണിയടിച്ചു. പിന്നെയും അല്പം കഴിഞ്ഞപ്പോള്‍ അകത്തുനിന്നു കാല്പെരുമാറ്റം കേട്ടു. കതകു തുറന്ന് ഒരു മദ്ധ്യവയസ്ക ഇറങ്ങി വന്നു.

“ആരാ?”- ആ സ്ത്രീ പതിഞ്ഞ ശബ്ദത്തില്‍ തിരക്കി.

“ഞാന്‍ ശരത്. ഇവള്‍ അഖിലാ. ഞങ്ങള്‍ പത്രത്തില്‍ നിന്നാ. അദ്ദേഹത്തെ ഒന്നു കാണാനാ.”

“ഇങ്ങോട്ട് കയറിയിരിക്ക്. ഞാനും നഴ്സും കൂടി ആളിനെ ഒന്നു വൃത്തിയാക്കുകാ; കഴിയുമ്പം വന്നു വിളിക്കാം” – അവര്‍ പറഞ്ഞു.

ഒരു കിടപ്പുരോഗിയെ ശുശ്രൂഷിക്കുന്നതിന്‍റെ മടുപ്പും അസ്വസ്ഥതയും അവരുടെ മുഖത്തും വാക്കുകളിലും നിഴലിച്ചു.

“അഞ്ചു വര്‍ഷമായി കിടപ്പാണ്. നമ്മള്‍ കണ്ട സ്ത്രീ അടുത്ത ബന്ധുവാ. പിന്നെ ആളെ തിരിക്കാനും പിടിക്കാനും പ്രാഥമിക കാര്യങ്ങള്‍ക്കു സഹായിക്കാനുമൊക്കെ മെയില്‍ നഴ്സുണ്ട്. വരുന്നവരൊക്കെ രണ്ടും മൂന്നും ദിവസം നിന്നിട്ടു മാറിപ്പോകും. വര്‍മ്മ ആള് നല്ല സൈസാ. പിടിക്കുന്നവനു നടുവേദനയുണ്ടാകും. ഒരാള്‍ പോയിട്ട് അടുത്തയാള്‍ ഉടനെ വന്നില്ലെങ്കില്‍ പിന്നെ സകലതും ഈ സ്ത്രീയാണു ചെയ്യുന്നത്” – അഖില പറഞ്ഞു.

“ഇക്കാര്യങ്ങളെല്ലാം ഇത്ര ഡീറ്റായില്‍സായിട്ട് അഖില മനസ്സിലാക്കിയല്ലോ?” – ശരത് അതിശയിച്ചു.

“ബാക്ക് ഗ്രൗണ്ടെല്ലാം പഠിച്ചു കഴിഞ്ഞു. അദ്ദേഹം പറയുന്നതു റിക്കാര്‍ഡ് ചെയ്യണം കേട്ടോ. ചിലപ്പോള്‍ വ്യക്തമായേക്കണമെന്നില്ല; ശ്രദ്ധിച്ചിരിക്കണം”- സഹപ്രവര്‍ത്തകനെ ഓര്‍മ്മിപ്പിച്ചു.

“അഖിലാ റിക്കാര്‍ഡര്‍ നല്ല പവറുള്ളതാ. നമുക്കു പിടി കിട്ടാതെ വന്നാല്‍ റീവൈന്‍ഡ് ചെയ്തു കേള്‍ക്കാം.”

“ഈ വീട്ടിലേക്കുള്ള വരവും ഇദ്ദേഹത്തെ കാണുന്നതുമൊക്ക ഒരു അനുഭവമാണല്ലേ?”- ശരത് പറഞ്ഞു.

“അതെ. ഒരു വലിയ മനുഷ്യന്‍റെ ദയനീയാവസ്ഥ നമ്മള്‍ കാണേണ്ടിവന്നിരിക്കുന്നു. സന്ദര്‍ശകര്‍ വരുന്നതു മിക്കവാറും ശുശ്രൂഷിക്കുന്നവര്‍ക്ക് ഇഷ്ടമാകണമെന്നില്ല. ഇവിടെ കാണുന്നതും കേള്‍ക്കുന്നതുമൊക്കെ പുറംലോകമറിയാതിരിക്കണമെന്നായിരിക്കും എല്ലാവര്‍ക്കും”- അഖില അഭിപ്രായപ്പെട്ടു.

