പ്രകാശത്തിന്റെ മക്കള്‍ [17]

പ്രകാശത്തിന്റെ മക്കള്‍ [17]
Published on

നോവലിസ്റ്റ്: ജോര്‍ജ് നെയ്യശ്ശേരി

ചിത്രീകരണം: എന്‍ എസ് ബൈജു

[നോവല്‍ 17]

ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് കാലത്തു ഗൃഹനാഥനെ നഷ്ടപ്പെട്ട ഒരു സാധുകുടുംബത്തിന്റെ ഗൃഹ നിര്‍മ്മാണത്തിനായി സേവനം ചെയ്തു കൊണ്ടിരുന്നപ്പോഴാണ് അജയ്ക്ക് മെഡിക്കല്‍ കോളേജില്‍ നിന്നും ഫോണ്‍ വന്നത്.

അഞ്ചു വയസ്സായ പെണ്‍കുട്ടിക്ക് അടിയന്തരമായി എ+ ബ്ലഡ് വേണമെന്ന്.

അജയും സുഹൃത്തും പെട്ടെന്ന് കാറുമെടുത്തു മെഡിക്കല്‍ കോളേജ് ബ്ലഡ് ഡൊണേഷന്‍ സെന്ററിലെത്തി റിപ്പോര്‍ട്ട് ചെയ്തു.

അജയ് ബ്ലഡ് ഡൊണേറ്റു ചെയ്യാനായി ഇടയ്ക്കിടെ അവിടെ വരാറുണ്ടായിരുന്നു.

അജയ് ബ്ലഡ് നല്കിയതിനു ശേഷം തിയേറ്റര്‍ കോംപ്ലക്‌സിനടുത്ത് പെണ്‍കുട്ടികളുടെ ബന്ധുക്കളോടൊപ്പം കാത്തിരുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യനിലയിലെ പുരോഗതി അറിയാന്‍.

പെണ്‍കുട്ടി അപകടനില തരണം ചെയ്തു എന്നറിഞ്ഞ് ബന്ധുക്കളോടൊപ്പം അജയ്‌യും സന്തോഷിച്ചു. അവര്‍ അവനെ നന്ദി വാക്കുകള്‍ കൊണ്ട് കൃതജ്ഞത അറിയിച്ചു. അവരുടെ സന്തോഷവും ആശ്വാസവും കണ്ട് അജയ്ക്ക് ഹൃദയത്തില്‍ സന്തോഷവും സംതൃപ്തിയും അനുഭവപ്പെട്ടു.

ഒരു കുരുന്നു ജീവന്‍ രക്ഷപ്പെടാന്‍ സഹായിച്ചതിന്റെ സംതൃപ്തിയോടെ അവന്‍ വീട്ടിലേക്കു മടങ്ങി. മടക്കയാത്രയിലും അവന്റെ മനസ്സില്‍ നിറയെ സൗമ്യയും അവളുടെ ചിരിയുമായിരുന്നു.

അജയ് വീട്ടിലെത്തിയപ്പോഴേക്കും അപ്പയും അമ്മയും ഉറങ്ങിയിരുന്നു.

വീടിന്റെ സ്‌പെയര്‍ കീ അവന്‍ കൊണ്ടു നടക്കാറുള്ള കാരണം വീടു തുറന്ന് അകത്തു കയറി.

ഇത്തരം സേവന രംഗത്ത് ഓടിയെത്തുന്ന അവന് എപ്പോഴായിരിക്കും തിരിച്ചെത്താന്‍ പറ്റുകയെന്ന് അറിയില്ല.

ഡ്രസ് മാറി കുളിയും കഴിഞ്ഞാണ് അജയ് ഡൈനിംഗ് റൂമിലെത്തിയത്. മമ്മി തയ്യാറാക്കി വച്ചിരുന്ന ചപ്പാത്തിയും കറിയുമെടുത്തു കഴിച്ചവന്‍ ഉറങ്ങാന്‍ പോയി.

അവന്‍ വരാന്‍ വൈകുന്ന ദിവസം അവനു വേണ്ടി ഭക്ഷണം ഡൈനിംഗ് ടേബിളില്‍ ഒരുക്കി വച്ചിട്ടാണ് മിനി ഉറങ്ങാന്‍ പോകാറ്.

പതിവിനു വിപരീതമായി അന്ന് അജയ് ഉറക്കമുണരുന്നതിനു മുന്നേ ജോര്‍ജ് കുട്ടി ഡ്രോയിംഗ് റൂമില്‍ പത്രവും വായിച്ചിരുന്നു.

