പീലിക്കണ്ണുകൾ – 3

പീലിക്കണ്ണുകൾ – 3

കാവ്യദാസ് ചേര്‍ത്തല

"എടാ, ചെക്കാ നീ പോണ വഴിക്കു കുറച്ചു മീന്‍ വാങ്ങി എന്‍റെ വീട്ടില്‍ കൊടുത്തേക്ക്" – ജൂബ്ബാക്കീശയില്‍ നിന്നു പണമെടുത്തു മുതലാളി ശശാങ്കനു നല്കി.

അറച്ചറച്ചാണ് അവന്‍ പണം വാങ്ങിയത്. അദ്ധ്വാനിച്ച് ആത്മാഭിമാനത്തോടെ കഴിയാനാണ് അവന്‍റെ മനസ്സ് ആഗ്രഹിക്കുന്നത്. പക്ഷേ, ഇവിടെ മുതലാളിത്തം അതിന്‍റെ പ്രതാപങ്ങള്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നു.

"എന്താടാ ഒരമാന്തം. വേഗം ചന്തയിലേക്ക് ഓട്. വൈകിയാല്‍ മീന്‍ തീര്‍ന്നുപോകും. മീനില്ലാതെ വീട്ടിലോട്ട് കേറിച്ചെന്നാലേ പെണ്ണുംപിള്ള മനഃസമാധാനം തരികേല. ഒരു വേലക്കാരന്‍ ചെക്കനുണ്ടായിരുന്നതു രണ്ടു ദിവസംമുമ്പ് എങ്ങോട്ടേയ്ക്കോ എറങ്ങിപ്പോയി. നിന്നെക്കൊണ്ടു പറ്റോങ്കില് വീട്ടിലെ ചെറിയ ചെറിയ പണികള് കൂടി ചെയ്യ്. അതിനു വേറെ കൂലി തരാമെടാ. പഠിച്ചിട്ടൊന്നും വല്യ കാര്യോല്ല. നീ നല്ലോണം ഒന്നാലോചിക്ക്."

ചന്തയില്‍ തിരക്കൊഴിഞ്ഞിരുന്നു. പതിവു കച്ചവടം ഒതുക്കി പോകാനെഴുന്നേറ്റ മീന്‍കാരി ലക്ഷ്മിയേടത്തിക്കരികിലേക്ക് അവന്‍ ചെന്നു.

ഭാഗ്യം. മീന്‍ പാത്രത്തില്‍ ഏതാനും കരിമീന്‍കൂടി ബാക്കിയുണ്ട്.

"നിയേതാ കുട്ട്യേ; എന്തായിത്ര താമസിച്ചേ."

അവനു സംസാരശേഷിയില്ലെന്നറിഞ്ഞപ്പോള്‍ ലക്ഷ്മിയേടത്തി അനുകമ്പാര്‍ദ്രയായി.

"ഈ മോന്തിക്ക് ആരാണ് ഈ കുട്ടീനെ ഇങ്ങനെ പറഞ്ഞുവിട്ടത്. കാണുമ്പം രണ്ടെണ്ണം പറയണം."

പാത്രത്തില്‍ ബാക്കിയുണ്ടായിരുന്ന മീന്‍ മുഴുവന്‍ അവന്‍ വാങ്ങി. പുത്തന്‍ നോട്ടുകള്‍ കണ്ടു ലക്ഷ്മിയേടത്തിയുടെ കണ്ണുകള്‍ തിളങ്ങി.

"ഏതോ കാശൊള്ളോന്‍റെ വീട്ടിലെ വേലക്കാരനായിരിക്കും ഈ കുട്ടി. ഇവിടെ ആദ്യായിട്ടാ ഞാന്‍ കാണുന്നത്" – കൂട്ടുകച്ചവടക്കാരിയോട് അവര്‍ തന്‍റെ അഭിപ്രായം വ്യക്തമാക്കി.

ആ വലിയ വീടിന്‍റെ ഗെയ്റ്റിനു മുന്നില്‍ ശശാങ്കന്‍ അമ്പരന്നു നിന്നുപോയി. അമ്മാതിരിയൊരു വീട് അവന്‍ മുമ്പു കണ്ടിട്ടില്ല. അങ്ങോട്ടുള്ള വഴി പോലും അവന്‍ ഇന്നാണല്ലോ അറിഞ്ഞത്. ഗെയ്റ്റിലെ അഴികള്‍ക്കിടയിലൂടെ അവന്‍ അകത്തേയ്ക്കു നോക്കി. രണ്ടു നില മാളിക! മുറ്റം നിറയെ പച്ചപ്പുല്ല് പിടിപ്പിച്ചിരിക്കുന്നു. അരികിലായി ഒരു ജലധാര. വേറെയും എന്തൊക്കെയോ പ്രത്യേകതകള്‍ ആ വീടിനുള്ളതായി അവനു തോന്നി. പെട്ടെന്നു കൂട്ടില്‍ കിടക്കുന്ന പട്ടികള്‍ അവനെ നോക്കി ഉച്ചത്തില്‍ കുരച്ചു. അവയുടെ ശരീരചലനങ്ങള്‍ കണ്ട് അവന്‍ ഭയന്നു വിറച്ചുപോയി. ഈശ്വരാ കൂടു തകര്‍ത്ത് അവ തന്‍റെ നേര്‍ക്ക് പാഞ്ഞുവന്നാല്‍!!

