പീലിക്കണ്ണുകൾ – 17

പീലിക്കണ്ണുകൾ – 17

കാവ്യദാസ് ചേര്‍ത്തല

"ഒന്നു വേഗമാകട്ടെ മോളേ, വൈകിയാല്‍ വണ്ടി കിട്ടില്ല."

വര്‍ഷങ്ങള്‍ക്കുശേഷം തറവാട്ടിലേക്കുള്ള മടക്കയാത്രയെക്കുറിച്ചോര്‍ക്കുമ്പോള്‍ കുഞ്ഞമ്മാവന് എന്തെന്നില്ലാത്ത തിടുക്കം.

"ഈ കുഞ്ഞമ്മാവന്‍റെ ഒരു കാര്യം. നേരമാകുന്നതേയുള്ളൂ അമ്മാവാ. ബസ്സ് ആറരയ്ക്കല്ലേ?"

കുഞ്ഞമ്മാവന്‍ അതിരാവിലെ ഒരുങ്ങിക്കഴിഞ്ഞു. അച്ഛന്‍റെ നാട്ടിലേയ്ക്കു പോവുകയാണ് എന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ ശശാങ്കനും ഗോപിക്കുട്ടനും ഊണും ഉറക്കവുമില്ല. ആ മലയോരഗ്രാമത്തിന്‍റെ അതിര്‍ത്തികള്‍ക്കപ്പുറമുള്ള ഒരു ലോകത്തെക്കുറിച്ച് അവരുടെ ഹൃദയങ്ങള്‍ സ്വപ്നം കാണാന്‍ തുടങ്ങിയിരിക്കുന്നു. മൂടല്‍ മഞ്ഞിനിടയിലൂടെ ഒരു പുത്തന്‍ ആനവണ്ടി അവര്‍ക്കരികില്‍ വന്നുനിന്നു കിതച്ചു. ആ നാല്‍വര്‍സംഘത്തിനുകൂടി ഇടം നല്കി പ്രഭാതത്തിന്‍റെ പ്രശാന്തതയിലേക്കു കറുത്ത പുക വിക്ഷേപിച്ചു ശകടം മുന്നോട്ടു നീങ്ങി. ഇരുവശത്തേയ്ക്കും തെന്നിക്കടന്നു പോകുന്ന മരക്കൂട്ടങ്ങള്‍. തണുപ്പു സഹിക്കാനാവാതെ കുഞ്ഞമ്മാവന്‍ ഒരു മഫ്ളര്‍ കൊണ്ടു തല മൂടി.

ഇരുവശത്തുമിരിക്കുന്ന ശശാങ്കനെയും ഗോപിക്കുട്ടനെയും രാജമല്ലി ചേര്‍ത്തുപിടിച്ചു. പാവം കുഞ്ഞുങ്ങള്‍!! യാതനകളുടെ കൊടുംചൂടില്‍ വാടിപ്പോയ ഈ മുഖങ്ങളില്‍ ഇനിയെങ്കിലും പുഞ്ചിരി വിരിയട്ടെ. അഞ്ചു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ യാത്രയ്ക്കൊടുവില്‍, അറ്റുപോയ ബന്ധത്തിന്‍റെ കണ്ണികള്‍ വിളക്കിച്ചേര്‍ക്കപ്പെടും. ഹെയര്‍പിന്‍ വളവുകള്‍ അനായാസം പിന്നിട്ടു കുതിച്ചുപായുകയാണു ബസ്. ഇടയ്ക്കെപ്പോഴോ ഒരു സഡന്‍ ബ്രേക്കിംഗ്.

"അയ്യോ, എന്‍റെ തല…"

"നടുവൊടിഞ്ഞേ."

"ഒന്നു പതുക്കെപ്പോടോ. ഞങ്ങളെ കൊല്ലാന്‍ കൊണ്ടുപോകാണോ?"

യാത്രക്കാരുടെ പ്രതികരണങ്ങള്‍ കേട്ട് ഡ്രൈവര്‍ പിന്നിലേക്കു നോക്കി ഒന്നു ചിരിച്ചു.

"ക്ഷമിക്കണം; ഒരു സ്കൂട്ടര്‍കാരന്‍ വട്ടം ചാടിയതാ."

ബസ്സ് ചേര്‍ത്തലയിലെത്തുമ്പോള്‍ യാത്രാക്ഷീണം കൊണ്ടു ശശാങ്കനും ഗോപിക്കുട്ടനും ഉറങ്ങിപ്പോയിരുന്നു.

"കുട്ട്യോളേ, എഴുന്നേല്ക്ക്. നമുക്കിറങ്ങണ്ടേ?"- രാജമല്ലി ഇരുവരെയും വിളിച്ചുണര്‍ത്തി.

വെയിലിനു ചൂടേറാന്‍ തുടങ്ങിയിരുന്നു. സൂര്യതാപമേറ്റ് ജനങ്ങള്‍ തളര്‍ന്നുവീഴുന്ന വാര്‍ത്ത ഇപ്പോള്‍ നിത്യസംഭവമായിരിക്കുന്നു.

