കുരങ്ങന്റെ കൈപ്പത്തി – 10

കുരങ്ങന്റെ കൈപ്പത്തി – 10

കഥ ഇതുവരെ

മിസ്റ്റര്‍ വൈറ്റ്, പത്‌നി മിസിസ് വൈറ്റ് മകന്‍ ഹെര്‍ബര്‍ട്ട് എന്നിവരുടെ വീട്ടിലേക്ക് ഒരു അര്‍ദ്ധ രാത്രിയില്‍ അതിഥിയായി, ഇന്ത്യയിലെ ബ്രിട്ടീ ഷ് പട്ടാളത്തിലെ സെര്‍ജന്റ് ആയി റിട്ടയര്‍ ചെ യ്ത മേജര്‍ മോറിസ് എത്തുന്നു. ഒരു കുരങ്ങു പാദം തന്റെ കൈവശമുണ്ടെന്നും അതുകൊണ്ട് മനുഷ്യന്റെ മൂന്ന് ആഗ്രഹങ്ങള്‍ സാധിക്കുമെ ന്നും സെര്‍ജന്റ് മോറിസ് അവകാശപ്പെട്ടു.
ദരിദ്രനായ തനിക്കും കുടുംബത്തിനും കുര ങ്ങുപാദം വഴിയുണ്ടാകുന്ന മൂന്ന് ആഗ്രഹങ്ങള്‍ വഴി നല്ല കാലം വന്നേക്കാമെന്ന ചര്‍ച്ചയില്‍ കുര ങ്ങുപാദം തനിക്കു തരണമെന്ന് മിസ്റ്റര്‍ വൈറ്റ് മേജര്‍ മോറിസിനോട് ആവശ്യപ്പെടുന്നു. എ ന്നാല്‍ അത് ഒരു നല്ല രീതിയല്ലെന്ന് മേജര്‍ മോറി സ് വീണ്ടും വീണ്ടും മുന്നറിയിപ്പു നല്‍കിയെങ്കി ലും അതുകൊണ്ടുണ്ടാകുന്ന എല്ലാ അനര്‍ത്ഥ ങ്ങള്‍ക്കും താനും കുടുംബവും മാത്രമായിരി ക്കും ഉത്തരവാദികള്‍ എന്ന് വൈറ്റ് കുടുംബം മോറിസിന് ഉറപ്പു നല്‍കിയതു പ്രകാരം, കൈപ്പ ത്തി കൊണ്ട് മിസ്റ്റര്‍ വൈറ്റ് കുരങ്ങുപാദം വല തുകൈയ്യില്‍ പിടിച്ച്, തന്റെ കുടുംബത്തിന് 200 പവന്‍ ആവശ്യമുണ്ട് എന്ന് പറയുന്നു. ആഗ്രഹം പറഞ്ഞു തീര്‍ന്നതും വലിയ ഒരു അലര്‍ച്ചയോടെ മിസ്റ്റര്‍ വൈറ്റ് ഞെട്ടിത്തരിക്കുന്നു. തന്റെ കൈ യ്യില്‍ കിടന്ന് കുരങ്ങുപാദം ഒരു പാമ്പിനെപ്പോ ലെ പുളഞ്ഞുവെന്നും തന്നില്‍ അത് വല്ലാത്ത ഭയവും ആധിയുമുണ്ടാക്കിയെന്നും മിസ്റ്റര്‍ വൈറ്റ് ഭാര്യയോടും മകനോടും പറഞ്ഞു. പിറ്റേന്ന് മകന്‍ മാവ് ആന്റ് മഗ്ഗിന്‍സ് കമ്പനിയില്‍ പതിവു പോലെ ജോലിക്കു പോയി ഏതാനും മണിക്കൂ റുകള്‍ കഴിഞ്ഞപ്പോള്‍ വൈറ്റിന്റെ വീട്ടിലേക്ക് കമ്പനിയില്‍ നിന്ന് വരുന്ന പ്രതിനിധി, കമ്പനി യിലെ ഒരു മിഷ്യനില്‍ കുടുങ്ങി ഹെര്‍ബര്‍ട്ട് കൊല്ലപ്പെട്ടുവെന്നും അതൊരിക്കലും കമ്പനി യുടെ കുഴപ്പം കൊണ്ടല്ലന്നും മകന്റെ അശ്രദ്ധ മാത്രമാണ് കാരണമെന്നും കമ്പനിയുടെ അഗാ ധമായ ദുഃഖം അറിയിക്കാന്‍ തന്നെ ചുമതലപ്പെ ടുത്തിയതാണെന്നും കമ്പനി നഷ്ടപരിഹാരം ന ല്കാന്‍ തയ്യാറാണെന്നും അറിയിച്ചു. ഇരുന്നൂറു പവന്‍ തുകയാണ് നഷ്ടപരിഹാരമെന്ന് കമ്പനി ശിപായി അറിയിച്ചത് കേട്ട് വൈറ്റ് ദമ്പതികള്‍ ഞെട്ടിപ്പോയി.