അപ്പോള്‍ കതക് തുറന്ന് ആദ്യം വന്ന സ്ത്രീ അവര്‍ക്കു മുമ്പിലെത്തി.

“വന്നു കണ്ടോളൂ” – അവര്‍ പറഞ്ഞു.

ശരത്തിനെയും അഖിലയെയും സ്ത്രീ ഭാസുരചന്ദ്ര വര്‍മ്മയുടെ അടുത്തേയ്ക്കു കൂട്ടിക്കൊണ്ടുപോയി. ഡെറ്റോളിന്‍റെയും ലോഷന്‍റെയും ഗന്ധമുള്ള മുറിയില്‍ തലഭാഗം ഉയര്‍ത്തിവച്ച കട്ടിലിലില്‍ അദ്ദേഹം കിടക്കുകയാണ്. വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിച്ചു പ്രൗഢിയോടെയാണു കിടപ്പ്.

“ഓ… ഇവര്‍ വല്യച്ഛനെകാണാന്‍ വന്നതാ”- മദ്ധ്യവയസ്ക പറഞ്ഞുകൊടുത്തു.

“വാ… അടത്തേയ്ക്കു വാ… കാണട്ടെ; നിങ്ങളെ” – ഭാസുരചന്ദ്രവര്‍മ്മ വ്യക്തമായിത്തന്നെ പറഞ്ഞു.

ശരതും അഖിലയും കട്ടിലിനരികെ അദ്ദേഹത്തോടു ചേര്‍ന്നു നിന്നു.

“നിങ്ങള്…. കേരളം പത്രത്തീന്നാണോ?”

“അതെ.”

“തീരെ വയ്യെങ്കിലും ഞാനങ്ങോട്ടു വിളിച്ചിരുന്നു” – ഭാസുരചന്ദ്രവര്‍മ്മ പറഞ്ഞു.

“സാറു വിളിച്ചതുകൊണ്ടാണു ഞങ്ങള്‍ വന്നത്” – ശരത് സൂചിപ്പിച്ചു.

“ഇങ്ങനെ നില്ക്കാതെ കസേരകള്‍ അടുത്തേയ്ക്കു വലിച്ചിട്ട് ഇരിക്ക്.”

അഖില പെട്ടെന്നു കസേരകള്‍ രണ്ടെണ്ണം കട്ടിലിനടുത്തേയ്ക്കിട്ടു. പിന്നെ അവര്‍ അതിലിരുന്നു.

“രാധേ, ഇവര്‍ക്കു കുടിക്കാനെന്തെങ്കിലുമെടുക്ക്” – ഭാസുരചന്ദ്രവര്‍മ്മ നിര്‍ദ്ദേശം കൊടുത്തു. രാധ അല്പ നേരം കൂടി അവിടെ നിന്നു. വന്നതാരാണെന്നും എന്തിനാണെന്നും അവള്‍ക്കറിയണമെന്നുണ്ട്. അദ്ദേഹം ശുശ്രൂഷയിലും ഭക്ഷണത്തിലുമൊക്കെ ഒട്ടും തൃപ്തനല്ലെന്നറിയാം. വന്നവരോട് അങ്ങനെയെന്തെങ്കിലും പറയരുതെന്നും രാധയ്ക്കാഗ്രഹമുണ്ട്. രാധ അവിടെനിന്നും പോയിട്ടു സംസാരം തുടങ്ങാമെന്ന മട്ടിലായിരുന്നു ഭാസുരചന്ദ്രവര്‍മ്മ. മനസ്സില്ലാമനസ്സോടെ രാധ അടുക്കളയിലേക്കു പോയി.

