പീലിക്കണ്ണുകൾ – 11

പീലിക്കണ്ണുകൾ – 11

കാവ്യദാസ് ചേര്‍ത്തല

വിദഗ്ദ്ധ ചികിത്സയ്ക്കായി അമ്മാവനെയുംകൊണ്ടു നാട്ടിലേക്കു പോകുവാന്‍ തയ്യാറെടുക്കുന്ന രാജമല്ലി ടീച്ചറോട് ചാത്തന്‍തറ ഗ്രാമത്തിലെ തങ്കച്ചന്‍ വൈദ്യരെക്കുറിച്ചു പറഞ്ഞത് ഉണ്ണികൃഷ്ണന്‍ മാഷായിരുന്നു. മാഷിന്‍റെ വീട് എരുമേലിയിലാണ്. അവിടെനിന്നും പത്തു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തങ്കച്ചന്‍ വൈദ്യരുടെ കുടിലിലെത്താം. പാരമ്പര്യവൈദ്യനായ തങ്കച്ചന്‍ കുടിലിനു നാലു ചുറ്റും അപൂര്‍വ ഔഷധസസ്യങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. മരുന്നരയ്ക്കാനും മറ്റുമായി ഒന്നുരണ്ടുപേര്‍ കുടിലില്‍ തങ്ങുന്നുണ്ട്. അപ്പുവും ചിന്നപ്പനും വൈദ്യരുടെ ഇടവും വലവുമായിട്ട് എത്ര വര്‍ഷങ്ങളായെന്ന് അവര്‍ക്കുതന്നെ അറിയില്ല. അനാഥരായ അവരിരുവര്‍ക്കും തങ്കച്ചന്‍ കാണപ്പെട്ട ദൈവമാണ്. തമിഴ്നാട്ടില്‍ നിന്നുപോലും രോഗികളെയുംകൊണ്ടു ബന്ധുക്കള്‍ എത്തുന്നു. ചികിത്സയ്ക്കു വൈദ്യര്‍ കണക്കു പറയാറില്ല. സൗഖ്യം നേടിയവര്‍ക്ക്, പുല്ലുമേഞ്ഞ മുറികളിലൊന്നിലെ ഓട്ടുരുളിയില്‍ ഇഷ്ടമുള്ള തുക നിക്ഷേപിക്കാം. ചെലവുകഴിഞ്ഞ് ബാക്കിവരുന്ന പണം അല്പം അകലെയുള്ള സര്‍ക്കാര്‍ വക അനാഥാലയത്തിലേക്കു കൊടുക്കും. ജട പിടിച്ച താടിയും മുടിയുമുള്ള കൃശഗാത്രനായ ആ മനുഷ്യന്‍ തന്‍റെ ഒറ്റമൂലി ചികിത്സയിലൂടെ ആയിരക്കണക്കിനു കുടുംബങ്ങള്‍ക്കു പ്രതീക്ഷ പകര്‍ന്നുകൊടുത്തുകൊണ്ടേയിരിക്കുന്നു.

"ടീച്ചറ് വിഷമിക്കില്ല്യാന്നു വച്ചാല്‍ ഞാനൊരു കാര്യം പറയാം."

"പറഞ്ഞോളൂ മാഷേ. എന്തിനാ ഒരു മുഖവര?"

