Latest News
|^| Home -> Novel -> Novel -> ന്യായാധിപന്‍ – 9

ന്യായാധിപന്‍ – 9

Sathyadeepam

ജോര്‍ജ് പുളിങ്കാട്

ഉച്ചകഴിഞ്ഞ് രണ്ടു മണി നേരത്ത് വീടിന്‍റെ ഉമ്മറത്തെ കസേരയില്‍ ഓരോന്നു ചിന്തിച്ചിരിക്കുകയായിരുന്നു സുധീഷ്. അപ്പോഴാണു കറുത്ത പാന്‍റും ഇളംപച്ച ഷര്‍ട്ടും ധരിച്ച ആരോഗ്യവാനായ മദ്ധ്യവയസ്കന്‍ മുറ്റത്തേക്കു കയറിവന്നത്. സുധീഷ് അന്തിച്ചുനോക്കി. അവനാളെ പിടികിട്ടിയില്ല.

“എടാ, സുധീഷ്, നെനക്കന്നെ മനസ്സിലായില്ലേ?” ആഗതന്‍ ഗാംഭീര്യമാര്‍ന്ന ശബ്ദത്തില്‍ ചോദിച്ചു. അവന്‍ പെട്ടെന്നു ചാടിയെഴുന്നേറ്റ് അയാളുടെ അടുത്തേ യ്ക്ക് ഓടിച്ചെന്നു കയ്യില്‍പ്പിടിച്ചു.

“എന്‍റെ പൊന്നു ദേവദത്തന്‍ സാറേ, എനിക്കൊരു പിടീം കിട്ടിയില്ല. ഇങ്ങനെയൊരു വേഷത്തില്‍ ഇപ്പോഴിവിടെ വരുമെന്നൊട്ടും ഓര്‍ത്തില്ല” അവന്‍ അതിശയം വിടാതെ പറഞ്ഞു.

“എന്‍റെ അച്ഛന്‍റെ അനിയന്‍ മരിച്ചു. രാവിലെയായിരുന്നു സംസ്കാരം. അതില്‍ സംബന്ധിക്കാന്‍ ചെങ്ങന്നൂര്‍ വരെ വന്നപ്പോള്‍ നിന്നെക്കൂടെയൊന്നു തപ്പിപ്പിടിക്കാമെന്നു വിചാരിച്ചു.”

“സാറ് വന്നല്ലോ! എനിക്കൊത്തിരി സന്തോഷമായി സാറെ. ഇങ്ങനെ നില്ക്കാതെ കയറിയിരിക്ക” – സുധീഷ് ദേവദത്തനെ സ്വീകരിച്ചു കസേരയിലിരുത്തി.

“സാറു ചോറുണ്ടതാണോ?”

“ഉണ്ടില്ല. ഇന്നു ചോറു കഴിക്കില്ല. കൊച്ചച്ഛന്‍ മരിച്ചതല്ലേ. പിന്നെ നീയെങ്ങനെ പോകുന്നു?”

“വീട് ആള്‍ത്താമസമില്ലാതെ കിടന്ന് ഒരു പരുവമായിരുന്നു. അതൊരു വിധം തട്ടിക്കൂട്ടിയെടുത്തു. പണിയൊന്നും അങ്ങനെ കിട്ടിയില്ല. അടുത്തൊരു ചായക്കടയുണ്ട്. അവിടെ രാവിലെ ചെന്ന് അല്പം സഹായിക്കും.”

“രൂപയൊന്നും തരത്തില്ലേ അയാള്‍?”

“തരുന്നുണ്ട് സാറെയിപ്പം. 300 രൂപ ദിവസവും തരും. ശിവരാമന്‍ചേട്ടനൊരു പാവത്താനാ. ചെറിയ തോതിലുള്ള കച്ചോടമേയുണ്ടായിരുന്നുള്ളൂ; ഇപ്പം കൂടി.”

നീയൊന്നു സ്ട്രോങ്ങായാല്‍ പിന്നെ ആ കടയില്‍ കച്ചവടം പൊടിപൊടിക്കില്ലേ? നമ്മുടെ ജയിലിലെ ഫേവറിറ്റ് ഐറ്റംസൊക്കെ കളത്തില്‍ ചാടിക്കണം.”