“നിങ്ങള്, എന്‍റെയവസ്ഥ കാണുന്നുണ്ടല്ലോ? ഈ കിടപ്പു തുടങ്ങീട്ട് വര്‍ഷം അഞ്ചായി. ഓരോ ദിവസവും ഞാനനുഭവിക്കുന്ന ദുരിതത്തിനു കണക്കില്ല, മക്കളും മക്കളുടമക്കളുമൊക്കെ അമേരിക്കയില്‍ ജോലിക്കാരാണ്. ഞാന്‍ കിടപ്പിലാകുന്നതുവരെ ഭാര്യ ഒപ്പമുണ്ടായിരുന്നു. എഴുന്നേല്ക്കില്ലായെന്നറുപ്പായപ്പോള്‍ അവള്‍ മക്കള്‍ക്കൊപ്പം പോയി. ഇവിടെയായിരുന്നപ്പോഴും ഞങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ ഈയവസ്ഥയില്‍ ഒരിത്തിരി സ്നേഹവും കാരുണ്യവും പരിഗണനയും എനിക്കൊരിടത്തുനിന്നും കിട്ടുന്നില്ല. മൂന്നു വര്‍ഷമായിട്ടു ഞാന്‍ മരണമാണാഗ്രഹിക്കുന്നത്.”

“നോക്കാന്‍ ആളൊക്കെയുണ്ടല്ലോ ഇവിടെ?”- ശരത് സൂചിപ്പിച്ചു.

“ഉണ്ട്. വല്ലാതെ കഷ്ടപ്പെടുന്നുണ്ടവര്‍. മക്കള്‍ക്ക് എന്‍റെ ഇവിടത്തെ സ്വത്തിലൊന്നും ഒരു താത്പര്യവുമില്ല. അതു മുഴുവന്‍ നോക്കുന്നവര്‍ക്കു കൊടുക്കാമെന്നാണവരുടെ അഭിപ്രായം. അറപ്പും വെറുപ്പുമുണ്ടാക്കുന്ന ജോലിയാണ് എന്നെ ശുശ്രൂഷിക്കുന്നവര്‍ ചെയ്യുന്നത്. അവര്‍ക്കും ഒരു മോചനം വേണ്ടേ?”

“മരണം നമ്മള്‍ ആഗ്രഹിക്കുന്നതു പോലെയല്ലല്ലോ. മാറാരോഗികളെ, വാര്‍ദ്ധക്യത്തിന്‍റെ ദുരിതം സഹിക്കുന്നവരെയൊക്കെ വെറുതെ വിട്ടു മഹാപ്രതിഭകളെയും യുവതാരങ്ങളെയും അതു കൊത്തിവിഴുങ്ങാറുണ്ട്” – ശരത് പറഞ്ഞു.

ദീനമായ ഒര പുഞ്ചിരി ഭാസുരചന്ദ്രവര്‍മ്മയുടെ മുഖത്തുണ്ടായി.

“ഞാന്‍ എന്‍റെ കാര്യങ്ങള്‍ ഒത്തിരി വിവരിച്ചു നിങ്ങളെ ബുദ്ധിമുട്ടിക്കാനാഗ്രഹിക്കുന്നില്ല. പ്രധാനപ്പെട്ട ചിലതു പറയാതെയും വയ്യ.”

“പറഞ്ഞോളൂ സാര്‍, അങ്ങയെ കേള്‍ക്കാനാണു ഞങ്ങളെത്തിയിരിക്കുന്നത്” – അഖില പറഞ്ഞു.