മിക്കപ്പോഴും ആദ്യം ഉണരുക മിനിയും അജയും ആയിരുന്നു. ജോര്‍ജ്കുട്ടി ഉണരുമ്പോഴേക്കും ഒമ്പതു മണിയെങ്കിലും ആകും. രാത്രി പന്ത്രണ്ടിനുശേഷമാണ് മിക്ക ദിവസവും ജോര്‍ജ്കുട്ടി വീട്ടില്‍ വരിക.

ചില ദിവസങ്ങളില്‍ ജോര്‍ജ്കുട്ടിയെ ബാറില്‍ നിന്നും ഡ്രൈവര്‍ കൊണ്ടാക്കും.

പ്രഭാതകൃത്യങ്ങള്‍ക്കുശേഷം അജയ് പതിവുപോലെ ഡ്രോയിംഗ് റൂമില്‍ പത്രം വായിക്കാനെത്തിയപ്പോഴാണ് പത്രം വായിച്ചിരിക്കുന്ന അപ്പയെ കണ്ടത്.

''ഇന്നെന്താ രാവിലെ എഴുന്നേറ്റ് അപ്പ പത്രം വായിക്കുന്നത്.'' അവന്‍ അതിശയത്തോടെ തിരക്കി.

''അതെന്താ എനിക്കു പത്രം വായിച്ചാ കൊള്ളില്ലേ.''

''പത്രം വായിക്കണം. അതു വായിച്ചില്ലെങ്കിലാ കുഴപ്പം.''

''നീയെന്താ രാവിലെ എന്നോടു കോഡ് ചോദിക്കുവാണോ?'' അയാള്‍ ക്ഷോഭത്തോടെ മകനോട് ചോദിച്ചു.

''ഇതാ അപ്പേടെ കൊഴപ്പം. ഞാനെന്തു പറഞ്ഞാലും അതു തകര്‍ക്കുത്തരമായേ തോന്നൂ. എന്നാ കരുതാം പാടില്ലേ ഇവന്റെ എന്റെ മകനാ എന്റെ സ്വഭാവത്തിന്റെ കുറച്ചൊക്കെ അവനു കിട്ടിയിരിക്കും അതുകൊണ്ടാ അവന്റെ സംഭാഷണം ഇത്തരത്തിലായതെന്ന്.''

''ഇന്നെന്താ നിന്റെ പരിപാടി.'' അയാള്‍ ശാന്തതയോടെ തിരക്കി.

''ഇന്നു പ്രത്യേക പരിപാടിയൊന്നുമില്ല. ഞങ്ങള്‍ ചാരിറ്റിക്കാര്‍ ഒരു വീടിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നുണ്ട്. അതിനു സഹകരിക്കാന്‍ പോവണം.

വെള്ളപ്പൊക്കത്തില്‍ വീടു നഷ്ടപ്പെട്ട ഒരു ചേച്ചിയുടെ വീട് നിര്‍മ്മിച്ചു കൊടുക്കണം. സിമന്റു കടക്കാരന്‍ മൈക്കിളും ഇരുമ്പുകടക്കാരന്‍ സെയ്തലവിയും പറ്റുന്ന സഹായം ചെയ്യാമെന്നു സമ്മതിച്ചിട്ടുണ്ട്.''

''അതൊന്നും കൊള്ളില്ല എന്നു പറയുന്നില്ല. പക്ഷേ, അവനവന്റെ വീടിനേക്കുറിച്ചും ചിന്ത വേണ്ടേ. വീട്ടുകാര്യം അന്വേഷിച്ചിട്ടാ നാട്ടുകാരുടെ കാര്യം അന്വേഷിച്ചു പോകേണ്ടത്.''

''വീട്ടിലിപ്പം എന്തു കാര്യമാ നോക്കാനുള്ളത്.'' അവന്‍ ചോദിച്ചു.

''അതായത് നിര്‍മ്മല്‍ ഇപ്പോ അവനു കിട്ടുന്ന ശമ്പളത്തിന്റെ നല്ലൊരു പങ്ക് ഇങ്ങോട്ടു തരുന്നുണ്ട്. നീ എന്താ ഈ കുടുംബത്തിലേക്കു തരുന്നത്. ജോലി ചെയ്തു കൊണ്ടിരുന്നപ്പം എന്തെങ്കിലും തരുമായിരുന്നു.

ഇപ്പോ നീ ഇങ്ങോട്ടൊന്നും തരുന്നില്ലെന്നു മാത്രമല്ല; അങ്ങോട്ടു വസൂലാക്കാനും നോക്കുന്നു.''