“അങ്ങനെയൊക്കെ എനിക്കാഗ്രഹമുണ്ടായിരുന്നു. അതിന്‍റെയെടയ്ക്കൊരു സംഭവമുണ്ടായി. അതാ പറ്റിയത്.”

“എന്തു സംഭവമാടാ?”

“ഏതോ ഒരുത്തന്‍ കടേല്‍ കയറിവന്ന് എന്നെ തിരക്കി. എനിക്കൊരു പരിചയോമുള്ളയാളല്ല. ഞാനവനെ കാണുകയും ചെയ്തു. ഇത്തിരി പെയിന്‍റിംഗ് നടത്തിക്കൊണ്ടിരുന്നതിനാല്‍ അവനെന്നെ പിടികിട്ടിയുമില്ല. കടയില്‍ ജയിലീന്നു ചാടിപ്പോന്ന ഒരുത്തന്‍ താമസിക്കുന്നുണ്ടെന്നും അധികം വൈകാതെ അവിടെയൊരു കൊലപാതകം നടന്നേക്കുമെന്നൊക്കെ പറഞ്ഞു പിടിപ്പിച്ചു. അതോടെ അവിടത്തെ കിടപ്പ് നിര്‍ത്തി. കടയിലെ പണികള്‍ വെളുപ്പിനു ചെന്നു ചെയ്തുകൊടുക്കും.”

ജയിലര്‍ ദേവദത്തന്‍ ചിന്താധീനനായി.

“ജയിലിനു പുറത്തിറങ്ങുമ്പോള്‍ സൂക്ഷിക്കണോന്നു ഞാന്‍ പറഞ്ഞതു മറന്നില്ലല്ലോ?”

“ഇല്ല സാര്‍. നല്ല ഓര്‍മയുണ്ട്. അങ്ങേയറ്റം ശ്രദ്ധിച്ചാ ഓരോ ഏര്‍പ്പാടും. ഒരു സമാധാനമില്ല സാര്‍. ഇനിയുമെന്നെയിങ്ങനെ വേട്ടയാടുന്നതിന്‍റെ കാരണമാ മനസ്സിലാകാത്തെ.”

“കാരണം ഒന്നേയുളളൂ. നീ ജിവിച്ചിരിക്കുന്നിടത്തോളം ഒരുന്നതന്‍, സ്വന്തം സ്ഥാനത്തു സുരക്ഷിതനല്ല. വലിയ പദവിയിലെത്തിക്കഴിഞ്ഞ് അദ്ദേഹം പടുത്തുയര്‍ത്തിക്കൊണ്ടിരിക്കുന്ന മഹത്ത്വത്തിന്‍റെ ഒരു ചില്ലുഗോപുരമുണ്ട്. നീ ഒരു കല്ലെടുത്തെറിഞ്ഞാല്‍ അതു തകര്‍ന്നു പൊടിയുമെന്നയാള്‍ക്കറിയാം. ജയിലില്‍ നിന്നു നീ പുറത്തിറങ്ങരുതെന്ന് അദ്ദേഹമാഗ്രഹിച്ചിരുന്നു. നിനക്കെതിര ആ മഹാന്‍ നടത്തുന്ന നീക്കങ്ങളെല്ലാം നീഗൂഢമായിട്ടാണ്. ഒരിക്കലും അദ്ദേഹത്തിലേക്ക് അതിന്‍റെ ആരോപണമെത്താതെ സുരക്ഷിതമാര്‍ഗമാണ് ഉപയോഗിക്കുന്നത്. ഒന്നൂകടി പറയാം. വലിയ സിംഹാസനത്തിലാണിരിക്കുന്നതെങ്കിലും ഒരു ദിവസവും അതാസ്വദിക്കുവാന്‍ ആ മനുഷ്യനു കഴിയുന്നില്ല. ഭയവും കഠിനമായ കുറ്റബോധവും ഇന്നദ്ദേഹത്തെ അലട്ടുന്നുണ്ടെന്നാണറിയാന്‍ കഴിഞ്ഞത്.”