“ഒരു ന്യായാധിപനെന്ന നിലയില്‍ എന്‍റെ മുമ്പിലെത്തിയിട്ടുള്ള ഓരോ കേസും കൃത്യമായി പഠിച്ചു വാദിഭാഗത്തിന്‍റെയും പ്രതിഭാഗത്തിന്‍റെയും വാദമുഖങ്ങള്‍ പരിശോധിച്ചു കുറ്റമറ്റ രീതിയില്‍ വിധി പ്രസ്താവിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. സുധീഷ് പ്രതിയായ സാന്ദ്രാവധക്കേസില്‍ സകല തെളിവുകളും പ്രതിക്കെതിരായിരുന്നു. പ്രതിക്കുവേണ്ടി കാര്യമായ ഒരു വാദംതന്നെ കോടതിയിലുണ്ടായില്ല എന്നതാണു പരമാര്‍ത്ഥം. പക്ഷേ, പ്രതിക്കൂട്ടില്‍ നിന്ന സുധീഷിന്‍റെ മുഖം, അയാള്‍ കുറ്റവാളിയല്ലെന്നു വിളിച്ചുപറയുന്നപോലെ എനിക്കു തോന്നി…”- വികാരക്ഷോഭത്താല്‍ ഭാസുരചന്ദ്രവര്‍മ്മ പറച്ചില്‍ നിര്‍ത്തി.

നിമിഷങ്ങളോളം അദ്ദേഹം നിശ്ശബ്ദനായി കിടന്നു.

“ന്യായാധിപന്‍റെ തോന്നലുകള്‍ക്കു പ്രസക്തിയില്ലല്ലോ. തെളിവുകളും വാദഗതികളുമല്ലേ വിധിയെ സ്വാധീനിക്കുന്നത്” – ശരത് ഓര്‍മിപ്പിച്ചു.

“അതെ. അതുകൊണ്ട് അവനെ ജീവപര്യന്തം തടവിനു ഞാന്‍ ശിക്ഷിച്ചു. ശിക്ഷയ്ക്കുമേല്‍ അപ്പീല്‍ ഉണ്ടായില്ല. മികച്ച ഒരു അഭിഭാഷകനെവച്ചു വാദിച്ചിരുന്നെങ്കില്‍ സംശയത്തിന്‍റെ ആനുകൂല്യത്തില്‍ എനിക്കവനെ വിട്ടയയ്ക്കാമായിരുന്നു. പിന്നീടു സാന്ദ്രാവധക്കേസ് സംബന്ധിച്ചു പല ഞെട്ടിക്കുന്ന വിവരങ്ങളും എനിക്കു കിട്ടി. ഞാന്‍ ശിക്ഷിച്ചത് ഒരു നിരപരാധിയെയാണെന്ന് എനിക്കു ബോദ്ധ്യപ്പെടുകയും ചെയ്തു. എന്‍റെ തെറ്റായ വിധിമൂലം ഒരു മനുഷ്യന്‍ പന്ത്രണ്ടു വര്‍ഷം ജയില്‍ശിക്ഷയനുഭവിച്ചു. അയാള്‍ക്കു ജീവിതം നഷ്ടപ്പെട്ടു. അതിന്‍റെ കുറ്റബോധം എന്നെ നീറ്റുകയാണ്.”

“സാറ് ഇക്കാര്യത്തില്‍ ഒരു തെറ്റും ചെയ്തിട്ടില്ല. നിയമ പ്രകാരം ചെയ്യേണ്ടത് ചെയ്തു എന്നു മാത്രം. അതോര്‍ത്തിനിയും സങ്കടപ്പെടണ്ട” – അഖില അദ്ദേഹത്തെ ആശ്വസിപ്പിച്ചു.

“യുക്തിപരമായി കുട്ടി പറഞ്ഞതു ശരിയാണ്. പക്ഷേ, മനഃസാക്ഷിക്കു മുമ്പില്‍ ഞാന്‍ തെറ്റു ചെയ്തു. അതിന്‍റെ വലിയ ശിക്ഷ ഈശ്വരനെന്ന ന്യായാധിപന്‍ എനിക്കു വിധിച്ചിരിക്കുന്നു” – ഭാസുരചന്ദ്രവര്‍മ്മ പറഞ്ഞു.

