Latest News
|^| Home -> Novel -> Childrens Novel -> പീലിക്കണ്ണുകൾ – 14

പീലിക്കണ്ണുകൾ – 14

Sathyadeepam

കാവ്യദാസ് ചേര്‍ത്തല

തലേന്ന് പെയ്ത മഴയില്‍ നനഞ്ഞു കുതിര്‍ന്ന നാട്ടുവഴികളിലൊന്നില്‍ കൂട്ടുകാരികള്‍ – സീതയും അമ്പിളിയും ഖദീജയും – ഒത്തുകൂടി. അവധിക്കാലത്ത് നീലിയാറിന്‍റെ കൈവഴിയായ പിഞ്ഞാണിത്തോട്ടിലൂടെ പാഞ്ഞുപോകുന്ന പരല്‍മീനുകളെ നോക്കിയിരിക്കുക എന്നത് അവര്‍ ഒരു പതിവാക്കിയിരിക്കുന്നു. ഉരുളന്‍ കല്ലുകളില്‍ തട്ടി കുണുങ്ങി ചിരിച്ചു പോകുന്ന കുഞ്ഞലകള്‍. ആ തെളിഞ്ഞ ജലപ്പരപ്പില്‍ അവര്‍ കടലാസുവഞ്ചികള്‍ ഒഴുക്കിവിടാറുണ്ട്. മൂന്നു വ്യത്യസ്ത നിറങ്ങളിലുള്ള പത്തുപന്ത്രണ്ടു കളിവഞ്ചികള്‍ കാറ്റിന്‍റെ തലോടലും കുളിരും നുകര്‍ന്നു മുന്നോട്ടു നീങ്ങുമ്പോള്‍ ഖദീജ പൊട്ടിച്ചിരിക്കും.

“ഞമ്മള് ജയിച്ചേ. ഇന്‍റ വഞ്ചിയാ മുന്നില്.”

മറ്റു രണ്ടു പേരും അതു സമ്മതിച്ചുകൊടുക്കണം. അല്ലെങ്കില്‍ അവളുടെ മുഖം വാടും.

“ഖദീ നിന്‍റ വഞ്ചി എങ്ങോട്ടേയ്ക്കാ ഇത്ര ധൃതിയില്‍ പോകുന്നത്?” – സീത കളിയാക്കും.

“ഇന്‍റ ഉപ്പുപ്പാന്‍റെ വീട്ടിലേക്ക്. അവിടെ കാണാനെന്തൊക്കെയുണ്ടെന്നോ. ഒരു ദെവസം ഇങ്ങളെ രണ്ടിനേം അങ്ങട്ട് കൊണ്ടുപോവാം കേട്ടോ.”

സ്കൂള്‍ തുറക്കാന്‍ ഇനിയും ഒന്നുരണ്ടാഴ്ചകള്‍ ബാക്കിനില്ക്കുന്നു. ഇത്തവണ കാലവര്‍ഷം നേരത്തെ എത്തി. പുത്തനുടുപ്പും കുടയും ബാഗുമൊക്കെ ആ മലയോര ഗ്രാമത്തിലെ കുട്ടികള്‍ക്കു വിദൂരസ്വപ്നങ്ങളാണ്. കുടുംബത്തിന്‍റെ കഷ്ടപ്പാടുകള്‍ അറിഞ്ഞു വളരുന്നവരായതുകൊണ്ടുതന്നെ അവരുടെ ആവശ്യങ്ങള്‍ പരിമിതമാണ് – സ്പ്നങ്ങളും.

“സീതേ, അമ്പിളീ, എനിക്ക് ഒരു കാര്യം പറയാനുണ്ട്.”

തൊട്ടടുത്തയാഴ്ച ചന്തക്കവലയില്‍വച്ചു കണ്ടപ്പോള്‍ ഖദീജയുടെ മുഖത്ത് പഴയ പ്രസരിപ്പുണ്ടായിരുന്നില്ല. ഹര്‍ത്താല്‍ ദിവസമായതിനാല്‍ കടകള്‍ ഒന്നും തുറന്നിരുന്നില്ല.

“എന്തേ, എന്തേ ഖദീ നിനക്കെന്താ പറ്റിയത്?”

“ഞമ്മള് പോവ്വാ.”

“എവിടേയ്ക്ക്?”

“കോയിക്കോട്ടെ തറവാട്ടിലേക്ക്. ഇന്‍റ എളാപ്പ മയ്യത്തായിപ്പോയി സീതേ”- അവള്‍ സീതയെ കെട്ടിപ്പിടിച്ചു കരഞ്ഞു.

അമ്പിളിയും സീതയും ഖദീജയെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു.

