Latest News
|^| Home -> Novel -> Childrens Novel -> പീലിക്കണ്ണുകൾ – 8

പീലിക്കണ്ണുകൾ – 8

Sathyadeepam

കാവ്യദാസ് ചേര്‍ത്തല

കരഞ്ഞു തളര്‍ന്നു രംഗനാഥന്‍റെ അമ്മ ശിവകാമി രണ്ടു പെണ്‍മക്കള്‍ക്കു നടുവില്‍ ഒരു പ്രതിമ കണക്കെ ഇരുന്നു. മകള്‍ക്കു സംഭവിച്ച അപകടമറിഞ്ഞു ബോധരഹിതയായ, ഖദീജയുടെ ഉമ്മയെ അത്യാഹിതവാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു.

അവര്‍ രണ്ടു പേരും – ഖദീജയും രംഗനാഥനും – അപ്പോള്‍ തീവ്രപരിചരണവിഭാഗത്തിലെ പച്ച സ്റ്റാന്‍ഡ് കര്‍ട്ടന് ഇരുവശവുമുള്ള രണ്ടു കട്ടിലുകളില്‍ 24 മണിക്കൂര്‍ എന്ന സമയപരിധിയുടെ ദയ കാംക്ഷിച്ചു കിടക്കുന്നുണ്ടായിരുന്നു.

“ഖാദറേ നീ എന്നോടു പൊറുക്കെടാ. ഇങ്ങനെയൊരു കുരുത്തം കെട്ടവന്‍ എനിക്കുണ്ടായിപ്പോയല്ലോ”- ബാല്യകാല സുഹൃത്തായ ഖാദറിനെ കെട്ടിപ്പിടിച്ചു രംഗനാഥന്‍റെ പിതാവ് സദാനന്ദന്‍ വിങ്ങിപ്പോയി.

“നിയ്യ് ബെശമിക്കാതെ, മ്മടെ മക്കള് രണ്ടാള്‍ക്കും ഒന്നും ബരൂല്ല. ബരാനെക്കൊണ്ട് പടശ്ശോന്‍ സമ്മതിക്കൂല്ല” – ആ നല്ല മുസ്സല്‍മാന്‍റെ കൈകള്‍ യാചനാരൂപത്തില്‍ അള്ളാഹുവിന്‍റെ സന്നിധിയിലേക്ക് ഉയര്‍ന്നു.

“നിങ്ങള്‍ ഇവിടെ ഉച്ചത്തില്‍ സംസാരിച്ചു ശല്യമുണ്ടാക്കരുത്. ഇതൊരു ഐസിയുവാണ്… പ്ലീസ്. കുട്ടികളുടെ അടുത്ത ബന്ധുക്കളൊഴികെ മറ്റാരും ഇവിടെ നില്ക്കണമെന്നില്ല.” ഡ്യൂട്ടി ഡോക്ടറുടെ ശബ്ദത്തിലെ ഭാവപ്പകര്‍ച്ച തിരിച്ചറിഞ്ഞ പൊതുജനം പിറുപിറുത്തുകൊണ്ടു പിരിഞ്ഞുപോയി.

“ഡോക്ടര്‍, എന്‍റെ കുട്ടികള്‍ക്ക് എങ്ങനെയുണ്ട്?” – പ്രഥമ ശുശ്രൂഷ കഴിഞ്ഞെത്തിയ ഉടന്‍ രാജമല്ലിടീച്ചര്‍ അന്വേഷിച്ചത് അതായിരുന്നു.

“ഡോണ്‍ട് വറി. ദെര്‍ വില്‍ ബി ആള്‍റൈറ്റ്.”

ടീച്ചറിനു സമാധാനമായി… കു ട്ടികള്‍ അപകടനില തരണം ചെയ്യുകയാണ്.

മയക്കത്തില്‍ നിന്നുണര്‍ന്ന ഖദീജയുടെ കണ്ണുകള്‍ ആരെയോ അന്വേഷിക്കുന്നു.

“മോള് ആരെയാ നോക്കുന്നേ.ആരെയാ ആദ്യം കാണേണ്ടത്?”- ഡ്യൂട്ടി നഴ്സ് സ്റ്റെഫി ജോസഫ് ഒരു പുഞ്ചിരിയോടെ ചോദിച്ചു.

“എന്‍റെ ടീച്ചറ്… ടീച്ചറിന് എന്തേലും കൊഴപ്പമുണ്ടോ?”

“ഒന്നുമില്ല മുത്തേ. ദാ, മോള്‍ടെ ടീച്ചറ് പുറത്തുണ്ട്. ടീച്ചറ് മാത്രമല്ല; എല്ലാവരും മോളെ കാണാന്‍ കാത്തിരിക്ക്വാ.”

“ഖദീജയുടെ ബന്ധുക്കള്‍… വേണ്ടപ്പെട്ട ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ഇപ്പോള്‍ കുട്ടിയെ കാണാം.”

അറിയിപ്പ് കിട്ടിയ ഉടനെ സദാനന്ദന്‍ തൊട്ടടുത്തു ചിന്തയില്‍ മുഴുകിയിരുന്ന ഖാദറിനെ വിളിച്ചുണര്‍ത്തി.

“എടാ ഖാദറേ, എഴുന്നേല്ക്ക്. മോളെ പോയി കണ്ടിട്ടു വാ.”