ബസ്സ്സ്റ്റാന്‍ഡിലെ കാത്തുനില്പുപുരയില്‍ തേനീച്ചകളെപ്പോലെ അക്ഷമരായി നില്ക്കുന്ന സഞ്ചാരികള്‍. എണ്ണമില്ലാത്ത യാത്രകളില്‍ സ്വയം തളച്ചിടുന്ന മനുഷ്യജീവിതത്തിന്‍റെ പുറംമോടികളെക്കുറിച്ചോര്‍ത്തു രാജമല്ലി ഒരു നിമിഷം ചിന്താധീനയായി.

തറവാട്ടില്‍ അവരെക്കാത്ത് ബന്ധുക്കളും അയല്‍ക്കാരുമായി അനേകം പേര്‍ നില്ക്കുന്നുണ്ടായിരുന്നു. പതിനൊന്നാം മൈലില്‍ നിന്ന് ഇടവഴികളിലൂടെ മുരണ്ടു മുരണ്ട് ഓട്ടോറിക്ഷ അവിടെയെത്തുമ്പോള്‍ കുഞ്ഞമ്മാവന്‍ നന്നേ ക്ഷീണിതനായിരുന്നു. പഴയ കന്മതിലും പടിപ്പുരയും!

ഇനി ഒരിക്കലും… ഞാന്‍ മരിച്ചെന്നറിഞ്ഞാല്‍പ്പോലും നീ ഈ പടി ചവിട്ടരുത്…

ദശാബ്ദങ്ങള്‍ക്കപ്പുറം നിന്നെത്തുന്ന വാക്ശരങ്ങള്‍. അച്ഛാ മാപ്പ്… എല്ലാം തകര്‍ന്നു മരിച്ചുജീവിച്ചെത്തിയ ഈ മകനോടു പൊറുക്കുവാന്‍ അച്ഛനു കഴിയില്ലേ? വാക്കുകള്‍ തൊണ്ടയില്‍ തങ്ങിനില്ക്കുന്നു.

"നരേന്ദ്രാ, ഇങ്ങ് കേറിവാ മോനേ. എന്താ മടിച്ചുനില്ക്കണേ. ഇതു നിന്‍റെ വീടല്ലേ."

രാജമല്ലിയുടെ അമ്മ മുറ്റത്തേയ്ക്കിറങ്ങി വന്നു.

കുഞ്ഞമ്മാവനെ തിരിച്ചറിയാന്‍ പലര്‍ക്കും പെട്ടെന്നു കഴിഞ്ഞില്ല. അവരുടെ ഓര്‍മയിലെ നരേന്ദ്രന് ഒരുപാടു മാറ്റം വന്നിരിക്കുന്നു.

പൂമുഖത്തെ ചുവരില്‍ അച്ഛന്‍റെ ചിത്രം ചാണകം മെഴുകിയിരുന്ന തിണ്ണയില്‍ മസൃണശിലകളുടെ മാര്‍ദ്ദവം.

അകത്തെ മുറിയില്‍നിന്നും ഇഴപൊട്ടിയ സ്വരം ഒഴുകിയെത്തി.

"ആരാ… മോളേ അത്?"

സപ്രമഞ്ചക്കട്ടിലില്‍ അസ്ഥി മാത്രാവശേഷിയായ ഒരു രൂപം. ഉയര്‍ന്നുതാഴുന്ന നെഞ്ചിന്‍കൂട്, ജീവനുണ്ടെന്നതിന്‍റെ ഏക തെളിവാകുന്നു.

"രണ്ടുമൂന്നു ദെവസായി വലിവിത്തിരി കൂടുതലാ. കഴിഞ്ഞയാഴ്ച ഞങ്ങളൊന്നു ഭയന്നു; ഏട്ടന്‍റെ മകന്‍ മധുവാണ് അതു പറഞ്ഞത്.

അമ്മയുടെ കരങ്ങള്‍ ശോഷിച്ച് വിറകുകൊള്ളിപോലെയായിരിക്കുന്നു. ആ കരങ്ങളെ നെഞ്ചോടു ചേര്‍ത്ത് നരേന്ദ്രന്‍ പൊട്ടിക്കരഞ്ഞു. ഒരു കുട്ടിയെപ്പോലെ.

വൃദ്ധ മിഴിച്ചു നോക്കി. കാഴ്ച നശിച്ചുവെങ്കിലും അകക്കണ്ണുകള്‍ക്കു മകനെ തിരിച്ചറിയാന്‍ കഴിയുന്നു.

"ന്‍റെ നരനാ?"

"അതേമ്മേ."

"സൗദാമിനിയോട് ഇങ്ങടുത്തു വരാന്‍ പറയൂ."

ഒരു വട്ടമേ കണ്ടുള്ളൂവെങ്കിലും സൗദാമിനി അമ്മയുടെ മനസ്സില്‍ ഇടം പിടിച്ചിരുന്നു.