“എളാപ്പ അതിര്‍ത്തി ജവാനായിരുന്നുവെന്നു മുമ്പേ ഞമ്മള് പറഞ്ഞിട്ടില്ലേ. ഇന്നലെ നടന്ന ഭീകരാക്രമണത്തില്‍ ഞമ്മടെ എളാപ്പ മയ്യത്തായിപ്പോയി.”

ഇന്നുച്ചോടെ ഞങ്ങളെല്ലാരും പോവും. ഇനി എന്നാ മടങ്ങാന്നറിയില്ല. വിഷാദമേഘം കണക്കെ അവള്‍ അകന്നുപോയി.

“നമ്മുടെ ഖദീജ പോയി ടീച്ചറേ. ടീച്ചറോടു യാത്ര ചോദിക്കാന്‍ അവള്‍ക്കു സങ്കടായിരുന്നു. അതോണ്ടാ അവള്‍ കാണാന്‍ വരാഞ്ഞേന്നു പറഞ്ഞു” – അമ്പിളി വിങ്ങിപ്പോയി. ഖദീ നല്ല കുട്ടിയാ. തങ്കപ്പെട്ട മനസ്സ്. ഈശ്വരന്‍ അവള്‍ക്കു നല്ലതേ വരുത്തൂ. അവളെ പിരിയുന്നതില്‍ നിങ്ങളെപ്പോലെ എനിക്കും സങ്കടമുണ്ട്. പക്ഷേ, ഖദീജയുടെ സാഹചര്യങ്ങളോര്‍ക്കുമ്പോള്‍ ഈ താത്കാലികമായ വേര്‍പാട് നാം സഹിച്ചേ പറ്റൂ”-രാജമല്ലി അമ്പിളിയെയും സീതയെയും ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു.

അവര്‍ സ്കൂളിലെത്തിയപ്പോഴേക്കും മഴ ആരംഭിച്ചുകഴിഞ്ഞു. തുള്ളിക്കൊരു കുടം എന്ന കണക്കിനു മഴ തിമിര്‍ത്തു പെയതു. ക്ലാസ്സ് കയറ്റം കിട്ടിയവരുടെ പേരുകള്‍ വായിച്ച് അതാതു ക്ലാസ്സുകളിലേക്ക് അവരെ അയയ്ക്കുകയാണ് അദ്ധ്യാപകര്‍.

എട്ടാം ക്ലാസ്സ് എഡിവിഷനിലേക്കു പോകേണ്ട കുട്ടികളുടെ പേരുവിവരം ദേവസ്യാമാഷ് വിളിച്ചു. കുട്ടികള്‍ ഉറുമ്പിന്‍ നിരയെപ്പോലെ വരിവരിയായി നിര്‍ദ്ദിഷ്ട ക്ലാസ്സിലേക്കു നീങ്ങി.

“‘എന്താ സീതേ, നിനക്കു ചെവി കേട്ടൂടേ. നീ എ ഡിവിഷനിലേക്കല്ലേ പോകേണ്ടത്?” – ദേവസ്യാ മാഷിനു ദേഷ്യം വന്നു.

“മാഷേ, അമ്പിളി…” അവളുടെ തൊണ്ടയിടറിപ്പോയി.

“എന്താ കാര്യം?” ഡെസ്കില്‍ മുഖമമര്‍ത്തിയിരുന്ന സീതയ്ക്കരികിലേക്കു മാഷ് ചെന്നു.

“മാഷേ, ആശാന്‍കളരി തൊട്ട് ഇന്നോളം ഞങ്ങള് ഒരേ ക്ലാസ്സിലാ പഠിച്ചത്. ഞങ്ങള് വെവ്വേറെ ക്ലാസ്സില്‍ ആകാന്നുവെച്ചാല് അതു സഹിക്കാന്‍ കഴിയില്ല മാഷേ.”

“ഓ, നോട്ടി ഗേള്‍… ഇതിനാണോ ഇങ്ങനെ കരയുന്നത്. ഡിവിഷന്‍ മാറുന്നെന്നുവച്ച് എന്തിനാ വിഷമിക്കുന്നത്? സ്കൂള്‍ മാറുന്നില്ലല്ലോ?”

ദേവസ്യാമാഷിന്‍റെ സാന്ത്വനവാക്കുകളൊന്നും സീതയുടെ കരച്ചിലിന്‍റെ ആക്കം കുറച്ചില്ല. സ്റ്റാഫ് റൂമിലെത്തിയ മാഷ് മറ്റദ്ധ്യാപകരുമായി കൂടിയാലോചിച്ചു. നല്ല കുട്ടികളാണു സീതയും അമ്പിളിയും. എല്ലാവര്‍ക്കും ഇരുവരെയുംകുറിച്ചു നല്ല അഭിപ്രായമാണ്.

