Latest News
|^| Home -> Novel -> Childrens Novel -> പീലിക്കണ്ണുകൾ – 18

പീലിക്കണ്ണുകൾ – 18

Sathyadeepam

കാവ്യദാസ് ചേര്‍ത്തല

അടുക്കളത്തളത്തില്‍ കൊരണ്ടിപ്പലകമേലിരുന്ന് കടുമാങ്ങയും പയര്‍ തോരനും പപ്പടവും കൂട്ടി പ്രാതല്‍ കഴിച്ച കാലം ഓര്‍മകളിലിന്നും പച്ചുപിടിച്ചു നില്ക്കുന്നു.

“നരനെന്താ ഒന്നും കഴിക്കാത്തേ. ഇഷ്ടോള്ളത് എന്താന്നുവച്ചാല്‍ എടുത്തു കഴിക്ക് മോനേ”- ഏട്ടത്തിയമ്മ നിര്‍ബന്ധിച്ചു. മേശപ്പുറത്ത് നിരന്നിരിക്കുന്ന വിഭവങ്ങള്‍ വല്ലാതെ ഭയപ്പെടുത്തുന്നു. ഒരു ചാണ്‍ വയറിനു ഉള്‍ക്കൊള്ളാനാവാത്ത ഭോജനസമൃദ്ധി.

“എനിക്കിതൊന്നും പതിവില്ല ഏട്ടത്ത്യമ്മേ. കഞ്ഞീം എന്തേലും അച്ചാറും ഉണ്ടെങ്കില്‍ ധാരാളം.”

“അപ്പോ ഏട്ടനൊരു കൂട്ടായല്ലോ. ഇദ്ദേഹത്തിനു പ്രാതലും അത്താഴോം കഞ്ഞിയാ”- ഏട്ടത്തിയമ്മ പുഞ്ചിരിയോടെ ഒരു കഞ്ഞിക്കിണ്ണം കൊണ്ടുവന്നു.

“ചെറ്യച്ഛനുംകൂടി ഒരു കഞ്ഞി എടുത്തോളൂ മോളേ.”

മധുവിന്‍റെ ഭാര്യ ശ്രീദേവി ആവി പറക്കുന്ന കഞ്ഞിക്കിണ്ണം മേശപ്പുറത്തു കൊണ്ടുവന്നു വച്ചു.

“ഇതു മധുവിന്‍റെ പെണ്ണാ; ശ്രീദേവി. വ്യവസായവകുപ്പിലാ ജോലി. നമ്മുടെ ശ്രീധരമേനോന്‍റെ മോളാ” – ഏട്ടന്‍ മരുമകളെ പരിചയപ്പെടുത്തി.

“മാരങ്ങാട്ടെ…”

“അതേടോ.”

“ശ്രീധരേട്ടനു സുഖാണോ മോളേ. ആ തീപ്പൊരി പ്രസംഗങ്ങള്‍ ഞങ്ങള്‍ക്കിന്നും ആവേശമാ” – നരേന്ദ്രന്‍ ആ മുഖം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.

“അച്ഛന്‍ പോയി, ചെറിയച്ഛാ. പെട്ടെന്നായിരുന്നു… ഒരു സാംസ്കാരിക സമ്മേളനവേദിയില്‍ കുഴഞ്ഞു വീണ്…” – കണ്ണീര്‍ ശ്രീദേവിയുടെ വാക്കുകള്‍ക്കു കടിഞ്ഞാണിട്ടു.

“മേഘജ്യോതിസ്സു തന്‍ ക്ഷണിക
ജീവിതമല്ലികാമ്യം.”

അതേ. തിളക്കമാര്‍ന്ന ഒരു ജീവിതമായിരുന്നു ശ്രീധരേട്ടന്‍റേത്.

“ചെറ്യച്ഛാ ഞങ്ങളിറങ്ങട്ടെ; പുറപ്പെടാന്‍ സമയമമായി” – മധുവും ശ്രീദേവിയും ഓഫീസുകളിലേക്കു പോകുവാന്‍ ഒരുങ്ങിയെത്തി.

“മധുക്കുട്ടനെവിടെയാ ജോലി?”

“ഇലക്ട്രിസിറ്റി ബോര്‍ഡിലാ. ശ്രീദേവിയെ ഓഫീസിലിറക്കി ഞാനങ്ങു പോകും. വൈകുന്നേരം മടങ്ങുമ്പോഴും ഇവളെ ഒപ്പം കൂട്ടും.”

“അങ്ങനെ വേണം കുട്ടാ. നിങ്ങള് രണ്ടുപേരും എപ്പോഴും സന്തോഷായിരിക്കണതു കാണാനാ ചെറ്യച്ഛനിഷ്ടം.

ചെമന്ന ഫിഗോ ആസ്പയര്‍ സാവധാനം മുന്നോട്ടു നീങ്ങി.