“സാര്‍, ഇതൊക്കെ ശുദ്ധമനഃസ്ഥിതിക്കാര്‍ക്കുണ്ടാകുന്ന ചില വിഹ്വലതകളാണ്. സാറിനുണ്ടായിരിക്കുന്നത് ഒരു സാധാരണ രോഗം. ഇത്തരം രോഗങ്ങള്‍ പലര്‍ക്കുമുണ്ടാകാറുണ്ട്. സാര്‍ മനഃപൂര്‍വം സുധീഷിനെ ശിക്ഷിച്ചതല്ല. നീതിപീഠത്തിലിരിക്കുന്ന ഏതൊരു ന്യായാധിപനും ഇതേ ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ.”

“എന്നെ ആശ്വസിപ്പിക്കാന്‍ വേണ്ടി ശരത് ഇങ്ങനെയൊന്നും പറയണ്ട. ആശ്വാസം കിട്ടണമെങ്കില്‍ മരണമെത്തണം. സുധീഷിനെ ഒന്നു കണ്ടു മാപ്പു പറയാതെ എന്‍റെയീ ജീവനെ ഈശ്വരനെടുക്കില്ലെന്നു തന്നെയാണു വിശ്വാസം”

“ഞാന്‍ കഴിഞ്ഞ ദിവസം സുധീഷിനെ കണ്ടു. അങ്ങയുടെ കാര്യം സൂചിപ്പിച്ചു. വരാനും കാണാനും അവന്‍ തയ്യാറാകുന്നില്ല, സാര്‍” – അഖില പറഞ്ഞു.

“അതാണ്. അവന്‍റെ പകയും ശത്രുതയും മുഴുവന്‍ എന്നോടാണ്.”

“അല്ല. സാറിനോടവനു ഒരു പകയുമില്ല. വീട്ടില്‍ ഒതുങ്ങിക്കൂടി കഴിയുകയാണു സുധീഷ്. യാത്ര പോകുന്നതും മറ്റൊരാളെ കാണുന്നതുമൊന്നും അവനിഷ്ടപ്പെടാഞ്ഞിട്ടാണ്” – അഖില പറഞ്ഞു.

“സാര്‍, സുധീഷ് തെറ്റുകാരനല്ലെന്നു പറഞ്ഞു. അപ്പോള്‍ യഥാര്‍ത്ഥ കുറ്റവാളിയുണ്ടല്ലോ, എവിടെയെങ്കിലും?” – ശരത് ഇടപെട്ടു.

“യഥാര്‍ത്ഥ പ്രതി എവിടെയോ ഉണ്ട്.”

“അയാളെ തേടിയിറങ്ങിയിരിക്കുന്നവരാ ഞാനും അഖിലയും” – സാറിന് ആരെയെങ്കിലും സംശയമുണ്ടെങ്കില്‍ പറയണം.”

“എനിക്കറിയില്ല, അതാരാണെന്ന്. ഞാനന്വേഷിച്ചിട്ടുമില്ല”- ഭാസുരചന്ദ്രവര്‍മ്മ പറഞ്ഞു.

അദ്ദേഹം എല്ലാമറിഞ്ഞിട്ടുണ്ടെന്നും ഒന്നും തുറന്നു പറയാന്‍ തയ്യാറാകാത്തതാണെന്നും ശരത്തിനും അഖിലയ്ക്കും തോന്നി. രാധ ട്രേയില്‍ രണ്ടു കപ്പ് ചായയുമായി കടന്നുവന്നു. അവരത്, ശരത്തിനും അഖിലയ്ക്കും എടുത്തുകൊടുത്തു. അവര്‍ ചൂടുചായ കുറേശ്ശെ കുടിക്കുമ്പോള്‍ ഭാസുരചന്ദ്രവര്‍മ്മ ചുവരിലേക്കു നോക്കി കിടക്കുകയായിരുന്നു. കൂടുതല്‍ സമയം ഇദ്ദേഹത്തിനടുത്തു ചെലവഴിച്ചിട്ടു കാര്യമില്ലെന്ന് അവര്‍ക്കു തോന്നി.

“എങ്കില്‍ ഞങ്ങളിറങ്ങട്ടെ… സാര്‍?”- ശരത് എഴുന്നേറ്റുകൊണ്ടു പറഞ്ഞു.