"രോഗിയെ കണ്ടാലുടന്‍ നാഡി പിടിച്ചു നോക്കിയിട്ടു രക്ഷപ്പെടുമോ ഇല്ലയോ എന്നുള്ള കാര്യം അപ്പോള്‍ത്തന്നെ വൈദ്യര് വെട്ടിത്തുറന്നങ്ങു പറയും. വൈദ്യര് പറഞ്ഞാല്‍പ്പിന്നെ അതിനു മാറ്റം വരില്ല. നാഡീശാസ്ത്രത്തിലും അഗ്രഗണ്യനാ വൈദ്യര്. എന്‍റെ ചെറിയച്ഛനെയുംകൊണ്ട് ഏതാനും വര്‍ഷം മുമ്പു ഞങ്ങളവിടെ പോയതാ. നാളികേരം തലയില്‍ വീണ് തൊടിയില്‍ ബോധമറ്റു കിടന്ന ചെറിയച്ഛനെ അപ്പോള്‍ത്തന്നെ വൈദ്യരുടെ അടുത്തെത്തിച്ചു. കൂടത്തിനിടിച്ച ക്ഷതമായാല്‍പ്പോലും പച്ചമുട്ടയില്‍ മരുന്നരച്ചു ചേര്‍ത്തു കഴിപ്പിച്ചു രോഗം മാറ്റുവാന്‍ കഴിവുള്ളയാളാണ്, വൈദ്യര്‍. പക്ഷേ, സമയദോഷമെന്നല്ലാതെ എന്താ പറയുക, ചെറിയച്ഛനെ വൈദ്യരുടെ കുടിലിനു മുറ്റത്തിട്ട കയറുകട്ടിലില്‍ കിടത്തിയതും തിണ്ണയില്‍ കത്തിക്കൊണ്ടിരുന്ന നിലവിളക്കിന്‍റെ ഏഴു തിരികളും ഒരുമിച്ചണഞ്ഞു. നാഡിപിടിച്ചു നിര്‍വികാരതയോടെ വൈദ്യര്‍ പറഞ്ഞു: "മരണനാഡിയാ മിടിക്കണത്,. കൊണ്ടുപൊയ്ക്കോളൂ. പേടിക്കേണ്ട തറവാട്ടിലെത്തി ഉറ്റോരേം ഉടയോരേംകണ്ടിട്ടു സമാധാനത്തിലേ പ്രാണന്‍ പോവൂ. അത്രയ്ക്കുണ്ട് സുകൃതം." പിന്നേം ഒരു മാസം കഴിഞ്ഞാ ചെറിയച്ഛന്‍ മരിച്ചത്. വൈദ്യരുടെ വാക്കുകളില്‍ വിശ്വാസം വരാതെ ചെറിയച്ഛന്‍റെ ഇളയ മകന്‍ പ്രശസ്തനായ ഒരു ന്യൂറോളജിസ്റ്റിനെ കാണിച്ചു. പക്ഷേ, എന്തു ഫലം? ആര്‍ക്കും ജീവന്‍ പിടിച്ചുനിര്‍ത്താന്‍ കഴിവില്ലല്ലോ. ഈശ്വരേച്ഛ മാറ്റുവാന്‍ നിസ്സാരരായ നമ്മെക്കൊണ്ടു കഴിയോ ടീച്ചറേ. മരിക്കണേനുമുമ്പ് എപ്പോഴോ ബോധം വന്നപ്പോള്‍ ചെറിയച്ഛന്‍ പറഞ്ഞതു മനസ്സില്‍ ഇടയ്ക്കിടെ മുഴങ്ങാറുണ്ട്.

"വൈദ്യരുടെ വാക്ക് തള്ളല്ലേ മോനേ. അത് അരുള്‍വാക്കാ."

അതോണ്ടാ ടീച്ചറേ ഞാന്‍ പറഞ്ഞതു ദൈവാധീനം ഉണ്ടെങ്കില്, ആ കുഞ്ഞുങ്ങള്‍ക്കു ഭാഗ്യമുണ്ടെങ്കില്‍ ടീച്ചറിന്‍റെ കുഞ്ഞമ്മാവന്‍ എഴുന്നേറ്റു നടക്കും. ഉറച്ചങ്ങ്ട് വിശ്വസിക്കൂ ടീച്ചറേ. ഞങ്ങളെല്ലാരും ഒപ്പമുണ്ട്."

അങ്ങനെ, ഒരു പരീക്ഷണത്തിനു രാജമല്ലി തയ്യാറായി. കാടിന്‍റെയും മലയുടെയും ഹൃദയസ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ കുഞ്ഞമ്മാവനു കാടകംതന്നെ ആശ്വാസമരുളട്ടെ.