“നരേന്ദ്രനോട് എനിക്ക് ഒരു പ്രധാന കാര്യം പറയാനുണ്ട്.”

“ഏട്ടന് എന്നോട് എന്തും പറയാമല്ലോ. പറയൂ ഏട്ടാ. എന്താ കാര്യം?”

ഇനി ഈ തറവാടിന്‍റെ ചുമതല നിനക്കാ. നിനക്കും വേണ്ടേ ഒരിടം. “മധുക്കുട്ടന്‍ പട്ടണത്തില്‍ ഒരു വീടു വാങ്ങിയിട്ടുണ്ട്. ആറേഴു മാസമായി അതങ്ങനെ വെറുതെ കെടക്കുവാ. തറവാടു പൂട്ടിയിട്ടു പോകുന്നതിനെക്കുറിച്ച് ആലോചിക്കാന് വയ്യാരുന്നു മോനേ. ഇപ്പോഴേതായാലും നീയെത്തിയല്ലോ. അച്ഛന്‍റെ ആത്മാവ് ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകും; തീര്‍ച്ച. ങ്ഹാ പിന്നൊരു കാര്യം അമ്മയേം കൂടി ഞങ്ങള് കൊണ്ടുപോകുവാ. ഈ സാഹചര്യത്തില്‍ അമ്മയുടെ കാര്യം നോക്കുവാന്‍ നിനക്കു ബുദ്ധിമുട്ടായിരിക്കും. അതാ ഞാനിങ്ങനെയൊരു തീരുമാനമെടുത്തത്.”

“ഏട്ടന്‍ വീണ്ടും എന്നെ തനിച്ചാക്കുകയാണോ?”

“ഒരിക്കലുമില്ലെടാ. ഒരു വിളിപ്പുറത്തു ഞങ്ങളില്ലേ. നിന്‍റെ ഈ തിരിച്ചുവരവ് ഈശ്വരനിശ്ചയമാ. ഒരു പുനര്‍വിവാഹത്തെക്കുറിച്ചു നീ ചിന്തിക്കണം, നിന്‍റെ കുട്ട്യോള്‍ക്കു വേണ്ടിയെങ്കിലും.”

“ഏട്ടാ ഈ നെഞ്ചിലെ ശ്വാസം നിലയ്ക്കുവോളം എന്‍റെ സൗദാമിനിയെക്കുറിച്ചുള്ള ഓര്‍മകള്‍ മാത്രം മതി; എനിക്കും എന്‍റെ മക്കള്‍ക്കും.”

“ഒക്കേം നിന്‍റെ ഇഷ്ടം.”

“എനിക്ക് ഏട്ടനോട് ഒരപേക്ഷയുണ്ട്. നിങ്ങളാരും ഈ തറവാടു വിട്ടുപോകരുത്. ചിറകു തളര്‍ന്നുപോയ എനിക്കും മക്കള്‍ക്കും ഏട്ടന്‍റെ തണലില്‍ ഇവിടെ കഴിയണമെന്നാ ആഗ്രഹം. നമ്മുടെ മക്കള്‍ക്ക് ഓര്‍മിച്ചുവയ്ക്കുവാന്‍ കുറേ നല്ല ദിനങ്ങള്‍. സ്വത്തിന്‍റെയും പണത്തിന്‍റെയും പേരില്‍ രക്തബന്ധത്തിന്‍റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന പുതിയ തലമുറയിലെ കുടുംബങ്ങള്‍ക്ക്, വളര്‍ച്ചയുടെ പടവുകളില്‍ തങ്ങള്‍ക്കായി വ്യയം ചെയ്യപ്പെട്ട ആയുസ്സും ആരോഗ്യവും പാടേ അവഗണിച്ച് ആ പുണ്യജന്മങ്ങളെ വൃദ്ധസദനങ്ങളിലേക്കു നട തള്ളുന്ന അഭിശപ്തസന്തതികള്‍ക്ക് ഒരു ജീവിതസാക്ഷ്യമായി ഈ മേല്‍ക്കൂരയ്ക്കു കീഴില്‍ നമുക്കു കഴിഞ്ഞുകൂടേ ഏട്ടാ.”

കുഞ്ഞുങ്ങളെപ്പോലെ കെട്ടിപ്പിടിച്ചു കരയുന്ന ജ്യേഷ്ഠാനുജന്മാര്‍. കളങ്കമില്ലാത്ത സ്നേഹക്കണ്ണീരില്‍ ഒരു പുതിയ ചരിത്രം ഉടലെടുക്കുന്നു.

പഴയ വായനശാലയും സൗഹദങ്ങളും നരേന്ദ്രന്‍റെ ജീവിതത്തില്‍ ഇടം പിടിച്ചുതുടങ്ങി.

