Latest News
|^| Home -> Novel -> Childrens Novel -> പീലിക്കണ്ണുകൾ – 16

പീലിക്കണ്ണുകൾ – 16

Sathyadeepam

കാവ്യദാസ് ചേര്‍ത്തല

“ആഹാ, ഇതാരൊക്കെയാ വന്നിരിക്കുന്നത്?” – രാജമല്ലിയുടെ മനസ്സില്‍ അത്ഭുതാഹ്ലാദങ്ങളുടെ ആയിരം പീലിക്കണ്ണുകള്‍ വിടര്‍ന്നു.

അച്ഛന്‍, അമ്മ, കുഞ്ഞേച്ചി ഹേമലത, ഭര്‍ത്താവ് സുമോദേട്ടന്‍, അവരുടെ കൈക്കുഞ്ഞ് വാവക്കുട്ടന്‍.

“നിനക്കു സുഖാണോ രാജീ. ഈ നാട്ടില് വന്നേല്‍പ്പിന്നെ എന്‍റെ കുഞ്ഞ് ആകെ ചടച്ചുപോയി” – അമ്മ രാജമല്ലിയെ ആശ്ലേഷിച്ചു.

“ഒന്നു പോ അമ്മേ. അവളിപ്പോ മുമ്പത്തേതിലും സുന്ദരിയായിട്ടുണ്ട്. അമ്മയുടെ കണ്ണൊന്ന് ഉടന്‍ ടെസ്റ്റ് ചെയ്യണം.”

“ദേ ഹേമേ, കല്യാണം കഴിഞ്ഞൂന്നും ഒരു കുട്ടീണ്ടെന്നും ഞാന്‍ നോക്കൂല്ല കേട്ടോ. നല്ല കിഴുക്ക് വച്ചു തരും. അമ്പടീ അവള് പറേന്ന കേട്ടോ. വല്യ തമാശക്കാരി. പത്തു മുതല്‍ അഞ്ചുവരെ ഫാനിന്‍റെ കീഴിലിരുന്ന് ഫയല്‍ നോക്കുന്ന നിനക്ക് ഈ മലമൂട്ടില്‍ കുഞ്ഞുങ്ങളോട് വായിട്ടലയ്ക്കുന്ന എന്‍റെ കൊച്ചിന്‍റെ കഷ്ടപ്പാട് അറിയ്വോ?”

“ഈ പെണ്ണുങ്ങളെക്കൊണ്ടു തോറ്റല്ലോ ഈശ്വരാ. എടാ മോനേ സുമോദേ നമുക്കിവിടെയൊക്കെ ഒന്നു ചുറ്റിയിട്ടു വരാം.”

അച്ഛനു സുമോദേട്ടനെ ജീവനാണ്.

“കുഞ്ഞിനെ ഇങ്ങ് താ ഏട്ടാ” – രാജമല്ലി വാവക്കുട്ടനെ എടുക്കാന്‍ കൈ നീട്ടി.

സുഖനിദ്രയ്ക്കു തടസ്സം വന്ന കുഞ്ഞു കണ്ണു മിഴിച്ചു. പിന്നെ ചിണുങ്ങിക്കരയാന്‍ തുടങ്ങി.

“അച്ചോടാ, കരയല്ലേ… കുഞ്ഞാന്‍റീടെ ചക്കരമുത്തല്ലേ?”

രാജമല്ലി വാവക്കുട്ടന്‍റെ കരച്ചിലടക്കാന്‍ പാടുപെടുന്നതു കണ്ടു ശശാങ്കുനുള്‍പ്പെടെ എല്ലാവരും പൊട്ടിച്ചിരിച്ചു പോയി.

“മോനേ, ദേ പമ്പരം… ഇങ്ങോട്ടു നോക്കിയേ.” ഗോപിക്കുട്ടന്‍റെ കയ്യിലെ കറങ്ങുന്ന വര്‍ണക്കമ്പി കണ്ടു കുഞ്ഞു കരച്ചില്‍ നിര്‍ത്തി… പിന്നെ സാവധാനം പല്ലില്ലാത്ത മോണകാട്ടി ചിരിക്കാന്‍ തുടങ്ങി.