അന്നൊരു വ്യാഴാഴ്ചയായിരുന്നു. വര്‍ഷാവസാന പരീക്ഷകളെ തുടര്‍ന്നു സ്കൂള്‍ അടച്ച ദിവസം. ചെങ്കല്ലും കരിങ്കല്‍ച്ചീളുകളും ചിതറിക്കിടക്കുന്ന കാട്ടുവഴിയിലൂടെ അമ്മാവനെയും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് തങ്കച്ചന്‍ വൈദ്യരുടെ കുടിലിനെ ലക്ഷ്യമാക്കി മുരണ്ടു നീങ്ങി. ഓരോ ചലനത്തിലും എല്ലു നുറുങ്ങുന്ന വേദന. കുഞ്ഞമ്മാവന്‍റെ ഇരു കണ്‍കോണിലൂടെയും ചുടുബാഷ്പം ഇടറി വീഴുന്നു. രാജമല്ലിയുടെ കൈകള്‍ കൈലേസായി മാറി.

"ടീച്ചറേ, ദാ ആ പാറയിലാ വൈദ്യരുടെ കുടില്‍. ഞാന്‍ ആദ്യം ഇറങ്ങി കാര്യങ്ങളൊക്കെ ഒന്നു ശ്രദ്ധയില്‍പ്പെടുത്തിയിട്ടു വരാം" – ഉണ്ണികൃഷ്ണന്‍ മാഷ് ഇറങ്ങി നടന്നു.

ശശാങ്കനും ഗോപിക്കുട്ടനും രാജിയേടത്തിയെ ഉറ്റുനോക്കുകയാണ്. രാജമല്ലി ഇപ്പോളവരുടെ പ്രതീക്ഷാഗോപുരമാണ്. അമ്മയുടെ മരണവും അച്ഛന്‍റെ ദയനീയാവസ്ഥയും ആ സഹോദരങ്ങളുടെ മനസ്സില്‍ കനത്ത ആഘാതമേല്പിച്ചിരിക്കുന്നു.

വൈദ്യരുടെ കുടില്‍ ഒരു കരിമ്പാറക്കെട്ടിനു മുകളിലാണ്. കുത്തനെയുള്ള കയറ്റം കയറി കുഞ്ഞമ്മാവനെ എങ്ങനെ അവിടെയെത്തിക്കും. ആംബുലന്‍സ് ഡ്രൈവറുടെയും രാജമല്ലിയുടെയും ആശങ്കകള്‍ക്കു പ്രതിവിധിയെന്നോണം കപ്പികളിലും കയറിലും തൂങ്ങിയാടുന്ന ഒരു മഞ്ചല്‍ വാഹനത്തിന് അരികിലേക്കു സാവധാനം ഇറങ്ങി വന്നു. എല്ലാവരും ചേര്‍ന്നു രോഗിയെ മഞ്ചലില്‍ എടുത്തു കിടത്തി. ഉയര്‍ന്നു പോകുന്ന ആ മഞ്ചല്‍ ഒരു കുടുംബത്തിന്‍റെ അവസാനത്തെ പിടിവള്ളിയാണ്.

പാറക്കെട്ടിനോടു ചേര്‍ന്നു വെട്ടിയുണ്ടാക്കിയ കല്‍പ്പടവുകളിലൂടെ ശശാങ്കന്‍റെയും ഗോപിക്കുട്ടന്‍റെയും കൈപിടിച്ചു രാജമല്ലി മുകളിലേക്കു കയറി. മരക്കൊമ്പുകളില്‍ തൂങ്ങിയാടുന്ന കുരങ്ങന്മാര്‍. തൊട്ടടുത്തുള്ള ഏലക്കാടുകളില്‍ നിന്നും സുഗന്ധം വഹിച്ചെത്തിയ കാറ്റ് രാജമല്ലിയുടെ കുറുനിരകളെ തൊട്ടുതലോടി മൂര്‍ദ്ധാവില്‍ അനുഗ്രഹം വര്‍ഷിച്ചു. എന്തോ ചില ശുഭസൂചനകള്‍ അടുത്തുവരുന്നതുപോലെ.

കുത്തനെയുള്ള കയറ്റം രാജമല്ലിയെ ക്ഷീണിതയാക്കി. എങ്കിലും അരുള്‍വാക്ക് അറിയുവാനുള്ള ഉല്‍ക്കടമായ ആഗ്രഹം മനസ്സിനു കരുത്തു പകരുകയാണ്.