“എന്നെ… എന്നെങ്കിലും… എങ്ങനെയെങ്കിലും വകവരുത്തുമോ ദേവദത്തന്‍ സാര്‍?”

“ഞാനങ്ങനെയതു പറയും? രണ്ടു തവണ നിന്‍റെ ജീവന്‍ ഞാന്‍ രക്ഷിച്ചു. ഇപ്പോള്‍ നീ പുറത്തും ഞാനകത്തുമല്ലേ?”

“എന്നെപ്പോലുള്ളവര്‍ക്കു നല്ലതു ജയിലുതന്നെയായിരുന്നു, സാര്‍?”

“ഏതെങ്കിലും വലിയ ഹോട്ടലില്‍ കുക്കായി കയറിപ്പറ്റിയാല്‍ നന്നായിരുന്നു. ഒതുങ്ങിയ ഒരു ജീവിതം കിട്ടും. കൊലയാളികളുടെ കണ്ണുകള്‍ അവിടേക്കെത്തിയേക്കില്ല.”

“നമ്മുടെയൊരു പശ്ചാത്തലമറിയുന്നവരാരും അങ്ങനെയൊരു ജോലിയും തരില്ല. ആകെയൊരു പ്രതീക്ഷയെനിക്കുള്ളത് അഖില എന്ന പെണ്‍കുട്ടിയിലാ.”

“ആരാണത്?”

“പത്രപ്രവര്‍ത്തകയാണ്. ഞാന്‍ ജയിലിനു വെളിയിലെത്തിയതേ വന്നു പരിചയപ്പെട്ടു. ഞാനൊരു കൊലപാതകയില്ലെന്ന് എന്‍റെ ഭാര്യപോലും വിശ്വസിച്ചിട്ടില്ല. പക്ഷേ, ഈ പെണ്‍കുട്ടിക്കതറിയാം. ഈയിടെ വന്ന് ഒരു മൊബൈല്‍ ഫോണൊക്കെ തന്നിട്ടുപോയി.”

അഖിലയെ കണ്ടുമുട്ടിയതും പിന്നീടുള്ള സംഭവങ്ങളും സുധീഷ് ജയിലര്‍ ദേവദത്തനെ പറഞ്ഞുകേള്‍പ്പിച്ചു.

“കേട്ടിട്ട്, ആ പെണ്‍കുട്ടി വളരെ മിടുക്കിയാണെന്നു തോന്നുന്നു. വലിയ ഒരു സത്യം പുറത്തുകൊണ്ടുവരാന്‍ ഒരുപക്ഷേ, അവര്‍ക്കു കഴിഞ്ഞേക്കും.”

“സാറ് അഞ്ചു മിനിറ്റു നേരം തനിച്ചിരിക്ക്. ഞാന്‍ ചെന്ന് ഒരു കടുംചായയെടുത്തു കൊണ്ടുവരാം” – സുധീഷ് പറഞ്ഞു.

“സന്തോഷം. നിന്‍റെയൊരു ‘സുലൈമാനി’ കുടിച്ചിട്ടെത്ര ദിവസമായി?” – ജയിലര്‍ ദേവദത്തന്‍ പറഞ്ഞു.

സുധീഷ് എഴുന്നേറ്റ് വീടിനകത്തേയ്ക്കു പോയി. അവന്‍ അടുപ്പില്‍ തീ കൂട്ടി അലൂമിനിയം പാത്രത്തില്‍ വെള്ളെടുത്തു അടുപ്പത്തുവച്ചു. തിളച്ചപ്പോള്‍ തേയിലയും പഞ്ചസാരയും ആവശ്യത്തിനു ചേര്‍ത്തു. അല്പനേരം കഴിഞ്ഞു പാത്രം വാങ്ങിവച്ചു. ചായ ഗ്ലാസില്‍ പകര്‍ന്നതുമായി ഉമ്മറത്തേയ്ക്കു ചെന്നു. ചില്ലുഗ്ലാസിലെ വൈനിന്‍റെ നിറമുള്ള കടുംചായ ദേവദത്തന്‍ കയ്യില്‍ വാങ്ങി കുറേശ്ശെ കുടിച്ചുതുടങ്ങി.