“അച്ഛാ, ഇതു ഗോപിക്കുട്ടന്‍, ഇതു ശശാങ്കന്‍”- രാജമല്ലി ഓരോരുത്തരെയായി പരിചയപ്പെടുത്തി.

“നേരില്‍ കണ്ടില്ലെന്നേയുള്ളൂ; മോള് ഫോണ്‍ ചെയ്യുമ്പോഴൊക്കെ ഇവരെക്കുറിച്ചു പറയാറുണ്ടല്ലോ. പാവം കുഞ്ഞുങ്ങള്‍! രാജിമോളേ, ഈശ്വരനാ നിന്നെ ഇവിടെ എത്തിച്ചത്”- അച്ഛന്‍റെ വാക്കുകളില്‍ ആശ്വാസത്തിന്‍റെ പുതിയ ആകാശം പ്രകടമാകുന്നു.

“എന്‍റെ നരേന്ദന്‍റെ മക്കളാ… ഇങ്ങട് വാ മക്കളേ; നിങ്ങടെ വല്യമ്മായിയാ ഞാന്‍… അറിയ്വോ?” – ശശാങ്കനെയും ഗോപിക്കുട്ടനെയും മാറോടു ചേര്‍ത്ത് അമ്മ ഏങ്ങലടിച്ചു കരഞ്ഞു.

“എല്ലാവരും അതിരാവിലെ പുറപ്പെട്ടതല്ലേ. ഇരിക്ക്, ഞാന്‍ കാപ്പിയെടുക്കാം” – രാജമല്ലി കുഞ്ഞിനെ ഹേമയെ ഏല്പിച്ച് അടുക്കളയിലേക്കു നടന്നു. ഹേമയും അമ്മയും അവളെ പിന്തുടര്‍ന്നു.

“ഞങ്ങള് വരുമെന്ന കാര്യം ആരെങ്കിലും പറഞ്ഞിരുന്നോ മോളേ” – അച്ഛന്‍റെ ചേദ്യം രാജമല്ലിയെ തെല്ലൊന്ന് പരിഭ്രമിപ്പിച്ചു. ‘സസ്പെന്‍സി’ന്‍റെ കാര്യം ഇപ്പോഴാണ് അവള്‍ക്കോര്‍മ വരുന്നത്.

“അത്… അച്ഛാ…”

“ഉവ്വ്… ഒക്കേം ഉണ്ണികൃഷ്ണന്‍ എന്നോടു ഫോണില്‍ സംസാരിച്ചിരുന്നു. എന്‍റെ ഒരു പരിചയക്കാരന്‍ വഴി ഞാനയാളെക്കുറിച്ച് അന്വേഷിക്കേം ചെയ്തിരുന്നു. നല്ലോനാ മോളേ. ഉണ്ണി ജാതകോം അയച്ചു തന്നിരുന്നു. പൊരുത്തങ്ങളെല്ലാം ഉത്തമമാ. ഈശ്വരേച്ഛ ഇങ്ങനെയാച്ചാല്‍ നടക്കട്ടെ” – ഒന്നു നിര്‍ത്തിയിട്ട് അച്ഛന്‍ തുടര്‍ന്നു:

“ഞങ്ങളിന്നുതന്നെ മടങ്ങും. പോകുംവഴി നമുക്ക് ആ വൈദ്യമഠത്തിലും ഒന്നു കേറണം. നരേന്ദ്രന്‍റെ അവസ്ഥ കേട്ടറിഞ്ഞപ്പോള്‍ അവനെ അന്നുതന്നെ കാണണമെന്നു വിചാരിച്ചതാ. പക്ഷേ, വൈദ്യമഠത്തിലെ കര്‍ശനനിയമങ്ങള്‍ പാലിക്കണോല്ലോ എന്നു വിചാരിച്ചാ ഇത്രേം വൈകിയത്. കഴിഞ്ഞ ദിവസം ഉണ്ണി വിളിച്ചപ്പോഴാ നരേന്ദ്രന് ഇന്നു വൈകുന്നേരത്തോടെ വൈദ്യമഠത്തില്‍ നിന്നു പോരാമെന്നറിഞ്ഞത്. കളക്ടറെ കണ്ട് ഉച്ചയോടെ ഉണ്ണി വരും. നമുക്കെല്ലാവര്‍ക്കുംകൂടി ചെന്നു നരേന്ദ്രനെ കൂട്ടിക്കൊണ്ടു വരാമെന്നാ അയാള് പറഞ്ഞത്.”