"മേ ഐ ഹെല്‍പ്പ് ടീച്ചര്‍" – ഉണ്ണികൃഷ്ണന്‍ മാഷിന്‍റെ വലംകൈ രാജമല്ലിയുടെ നേര്‍ക്കു നീണ്ടു. ഒരു നിമിഷം ശങ്കിച്ചുനിന്ന രാജമല്ലിയെ നോക്കി പുഞ്ചിരിയോടെ ഉണ്ണികൃഷ്ണന്‍ മാഷ് പറഞ്ഞു:

"ടീച്ചറേ, എന്‍റെ കൈപിടിച്ചോളൂ. അഥവാ വീണാലും ടീച്ചറൊറ്റയ്ക്കാവില്ല."

അവിവാഹിതരായ സ്ത്രീയും പുരുഷനും. ഉണ്ണികൃഷ്ണന്‍ മാഷിന്‍റെ നീട്ടിയ കൈത്തലം ഗ്രഹിച്ച രാജമല്ലി ആ കണ്ണുകളിലേക്കു സൂക്ഷിച്ചുനോക്കി. നിഷ്കളങ്കമായ ഒരു ഉള്‍നാടന്‍ ഗ്രാമത്തിന്‍റെ മുഴുവന്‍ വിശുദ്ധിയും അവിടെ തുടിക്കുന്നുണ്ട്. അപ്പോള്‍… തൊട്ടടുത്തെവിടെയോ ഉള്ള ഒരു ക്ഷേത്രത്തില്‍ നിന്നു ശംഖൊലിയും മണിനാദവും ഉയര്‍ന്നു കേട്ടു.

അനശ്വരനായ ഈശ്വരന്‍ ഈ നശ്വരപ്രപഞ്ചത്തിലെ ഓരോ പുല്‍നാമ്പിനെയും എത്ര വാത്സല്യത്തോടെയാണു പരിപാലിക്കുന്നത്. ജീവിതം സുഖദുഃഖസമ്മിശ്രമായിരുന്നില്ലെങ്കില്‍ നാം അതിനെ അത്രമാത്രം സ്നേഹിക്കുമായിരുന്നില്ല. ചെറുതും വലുതുമായ നിയോഗങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ സന്തോഷത്തോടെ അതു നിറവേറ്റുവാന്‍ നമുക്കു കഴിയണം. രാജമല്ലി ടീച്ചറിന്‍റെ കുഞ്ഞമ്മാവനു രോഗശാന്തി ലഭിക്കട്ടെയെന്നു നമുക്കു പ്രത്യാശിക്കാം.

തങ്കച്ചന്‍ വൈദ്യരുടെ കുടിലിനുള്ളില്‍ പനമ്പായയില്‍ നിലവിളക്കിന്‍റെ തിരികള്‍ പ്രഭ ചൊരിഞ്ഞു. കുഞ്ഞമ്മാവന്‍റെ നിര്‍വികാരമായ മുഖം നോക്കി വൈദ്യര്‍ എന്തൊക്കെയോ ഉരുവിട്ടു. നിമിഷങ്ങള്‍ക്കിപ്പോള്‍ ഒച്ചിന്‍റെ വേഗതയാണ്. ആശ്രിതര്‍ അരച്ച് ഉരുട്ടിയെടുത്ത പച്ചമരുന്നു കുഞ്ഞമ്മാവന്‍റെ തിരുനെറ്റിയിലും ഇടനെഞ്ചിലും നിക്ഷേപിച്ചു വൈദ്യര്‍ എല്ലാവരോടും പുറത്തേയ്ക്കിറങ്ങുവാന്‍ പറഞ്ഞു. സാമ്പ്രാണിയുടെയും കര്‍പ്പൂരത്തിന്‍റെയും ഗന്ധം അവിടെയെങ്ങും തളം കെട്ടി നിന്നു.

"ആരേലും ഒരാള്‍ക്ക് അകത്തേയ്ക്കു വരാം" – വൈദ്യരുടെ ആശ്രിതന്‍മാരിലൊരുവന്‍ പുറത്തേയ്ക്കു വന്നു പറഞ്ഞു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org