“നന്നായോ സാര്‍?” – സുധീഷ് തിരക്കി.

“സൂപ്പര്‍” – അദ്ദേഹം പ്രതികരിച്ചു.

“ജയിലില്‍ അപ്പുച്ചേട്ടനും ഭാസിക്കും ജയനുമൊക്കെ സുഖമാണോ സാര്‍?”

“എല്ലാവരും സുഖമായി കഴിയുന്നു. ഞാനിവിടെ വന്നു നിന്നെ കാണുമെന്നൊന്നും അവരാര്‍ക്കുമറിയില്ല.”

‘സാറിനു മുമ്പുള്ള വിശ്വന്‍സാറിന്‍റെ കാലത്ത് ഇതുപോലെ ഒരു ഐക്യവും സ്നേഹവുമൊന്നും തടവുപുള്ളികള്‍ക്കിടയിലില്ലായിരുന്നു. പലരും പാവങ്ങളാ സാറെ. ഒറ്റ അരിശത്തിന് ഓരോന്നു ചെയ്തിട്ടു വന്നു കിടക്കുന്നതാ.”

“നിനക്കൊരു പൊലീസ് പ്രൊട്ടക്ഷന്‍ ശരിയാക്കാന്‍ കഴിയുമോന്നു ഞാനാലോചിക്കുകയായിരുന്നു. കൊലപാതകശ്രമത്തിനൊന്നും വേണ്ടത്ര തെളിവില്ല. നമ്മളു പറയുന്ന കാരണങ്ങളൊന്നും കോടതിയുടെ മുമ്പില്‍ വിലപ്പോകുമെന്നു തോന്നുന്നില്ല. തന്നെയുമല്ല ഒരു കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍ക്കു പൊലീസ് പ്രോട്ടക്ഷന്‍ അനുവദിച്ചുകിട്ടാന്‍ അത്ര എളുപ്പമല്ല.”

“ഒന്നും സാരമില്ല, സാര്‍. പൊലീസിന്‍റെ കാവലില്‍ ജീവിക്കാന്‍ മാത്രം വലിയ ആളൊന്നുമല്ലല്ലോ ഞാന്‍. ആയുസ്സുള്ളിടത്തോളം പോകും. അതേ കരുതുന്നുള്ളൂ”- സുധീഷ് നിസ്സംഗനായി പറഞ്ഞു.

“ഒളിപ്പോരു നടത്തുന്നയാളെ തീര്‍ക്കാന്‍ മാര്‍ഗമൊക്കെയുണ്ട്. നീ നിന്‍റെ മനസ്സില്‍ മൂടിയിട്ടിരിക്കുന്ന സത്യങ്ങലെല്ലാം ഒന്നങ്ങു വെളിപ്പെടുത്തിയാല്‍ എല്ലാം അവിടെ നില്ക്കും. പിന്നെ നിനക്കൊന്നും പേടിക്കാനില്ല. എന്തെങ്കിലും സംഭവിച്ചാല്‍ അത് ഉന്നതന്‍റെ തലയില്‍ത്തന്നെ ചെന്നു കൊള്ളും. പക്ഷേ, അതു നീ ചെയ്യണെന്നു ഞാന്‍ ഉപദേശിക്കില്ല.”

മറുവാക്ക് പറയാതെ സുധീഷ് ദേവദത്തന്‍റെ മുഖത്ത് ഉറ്റുനോക്കി.

“സുധീഷ്, ഓരോ സ്ഥാനത്തെക്കുറിച്ചും പദവികളെക്കുറിച്ചും നമുക്കൊക്കെ ഓരോ സങ്കല്പങ്ങളും മതിപ്പുകളുമൊക്കെയുണ്ട്. അതു തെറ്റിയാല്‍ നമ്മുടെ സമൂഹത്തിനുതന്നെ അതിന്‍റെ ദോഷം സംഭവിക്കും. അങ്ങനെയുള്ളവരെക്കുറിച്ചു കണ്ണില്‍ കണ്ടറിയുന്ന സത്യവും പുറത്തറിയാതെതന്നെ നോക്കണം. പദവികളുടെ കാവല്‍ക്കാര്‍ പലരും അതിനൊട്ടും യോജിക്കുന്നവരല്ലെന്ന സത്യം അതങ്ങനെതന്നെയിരിക്കട്ടെ.”

