പ്രകാശത്തിന്റെ മക്കള്‍ [19]

പ്രകാശത്തിന്റെ മക്കള്‍ [19]
Published on

നോവലിസ്റ്റ്: ജോര്‍ജ് നെയ്യശ്ശേരി

ചിത്രീകരണം: എന്‍ എസ് ബൈജു

[നോവല്‍ 19]

അന്നത്തെ പത്രത്തില്‍ അജയ് സുരേന്ദ്രനു വേണ്ടി നടത്തിയ ഇടപെടലിന്റെ വാര്‍ത്തയുണ്ടായിരുന്നു.

സുരേന്ദ്രനാണ് വാര്‍ത്ത പത്രങ്ങളെയും ചാനലുകളെയും അറിയിച്ചത്.

അജയ്‌യുമായി അഭിമുഖത്തിന് ചില ചാനലുകള്‍ ശ്രമിച്ചെങ്കിലും അവന്‍ സമ്മതം മൂളിയില്ല.

''നീ കണ്ടോ സൗമ്യേ... അജയ്‌യെക്കുറിച്ചു പത്രത്തിലെഴുതിയിരിക്കുന്നത്. അവന്റെ വല്യപ്പച്ചനെപ്പോലെ തന്നെയാ അവനും. പാവങ്ങള്‍ക്കുവേണ്ടി സമയം ചെലവഴിക്കാന്‍ ഒരു മടിയുമില്ല.''

സൗമ്യ പുഞ്ചിരിയോടെ പത്രം വാങ്ങി വാര്‍ത്ത വായിച്ചു. അവള്‍ക്ക് അജയ് നെക്കുറിച്ച് അഭിമാനം തോന്നി.

അവന്‍ ഇഷ്ടമാണെന്ന് ഒരിക്കല്‍ പറഞ്ഞിട്ടേ ഉള്ളൂ. താന്‍ മറുപടിയൊന്നും നല്കിയിട്ടില്ല. പിന്നെ ഒരു രീതിയിലും സ്‌നേഹത്തിന്റെ പേരു പറഞ്ഞ് തന്നെ ശല്യപ്പെടുത്താന്‍ വന്നിട്ടില്ല. അങ്ങനെ പല രീതിയിലും അവനോട് മതിപ്പ് തോന്നുന്നു.

''പത്രക്കാര്‍ ഇങ്ങനെ വാര്‍ത്ത കൊടുക്കുന്നതു നല്ല കാര്യമാ അമ്മച്ചി. മറ്റുള്ളവര്‍ക്കു സഹായം ചെയ്യാനുള്ള പ്രചോദനം പലര്‍ക്കും തുടര്‍ന്നു ലഭിക്കും. പാവങ്ങളെ സഹായിക്കാന്‍ ആരുമില്ലാതെ വന്നാല്‍ അവരുടെ കാര്യം കഷ്ടത്തിലാവുമല്ലോ.''

''അവന്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ക്കുവേണ്ടി നടക്കുന്നതു കൊണ്ടാവും ഈയാഴ്ച കണ്ടില്ലല്ലോ?''

അമ്മച്ചി അവളുടെ നേരെ നോക്കി.

''തിരക്കായിരിക്കും അമ്മച്ചി അതാ വരാത്തത്.''

* * * *

ബാങ്കിന്റെ ജി എം സെബാസ്റ്റ്യന്‍ അങ്കിളിന് അജയ് ഫോണ്‍ ചെയ്തു.

''സണ്‍ഡേ അങ്കിള്‍ ഫ്രീയാണോ, വീട്ടില്‍ ഉണ്ടാവുമോ? എനിക്ക് അങ്ങോട്ടൊന്നു വരാനായിരുന്നു.

''യേസ്. ഞാന്‍ വീട്ടിലുണ്ടാവും. നീ ഉച്ചസമയത്തു പോര്. ലഞ്ച് ഇവിടെ നിന്നാവാം.''

''ഓ കെ അങ്കിള്‍.''

അപ്പയുടെ ഓഫീസ് മുറിയിലെ അലമാരയില്‍ നിന്നും കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ലോണിന്റെ പേപ്പറുകള്‍ ഒരു ഫയലില്‍ അജയ് ക്രമീകരിച്ചു വച്ചു.