“ങാ… എന്‍റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റിയും ഞാന്‍ പറഞ്ഞ കാര്യങ്ങളും പത്രത്തിലെഴുതല്ലേ? അതു വന്നാല്‍ വിദേശത്തിരിക്കുന്ന മക്കള്‍ക്കും ഭാര്യയ്ക്കും ആക്ഷേപമാകും” – അദ്ദേഹം സൂചിപ്പിച്ചു.

“ഇല്ല, സാര്‍. ഒന്നുമെഴുതില്ല. ഞങ്ങളിവിടെ വന്നിട്ടില്ല… കണ്ടിട്ടില്ല… ഒന്നും പറഞ്ഞിട്ടില്ല, കേട്ടിട്ടുമില്ല. അങ്ങനെ കരുതിയാല്‍ മതി” – ശരത് അദ്ദേഹത്തിന് ഉറപ്പുകൊടുത്തു.

അവര്‍ പുറത്തേയ്ക്കിറങ്ങിയപ്പോള്‍ ഒപ്പം രാധയുമെത്തി.

“നിങ്ങള് പത്രത്തീന്നായിരുന്നല്ലേ?” – അവര്‍ തിരക്കി.

“അതെ” – അഖില പറഞ്ഞു.

“അങ്ങേര്‍ക്കു പത്രം കയ്യില്‍പ്പിടിച്ചു വായിക്കാന്‍ പറ്റില്ലല്ലോ. മൂന്നു പത്രം വരുത്തുന്നുണ്ട്. അതു മൂന്നും ഒരക്ഷരം വിടാതെ ഞാന്‍ വായിച്ചുകേള്‍പ്പിക്കും ആകെയുള്ള ഒരു വിനോദം അതാ. അതിനിടയ്ക്കാ ഒരു ജയില്‍പ്പുള്ളി ശിക്ഷ കഴിഞ്ഞിറങ്ങിയ വാര്‍ത്ത വന്നത്. അതു കേട്ടപ്പം ആ പത്രത്തിലേക്കു വിളിക്കണോന്നും പറഞ്ഞു ശല്യമായി. ഞാന്‍ വിളിച്ചുകൊടുത്തു” – അവള്‍ പറഞ്ഞു.

“ഇവിടന്നു വിളിച്ചതുകൊണ്ടു വന്നതാ ഞങ്ങള്”-ശരത് പറഞ്ഞു.

“പിന്നെയേ… അങ്ങേരിവിടെ തനിച്ചാന്നും വെഷമത്തിലാന്നുമൊന്നും ഏഴുതിയേക്കല്ല. പുള്ളിക്കും അമേരിക്കേലിരിക്കുന്ന മക്കള്‍ക്കും കെട്ടിയവള്‍ക്കുമൊക്കെ കൊറച്ചിലാകും.”

“രാധേച്ചി സെര്‍വന്‍റാണോ?” – ശരത് തിരക്കി.

“അയ്യേ, അല്ല. ഞാനിങ്ങേരുടെ കൊച്ചമ്മേടെ മകളാ. ഞങ്ങള്‍ക്കിത്തിരി സ്ഥിതി കൊറവാ. ഒത്തിരി കടോം കഷ്ടപ്പാടുമൊക്കെയുണ്ട്. അതുകൊണ്ടിവിടെ വന്നുനില്ക്കുന്നതാ.”

“ഇദ്ദേഹം മരിച്ചാപ്പിന്നെ ഇവിടെത്തെ സ്വത്തൊക്കെ രാധേച്ചിക്കായിരിക്കുമല്ലോ!?”