“ഞാനൊന്നിനും പോകുന്നില്ല സാര്‍. പക്ഷേ, അഖിലാ ആനന്ദ് വിട്ടുകൊടുക്കുമെന്നു തോന്നുന്നില്ല. അവളുടെ അച്ഛനെ വീല്‍ച്ചെയറിലാക്കിയവരോടു പകരം ചോദിക്കുകതന്നെ ചെയ്യും.”

“നല്ലത്. അങ്ങനെയാരെങ്കിലുമൊക്കെ വേണം. സത്യത്തിനും ധര്‍മത്തിനും വേണ്ടി പടവെട്ടാന്‍. ഒരു മുന്നറിയിപ്പു കൊടുത്തേക്കണം. അച്ഛനെ വീല്‍ച്ചെയറിലാക്കിയവര്‍ അവളെ സ്വര്‍ഗത്തിലേക്കു പായിച്ചെന്നിരിക്കും.”

“ഒക്കെ അറിയാം അഖിലയ്ക്ക്. ഒട്ടും പേടിയുള്ള ഇനമല്ല.”

“ജയിലര്‍ ദേവദത്തന്‍റെ പ്രാര്‍ത്ഥനകള്‍ അവര്‍ക്കൊപ്പമുണ്ടെന്ന് പറഞ്ഞേക്ക്” – അദ്ദേഹമെഴുന്നേറ്റ് അവന്‍റെ കയ്യില്‍പ്പിടിച്ചു.

“സുധീഷ് ഞാനിനി പോട്ടേടാ. എന്നെങ്കിലും ഇതുപോലെ ഒരിക്കല്‍ കാണാം.”

“ശരി സാര്‍. വന്നതിന് ഒത്തിരി സന്തോഷം” – സുധീഷ് പറഞ്ഞു. ദേവദത്തന്‍ ഇറങ്ങി കാറിനടുത്തേയ്ക്കു നടന്നു.

* * * * *

പുതിയ പത്രത്തില്‍ ജോലിക്കു ചേര്‍ന്നയുടനെ രണ്ടു ദിവസം മാറിനിന്ന ശരത്തിന്‍റെ പ്രവൃത്തി പലരെയും അതൃപ്തരാക്കി. അയാളെക്കുറിച്ചു മുന്നറിവുള്ളവര്‍ക്ക് അതിലൊന്നും പുതുമ തോന്നിയുമില്ല. അത് അങ്ങനെയൊക്കെയാണ്. ശരത് എന്തുകൊണ്ടാണു വരാതിരുന്നതെന്നറിയാവുന്നത് അഖിലയ്ക്കു മാത്രമായിരുന്നു. അവളതു വ്യക്തമാക്കിയതുമില്ല. വൈകുന്നേരം പോകാനിറങ്ങിയ നേരത്താണു ശരതും അഖിലയും തമ്മില്‍ കണ്ടത്.

“അഖിലാ, ഇവിടെ നിന്നൊന്നും വര്‍ത്തമാനം പറയാന്‍ കൊള്ളില്ല. നമുക്കേതെങ്കിലും റെസ്റ്റോറന്‍റില്‍ ചെന്നിരുന്നു സംസാരിക്കാം” – ശരത് പറഞ്ഞു. അവള്‍ അതു സമ്മതിച്ചു. ഭാസുരചന്ദ്രവര്‍മയുടെ അന്ത്യകര്‍മങ്ങളെക്കുറിച്ചറിയാന്‍ അവള്‍ക്ക് ആകാംക്ഷയുണ്ടായിരുന്നു. പത്രമാഫീസിന്‍റെ എതിര്‍വശത്തുള്ള റെസ്റ്റോറന്‍റിലാണവര്‍ കയറിയത്. തിരക്ക് കുറവായിരുന്നു. വലതുവശത്തുള്ള ടേബിളില്‍ അവര്‍ മുഖാമുഖമിരുന്നു.

