Latest News
|^| Home -> Novel -> Childrens Novel -> പീലിക്കണ്ണുകൾ – 7

പീലിക്കണ്ണുകൾ – 7

Sathyadeepam

കാവ്യദാസ് ചേര്‍ത്തല

ഒരു പെരുമ്പാമ്പ് തന്നെ ചുറ്റി വരിയുകയാണെന്ന സത്യം തിരിച്ചറിയുവാന്‍ രംഗനാഥന് അധികസമയം വേണ്ടിവന്നില്ല. എത്ര ചങ്കൂറ്റമുള്ളവനും മനഃസാന്നിദ്ധ്യം നഷ്ടമായിപ്പോകുന്ന നിമിഷങ്ങള്‍…

ആ കിടപ്പില്‍ നിന്ന് അവന്‍ നീലിയാറിനെ ആകെയൊന്നു വീക്ഷി ച്ചു. പ്രതികാരബുദ്ധിയോടെ താന്‍ ആറ്റിലേക്കു തള്ളിയിട്ട കൂട്ടുകാരിയെ – ഖദീജയെ – അവന്‍ ഓര്‍ത്തുപോയി.

“രംഗാ നീ ഞങ്ങളെ തള്ളിയിടല്ലേ. ഞങ്ങള്‍ക്കു നീന്തലറിയൂലാ… പടച്ചോനെ വിചാരിച്ച്…” – അതു മുഴുമിപ്പിക്കാന്‍ ഖദീജയ്ക്കായില്ലല്ലോ.

ഇതു തന്‍റെ വിധിയാണ്. ചെയ്ത തെറ്റിനുള്ള ശിക്ഷ. പാവം ഖദീജയും ടീച്ചറും രക്ഷപ്പെട്ടെങ്കില്‍ മതിയായിരുന്നു… ഈശ്വരാ….

താന്തോന്നിയായ അവന്‍ ആദ്യമായി ഈശ്വരനെ സ്മരിച്ചു. പണക്കൊഴുപ്പില്‍ അഹങ്കരിച്ചു നടന്ന അവന്‍റെ കാലുകള്‍ അനിവാര്യമായ ശിക്ഷാവിധിയുടെ ബന്ധനത്തിനു വിധേയമായി.

ദ്രോഹിച്ചവരോടു ക്ഷമിക്കുക. ഇതാ രണ്ടു കൊച്ചു പെണ്‍കുട്ടികള്‍ ആ മഹദ്സന്ദേശത്തിന്‍റെ എളിയ പ്രചാരകരാവുകയെന്നത് എത്ര ആലോചനാമൃതമാണ്.

അവിടെ അടുത്തു കാണപ്പെട്ട നീളമേറിയ ഒരു കാട്ടുവള്ളിയുടെ അഗ്രഭാഗത്ത് അമ്പിളി ഒരു കുരുക്കുണ്ടാക്കി. ആഞ്ഞിലിമരത്തിന്‍റെ താഴ്ന്ന കൊമ്പിനു മുകളിലൂടെ സീത അത് അപ്പുറത്തേയ്ക്ക് ആഞ്ഞെറിഞ്ഞു വള്ളിയുടെ ഒരറ്റം അവള്‍ ബലമായി പിടിച്ചിരുന്നു.

അകലേയ്ക്കു ശ്രദ്ധ തിരിച്ചു പാമ്പിന്‍റെ തലയിലൂടെ കുടുക്കു കടത്തുവാന്‍ അമ്പിളിക്കു കഴിഞ്ഞു.

“സീതേ, വലിച്ചോ; ശക്തിയായിട്ടു വലിച്ചോ… ഞാനും വരുന്നു.”

അവരിരുവരും ചേര്‍ന്ന് ആ കാട്ടുവള്ളിയില്‍ പിടി മുറുക്കി. നിശ്ചയദാര്‍ഢ്യം പകര്‍ന്നു കിട്ടിയ ആ കൈകള്‍ക്ക് അപ്പോള്‍ ആയിരം ആനകളുടെ കരുത്തുണ്ടായിരുന്നു!

രംഗനാഥനെ വരിഞ്ഞുമുറുക്കിയിരുന്ന പെരുമ്പാമ്പിനു പരാജയം സമ്മതിക്കാതെ തരമില്ല. ആ കാട്ടുവള്ളിയില്‍ ഭൂമിക്കും ആകാശത്തി നും മദ്ധ്യേ അതു തൂങ്ങിക്കിടന്നു.

പാമ്പിന്‍റെ പിടിയില്‍നിന്നും മുക്തനായെങ്കിലും രംഗനാഥന് എഴുന്നേല്‍ക്കാന്‍ കഴിയുമായിരുന്നില്ല. അത്രമേല്‍ ക്ഷീണിതനായിരുന്നു അവനപ്പോള്‍. കൂടുതല്‍ നേരം അങ്ങനെ നില്ക്കാന്‍ തങ്ങള്‍ക്കാവില്ല എന്ന സത്യം മനസ്സിലാക്കിയ അമ്പിളിയും സീതയും ഉച്ചത്തില്‍ വിളിച്ചു കരഞ്ഞു: “രക്ഷിക്കണേ… ഓടിവരണേ… ഈ പാമ്പ് ഞങ്ങളെ കൊല്ലും… ഓടി വരണേ.”