"മക്കളേ, അച്ഛമ്മേടെ കാല്‍ തൊട്ട് വന്ദിക്ക്" – നരേന്ദ്രന്‍ മക്കളെ അടുത്തേയ്ക്കു വിളിച്ചു.

മറവിയുടെ കയ്യൊപ്പുള്ള വാര്‍ദ്ധക്യമേ നീയൊരനുഗ്രഹമാകുന്നു.

സൗദാമിനിയുടെ കാര്യം അമ്മ മറന്നുപോയിരിക്കുന്നു. അവളുടെ വേര്‍പാടറിയിച്ച് അമ്മയെ ഇനിയും കണ്ണീരു കുടിപ്പിക്കണോ? വേണ്ടെന്ന് അയാളുടെ മനസ്സ് പറഞ്ഞു. തറവാടിനു തെക്കു വശമുള്ള കാവും ചിത്രകൂടങ്ങളും ആ ഇളമുറക്കാരനെ കാത്തിരിക്കുകയായിരുന്നു.

"ഓപ്പോളേ, ഇവിടെ ഇപ്പോഴും തളിച്ചുകൊടേണ്ടോ?"

"ഉണ്ട്… ഒന്നിനും ഒരു കുറവും വരുത്തീട്ടില്ല. ആ സുകൃതത്തിന്‍റെ ഫലമാ നരേന്ദ്രാ. നിന്‍റെ ഈ തിരിച്ചുവരവ്." മേല്‍മുണ്ടിന്‍റെ അറ്റംകൊണ്ടു മുഖം തുടച്ചു വല്യേട്ടനാണ് അതിനു മറുപടി നല്കിയത്.

"അച്ഛനു നിന്നെ ജീവനായിരുന്നു. മരിക്കണേനു തൊട്ടുമുമ്പു നെന്നെ തെരക്കി. വാശിയും വൈരാഗ്യവും എല്ലാം അച്ഛന്‍ മറന്നു. നെന്‍റെ ആ ഫോട്ടോ നെഞ്ചോടു ചേര്‍ത്താ പ്രാണന്‍ പോയത്" – രാജമല്ലിയുടെ അമ്മയുടെ സ്വരം പതറിപ്പോയി.

മൂന്നു മക്കളില്‍ മൂന്നാമനായ നരേന്ദ്രനെ ഏട്ടനും ഓപ്പോളും സാന്ത്വനിപ്പിക്കുവാന്‍ ശ്രമിച്ചു.

ചക്കരമാവിന്‍റെ ചോട്ടില്‍ ഒത്തുകൂടിയിരുന്ന ബാല്യം പുനര്‍ ജ്ജനിക്കുകയാണോ?

വൈകുന്നേരം രാജമല്ലിയും മാതാപിതാക്കളും യാത്ര പറഞ്ഞിറങ്ങി.

"കുഞ്ഞമ്മാവാ, കുട്ടന്മാരെയും കൂട്ടി വീട്ടിലോട്ടു വരണേ."

"തീര്‍ച്ചയായും വരാം മോളേ. കുഞ്ഞമ്മാവനു സന്തോഷായി. എത്ര കാലായി ഇവിടെ ഇങ്ങനെയൊന്നിരുന്നിട്ട്."

സായന്തനത്തിന്‍റെ ശോഭയില്‍ വേലിക്കരുകില്‍നിന്ന വാകമരത്തിലെ പൂക്കള്‍ കൂടുതല്‍ അരുണാഭമായി. വിടര്‍ന്ന കണ്ണുകളോടെ ശശാങ്കനും ഗോപിക്കുട്ടനും തറവാടിനു ചുറ്റും നടന്നു. ഉരല്‍പ്പുരയും വലിയ തൊഴുത്തും പത്തായപ്പുരയുമൊക്കെ അവരാദ്യം കാണുകയാണ്. ഇനി അതെല്ലാം അവരുടെ കൂടി ജീവിതത്തിന്‍റെ ഭാഗമാണ്.

"ഇനി തിരിച്ചുപോവണ്ട നരേന്ദ്രാ. ഇതു നിന്‍റെ വീടാ. ഭാഗോടമ്പടിയില്‍ അച്ഛന്‍ ഇതു നിനക്കാവച്ചിരിക്കുന്നത്. നീ എന്നെങ്കിലും വരുമെന്ന് അച്ഛന് അറിയാമായിരുന്നു.

ഏട്ടന്‍റെ വാക്കുകളിലൂടെ കിനിഞ്ഞെത്തുന്ന സ്നേഹത്തിന്‍റെ തേന്‍ തുള്ളികള്‍ നരേന്ദ്രന്‍ ചാരുകസേരയില്‍ അമര്‍ന്നു. എല്ലാം മറന്ന് ഒന്നുറങ്ങിയിട്ട് നാളേറെയായിരിക്കുന്നു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org