“ശരത്തിന് എന്തു ജ്യൂസാ വേണ്ടത്? ഓറഞ്ചോ പൈനാപ്പിളോ?”

“താനല്ലേ പണം കൊടുക്കുന്നേ? ഓറഞ്ചുതന്നെ ഓര്‍ഡര്‍ ചെയ്യ്.”

“എങ്ങനെയുണ്ടായിരുന്നു സംസ്കാരം?”

“ശാന്തം, സുന്ദരം.”

“ആളുകളൊക്കെ ഒത്തിരി വന്നോ?”

“വന്നു കണ്ടു ഒത്തിരിപ്പേര്‍ പോയി. കര്‍മം നടക്കുമ്പോള്‍ ആകെ ഒരു നൂറു പേരു കാണും.”

“ഭാര്യയും മകനുമൊന്നും വന്നില്ല?”

“അവരെത്തില്ലെന്നു നേരത്തെ അറിയാമായിരുന്നല്ലോ!”

“വലിയ ആളുകളാരെങ്കിലും വന്നോ ശരത്?”

“ഇല്ല. പത്രങ്ങളില്‍ വന്ന ചെറിയ വാര്‍ത്ത മാത്രമല്ലേയുളളൂ. പണം മുടക്കി ഒരു പത്രപരസ്യം അവര്‍ കൊടുത്തില്ല. കാര്യങ്ങള്‍ നടത്തിയ ആ പാവം സ്ത്രീക്ക് അതിനെപ്പറ്റിയൊന്നും വലിയ വിവരം കാണില്ല. കര്‍മിക്കും മറ്റു കാര്യങ്ങള്‍ക്കുമെല്ലാം ആവശ്യത്തിനു പണം ഒരു മടിയും കൂടാതെ അവര്‍ എടുത്തു കൊടുക്കുന്നുണ്ടായിരുന്നു.”

“ചടങ്ങിനിടയ്ക്ക് എന്തെങ്കിലും സീനുണ്ടായോ?”

“ചില രംഗങ്ങളുണ്ടായി. അദ്ദേഹം പഠിപ്പിച്ച ഒരു സ്ത്രീ വന്നു കാലില്‍ കെട്ടിപ്പിടിച്ചു കരഞ്ഞു. ഏതോ അനാഥപ്പെണ്ണാണ്. അവളിപ്പോള്‍ എറണാകുളത്തൊരു കോളജില്‍ പ്രഫസ്സറാണ്. വന്നവരില്‍ ചിലര്‍ എന്‍റെയടുത്തു വന്നു കയ്യില്‍പ്പിടിച്ചു കണ്‍ഡോളന്‍സ് പറഞ്ഞു. ”

“അതു മകനാണെന്നു കരുതയാകും?”

“അതെ.”

എന്തായാലും ശരത് വലിയൊരു പുണ്യപ്രവൃത്തി ചെയ്തു. ആളിന്‍റെ ആത്മാവ് സ്വര്‍ഗത്തില്‍ ചെല്ലുമല്ലോ.”

“സ്വര്‍ഗത്തില്‍ ചെല്ലാന്‍ ഈ കര്‍മങ്ങള്‍കൊണ്ടോന്നും സാധിക്കുമെന്നു തോന്നുന്നില്ല. അതിനു വേറെ ചിലതു കൂടി ചെയ്യേണ്ടി വരും” – ശരത് അര്‍ത്ഥഗര്‍ഭമായി പറഞ്ഞു.

അപ്പോള്‍ വെയ്റ്റര്‍ ഒറഞ്ച്ജ്യൂസുമായി വന്നു. ശരത് അത് ഒറ്റ വലിക്കു കുടിച്ചുതീര്‍ത്തു. അഖില സ്ട്രോകൊണ്ടു കുറേശ്ശെ കുടിച്ചുകൊണ്ടിരുന്നു.

“അതെന്താ ശരത്, സ്വര്‍ഗത്തില്‍ പോകാന്‍ ഈ കര്‍മങ്ങള്‍ പോരെന്നു പറഞ്ഞത്? യഥാര്‍ത്ഥ മകന്‍ അല്ലാത്തതുകൊണ്ടാണോ? അങ്ങനെയും ഒരു വിശ്വാസമുണ്ടോ?”