ഖാദര്‍ എഴുന്നേറ്റു. മകളെ ഒരു നോക്ക് കാണുവാന്‍ ആ പിതൃഹൃദയം വെമ്പല്‍കൊള്ളുകയാണ്. പക്ഷേ, അടുത്ത നിമിഷം ഏവരെയും അമ്പരപ്പിച്ചുകൊണ്ട് അയാള്‍ രാജമല്ലി ടീച്ചറോടായി പറഞ്ഞു.

“ന്‍റെ മോളെ ടീച്ചറമ്മ പോയി കണ്ടിട്ടു ബാ. ഞമ്മളേക്കാളും ഇപ്പം ഇങ്ങേക്കാ ടീച്ചറെ അതിനുള്ള അവകാശം. ടീച്ചറമ്മ ഇല്ലായിരുന്നേല്‍ ന്‍റെ കീശക്കുട്ടി….” – കൃതജ്ഞതകൊണ്ട് അയാളുടെ വാക്കുകള്‍ മുറിഞ്ഞുപോകുന്നു.

ജനല്‍ക്കണ്ണാടി മറച്ചിരുന്ന പച്ച തിരശ്ശീല പതുക്കെ നീങ്ങി. കട്ടിലില്‍ കിടക്കുന്ന ഖദീജയെ ടീച്ചര്‍ കണ്ടു. ആ കിടപ്പിലും നിഷ്ളങ്കമായ പുഞ്ചിരി അവളുടെ മുഖത്തെ പ്രകാശമാനമാക്കിക്കൊണ്ടേയിരുന്നു.

രംഗനാഥനെ രണ്ടു ദിവസംകൂടി കഴിഞ്ഞാണ് ഐസിയുവില്‍ നിന്നും വാര്‍ഡിലേക്കു മാറ്റിയത്. പെരുമ്പാമ്പിന്‍റെ വരിഞ്ഞുമുറുക്കലില്‍ അവന്‍റെ ദേഹമാസകലം നീര് വന്നു വീര്‍ത്തിരുന്നു. വെളുത്ത ബാന്‍ഡേജിനാല്‍ ആവരണം ചെയ്യപ്പെട്ട അവനെ നോക്കിനിന്ന അമ്പിളിയും സീതയും അടുത്തേയ്ക്കു ചെന്നു.

“രംഗാ” – അമ്പിളി വിളിച്ചു.

“എന്തോ?” – അവന്‍ വിളി കേട്ടു.

“നീ വേഗം സുഖാവും; നിനക്കുവേണ്ടി മുത്തപ്പനോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്.”

രാജമല്ലിടീച്ചറെ കണ്ട് എഴുന്നേല്ക്കുവാന്‍ അവന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

“കിടന്നോളൂ രംഗാ; നിനക്കു പരിപൂര്‍ണ വിശ്രമമാ ഇപ്പോള്‍ ആവശ്യം.”

“ഖദീജ…?”

“അവള്‍ക്കൊന്നുമില്ലെടോ. എല്ലാം ഈശ്വരകൃപ; ദാ നില്ക്കുന്നു താന്‍ വെള്ളത്തില്‍ തള്ളിയിട്ടയാള്.”

ടീച്ചറിനരികില്‍ മാതാപിതാക്കളോടു ചേര്‍ന്നു നില്ക്കുന്ന ഖദീജ അവനെ നോക്കി മന്ദഹസിച്ചു. അവളെ അഭിമുഖീകരിക്കുവാന്‍ കരുത്തില്ലാതെ രംഗനാഥന്‍ മുഖം തിരിച്ചു. ഊറിക്കൂടിയ കണ്ണുനീര്‍ത്തുള്ളികള്‍ അടര്‍ന്നു വീഴുംമുമ്പേ അമ്മ ശിവകാമി ഒപ്പിയെടുത്തു.

“രംഗാ, എനിക്കു നിന്നോടു പെണക്കല്യ… നീ വേഗം സുഖാവണേന്നു പടച്ചോനോട് ഞാന്‍ പ്രാര്‍ത്ഥിക്കണുണ്ട് കേട്ടോ” – ഖദീജ അവന്‍റെ വിറയാര്‍ന്ന കരങ്ങള്‍ തലോടി.

“എല്ലാവരോടും ഞാന്‍…”- രംഗനാഥന്‍ വിതുമ്പിപ്പോയി.

“കഴിഞ്ഞതൊന്നും ഓര്‍ക്കണ്ട മോനേ. ഒരു പുതിയ ജീവിതം. ഇതൊക്കെ അതിനുള്ള ബാലപാഠങ്ങളായിരുന്നു എന്നു കരുതിയാല്‍ മതി. അനുഭവങ്ങളുടെ അഗ്നിസ്പര്‍ശമുണ്ടാകുമ്പോഴാ ജീവിതത്തിന്‍റെ മാറ്റ് വര്‍ദ്ധിക്കുന്നത്.” രാജമല്ലിടീച്ചറിന്‍റെ വാക്കുകള്‍ അമൃതകണങ്ങളായി രംഗനാഥന്‍റെ അഹംബോധത്തിന്‍റെ അവസാന കനലിനെയും കെടുത്തിക്കളഞ്ഞു. ഇന്നു മുതല്‍ അവന്‍ ഒരു പുതിയ രംഗനാഥനാണ്.

(തുടരും).

Leave a Comment

*
*