Latest News
|^| Home -> Novel -> Childrens Novel -> പീലിക്കണ്ണുകൾ – 15

പീലിക്കണ്ണുകൾ – 15

Sathyadeepam

കാവ്യദാസ് ചേര്‍ത്തല

എംബിബിഎസ്സും എംഡിയും കഴിഞ്ഞു നഗരത്തിലെ തിരക്കേറിയ ആശുപത്രിയില്‍ സേവനം ചെയ്യുന്ന കാലത്താണു കര്‍ത്താവിന്‍റെ മുന്തിരിത്തോട്ടത്തില്‍ വേല ചെയ്യണമെന്ന ആഗ്രഹം ഡോ. ഡാനിയേലിന്‍റെ മനസ്സില്‍ ഇടംപിടിച്ചത്. പിന്നെ ഒന്നും ആലോചിച്ചില്ല. നേരെ വീട്ടിലേയ്ക്ക്. ബുദ്ധിശൂന്യതയെന്നു പറഞ്ഞു ബന്ധുക്കളും സുഹൃത്തുക്കളും കുറ്റപ്പെടുത്തിയപ്പോഴും മാറോടു ചേര്‍ത്തുപിടിക്കാന്‍ രണ്ടു പേരുണ്ടായിരുന്നു – അപ്പച്ചനും അമ്മച്ചിയും. ദൈവസ്നേഹാനുഭവത്തിന്‍റെ സെമിനാരി ജീവിതനാളുകള്‍ക്കൊടുവില്‍ ഒരു ജനുവരി മാസം 10-ാം തീയതി ആയിരക്കണക്കിന് അധരങ്ങളില്‍ നിന്നുതിര്‍ന്ന പ്രാര്‍ത്ഥനകള്‍ക്കു നടുവില്‍ അഭിവന്ദ്യ മെത്രാന്‍ തിരുമനസ്സിന്‍റെ കൈവയ്പുവഴി തിരുസ്സഭാകുടുംബത്തിലേക്ക് ഒരു അജപാലകന്‍കൂടി കടന്നുവന്നു – ഫാ. ഡാനിയേല്‍.

സമര്‍പ്പിതജീവിതത്തിന്‍റെ ഒരു ദശകം പിന്നിടുമ്പോള്‍ ഈ മലയോരഗ്രാമത്തിന്‍റെ സങ്കടങ്ങള്‍ പകുത്തെടുക്കുവാന്‍, സാന്ത്വനമരുളുവാന്‍ നിയോഗം ലഭിച്ചതു ഡാനിയേല്‍ അച്ചനാണ്.

“അച്ചോ, സൂക്ഷിക്കണേ പാമ്പും അട്ടേമൊക്കെയുള്ള വഴിയാണേ” – കപ്യാര്‍ തൊമ്മിച്ചേട്ടന്‍ ഓര്‍മിപ്പിച്ചു. ഇടവകസന്ദര്‍ശനത്തിനിറങ്ങിയ അച്ചനൊപ്പം നടന്നെത്താന്‍ തൊമ്മിച്ചേട്ടന്‍ നന്നേ പാടുപെട്ടു.

“എവിടെനിന്നാ തൊമ്മിച്ചേട്ടാ, ആ ക്ലാര്‍നെറ്റിന്‍റെ ശബ്ദം കേള്‍ക്കുന്നത്?” – അച്ചന്‍ ചുറ്റുപാടും നിരീക്ഷിക്കുകയായിരുന്നു.

“ഓ അതോ, അതു നമ്മുടെ പീലിപ്പോസ് ആശാനാ. നാട്ടിലെമ്പാടും നാസിക്ഡോല് വന്നേപ്പിന്നെ ആശാനു പരിപാടി കുറവാ. എങ്കിലും പാവം പ്രാക്ടീസ് മുടക്കാറില്ല.”

“വരുമാനത്തിനു വേറെ എന്തെങ്കിലും?”

“ആശാനു വല്യ ഭാവമൊന്നും ഇല്ലച്ചോ. എന്തു പണീം ചെയ്യും. അഹമ്മദുകുട്ടി മൊതലാളീടെ കൂടെ മരംവെട്ടാനോ ലൂക്കോച്ചന്‍ മൊതലാളീടെ റബര്‍ത്തോട്ടത്തില്‍ ടാപ്പിംഗിനു പോകാനോ ആശാനൊരു മടിയുമില്ല. ആരോടും അങ്ങേര് കണക്കു പറഞ്ഞു ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ പലരും പാവത്തിനെ പറ്റിക്കാറുണ്ട്.”

“ആശാനു മക്കളെത്ര പേരാ?”

“മൂന്നു പേരാ അച്ചോ; രണ്ടാണും ഒരു പെണ്ണും. പെണ്ണിനെ കെട്ടിച്ചുവിട്ടു. ആണ്‍പിള്ളേരു രണ്ടുപേരും ഗള്‍ഫിലാ. നല്ല കുഞ്ഞുങ്ങളാണേ.”