യാത്ര പോകുന്ന കാര്യം വീട്ടില്‍ പറഞ്ഞില്ല. ഏതെങ്കിലും കാര്യത്തിനായി അജയ് ഇടയ്ക്കിടെ യാത്ര ചെയ്യുന്നതുകൊണ്ട് ആരും ഒന്നും ചോദിക്കില്ലെന്ന് അവനറിയാമായിരുന്നു.

സെബാസ്റ്റ്യന്‍ അങ്കിള്‍ പഠനത്തില്‍ മിടുക്കനായിരുന്നു എന്നു കേട്ടിട്ടുണ്ട്. അതുകൊണ്ടാണല്ലോ ബാങ്കിന്റെ ജനറല്‍ മാനേജര്‍ തസ്തികയില്‍ എത്തിയത്. അദ്ദേഹത്തിന്റെ ഭാര്യ കോളേജ് പ്രൊഫസറാണ് മക്കള്‍ രണ്ടും യു എസില്‍.

ഞായറാഴ്ച രാവിലത്തെ കുര്‍ബാനയ്ക്കുശേഷം വീട്ടില്‍ വന്ന് കാപ്പിയും കഴിഞ്ഞ് ഫയലുമെടുത്ത് അജയ് കാറില്‍ക്കയറി.

''രാവിലെ നീ എങ്ങോട്ടാ.'' മിനി അവനോടു വിളിച്ചു ചോദിച്ചു.

''തൃശ്ശൂര്‍വരെ പോകണം ഒരാളെ കാണാന്‍. രാത്രി ആവമ്പോഴേക്കും എത്തും.''

അപ്പ ഇതുവരെയും മുറിവിട്ടു പുറത്തേക്കു വന്നിട്ടില്ലെന്ന കാര്യം അവന്‍ ഓര്‍ത്തു.

കഴിഞ്ഞയാഴ്ച വികാരിയച്ചന്‍ ചോദിച്ചിരുന്നു.

''ജോര്‍ജ്കുട്ടിയെ ഇപ്പോ ഞായറാഴ്ച പള്ളിയില്‍ കാണാറില്ലല്ലോ. വല്ല അസുഖവുമാണോ?''

''അസുഖമൊന്നുമില്ല അച്ചോ, ഞായറാഴ്ച തിരക്കായിരിക്കും. യാത്ര പോകുന്ന വഴിക്ക് ഏതെങ്കിലും പള്ളിയില്‍ കുര്‍ബാന കാണും അതാ ഇങ്ങോട്ടു വരാത്തത്.''

''ശരി. ഞാന്‍ അപ്പനെ അന്വേഷിച്ചതായി പറഞ്ഞേക്ക്.''

അപ്പനെക്കുറിച്ചു ചോദിച്ചപ്പോള്‍ അച്ചനോടു സത്യം പറയാന്‍ സാധിക്കാത്തതില്‍ അവനു വിഷമമുണ്ടായി.

തൃശ്ശൂര്‍ക്കുള്ള യാത്രയില്‍ അജയ്‌ന്റെ ചിന്ത അപ്പനെക്കുറിച്ചായിരുന്നു.

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അപ്പനെക്കുറിച്ച് അഭിമാനം കൊണ്ടിരുന്നു. അപ്പന്‍ പണി കഴിപ്പിച്ച സ്‌കൂളിലാണു പഠിച്ചത്. അങ്ങനെ എത്രയെത്ര പ്രോജക്ടുകള്‍.

അപ്പന്‍ എന്നാണോ മദ്യത്തിലേക്കു തിരിഞ്ഞത് അന്നു മുതല്‍ അധഃപതനവും ആരംഭിച്ചു.

തങ്ങള്‍ ഇത്രമാത്രം സാമ്പത്തികമായി അധഃപതിച്ചു എന്ന് മറ്റുള്ളവര്‍ക്ക് അറിയില്ലെന്നു തോന്നുന്നു. ഇങ്ങനെയായിരിക്കുമോ പല പണക്കാരുടെയും അവസ്ഥ. പുറമേ നിന്നു നോക്കുമ്പം വലിയ പണക്കാരായി കാണപ്പെടുന്നവര്‍ കടവും കടത്തിന്റെ കൂടുമായി കഴിയുന്നവരായിരിക്കുമോ?

പ്രളയവും കോവിഡും എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതത്തെ സാരമായി ബാധിച്ചു. അതില്‍ നിന്നു കരകയറാന്‍ ഇനിയും സാധിച്ചിട്ടില്ല. കാര്‍ഷിക മേഖലയിലും നിര്‍മ്മാണ മേഖലയിലും വന്ന തകര്‍ച്ച താങ്ങാവുന്നതിലും അപ്പുറമാണ്.