“എന്‍റെ മോനെ, അതൊന്നും പ്രതീക്ഷിക്കണ്ട. മരിച്ചെന്നൊന്നു കേട്ടാല്‍ എല്ലാവരുംകൂടെ പറന്നെത്തും. അടക്ക് കഴിഞ്ഞാല്‍ പിന്നെ രാജേശ്വരി തിരിച്ചുപോകത്തുമില്ല. പിന്നെ ഇവിടെയായിരിക്കും. അമേരിക്കയിലും മക്കളുടെ കൂട്ടത്തില്‍ ചേരത്തില്ലെന്നാ കേള്‍ക്കുന്നെ. ഒരു തരി മണ്ണോ ഒരു ചില്ലിപ്പൈസയോ അതിന്‍റെ കയ്യീന്നാര്‍ക്കും കിട്ടത്തില്ല. ഈ മനുഷ്യന്‍ തന്നാലേയുള്ളൂ; എനിക്കെന്തേലും.”

“ഇപ്പഴിവിടത്തെ കാര്യങ്ങളൊക്കെ?”

“പുള്ളിക്കാരന്‍റെ പെന്‍ഷനുണ്ട്; നല്ല തൊകയാ.”

“രാധേച്ചിക്ക്, ഈ മനുഷ്യന്‍ മരിക്കുന്നതാണോ കിടക്കുന്നതാണോ ഇഷ്ടം?”

“കിടപ്പ് ശരിക്കും കഷ്ടാ. എന്നാലും എനിക്കദ്ദേഹം ഒരു നാലഞ്ചു കൊല്ലംകൂടെയെങ്കിലും ജീവിക്കണോന്നാ. അല്ലെങ്കില്‍ എന്‍റെ പണി പോകും.”

“ഇവിടെ നിര്‍ത്തുന്ന മെയില്‍ നഴ്സുമാരൊക്കെ എങ്ങനെയാ” – ശരത് ചോദിച്ചു.

“ചൊവ്വുള്ളവര് കൊറവാ മോനേ; കള്ളന്മരുണ്ട്.” രണ്ടു ദിവസം നിന്നേച്ച് ഓരോ കുറ്റം പറഞ്ഞു പോകും. പോയിക്കഴിഞ്ഞു നോക്കുമ്പം ഇവിടത്തെ പല വസ്തുക്കളും കാണുകേല. പത്തമ്പതു വയസ്സായാലും ഞാനും പെണ്ണല്ലേ. ചെലതിന്‍റെയൊക്കെ നോട്ടോം വര്‍ത്തമാനവും ഒന്നും ശരിയല്ല. എന്നുവച്ച് ആണുങ്ങളെ നിര്‍ത്താതെ എന്നെക്കൊണ്ടു തന്നെ പറ്റത്തില്ല” – രാധ പറഞ്ഞു.

“എന്തായാലും രാധേച്ചി ഇവിടെ ചെയ്യുന്ന നല്ല കാര്യങ്ങളൊക്കെ പുകഴ്ത്തണ്ടതാ. എല്ലായിടവും നല്ല വൃത്തിയായിട്ടു കിടക്കുന്നു” – അഖില പറഞ്ഞു.

“താങ്ക്സ്” – രാധാ കൈകൂപ്പി.

“ഇങ്ങോട്ട് അധികമാള്‍ക്കാരൊന്നും വരാറില്ല. എത്ര വലിയ മനുഷ്യനായിരുന്നു. ഉണ്ടോ ഇല്ലയോഎന്നുപോലും ഒരുത്തനും തെരക്കുന്നില്ല” – രാധ പറഞ്ഞു.

“എന്തു ചെയ്യാം ചേച്ചീ” – ശരത് പരിതപിച്ചു.

ശരത്തും അഖിലയും ബുള്ളറ്റില്‍ കയറി പത്രമാഫീസിലേക്കു മടങ്ങി.

“ഭാസുരചന്ദ്രവര്‍മ്മ സാര്‍ വളരെ ശുദ്ധനും നല്ലവനുമാണെന്നുതോന്നി. അന്ത്യകാലത്ത് അദ്ദേഹത്തിന് ആരുമില്ലാതായിപ്പോയല്ലോ, ശരത്”- അഖില പറഞ്ഞു.