വീട്ടുപടിക്കല്‍ അച്ചനെ കണ്ടപ്പോള്‍ വായിച്ചുകൊണ്ടിരുന്ന ക്ലാര്‍നെറ്റ് ചാരുകസേരയിലേയ്ക്കിട്ട് പീലിപ്പോസ് ആശാന് കൈകള്‍ കൂപ്പി സ്തുതി ചൊല്ലി.

“ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ, അച്ചോ.”

“ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ.”

“സൗകര്യങ്ങള് ഇത്തിരി കുറവാ അച്ചോ. ഞാന്‍ രണ്ടു കസേര പുറത്തേയ്ക്കിടാം.”

അച്ചന്‍ ശ്രദ്ധിച്ചു. ആ വീടു ജീര്‍ണാവസ്ഥയിലാണ്. അവിടവിടെയായി വിള്ളലുകള്‍ വീണ ചുമരുകള്‍. ആ പറമ്പില്‍ തന്നെ സാമാന്യം തരക്കേടില്ലാത്ത ഒരു അടിത്തറ പണിതിട്ടിരിക്കുന്നു. ഒരു സ്വപ്നഭവനത്തിലേക്കുള്ള ആദ്യചുവടുവയ്പ്.

“ഒക്കേം കുഞ്ഞുങ്ങളുടെ വിയര്‍പ്പിന്‍റെ ഫലമാ അച്ചോ. ഇനിയത്തെ വരവിനു വീടുപണി തീര്‍ക്കുമെന്നും പറഞ്ഞാ രണ്ടു പേരും പോയിരിക്കുന്നത്. എല്ലാം കര്‍ത്താവിന്‍റെ കൃപ; അച്ചന്‍ പ്രാര്‍ത്ഥിക്കണേ.”

“തീര്‍ച്ചയായും ആശാനേ. അല്ല, ആശാനിവിടെ ഒറ്റയ്ക്കാണോ?”

“അല്ലച്ചോ, കെട്ടിയോളും ഉണ്ടേ. അവള് ഒരാഴ്ചത്തേയ്ക്കു മകളുടെ അടുത്ത് പോയിരിക്കുവാ.”

“അപ്പോ ആഹാരകാര്യങ്ങള്?”

“അതൊന്നും കൊഴപ്പമില്ല അച്ചോ. ഞാന്‍ നന്നേ ചെറുപ്പത്തില്‍ ഒരച്ചന്‍റെ കൂടെ കുശിനിക്കാരനായി പോയിട്ടുണ്ട്. ഒരുവിധപ്പെട്ട പാചകമൊക്കെ എനിക്കറിയാന്നേ.” അച്ചന്‍ ഇത്തിരി നേരം ഇരിക്കാന്നു വച്ചാല്‍ രണ്ടു പേര്‍ക്കും നല്ല ഒന്നാന്തരം കാപ്പിയിട്ടു തരാം.”

ങ്ഹാ, കൊള്ളാല്ലോ. തൊമ്മിച്ചേട്ടാ, ഈ ആശാന്‍റെ നളപാചകം നമുക്കൊന്നു പരീക്ഷിച്ചറിയണമല്ലോ.”

തൊമ്മിച്ചിട്ടേന്‍ അനുഭാവപൂര്‍വമായി പുഞ്ചിരിച്ചു.

മതിലുകള്‍ക്കുള്ളില്‍ സ്നേഹം തളച്ചിടുന്ന നഗരങ്ങളേക്കാള്‍ എത്രയോ വിശുദ്ധമാണ് ഈ നാട്ടിന്‍ പുറം. പണ്ടെങ്ങോ ഉരുവിട്ടു പഠിച്ച ഈരടികള്‍ അച്ചന്‍റെ മനസ്സില്‍ അനുരണനം ചെയ്തു.

“നാട്യപ്രധാനം നഗരം ദരിദ്രം

നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം.”

പ്രാര്‍ത്ഥനയോടെ ആ ഭവനത്തിന്‍റെ പടികളിറങ്ങുമ്പോള്‍ ക പ്യാര്‍ തൊമ്മിച്ചേട്ടന്‍റെ കൈവശമുള്ള കാലന്‍കുട നിവര്‍ത്തിപ്പിടിച്ചു.

“ഈ കുടയിലോട്ട് കേറച്ചോ. തല പൊട്ടിപ്പൊകുന്ന വെയിലാ. വെയിലും മഴേം മാറിമറി മനുഷ്യരെ കൊല്ലാക്കൊല ചെയ്യുവല്യോ.”

*************

പുതിയ അദ്ധ്യയനവര്‍ഷത്തിലെ ആദ്യഅവധിദിനം.

“ശശാങ്കാ, ഗോപിക്കുട്ടാ എഴുന്നേല്‍ക്കെടാ മടിയന്മാരേ. ഇന്നു നമുക്ക് അമ്പലത്തില്‍ പോകണ്ടേ?”

