പീലിക്കണ്ണുകൾ – 6

പീലിക്കണ്ണുകൾ – 6

കാവ്യദാസ് ചേര്‍ത്തല

കരിയിലകളെ ഇളക്കിമറിച്ചുകൊണ്ട് എന്തോ ഒന്നു പാഞ്ഞുപോയി.

"എന്താണത്!?"

ശബ്ദം കേട്ടിടത്തേയ്ക്കു ടീച്ചര്‍ തലവെട്ടിച്ചു നോക്കി.

"ഒന്നൂല്ല ടീച്ചറെ. അത് ഉടുമ്പാ; ഒന്നും ചെയ്യൂലാ" – അമ്പിളി നിസ്സാരമട്ടില്‍ പറഞ്ഞു.

'കീരീം കാട്ടുമുയലും കുരങ്ങുമൊക്കെ ഇവിടെയുണ്ട്" – സീത പരിസ്ഥിതി വിവരണം നടത്തി.

"ദേ ടീച്ചറേ അതു കണ്ടോ; തേനീച്ചക്കൂട്" – ഖദീജയുടെ മുഖത്ത് ആഹ്ലാദത്തിന്‍റെ നിലാത്തിരികള്‍ വിരിഞ്ഞു.

ലൂക്കോച്ചന്‍ മുതലാളിയുടെ റബര്‍ത്തോട്ടത്തില്‍ പലയിടത്തും തേനീച്ചക്കൂടുകള്‍ സ്ഥാപിക്കപ്പെട്ടിരുന്നു.

"തേനിഷ്ടാണേലും എനിക്കു തേനീച്ചേനെ പേടിയാ."

"അതെന്താ ഖദീജാ?"

"പണ്ട് എന്‍റൂടെ പഠിച്ചിരുന്ന അപ്പൂനെ തേനീച്ചകള് കുത്തി ശരിപ്പെടുത്തിക്കളഞ്ഞു."

"ഒരു കാരണവുമില്ലാതെയോ?"

"അല്ല. അവന്‍ പതുങ്ങി പതുങ്ങി തേനെടുക്കാന്‍ ചെന്നപ്പഴാ അവറ്റകള് കുത്തിയത്. നിലവിളി കേട്ടുവന്നോരാ അവനെ ആശൂത്രീലാക്കിയത്."

"ഹൊ ഭാഗ്യം! അവന്‍ രക്ഷപ്പെട്ടല്ലോ. തേനീച്ചകളുടെ കുത്തേറ്റ് മനുഷ്യര്‍ മരിച്ച സംഭവം ഞാന്‍ പത്രത്തില്‍ വായിച്ചതോര്‍ക്കുന്നു. തേനീച്ചകളുടെ ജീവിതരീതിക്ക് ഒരു പാടു സവിശേഷതകളുണ്ട്. അതു ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞുതരാം."

തികഞ്ഞ അച്ചടക്കത്തോടെ സദാ കര്‍മ്മനിരതമാകുന്ന തേനീച്ചക്കോളനികളെക്കുറിച്ചു ടീച്ചര്‍ പറഞ്ഞുതുടങ്ങി. വ്യത്യസ്തയിനം പൂക്കളില്‍നിന്നും ശേഖരിക്കപ്പെടുന്നതുകൊണ്ടാണു തേനിന്‍റെ ഗു ണങ്ങളും വ്യത്യസ്തമായിരിക്കുന്നത് എന്ന അറിവു കുട്ടികള്‍ക്കു പുതുമയായിരുന്നു.

റബര്‍ത്തോട്ടത്തിന് അരികിലൂടെയുള്ള വെട്ടുവഴി നീലിയാറിന്‍റെ കരയില്‍ അവസാനിച്ചു. അക്കരെ എത്തണമെങ്കില്‍ ഒരു തൂക്കുപാലം കടക്കണം. കമ്പിയും മരപ്പലകകളും കയറുമുപയോഗിച്ചു നിര്‍മിച്ച ആ പാലത്തിലൂടെയാണു സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ കടന്നുപോകുന്നത്.

"ടീച്ചര്‍ സാധാരണ വീട്ടിലെത്തുന്നതിനേക്കാളും വേഗത്തില്‍ ഈ വഴി പോയാലെന്താ? ഈ പാലം കയറിയിറങ്ങി കുറച്ചു നടന്നാല്‍ ഹോസ്റ്റലിലേക്കുള്ള വഴിയായി."

"കൊള്ളാമല്ലോ സീതേ; ആരാ നിങ്ങള്‍ക്കീ ബുദ്ധി പറഞ്ഞുതന്നത്?"

"എന്‍റെ അച്ഛനാ. അപ്പുറം വഴി പോയാല്‍ ഒരുപാടു നടക്കണം. എങ്കിലും മഴക്കാലത്തു ഞങ്ങള് ആ വഴിയേ പോകൂ."

"അതെന്താ?"

"അപ്പോ നീലിയാറ് കര കവിയും. ഈ പാലത്തിനു തൊട്ടുതാഴെ വരെ വെള്ളമുണ്ടാകും. അതു ഞങ്ങള്‍ക്കു പേടിയാ."

പുഴയില്‍ ചിതറിക്കിടക്കുന്ന പാറക്കെട്ടുകള്‍. അവയ്ക്കു മേല്‍ വിശ്രമിക്കുന്ന ദേശാടനപ്പക്ഷികള്‍. ആഴം കുറഞ്ഞ ഭാഗങ്ങളില്‍ ചുള്ളിക്കമ്പുകള്‍പോലെയുള്ള കാലുകളില്‍ സമാധിസ്ഥരായി നില്ക്കുന്ന കൊറ്റികള്‍. തൊട്ടടുത്തുള്ള മുളംകാട്ടില്‍നിന്നും കുയിലിന്‍റെ ശബ്ദം ഉയരുന്നു അങ്ങകലെ തലയുയര്‍ത്തി നില്ക്കുന്ന കൊങ്ങന്‍മല.