“യഥാര്‍ത്ഥ മകന്‍ അമേരിക്കയില്‍ മദ്യവും ഇറച്ചിയുമൊക്കെ കഴിച്ച് അച്ഛന്‍റെ മരണം അമ്മയുമായി ചേര്‍ന്ന് ആഘോഷിക്കുകയായിരിക്കും. അവനേക്കാള്‍ ആത്മാര്‍ത്ഥതയോടെ, ഭക്തിയോടെ ഞാനെല്ലാം ചെയ്തു.”

“പിന്നെ?”

“അഖിലാ ഭാസുരചന്ദ്രവര്‍മയുടേത് ഒരു സ്വാഭാവിക മരണമായിരുന്നില്ല. അതൊരു ദുര്‍മരണമായിരുന്നു! കൊലപാതകമായിരുന്നു!”

‘ങ്ഹേ? എന്താ ശരത് പറയുന്നത്!?’

“ഞാന്‍ പറഞ്ഞതു അഖിലയ്ക്കു മനസ്സിലായില്ലേ?”

“വ്യക്തമായില്ല… ശരത്.”

“നമ്മള്‍ ആദ്യം ഭാസുരചന്ദ്രവര്‍മയെ കാണാന്‍ ചെന്നു മടങ്ങിയതിനുശേഷം അവിടെ അപരിചിതനായ ഒരാള്‍ ചെന്നതായി വിവരം കിട്ടി. കറുത്ത് ഉയരം കൂടിയ ഒരു യുവാവ്. അയാള്‍ ഭാസുരചന്ദ്രവര്‍മയെ കണ്ടു പോയതിനുശേഷമായിരുന്നു മരണം. തികച്ചും സംശയാസ്പദമാണവന്‍റെ വരവ്. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നെങ്കില്‍ എന്താണു സംഭവിച്ചതെന്നറിയാമായിരുന്നു ഞാനതു പലവട്ടം ആലോചിച്ചു. ഇക്കാര്യം അഖിലയോടൊന്ന് ആലോചിക്കണമെന്നും വിചാരിച്ചു. അതു വലിയ പ്രശ്നങ്ങളിലേക്കു വളരുമല്ലോയെന്ന് ആശങ്കയുണ്ടായി. ഒന്നും വേണ്ടെന്നു വച്ചു. ദുര്‍മരണം പ്രാപിച്ച ആളിനു ചെയ്യേണ്ട കര്‍മങ്ങളൊന്നും ഭാസുരചന്ദ്രവര്‍മയ്ക്ക് ചെയ്തിട്ടില്ല.”

ശരത് പറഞ്ഞതു കേട്ട് അഖില മിഴിച്ചിരുന്നു.

“അപ്പോള്‍ കൊലയാളി നമ്മള്‍ രണ്ടു പേരും ചെന്ന വിവരമറിഞ്ഞിട്ടാണ് അദ്ദേഹത്തെ വകവരുത്തിയത്? ഇനിയൊന്നും അദ്ദേഹം വെളിപ്പെടുത്തരുതെന്നായിരിക്കും ഉദ്ദേശ്യം. വന്നവന്‍ വാടകക്കൊലയാളിയായിരിക്കും. അവന്‍ നടത്തിയത് ഒരു കാരുണ്യവധമായെന്നു മാത്രം!”

“അഖില, ഇവിടെ നമ്മള്‍ രണ്ടും ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. പത്രമാഫീസില്‍ നിന്നുതന്നെ വിവരങ്ങള്‍ ചോരുന്നു. നമ്മള്‍ ഭാസുരചന്ദ്രവര്‍മയെ കാണാന്‍ പോയതും സമയവുമെല്ലാം ഇവിടുന്നുതന്നെയാണു ചോര്‍ന്നത്. ഉടനടി അവര്‍ ആക്ഷന്‍ നടത്തുകയും ചെയ്തിരിക്കുന്നു!”

“ശരിയാണു ശരത്. നമ്മള്‍ പേടിക്കണം, സൂക്ഷിക്കണം” – അഖില പറഞ്ഞു.

(തുടരും)

Leave a Comment

*
*