ലോണ്‍ തിരിച്ചടയ്ക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടപ്പോള്‍ അപ്പന്‍ ഷോപ്പിംഗ് കോംപ്ലക്‌സ് വിറ്റു ബാങ്കിലെ കടം തീര്‍ത്ത് ബാക്കി പണം കണ്‍സ്ട്രക്ഷന്‍ വര്‍ക്കിലെ കാര്യങ്ങള്‍ക്ക് എടുക്കാമായിരുന്നു. അന്നതു ചെയ്യാത്തത് തന്റെ ഇമേജ് നഷ്ടപ്പെടുമോ എന്ന് ഓര്‍ത്തായിരിക്കും.

ലോണ്‍ പെരുകാനായി വിട്ടുകൊടുത്തിട്ട് വൈകി അതേക്കുറിച്ച് ചിന്തിച്ച് നിരാശപ്പെടേണ്ടി വരില്ലായിരുന്നു. അന്ന് അങ്ങനെ ചെയ്‌തെങ്കില്‍...

ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് അപ്പന്‍ ഭാര്യയോടെ മക്കളോടോ ഒന്നും സംസാരിക്കാറില്ല. അതു തന്നെ വലിയ ന്യൂനതയാണ്.

അപ്പ എന്തുകൊണ്ടാവും സെബാസ്റ്റ്യന്‍ അങ്കിളിനോട് ലോണിന്റെ കാര്യത്തെക്കുറിച്ച് സംസാരിക്കാത്തത്. തന്റെ തകര്‍ച്ച അദ്ദേഹം അറിയുന്നത് അഭിമാനക്ഷതമായി കണക്കാക്കിയിരിക്കുമോ?

മിഥ്യാഭിമാനം ചുമന്ന് അഭിമാനമേയില്ലാത്തവരുടെ ഗണത്തിലേക്ക് എത്തിപ്പെടാന്‍ അധിക സമയം വേണ്ട.

തൃശ്ശൂര്‍ നഗരത്തില്‍ നിന്നും ഏറെ അകലെയല്ലായിരുന്നു സെബാസ്റ്റ്യന്റെ ഭവനം. രണ്ടു വര്‍ഷം മുമ്പ് സെബാസ്റ്റ്യന്‍ മകന്റെ വിവാഹത്തിന് അജയ് വന്നിരുന്നു. അതുകൊണ്ട് വീട് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടില്ല.

പോര്‍ച്ചില്‍ ഒരു പുതിയ കിയ കിടപ്പുണ്ട്. മുറ്റത്തെ തായ്‌ലന്റ് യാസയുടെ തണലില്‍ വണ്ടി പാര്‍ക്കു ചെയ്ത് ഫയലുമെടുത്ത് അവന്‍ വീടിനു മുന്നിലെത്തി. കോളംഗ് ബെല്ലില്‍ വിരലമര്‍ത്തി.

സെബാസ്റ്റ്യന്റെ ഭാര്യ മരിയ വാതില്‍ തുറന്ന് ഹൃദ്യമായി ചിരിച്ച് അവനെ സ്വാഗതം ചെയ്തു.

''സെബാസ്റ്റ്യന്‍ ചേട്ടന്‍ പറഞ്ഞിരുന്നു വരുമെന്ന്. ചേട്ടന്‍ ഫയല്‍ നോക്കുകയാ. സണ്‍ഡേ ആണെങ്കില്‍ ചേട്ടനു ഹോളിഡേ അല്ല.'' അവര്‍ ചിരിച്ചു. കൂടെ അജയ്‌യും.

സെബാസ്റ്റ്യന്‍ അപ്‌സ്റ്റെയര്‍ ഇറങ്ങി അവരുടെ അടുത്തേക്കു വന്നു. നിറഞ്ഞ ചിരിയോടെ.

''നിന്റെ വാര്‍ത്ത ഇന്നലെ പത്രത്തില്‍ കണ്ടു. കണ്‍ഗ്രാജുലേഷന്‍സ്.''

''കണ്‍ഗ്രാജുലേഷന്‍സ് പറയേണ്ടത് അങ്കിളിനോടാ. അങ്കിള്‍ സഹായിച്ചില്ലെങ്കില്‍ സുരേന്ദ്രന്‍ പെട്ടുപോയേനെ.''