“ദേവസ്യാമാഷേ, സീതയെകൂടി എന്‍റെ ക്ലാസ്സിലേക്ക് അയച്ചോളൂ. ഇത്രേം സ്നേഹമുള്ള രണ്ടു കൂട്ടുകാരികള ഞാനിന്നോളം കണ്ടിട്ടില്ല” – ലില്ലിക്കുട്ടി ടീച്ചര്‍ പറഞ്ഞു.

“അതെന്തു വര്‍ത്തമാനമാ ടീച്ചറേ. നമുക്കു കുട്ടികളെല്ലാം ഒരുപോലല്ലേ. അവരുടെ ആവശ്യം അനുവദിക്കാന്നുവച്ചാല്‍ മറ്റു കുട്ടികള് എന്താ വിചാരിക്കാ” – ദേവസ്യാമാഷ് സ്ഥിതിഗതികള്‍ വിശദമാക്കി.

ഒടുവില്‍ ഹെഡ്മാസ്റ്ററുടെ മദ്ധ്യസ്ഥതയില്‍ പ്രശ്നം പരിഹരിക്കപ്പെട്ടു; സീതയും അമ്പിളിയും എട്ടാം ക്ലാസ്സ് എ ഡിവിഷില്‍ പഠിക്കും.

സീതയുടെയും അമ്പിളിയുടെയും ഹൃദയത്തില്‍ ആഹ്ലാദത്തിന്‍റെ ദീപാവലിയായിരുന്നു. അവരിരുവരും ഹെഡ്മാസ്റ്റുടെ കാല്‍ തൊട്ടു വന്ദിച്ച് ക്ലാസ്സിലേക്ക് മടങ്ങിപ്പോയി.

രംഗനാഥന്‍ ക്ലാസ്സ് ലീഡറായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. അവന്‍ ഇപ്പോള്‍ പഴയ കൂട്ടുകെട്ടില്‍ ഉള്‍പ്പെടാറില്ല. സംശയങ്ങള്‍ അദ്ധ്യാപകരോടും ക്ലാസ്സിലെ മറ്റു കുട്ടികളോടും ചോദിച്ചു നിവൃത്തി വരുത്തുന്നു. അവധി ദിവസങ്ങളില്‍ ജനോപകാരപ്രദമായ എന്തെങ്കിലും പ്രവൃത്തികളില്‍ ഭാഗഭാക്കാകുന്നു.

ഉച്ചഭക്ഷണത്തിനുള്ള ഇടവേളയില്‍ ഉണ്ണികൃഷ്ണന്‍ മാഷാണു ചര്‍ച്ചയ്ക്കു തുടക്കമിട്ടത്.

“മഴക്കാലം തുടങ്ങി. ഇനി ദിവസം ചെല്ലുന്തോറും അതങ്ങ്ട് ശക്തമാകും. ഇവിടത്തെ കുട്ടികള്‍ക്കുവേണ്ടി നമുക്കെന്തെങ്കിലും ചെയ്യണ്ടേ?”

“വേണം… വേണം മാഷേ” – ഉണ്ണികൃഷ്ണന്‍ മാഷിന്‍റെ അഭിപ്രായത്തോടു സഹാദ്ധ്യാപകര്‍ പിന്തുണ പ്രഖ്യാപിച്ചു.

കഴിഞ്ഞ അദ്ധ്യയനവര്‍ഷത്തിനിടയിലാണ് ഉണ്ണികൃഷ്ണന്‍ മാഷ് സ്ഥലംമാറ്റമായി വന്നത്. മലപ്പുറത്തുള്ള ഒരു സ്കൂളിലായിരുന്നു മാഷ് കഴിഞ്ഞ അഞ്ചു വര്‍ഷം. തൊട്ടടുത്ത ദിവസം മുതല്‍, കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ ഭക്ഷ്യവസ്തുക്കളും മറ്റും എത്തിച്ചുകൊടുക്കുവാന്‍ ഉണ്ണികൃഷ്ണന്‍ മാഷിന്‍റെ നേതൃത്വത്തില്‍ സന്നദ്ധപ്രവര്‍ത്തകര്‍ കര്‍മനിരതരായി. മുനിയപ്പന്‍റെ തകര്‍ന്നുവീണ കുടില്‍ അവര്‍ കെട്ടിക്കൊടുത്തു. കുഞ്ഞേപ്പുചേട്ടന്‍റെ ഇളയ മകനെയഥാസമയം പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ചു ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവന്നു. എല്ലാക്കാര്യത്തിലും തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ തൊട്ടടുത്തുള്ള പള്ളിയിലെ ഫാ. ഡാനിയേലും അവര്‍ക്കൊപ്പമുണ്ടായിരുന്നു.

(തുടരും)

Leave a Comment

*
*