''ഞാന്‍ ഇവിടെ നിന്നു ഭക്ഷണം കഴിക്കുന്നുണ്ട് എന്നതു ശരിയാ. അല്ലാതെ ഒന്നും ഇവിടെ നിന്നെടുക്കുന്നില്ല.''

''ഇങ്ങനെയാണോ ഈ പ്രായത്തിലുള്ള ചെറുപ്പക്കാര്‍ ജീവിക്കുന്നത്. അവര്‍ ഈ രാജ്യത്തോ പുറം രാജ്യത്തോ പോയി ജോലി ചെയ്തു കുടുംബം നോക്കുകയാ. ഇന്നു നന്നാവും നാളെ നന്നാവും എന്നും കരുതി ഞാന്‍ പ്രതീക്ഷയോടെ കാത്തിരുന്നതു മിച്ചം.''

അജയ് ഒന്നും മറുപടി പറഞ്ഞില്ല.

''നീയെന്താ ഇങ്ങനെ ആയത്. നമ്മുടെ കുടുംബത്തില്‍ എത്ര പേരുണ്ട് നിന്നെപ്പോലെ നടക്കണവര്. നമ്മുടെ വീട്ടുകാരിലെ ചെറുപ്പക്കാരെല്ലാം അധ്വാനിച്ചു പണം സമ്പാദിച്ചിട്ട് അതില്‍ നിന്നും ചെറിയ ചാരിറ്റിയൊക്കെ നടത്തും. നീയെന്താ ഇങ്ങനെ തലതിരിഞ്ഞു ചിന്തിക്കുന്നത്.'' അയാള്‍ മകനോടു ചോദിച്ചു.

''ഞാനൊരു ജോലിക്കു ശ്രമിക്കുന്നുണ്ട്. യു കെ യിലോ കാനഡയിലോ...''

സന്തോഷവാര്‍ത്ത കേട്ട് ജോര്‍ജ് കുട്ടിയുടെ മുഖം പ്രസന്നമായി.

''നന്നായി. ഇപ്പോഴെങ്കിലും നിനക്കു നല്ല ബുദ്ധി തോന്നിയല്ലോ.''

''പപ്പ ഇന്നു സൈറ്റില്‍ പോവുന്നില്ലേ?'' അവന്‍ ചോദിച്ചു.

''എങ്ങോട്ടു പോവാന്‍. ഇപ്പോ സൈറ്റൊന്നുമില്ല. ഒരു പ്രൊജക്ട് കിട്ടാറാകുമ്പോഴേക്കും ആരെങ്കിലും ചൂണ്ടയിട്ട് അത് അടിച്ചോണ്ടു പോകും.''

''അപ്പന്റെ ഈ കുടി കാരണമാ ആരും ഒരു വര്‍ക്കും തരാത്തത്.''

''അതെ. ഇനി അതേക്കേറി പിടിച്ചോ വൈകുന്നേരം ഇത്തിരി കഴിച്ചില്ലെങ്കീ എനിക്ക് ഉറക്കം വരില്ല.''

''പിന്നേ എല്ലാവരും കുടിച്ചല്ലേ ഉറക്കം വരുത്താറ്. കുടിയന്മാര്‍ കുടിക്കാന്‍ എന്തെല്ലാം കാരണങ്ങളാ കണ്ടെത്തുന്നത്.''

''അപ്പനോ ഇങ്ങനെ ആയിപ്പോയി. നീയെങ്കിലും കുടിക്കാതെയിരിക്ക്. ഇന്നത്തെ ചെറുപ്പക്കാര്‍ പലരും ബാറുകേറിയിറങ്ങുമ്പം എനിക്ക് എന്റെ മകനേക്കുറിച്ച് അഭിമാനമുണ്ട്.''

അയാള്‍ പറഞ്ഞുനിര്‍ത്തി മകനെ നോക്കി.

അജയ് ചെറുചിരിയോടെ അപ്പനെ നോക്കി നിന്നു.

''ആട്ടെ. നിന്റെ കയ്യില്‍ കാശ് വല്ലതുമുണ്ടോ ഒരു ലക്ഷം രൂപയെടുക്കാന്‍.''

''പഷ്ട് ചോദ്യം. എന്റെ കൈയില്‍ നൂറു രൂപ പോലും എടുക്കാനില്ല. പെട്രോളടിക്കുന്നതു തന്നെ ട്രസ്റ്റിന്റെ പൈസേന്നാ.''

''ട്രസ്റ്റിന്റെ പൈസേന്ന് ഒരു ലക്ഷം താടാ അടുത്തയാഴ്ച തിരിച്ചു തരാം.''