പുലര്‍കാല വെട്ടം വീഴുംമുമ്പേ രാജമല്ലി ഒരുങ്ങിക്കഴിഞ്ഞു. നാട്ടിലായിരുന്നപ്പോള്‍ ഒരു ദിവസംപോലും ക്ഷേത്രദര്‍ശനം മുടക്കിയിട്ടില്ല. വന്നുവന്ന് അതിപ്പോള്‍ അവധിദിവസങ്ങളില്‍ മാത്രമായിരിക്കുന്നു. “ഈശ്വരാ പൊറുക്കണേ” – രാജമല്ലി കൈകള്‍ ക്ഷമായാചനരൂപത്തില്‍ കാതോടു ചേര്‍ത്തു. ഗോപിക്കുട്ടന്‍ പെട്ടെന്നുതന്നെ റെഡിയായി. തല നന്നായി തോര്‍ത്താതിരുന്നതിനാല്‍ അവന്‍ കൂടക്കൂടെ തുമ്മുന്നുണ്ടായിരുനനു.

“ഇങ്ങ് വാ കുട്ടാ. തലയില്‍ വെള്ളം നിന്നാല്‍ പനി പിടിക്കും” – രാജമല്ലി അവന്‍റെ തല തോര്‍ത്തി നിറുകയില്‍ രാസ്നാദി പൊടി വച്ചുകൊടുത്തു.

“ഇനി പനീണ്ടാവില്ല കേട്ടോ.”

അവന്‍ തലയാട്ടി.

ശശാങ്കനെ വിളിച്ചുവെങ്കിലും അവന്‍ പിന്നെയും തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണു ചെയ്തത്.

രാജമല്ലി അവനെ പിന്നെ നിര്‍ബന്ധിച്ചില്ല.

പാവം കുട്ടി! പാറമടയിലെ ജോലി അവനെ വല്ലാതെ തളര്‍ത്തിക്കളയുന്നു. പണിക്കു പോവണ്ടായെന്ന് എത്രയോ വട്ടം രാജമല്ലി പറഞ്ഞതാണ്. അപ്പോഴൊക്കെ അവന്‍ പുഞ്ചിരിക്കും, അതൊന്നും സാരമില്ലെന്ന മട്ടില്‍. ജീവിതത്തിലെ ചില സന്ദര്‍ഭങ്ങള്‍ അഥവാ സാഹചര്യങ്ങള്‍ കര്‍മ്മകാണ്ഡങ്ങളില്‍ നമ്മെ തളച്ചിടുന്നു.

വാതില്‍ ചാരി മുടിത്തുമ്പില്‍ തുളസിക്കതിരണിഞ്ഞു ഗോപിക്കുട്ടന്‍റെ കയ്യും പിടിച്ചു രാജമല്ലി നടന്നു. ക്ഷേത്രത്തിലേയ്ക്കു ദൂരമിത്തിരിയുണ്ട്. മഴത്തുള്ളികളുടെ സ്പര്‍ശമുള്ള ഇളംകാറ്റില്‍ മതിമറന്നു പാടുന്ന പക്ഷികള്‍. ക്ഷേത്രത്തിലേക്കു തിരിയുന്ന ചെമ്മണ്‍ പാതയില്‍ ഉണ്ണികൃഷ്ണന്‍ മാഷിനെ കണ്ടു.

“മാഷിതെവിടേയ്ക്കാ രാവിലെ?”

“കളക്ടറെ കണ്ട് ഒന്നുരണ്ടു നിവേദനങ്ങള്‍ കൊടുക്കാനുണ്ട്. നമ്മുടെ നാടിന്‍റെ പൊതുആവശ്യങ്ങളാ ടീച്ചറേ. ഇപ്പോഴത്തെ കളക്ടര്‍ എന്‍റെ ഒരു സുഹൃത്തുകൂടിയാ.”

“നേരോ?”

“ഉം.”

“ങ്ഹാ. പിന്നെ മറ്റൊരു പ്രധാനപ്പെട്ട കാര്യം.”

“എന്താ മാഷേ?”

അപ്പോഴേക്കും ബസ് വന്നു. ആദ്യത്തെ ട്രിപ്പാണ്. ബസ്സില്‍ നല്ല തിക്കും തിരക്കുമുണ്ട്. ഇനി അടുത്ത ബസ് രണ്ടു മണിക്കൂര്‍ കഴിഞ്ഞേയുള്ളൂ.

“അല്ലെങ്കില്‍ വേണ്ട; അതൊരു സസ്പെന്‍സായിരിക്കട്ടെ. വീട്ടിലെത്തുമ്പോള്‍ ടീച്ചറിന് മനസ്സിലാകും.”

മാഷ് ബസ്സില്‍ കയറി. പതിവു പുഞ്ചിരി മടക്കി നല്കി ഗോപിക്കുട്ടന്‍റെ കയ്യും പിടിച്ചു രാജമല്ലി ക്ഷേത്രത്തിലേക്കു നടന്നു.

(തുടരും)

Leave a Comment

*
*