ഉച്ചയൂണ് കഴിഞ്ഞ് എല്ലാവരും വിശ്രമിക്കുകയാണ്.

“ദേ, ഉണ്ണികൃഷ്ണന്‍ മാഷ്” – കയ്യാലയുടെ നേര്‍ക്കു വിരല്‍ചൂണ്ടി ഗോപിക്കുട്ടന്‍ വിളിച്ചു പറഞ്ഞു.

എല്ലാവരും സന്തോഷത്തോടെ മാഷിനെ സ്വീകരിച്ചു.

“ഉണ്ണികൃഷ്ണനോട് അല്ല ഉണ്ണിയോട് എനിക്കൊരു കാര്യം പറയാനുണ്ട്. പെണ്ണു കാണല്‍ ചടങ്ങും താലികെട്ടും ഞങ്ങളുടെ തറവാട്ടില്‍ വച്ചാവണം. എന്താ വിരോധം ഉണ്ടോ?”

അസൗകര്യം ഇല്ലാച്ചാല് അടുത്തയാഴ്ച വീട്ടിലുള്ളോരേം കൂട്ടി അങ്ങട്ട് പോരൂ.”

ഉണ്ണികൃഷ്ണന്‍ മാഷിന്‍റെ മുഖം മങ്ങി. ഏതോ ഒരു വിഷാദരേഖ ആ കണ്ണുകളിലെ തിളക്കം തെല്ലു കുറച്ചതുപോലെ.”

“എനിക്കു സ്വന്തമെന്നു പറയാന്‍ ഇപ്പോഴാരുമില്ല. ഒരിക്കല്‍… ഒരിക്കല്‍ എനിക്ക് എല്ലാരും ഉണ്ടായിരുന്നു. അച്ഛന്‍, അമ്മ, ഇളയ സഹോദരനും സഹോദരിയും. എന്‍റെ ടീച്ചേഴ്സ് ട്രെയിനിംഗ് പരീക്ഷയുടെ അവസാന ദിവസമാണ് അതു സംഭവിച്ചത്. വീട്ടിലെത്തിയ എന്നെ കാത്തിരുന്നത് ഒരു ദുരന്തവാര്‍ത്തയായിരുന്നു. കുരുതിക്കുളം ഹെയര്‍പിന്‍ വളവില്‍വച്ച് അവര്‍ സ ഞ്ചരിച്ചിരുന്ന ബസ്സ് കൊക്കയിലേക്കു മറിഞ്ഞ്….” – മാഷിനു തന്‍റെ വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.

“ഉണ്ണ്യേ, നിന്നെ ഞാന്‍ വല്ലാണ്ടു വേദനിപ്പീച്ചൂന്ന് തോന്നുന്നു. എനിക്കൊന്നുമറിയില്ലായിരുന്നു. കനലിന്‍റെ പൊറത്ത് ചവിട്ടി നടക്കുമ്പോഴും ഉള്ളുതുറന്നു ചിരിക്കുവാന്‍ നിനക്ക് എങ്ങനെ കഴിഞ്ഞു കുട്ട്യേ?”

രാജമല്ലിയുടെ അച്ഛന്‍ അനന്തനാരായണന്‍ ഉണ്ണികൃഷ്ണന്‍ മാഷിനെ ആശ്വസിപ്പിക്കുവാന്‍ ശ്രമിക്കുകയായിരുന്നു.

കീടനാശിനികളുടെ സ്പര്‍ശമേല്‍ക്കാത്ത പഴവര്‍ഗങ്ങള്‍ നല്കി വൈദ്യമഠം ആഗതര്‍ക്കു സ്വാഗതമരുളി.