''അതൊന്നും നടക്കില്ല അപ്പാ. ട്രസ്റ്റിന്റെ നിയമാവലിയില്‍ ആര്‍ക്കും പണം കടം കൊടുക്കരുതെന്നാ. തന്നെയുമല്ല അങ്ങനെ ഒത്തിരി പൈസയൊന്നും ചാരിറ്റബിള്‍ ട്രസ്റ്റിനില്ല. കാര്യങ്ങള്‍ അങ്ങനെ നടന്നുപോകുന്നു എന്നു മാത്രം.''

''നീയൊരു ഭയങ്കര സാധനമാണല്ലോടാ. സ്വന്തം അപ്പനാ ചോദിക്കുന്നതെന്ന ചിന്ത പോലുമില്ലല്ലോ.''

''ഓ... ഈ അപ്പനോട് എന്നാ പറഞ്ഞാലും മനസ്സിലാക്കില്ല.''

''തലയ്ക്കു മീതേ ഒരു ബോംബ് പൊട്ടാന്‍ പാകത്തിന് നിനക്കണ്ണ്ട്. അതു നിനക്കറിയാമോ? ഒന്നരക്കോടി രൂപ രണ്ടു മാസത്തിനകം ബാങ്കിലടച്ചില്ലെങ്കീ ബാങ്ക് ജപ്തിയിലേക്കു നീങ്ങും. കേറിക്കേറി പോയി ലോണ്‍ എല്‍.പി. ആകാന്‍ പോവുകയാ. എനിക്കാണെങ്കീ കുറച്ചുനാളായി പൈസയൊന്നും അടയ്ക്കാനും പറ്റിയിട്ടില്ല. നിനക്കിതേക്കുറിച്ച് വല്ല ചിന്തയുമുണ്ടോ?'' അയാള്‍ ചോദിച്ചു.

''ഞാനതൊന്നും ചിന്തിക്കുന്നില്ല. ചിന്തിച്ചാല്‍ ഉള്ള മൂഡും പോവും.''

''എടാ നീ വിചാരിച്ചാല്‍ ഇപ്പോ ഒരു കോടിക്കൊക്കെ മോളില്‍ സംഘടിപ്പിക്കാന്‍ പറ്റും.''

അയാള്‍ ശാന്തതയോടെ മകന്റെ മുഖത്തു നോക്കി പറഞ്ഞു.

''എങ്ങനെ?'' അജയ് ചോദിച്ചു.

''അപ്പാ പറയും പോലെ മോന്‍ കേക്ക്. നീയൊരു കല്ല്യാണം കഴിക്ക്. നിന്റെ വിദ്യാഭ്യാസ യോഗ്യതയും ഫോറിനു പോകാനുള്ള താല്‍പര്യവും നമ്മുടെ തറവാട്ടു മഹിമയും വച്ച് നിനക്കു കുറഞ്ഞത് ഒരു കോടി രൂപയെങ്കിലും ഡൗറി ലഭിക്കും. അങ്ങനെ നമുക്കു ജപ്തിയില്‍ നിന്നും രക്ഷപ്പെടാം.''

''അപ്പയുടെ ചിന്ത അപാരം തന്നെ. ഞാന്‍ കല്ല്യാണം കഴിച്ചാല്‍ത്തന്നെ ഡൗറി ഇല്ലാതെയേ കഴിക്കൂ. ഡൗറിക്കെതിരെ ഞാന്‍ പത്രത്തില്‍ ലേഖനം എഴുതിയിട്ടുള്ള ആളാ.''

''അതൊക്കെ അങ്ങനെ പലരും പലതും എഴുതും. അതൊക്കെ ആര് ഓര്‍ത്തിരിക്കാന്‍. നീ ഞാന്‍ പറയുന്നതു കേക്ക്. ചേട്ടന്‍ കെട്ടാതെ നിക്കുമ്പം അനുജനു കല്യാണം ആലോചിച്ചാ പറ്റില്ല. അല്ലെങ്കീ ഞാന്‍ നിര്‍മ്മലിനു കല്യാണം ആലോചിച്ചേനെ.''

''എന്നാ അവനെക്കൊണ്ടു കെട്ടിക്ക്. ഞാന്‍ പതുക്കയേ ഉള്ളൂ.''

''ഏതായാലും നീ കെട്ടാമെന്നു സമ്മതിച്ചല്ലോ. അതുതന്നെ ഭാഗ്യം.''

''ആദ്യം ജോലി. പിന്നെ കല്യാണം. അതാ അതിന്റെ ശരി.'' അജയ് പറഞ്ഞു.

  • (തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org