''ചാച്ചിമാരെ രണ്ടും ഞാന്‍ ഇടയ്ക്കിടെ വിളിക്കാറുണ്ട്. അമ്മച്ചി സുഖമായിരിക്കുന്നല്ലോ ഇല്ലേ.''

''സുഖമായിരിക്കുന്നു അങ്കിള്‍ ഞാന്‍ കഴിഞ്ഞയാഴ്ച പോയിരുന്നു.''

''മനോജ് എന്നാ യു കെ യില്‍ നിന്നും മടങ്ങി വരിക.''

''അങ്കിള്‍ മൂന്നു മാസം കൂടി കഴിഞ്ഞാല്‍ വരും. ഡേവിഡിന് ഒരു ആണ്‍കുട്ടി ഉണ്ടായി.''

സെബാസ്റ്റ്യന്‍ സന്തോഷത്തോടെ ചിരിച്ചു.

''നമുക്ക് ഊണു കഴിഞ്ഞു സംസാരിക്കാം. അകത്തേക്കിരിക്കാം.'' മരിയ വന്ന് അവരെ ക്ഷണിച്ചു.

ഊണു കഴിച്ചുകൊണ്ടിരുന്നപ്പോള്‍ അത്യാവശ്യം വീട്ടുവിശേഷങ്ങള്‍ മൂവരും പങ്കിട്ടു.

ഊണു കഴിഞ്ഞു സെബാസ്റ്റ്യനും അജയ്‌യും ഡ്രോയിംഗ് റൂമിലെത്തി.

''അപ്പയുടെ ലോണ്‍ എന്‍ പി ആകാറായെന്നു ഞാന്‍ അങ്കിളിനോടു സൂചിപ്പിച്ചിരുന്നല്ലോ. അങ്കിള്‍ ഈ ഫയല്‍ ഒന്നു നോക്കിക്കേ.'' അജയ് ലോണ്‍ ഫയല്‍ അദ്ദേഹത്തിനു നീട്ടി.

സെബാസ്റ്റ്യന്‍ പേപ്പറുകള്‍ ഓരോന്നു മറിച്ചു നോക്കുമ്പോള്‍ സെബാസ്റ്റ്യന്റെ മുഖത്തു പ്രകടമാകുന്ന ഭാവമാറ്റങ്ങള്‍ അജയ് ശ്രദ്ധിക്കാതിരുന്നില്ല.

''അഞ്ചു കോടിയുടെ ലോണല്ലേ. ഒരു മാസം അടക്കാതെ വന്നാല്‍ത്തന്നെ ഇന്ററസ്റ്റ് കൂടിക്കൂടി വരും. അതാ ഇവിടെ സംഭവിച്ചിരിക്കുന്നത്. ഒരു വര്‍ഷമായി ഇന്ററസ്റ്റും ലോണ്‍ എമൗണ്ടിന്റെ ഒരു പെര്‍സന്റുപോലുമോ അടച്ചിട്ടില്ല.''

''ലോണ്‍ എടുക്കുമ്പോള്‍ നമുക്കു പല കണക്കു കൂട്ടലുകളും കാണും. വരുമാനം വരുന്നില്ലായെന്നു കണ്ടാല്‍ എങ്ങനെയും ലോണ്‍ ക്ലോസ് ചെയ്യാന്‍ നോക്കുകയാ വേണ്ടത്. ജോര്‍ജ്കുട്ടി പ്രോപ്പര്‍ട്ടി ഏതേലും വിറ്റ് ലോണ്‍ നേരത്തേ ക്ലോസ് ചെയ്യേണ്ടതായിരുന്നു.''

''വീട്ടില്‍ ഇതേക്കുറിച്ചൊന്നും അപ്പ ഡിസ്‌ക്‌സ് ചെയ്യില്ല അങ്കിള്‍. ഇപ്പോഴല്ലേ ഇതൊക്കെ പറയണത്.''

''സാരമില്ല. ഇനിയും വൈകിയിട്ടില്ല. വീടും ഒരേക്കര്‍ സ്ഥലവും പിന്നെ ഷോപ്പിംഗ് കോംപ്ലക്‌സും ഉണ്ട്. ഇതില്‍ ഏതെങ്കിലും ഒന്നു വില്‍ക്കാന്‍ നോക്കുക. ഷോപ്പിംഗ് കോംപ്ലക്‌സ് വിറ്റാല്‍ കടം വീടും പക്ഷേ, വലിയ വീട്ടില്‍ പട്ടിണി കിടക്കേണ്ടി വരും. വേറെ വരുമാനമില്ലല്ലോ.''