അത്യുന്നത സ്ഥാനം വഹിക്കുന്ന പലര്‍ക്കും ഇങ്ങനെയൊക്കെയാണു സംഭവിക്കുന്നത്. പദവിയിലിരിക്കുമ്പോള്‍ തൊഴാനും പൂജിക്കാനും സ്തുതിപാടാനും ചുറ്റും ആള്‍ക്കാരുണ്ടാകും. കത്തി നില്ക്കുമ്പോള്‍ തട്ടിപ്പോകുന്നവരാ ഭാഗ്യമുള്ളവര്‍” – ശരത് പ്രതികരിച്ചു.

“നിരപരാധിയെ ശിക്ഷിച്ചതുകൊണ്ടാണീ ഗതികേടിലെത്തിയതെന്നാ അദ്ദേഹത്തിന്‍റെ മനസ്സിലിരിപ്പ്. ജീവിതത്തോടു വല്ലാത്ത മടുപ്പുമുണ്ട്.”

“ശുശ്രൂഷിക്കാന്‍ നില്ക്കുന്ന രാധേച്ചിക്കു മാത്രം അയാള്‍ ജീവിക്കണമെന്നുണ്ട്. അതും ഒരു സ്വാര്‍ത്ഥതയാണ്; പണി പോകുമല്ലോയെന്നുള്ള ഭയം” – ശരത് പറഞ്ഞു.

“സാന്ദ്രാവധക്കേസിന്‍റെ പശ്ചാത്തലത്തില്‍ ഭാസുരചന്ദ്രവര്‍മ്മയുമായുള്ള ഇന്‍റര്‍വ്യൂ ഇന്നെഴുതി നാളെ അടിച്ചുവന്നാല്‍ അതൊരു സൂപ്പര്‍ ഐറ്റമാകുമായിരുന്നു” – അഖില പറഞ്ഞു.

“അദ്ദേഹം അങ്ങനെ വിലക്കിയെങ്കിലും നമ്മള്‍ക്കു കിട്ടിയതു മുതലാക്കണ്ടേ? ഞന്‍ പേരുവച്ചെഴുതാം ശരത്തിപ്പോള്‍ മലയാള ദേശത്തിലാണെന്ന് എല്ലാവരുമറിയകയും ചെയ്യും.”

“പൊന്നു കുട്ടാ… അതു വേണ്ട. എംഡി വിലക്കിയിരിക്കുകയാ, സകല എവിഡന്‍സും കളക്ട് ചെയ്തതിനുശേഷം പത്രത്തില്‍ വന്നാല്‍ മതിയെന്നാണു പറഞ്ഞിരിക്കുന്നത്.”

“ഹൊ! അങ്ങനെയുണ്ടോ? സകല എവിഡന്‍സും കളക്ട് ചെയ്യാന്‍ നമ്മള്‍ പൊലീസൊന്നുമല്ലല്ലോ?”

“പൊലീസല്ല; അതിനേക്കാള്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കേണ്ടവരല്ലേ പത്രപ്രവര്‍ത്തകര്‍?”

“ശരിയാണ്. നമുക്കു ശ്രമിക്കാം.”

എന്‍ഫീല്‍ഡ് ബുള്ളറ്റ് മലയാളദേശം പത്രത്തിന്‍റെ പാര്‍ക്കിംഗ് ഏരിയായിലെത്തി നിന്നു. ശരത്തും അഖിലയും അതില്‍ നിന്നിറങ്ങി രണ്ടാം നിലയിലുള്ള ഓഫീസിലേക്കു തിടുക്കത്തില്‍ നടന്നു.

അന്നു രാത്രി മലയാളദേശം പത്രത്തിന്‍റെ വാര്‍ത്താഡെസ്കിലേക്ക് ഒരു പ്രധാന വാര്‍ത്തയെത്തി.

മുന്‍ ജസ്റ്റീസ് ഭാസുരചന്ദ്രവര്‍മ്മ അന്തരിച്ചു! അഞ്ചു വര്‍ഷമായി സ്ട്രോക്ക് വന്നു കിടപ്പിലായിരുന്ന അദ്ദേഹം വൈകുന്നേരമുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്തരിച്ചത്.

(തുടരും)

Leave a Comment

*
*