“നരാ, എന്‍റെ കുട്ട്യേ, നിന്നെ ഈ ജന്മത്തില് കാണാന്‍ കഴിയൂന്ന് നിരീച്ചതല്ല” – കുഞ്ഞമ്മാവനെ കണ്ടു രാജമല്ലിയുടെ അമ്മ മല്ലികയുടെ തൊണ്ടിയിടറിപ്പോയി.

“ഞാന്‍ തിരിച്ചുവന്നില്ലേ ഓപ്പോളേ. ഇത് എന്‍റെ രണ്ടാം ജന്മാ.”

വൈദ്യരുടെ പാദങ്ങളില്‍ നമസ്കരിച്ചു കുഞ്ഞമ്മാവന്‍ യാത്ര ചോദിച്ചു.

“നന്നായി വരും. ശിഷ്ടകാലം സന്തോഷമായി കഴിയുക. വൈദ്യരുടെ അനുഗ്രഹത്തിനു മുന്നില്‍ എല്ലാവരും നമ്രശിരസ്കരായി.

********

സ്കൂളില്‍ ഒരു തൊഴില്‍ പരിശീലനകേന്ദ്രം തുടങ്ങണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചത് ഉണ്ണികൃഷ്ണന്‍ മാഷായിരുന്നു. സ്റ്റാഫ് കൗണ്‍സിലും പിടിഎയും അതിനു പരിപൂര്‍ണ പിന്തുണ നല്കി. സര്‍ ക്കാരില്‍ നിന്നുള്ള അനുമതിയും ഗ്രാന്‍റും വാങ്ങിക്കൊടുത്തത് സ്ഥലം എംഎല്‍എ ആയിരുന്നു.

അങ്ങനെ ജൂണ്‍മാസം 20-ാം തീയതി നിര്‍ദ്ധനരായ ഒരുപറ്റം രക്ഷിതാക്കളുടെയും സമര്‍പ്പിതരായ അദ്ധ്യാപകരുടെയും നിഷ്കളങ്കരായ വിദ്യാര്‍ത്ഥികളുടെയും ഇച്ഛാശക്തിയെ സാക്ഷിനിര്‍ത്തി ആ തൊഴില്‍ പരിശീലനകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. ഈറ്റകൊണ്ടുള്ള കരകൗശലവസ്തുക്കള്‍, പ്ലാസ്റ്റര്‍ ഓഫ് പാരീസും കളിമണ്ണുമൊക്കെകൊണ്ടുള്ള പ്രതിമകള്‍, തയ്യല്‍, അലങ്കാരത്തുന്നല്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ കുട്ടികള്‍ക്കു പരിശീലനം നല്കുന്നതിനു മേല്പറഞ്ഞ വിഷയങ്ങളില്‍ വാസനയുള്ള അദ്ധ്യാപകരെ തെരഞ്ഞെടുത്ത് അവര്‍ക്കു ജില്ലാതലത്തില്‍ പരിശീലനം നല്കി. എംബ്രോയ്ഡറി വിഭാഗത്തിന്‍റെ ചുമതല രാജമല്ലി ടീച്ചറിനായിരുന്നു. പൂക്കളും താജ്മഹലും എന്നുവേണ്ട വിവിധ വിഷയങ്ങള്‍ രാജമല്ലി വസ്ത്രങ്ങളില്‍ തുന്നിപ്പിടിപ്പിച്ചു. ഓരോ ദിവസവും ക്രാഫ്റ്റ് പീരിയഡ് കുട്ടികളുടെ നടുവില്‍ അവരുടെ പ്രിയപ്പെട്ട രാജമല്ലിടീച്ചര്‍ കലാസൃഷ്ടി തുടര്‍ന്നുകൊണ്ടേയിരുന്നു. അമ്പിളിയും സീതയും ടീച്ചറുടെ വിളിപ്പുറത്തുണ്ടായിരുന്നു. കാരണം ആ ഗുരുനാഥയെ അവര്‍ പ്രാണവായുവിനേക്കാളേറെ സ്നേഹിക്കുന്നു.

(തുടരും)

Leave a Comment

*
*