''വീടു വിറ്റാല്‍ ലോണ്‍ അടയ്ക്കാനുള്ള മുഴുവന്‍ തുക കിട്ടിയെന്നു വരികയില്ല. എന്താ അഭിപ്രായം. വീടു വില്‍ക്കുന്നതിനോടാണോ അതോ ഷോപ്പിംഗ് കോംപ്ലക്‌സ് വില്‍ക്കുന്നതിനോടാണോ യോജിപ്പ്.'' സെബാസ്റ്റ്യന്‍ ചോദിച്ചു.

''കണ്‍സ്ട്രക്ഷന്‍ കമ്പനി നല്ല രീതിയില്‍ പോയാല്‍ വീടു വിറ്റില്ലെങ്കിലും കുഴപ്പമില്ല. ഷോപ്പിംഗ് കോംപ്ലക്‌സ് വിറ്റു കാര്യം നടത്താം. പക്ഷേ, ഇനി ഞാനും വെളിയില്‍പ്പോകാനാ ആഗ്രഹിക്കുന്നത്. ഭാവിയില്‍ അപ്പയും അമ്മയും മാത്രമാകും വീട്ടില്‍. അവര്‍ തനിയെ അത്രയും വലിയ വീട് എങ്ങനെ മെയിന്റെയിന്‍ ചെയ്യും. അതുകൊണ്ട് വീട് വില്‍ക്കാം. എന്നിട്ടു ചെറിയ വീട്ടിലേക്കു മാറാം.''

''അതായിരിക്കും നല്ലതെന്നാ എനിക്കും തോന്നുന്നത്. ഇനി ജോര്‍ജ് കണ്‍സ്ട്രക്ഷന്‍ ഫീല്‍ഡില്‍ എത്രനാള്‍ ഉണ്ടാവും പ്രായം കൂടി വരികയല്ലേ. ഷോപ്പിംഗ് കോംപ്ലക്‌സ് ഉണ്ടെങ്കീ മാസം തോറം വാടകയിനത്തില്‍ കിട്ടുന്ന പണം കൊണ്ടു ജീവിച്ചുപോകാമല്ലോ.''

''അങ്കിള്‍ പറഞ്ഞതാ ശരി. അങ്ങനെ ചിന്തിക്കാം.''

''മൊത്തം ഇന്റസ്റ്റു സഹിതം ഏഴു കോടി വേണ്ടി വരും ലോണ്‍ ക്ലോസ് ചെയ്യാന്‍. അഡീഷണല്‍ കുറെ പണം വേണ്ടി വരും. അതിനെന്തെങ്കിലും മാര്‍ഗം അജയ് കാണുന്നുണ്ടോ?'' സെബാസ്റ്റ്യന്‍ ചോദിച്ചു.

''ഒന്നും കാണുന്നില്ല അങ്കിള്‍.'' അയാള്‍ നിരാശതയോടെ പ്രതികരിച്ചു.

''ഞാനൊരു ടെന്‍ ലാക്‌സ് തരാം. അജയ് പിന്നെ തിരിച്ചു തന്നാല്‍ മതി. പിന്നെ നമ്മുടെ വീട്ടുകാര്‍ ഒത്തിരിപേര്‍ യു എസിലും യു കെയിലും കാനഡയിലുമൊക്കെ ഇല്ലേ. എല്ലാവരും ഉള്ളതുപോലെ സഹായിക്കട്ടെ. ഇതൊന്നും ആരെയും അറിയിക്കാതെ മൂടി വയ്ക്കുന്നതെന്തിനാ.

ഇതൊക്കെ മനുഷ്യസഹജമാ. പിന്നെ അപ്പയുടെ മദ്യപാനം ഒരു പ്രശ്‌നമാ. അതു കുറയ്ക്കുകയോ നിര്‍ത്തുകയോ ചെയ്യണം. സാമ്പത്തികമായും ആരോഗ്യപരമായും അതു നന്നല്ല.'' സോബാസ്റ്റിയന്‍ അജയ്‌നെ നോക്കി പുഞ്ചിരി തൂകി

''അങ്കിള്‍ പറഞ്ഞതു ശരിയാ. ഇനി അപ്പയെ നന്നായിട്ടൊന്നു പിടിക്കണം. എല്ലാത്തിനും താങ്ക്‌സ് അങ്കിള്‍.''

  • (തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org