“വെറുതെയിരുന്നിട്ടു വല്ലാതെ ബോറടിക്കുന്നു. ഒരു തൊഴില്‍ വേണം. ഏട്ടന്‍ വിചാരിച്ചാല്‍” – അത്താഴത്തിനുശേഷം മുറ്റത്ത് ഉലാത്തുകയായിരുന്ന ഏട്ടനോടു നരേന്ദ്രന്‍ തന്‍റെ ആഗ്രഹം പ്രകടിപ്പിച്ചു.

“അതിനെന്താ നരാ. നമ്മുടെ വകയായി വടക്കേ അങ്ങാടീല് ഒന്നുരണ്ടു മുറി പീടികയുണ്ട്. വാടകക്കാരില്ലാത്തോണ്ട് അതങ്ങനെ ഒഴിഞ്ഞു കിടക്കുകയാ. നമുക്കതൊന്നു വൃത്തിയാക്കി എടുക്കാം. എന്തേലും കച്ചോടം ചെയ്യാന്‍ നിനക്കു താത്പര്യണ്ടോ?”

“ഉവ്വ് ഏട്ടാ. തേയിലക്കച്ചോടാ നല്ലതെന്നു തോന്നുന്നു. അതാകുമ്പോ എനിക്കു പരിചയമുള്ള ഫീല്‍ഡാണല്ലോ. കുറേ വര്‍ഷം തേയിലക്കമ്പനീലായിരുന്നതുകൊണ്ടു കച്ചോടത്തിന്‍റെ പള്‍സ് അറിയാം.”

തൊട്ടടുത്ത ആഴ്ചയിലെ ഒരു ശുഭമുഹൂര്‍ത്തത്തില്‍ എസ്എന്‍ ട്രേഡേഴ്സ് പ്രവര്‍ത്തനം ആരംഭിച്ചു. ഒരു കൈ സഹായത്തിന് ആഗസ്തിമാപ്പിളയെ ഏര്‍പ്പാടാക്കിയതും ഏട്ടന്‍തന്നെയായിരുന്നു. ചില്ലറ കച്ചവടത്തേക്കാള്‍ മൊത്തക്കച്ചവടമാണു പൊടിപൊടിച്ചത്.

*****   *****
പേരിനൊരു പെണ്ണുകാണല്‍ ചടങ്ങ്. ഉണ്ണികൃഷ്ണന്‍ മാഷോടൊപ്പമെത്തിയ അദ്ധ്യാപകരില്‍ രാജമല്ലിക്ക് ഏറെ ഇഷ്ടമുള്ള സൗദാമിനിടീച്ചറുമുണ്ടായിരുന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ മുഹൂര്‍ത്തം നിശ്ചയിക്കപ്പെട്ടു. രാജമല്ലിയുടെ വല്യേച്ചി ചാരുലതയും കുടുംബവും ഖത്തറില്‍ നിന്നും അന്നു രാവിലെയാണ് എത്തിയത്.

“എന്നാല്‍ ഞങ്ങളിറങ്ങട്ടെ” – ദേവസ്യാമാഷ് എല്ലാവരോടുമായി പറഞ്ഞു.

“എന്‍റെ മാഷേ. ചെക്കനും പെണ്ണുമായി എന്തേലും പറയണ്ടേ. ഇത്രയ്ക്കു തിരക്കു വേണോ” – സൗദാമിനിടീച്ചര്‍ അവസരോചിതമായി ഇടപെട്ടു.

“സോറി ടീച്ചറേ; ഞാനങ്ങു മറന്നുപോയി.”

“ടീച്ചറേ ഈ വെപ്രാളം പുള്ളിക്കാരനു പണ്ടേയുള്ളതാ. എന്നെ പെണ്ണു കാണാന്‍ വന്നപ്പോഴേ ടെന്‍ഷന്‍കൊണ്ട് എന്‍റെ അപ്പന്‍റെ ചെരുപ്പിട്ടോണ്ടാ ഇദ്ദേഹം തിരിച്ചുപോയത്”- ദേവസ്യാ മാഷിന്‍റെ ഭാര്യയായ കാതറിന്‍ ടീച്ചര്‍ പറഞ്ഞതു കേട്ടു ചിരിക്കാത്തവരായി ആരും അവിടെ ഉണ്ടായിരുന്നില്ല.

‘രാജീ, പോയി വരട്ടെ.”

“ഉം…”

“ഉണ്ണ്യേട്ടാ, സീതയേം അമ്പിളിയേം ഞാന്‍ തെരക്കീന്നു പറയണേ.”

“നാളെ രാവിലെതന്നെ പറയാം.”

ആഗതര്‍ക്കു യാത്രാനുമതിയെന്നോണം ഒരുപറ്റം കരങ്ങള്‍ മന്ദമായി ചലിച്ചു. അന്നത്തെ ചടങ്ങ് ഭംഗിയാക്കുവാന്‍ മുന്‍കയ്യെടുത്തതു കുഞ്ഞമ്മാവനായിരുന്നു എന്നു പ്രത്യേകം പറയേണ്ടല്ലോ.

(തുടരും)

Leave a Comment

*
*