അച്ഛനു മരുന്നു വാങ്ങുവാനായി ബാലചന്ദ്രന്‍ വൈദ്യരുടെ അടുത്തേയ്ക്കു പോവുകയായിരുന്ന ശശാങ്കന്‍ അതു കേട്ടു. പരിചിതമായ സ്വരം. അവന്‍ അവിടേയ്ക്കു പാഞ്ഞെത്തി.

മരച്ചീനിയുടെ ഒരു വലിയ തണ്ട് ഒടിച്ചെടുത്ത് അതുകൊണ്ടു പെരുമ്പാമ്പിന്‍റെ തലനോക്കി ഒറ്റയടി!! അതിന്‍റെ തല തകര്‍ന്നുപോയി.

രക്തത്തുള്ളികള്‍ നാലുപാടും തെറിച്ചു. കാട്ടുവള്ളിയിന്മേലുള്ള പിടിവിട്ടു പെണ്‍കുട്ടികള്‍ അവരുടെ കൂട്ടുകാരന്‍റെ അരികിലേക്ക് ഓടിയെത്തി.

“ശശാങ്കാ നീ വന്നില്ലായിരുന്നെങ്കില്‍…” – സീതയുടെ തൊണ്ടയിടറി.

അവനൊന്നു മന്ദഹിച്ചു. എല്ലാം ഈശ്വരഹിതം എന്ന അര്‍ത്ഥത്തില്‍ അവന്‍ മുകളിലേക്കു കണ്ണുകളുയര്‍ത്തി.

താഴെ അവശനായി കിടക്കുന്ന രംഗനാഥനെ താങ്ങി എഴുന്നേല്പിക്കാന്‍ അവന്‍ ശ്രമിച്ചു.

“ശശാങ്കാ, ഖദീജേം നമ്മുടെ ടീച്ചറും… ഞാന്‍ അവരെ… നീ എന്നെ വിട്ടേക്ക്… ഞാന്‍ മരിക്കേണ്ടവനാ. നീ അവരെ എങ്ങനേലും രക്ഷിക്ക്” – രംഗനാഥന്‍ പൊട്ടിക്കരഞ്ഞു.

നീലിയാര്‍ അപ്പോഴും ശാന്തമായി ഒഴുകുകയാണ് – ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍

ആറ്റിലേക്ക് എടുത്തുചാടാന്‍ തയ്യാറെടുക്കുന്ന ശശാങ്കന്‍റെ ശ്രദ്ധ കുറച്ചകലെയായി കണ്ട ഒരു സ്പീഡ് ബോട്ടിലേക്കു തിരിച്ചുവിട്ടതു സീതയായിരുന്നു.

“ദേ നമ്മുടെ ടീച്ചറും ഖദീജേം…” – അവള്‍ ആഹ്ലാദംകൊണ്ടു തുള്ളിച്ചാടി.

“ഒഴുക്കില്‍പ്പെട്ട ഖദീജയെ പിടി കിട്ടിയെങ്കിലും കുട്ടി വല്ലാതെ തളര്‍ന്നുപോയതിനാല്‍ എനിക്കവരെയും കൊണ്ടു നീന്തുക അസാദ്ധ്യമായിരുന്നു. നല്ലവരായ ഈ സഹോദരങ്ങള്‍ കണ്ടില്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ രണ്ടുപേരും ഓര്‍മ മാത്രമായേനെ” – ടീച്ചറുടെ ശബ്ദത്തില്‍ കൃതജ്ഞതയുടെ നിറവുണ്ടായിരുന്നു.

“അങ്ങനെയൊന്നും വിചാരിക്കേണ്ട ടീച്ചറേ. ഞങ്ങളല്ലെങ്കില്‍ വേറെയാരെങ്കിലും നിങ്ങളുടെ രക്ഷയ്ക്കെത്തിയേനെ. കുട്ട്യോള്‍ക്കു നല്ലതു പറഞ്ഞുകൊടുക്കാന്‍ ടീച്ചറെപ്പോലുള്ളവര്‍ക്കേ കഴിയൂ.” സ്പീഡ് ബോട്ടില്‍ വന്ന രണ്ടു മദ്ധ്യവയസ്കര്‍ പോകാനൊരുങ്ങുകയാണ്.

ഇതിനോടകം ആറ്റിന്‍കരയില്‍ ജനങ്ങള്‍ തടിച്ചുകൂടി. ആരോ ഫോണ്‍ ചെയ്ത് ആംബുലന്‍സ് വിളിച്ചു വരുത്തി.

അബോധാവസ്ഥയിലായ ഖദീജയെയും അവശനായി കിടക്കുന്ന രംഗനാഥനെയും കൊണ്ട് ആ ജീവന്‍ രക്ഷാവാഹനം കുതിച്ചു പാഞ്ഞു.

അവരിരുവരുടെയും പ്രാണനുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് ആ നല്ല ഗുരുനാഥയോടൊപ്പം സീതയും അമ്പിളിയും അവര്‍ക്കരികിലുണ്ടായിരുന്നു. കപട സദാചാരത്തിന്‍റെ പരിവേഷമണിഞ്ഞ നാട്ടുപ്രമാണിമാരെപ്പോലെ ചില കോളജ് ചെക്കന്മാര്‍ അപ്പോഴും സെല്‍ഫിയെടുത്തു രസിക്കുന്നുണ്ടായിരുന്നു.

(തുടരും)

Leave a Comment

*
*