ഗെയ്റ്റിനു മുന്നില്‍ ആരോ എത്തിയതറിഞ്ഞപ്പോള്‍ വാച്ചര്‍ അവിടേയ്ക്കു വന്നു. നിര്‍വികാരമായ മുഖഭാവം. ഒന്നും സംസാരിക്കാതെ അയാള്‍ ആ ബാലനു നേര്‍ക്കു കൈ നീട്ടി.

കരിമീന്‍ സഞ്ചി അവന്‍ കൊടുത്തതും അയാള്‍ ഗെയ്റ്റ് വലിച്ചടച്ചു. വലിയ വീട്ടിലെ വാല്യക്കാരൊക്കെ ഇങ്ങനെയായിരിക്കുമോ? ആ അവഗണന അവനു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അമ്മയുണ്ടായിരുന്നെങ്കില്‍ അമ്മയെ കെട്ടിപ്പിടിച്ചു കരയാമായിരുന്നു. തളര്‍ന്നു കിടക്കുന്ന അച്ഛനെ ഈ സങ്കടങ്ങളൊക്കെ പറഞ്ഞു വിഷമിപ്പിക്കുന്നതെങ്ങനെയാണ്?

***********

പുക പരത്തിക്കൊണ്ടിരിക്കുന്ന മണ്ണെണ്ണ വിളക്ക് ആ കൊച്ചുവീടിന്‍റെ ദൈവങ്ങളുടെ പ്രതീകമാണ്. കിണറ്റില്‍ നിന്നു വെള്ളമെടുത്ത് ഒരിറക്കു കുടിച്ചപ്പോള്‍ ഏതോ പുണ്യതീര്‍ത്ഥത്തിന്‍റെ സ്മരണ അവന്‍റെ ഹൃദയത്തെ പുളകം കൊള്ളിച്ചു. ഇല്ലായ്മകള്‍ക്കു നടുവിലും സന്തോഷിക്കുവാന്‍ കഴിയുക – ആ ആശയം അവനു കിട്ടിയതു മലയാളം ക്ലാസ്സില്‍ നിന്നാണ്. മഞ്ജരി വൃത്തത്തിലുള്ള മനോഹരമായ ഈരടികള്‍ അവന്‍ അറിയാതെ ഇരുവിട്ടുപോയി.

"കൊട്ടാരം ചിന്തയാല്‍ ജാഗരം കൊള്ളുന്നു
കൊച്ചു കുടില്‍ക്കത്രേ നിദ്രാസുഖം."

ജീവിതഗന്ധിയായ ഒട്ടേറെ കവിതകള്‍ എസ്തപ്പാനോസ് മാഷിന് അറിയാമായിരുന്നു. വള്ളത്തോള്‍ കവിതകളോട് മാഷിന് ഒരു പ്രത്യേക മമതയുണ്ടായിരുന്നു. മാഷിനെ സ്വന്തം സഹോദരന്‍ തന്നെ കൊലപ്പെടുത്തുകയായിരുന്നല്ലോ, സ്വത്തുതര്‍ക്കത്തിന്‍റെ പേരില്‍.

വിളക്കിന്‍റെ വെട്ടത്തിലിരുന്നു പഠിച്ചുകൊണ്ടിരുന്ന ഗോപിക്കുട്ടന്‍ ഓടി വന്ന് അവനെ കെട്ടിപ്പിടിച്ചു.

വാത്സല്യത്തോടെ ശശാങ്കന്‍ അനുജനെ അകറ്റിനിര്‍ത്തി. ദേഹം മുഴുവന്‍ പൊടിയും ചെളിയുമാണെന്ന് ആംഗ്യഭാഷയില്‍ അവന്‍ വ്യക്തമാക്കി.

അവന്‍റെ മുഖം വാടുന്നതു കണ്ടു ശശാങ്കന്‍ പോക്കറ്റില്‍ ഒളിപ്പിച്ചുവച്ചിരുന്ന ഒരു ചെറിയ വാച്ച് പുറത്തെടുത്തു. അതിലെ മഞ്ഞ ബട്ടണുകളില്‍ ഞെക്കുമ്പോള്‍ കീ… കീ… എന്ന ശബ്ദം കേള്‍ക്കാം. കപ്പലണ്ടിയോ നാരങ്ങാമിഠായിയോ പ്രതീക്ഷിച്ച കരങ്ങളിലേക്കു തന്‍റെ വിയര്‍പ്പിന്‍റെ വിലകൊണ്ടു വാങ്ങിയ ആ ചെറിയ ഉപഹാരം നല്കുമ്പോള്‍ ശശാങ്കന്‍റെ ഹൃദയം അഭിമാനംകൊണ്ടു ശക്തിയായി മിടിച്ചു. വലുതും ചെറുതുമായ സന്തോഷങ്ങളിലൂടെ ജീവിതങ്ങളെ പരിപാലിക്കുന്ന ജഗന്തിയാവിനെ മനസ്സാ സ്മരിച്ച് അനുജനെയുംകൂട്ടി അകത്തേയ്ക്കു നടന്നു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org