"ടീച്ചറ് ബാ, നമുക്കു പോകണ്ടേ" – ഖദീജ ടീച്ചറെ തോണ്ടിവി ളിച്ചു.

"നിങ്ങള് ഭാഗ്യം ചെയ്തോരാ കുട്ടികളേ, എത്ര സുന്ദരമാ ഈ നാട്. ഈ പ്രകൃതിയില്‍നിന്നും കണ്ണെടുക്കാനേ തോന്നുന്നില്ല."

കുട്ടികള്‍ക്കു പിന്നാലെ ടീച്ചര്‍ പാലത്തിലേക്കു കയറി.

"ടീച്ചര്‍ സൂക്ഷിക്കണോട്ടോ; ആ കയറില്‍ പിടിച്ച്… ആ അങ്ങനെ… പതുക്കെ നടന്നാല്‍ മതി" – അമ്പിളി തിരിഞ്ഞുനിന്നു നിര്‍ദ്ദേശം നല്കി. "പേടിക്കേണ്ട കുട്ടീ. എനിക്കൊന്നും വരില്ല… നിങ്ങള് നടന്നോളൂ."

പെട്ടെന്ന്… പാലത്തിനു വല്ലാത്തൊരു ചലനം!! കാര്യമറിയാതെ ഒരു നിമിഷം എല്ലാവരും സ്തംഭിച്ചു നിന്നു. ടീച്ചര്‍ പിന്തിരിഞ്ഞു നോക്കി. അതാ അവിടെ കണ്ണില്‍ പ്രതികാരത്തിന്‍റെ കനലെരിയുന്ന രംഗനാഥന്‍. അവന്‍ തൂക്കുപാലം കുലുക്കുകയാണ്.

"രംഗനാഥാ, നീ എന്തായീ കാട്ടുന്നത്?"

"നിങ്ങക്കെന്നെ തല്ലിപ്പുറത്താക്കണമല്ലേ?"

"നീ തെറ്റു കാണിച്ചതിനല്ലേ നിന്നെ ശിക്ഷിച്ചത്."

"ശിക്ഷിക്കാനും രക്ഷിക്കാനും നിങ്ങളെന്‍റെയാരാ? അന്നേരം അത്രേം പിള്ളേരുടെ മുന്നില്‍വച്ചു നിങ്ങളെന്നെ തല്ലിയപ്പോ ഞാന്‍ മനസ്സില്‍ കുറിച്ചിട്ടതാ നിങ്ങളെ ഒരു പാഠം പഠിപ്പിക്കണമെന്ന്. ഇന്നു നിങ്ങടെ കഥ തീരും ടീച്ചറേ" – അവന്‍റെ പൊട്ടിച്ചിരി കേട്ടു കുട്ടികള്‍ ഭയന്നുപോയി.

"രംഗനാഥാ, നീ എന്നോടു പ്രതികാരം ചെയ്തോളൂ. ഈ കുട്ടികളെ, ഇവര്‍ നിന്‍റെ സഹപാഠികളല്ലേ? ഇവരെ നിനക്കു വെറുതെ വിട്ടുകൂടേ?" – ടീച്ചര്‍ മനഃസാന്നിദ്ധ്യം വീണ്ടെടുത്തു.

"നിങ്ങടെ കൂടെ നടക്കുന്ന ഇവരോടും എനിക്കു വെറുപ്പാ. ഒരു വല്യ പഠിത്തക്കാരികള്."

പാലത്തിന്‍റെ ചലനം വര്‍ദ്ധിച്ചുവന്നു. ഒപ്പം കുട്ടികളുടെ നിലവിളിയും.

അപ്രതീക്ഷിതമായ ശബ്ദകോലാഹലം കേട്ടു ദേശാടനപ്പക്ഷികളും കൊറ്റികളും ചിറകടിച്ച് പറന്നു.

നീരൊഴുക്ക് അത്ര ശക്തമല്ല എങ്കിലും അപകടസാദ്ധ്യത കൂടുതലാണ്. നീന്തലറിയാത്ത കുഞ്ഞുങ്ങള്‍ ഈ ഓളപ്പരപ്പില്‍… ഈശ്വരാ… രാജമല്ലി ടീച്ചറുടെ ചങ്കു പൊടിയുന്നു.

അടുത്ത നിമിഷം… കയറിന്മേലുള്ള പിടിവിട്ടു ഖദീജ താഴേയ്ക്കു വീണു.

"എന്‍റെ മോളേ…" – അവള്‍ക്കു തൊട്ടുപിന്നാലെ ആ ജലപ്പരപ്പിലേക്കു രാജമല്ലി ടീച്ചറും എടുത്തുചാടി.

തെളിവുകള്‍ അവശേഷിപ്പിച്ചുകൂടാ. രംഗനാഥന്‍ പാലം വീണ്ടും ശക്തിയായി കുലുക്കി. സീതയുടെയും അമ്പിളിയുടെയും കൈകള്‍ തളര്‍ന്നു തുടങ്ങുന്നു. കരുണയ്ക്കിരക്കുന്ന നാലു കണ്ണുകള്‍ മനുഷ്യത്വം ഒട്ടുമില്ലാത്ത സതീര്‍ത്ഥ്യനെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്.

പൊടുന്നനെ, ഒരു വലിയ അ ലര്‍ച്ചയോടെ രംഗനാഥന്‍ താഴേയ്ക്കു കുഴഞ്ഞു വീണു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org