ഏക മകന്റെ ശവസംസ്‌കാരത്തിന് ശേഷം വൈറ്റ് ദമ്പതിമാരുടെ വീട് ഒരു പ്രേതഭവനം പോ ലെ നിശ്ശബ്ദമാകുന്നു. പരസ്പരം മിണ്ടാതെ സ്വ യം പഴിച്ചും കുറ്റപ്പെടുത്തിയും മിസ്റ്റര്‍ വൈറ്റും ഭാര്യയും കഴിയുന്നു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ മി സ്സിസ് വൈറ്റ് കുരങ്ങുപാദം കൊണ്ട് തനിക്ക് ഇനിയും ആഗ്രഹങ്ങള്‍ സാധിക്കാനുണ്ടെന്നും അത് എടുത്തുകൊണ്ട് വരണമെന്നും ഭര്‍ത്താവി നോട് ആവശ്യപ്പെട്ടു. ഒരു ആഗ്രഹം കൊണ്ടുത ന്നെ മതിയായില്ലേ ഇനിയും ആ ദുശകുനം പിടി ച്ച കുരങ്ങുപാദം വേണമോ എന്ന് ചോദിച്ച പ്പോള്‍ മിസ്സിസ് വൈറ്റ് ഭര്‍ത്താവിനോട് കയര്‍ക്കു ന്നു. എന്താണ് ഇനിയുള്ള ആഗ്രഹം എന്ന് മി സ്റ്റര്‍ വൈറ്റ് ചോദിച്ചപ്പോള്‍ ഒരാഴ്ച്ച മുമ്പു മരിച്ചു സിമിത്തേരിയില്‍ അന്ത്യനിദ്ര കൊള്ളുന്ന മകന്‍ മടങ്ങി വരണമെന്നായിരുന്നു അത്. മിസ്റ്റര്‍ വൈ റ്റ് കുരങ്ങുപാദം കൈയ്യില്‍ പിടിച്ച് മനസില്ലാ മന സ്സോടെ രണ്ടാമത്തെ ആഗ്രഹം പറയുന്നു.
എന്നാല്‍ ഒന്നും സംഭവിക്കാത്തതില്‍ മിസ്റ്റര്‍ വൈറ്റ് ആശ്വസിച്ചു. പക്ഷേ, അല്‍പം കഴിഞ്ഞ പ്പോള്‍ വാതിലില്‍ ശക്തമായ മുട്ടു കേട്ട് അയാള്‍ ഞെട്ടി. രണ്ടാമതും മൂന്നാമതും മുട്ടിയപ്പോള്‍ അ ത് തനിക്കു സുപരിചിതമായതു തന്നെയെന്നു തിരിച്ചറിഞ്ഞ് മിസ്റ്റര്‍ വൈറ്റ് മറ്റു ജനലുകള്‍ അട ച്ചു കുറ്റിയിടുന്നു. എന്താണ് ശബ്ദമെന്നു മിസ്സി സ്സ് വൈറ്റ് ചോദിച്ചപ്പോള്‍ അത് കടവാവലുകള്‍ പറക്കുന്നതിനിടയില്‍ വാതിലില്‍ തട്ടുകയാണ് എന്ന് അയാള്‍ പറഞ്ഞു ഫലിപ്പിച്ചു. നാലാമതും വാതിലില്‍ ശക്തിയായി മുട്ടുന്നതു കേട്ടപ്പോള്‍ അത് തന്റെ മകന്‍, കുരങ്ങുപാദം കൊണ്ട് ആഗ്ര ഹിച്ചതു പ്രകാരം ജീവനോടെ തിരിച്ചു വന്നിരി ക്കുകയാണ് എന്നു തിരിച്ചറിഞ്ഞ് മിസ്സിസ്സ് വൈറ്റ് വാതില്‍ തുറക്കാനായി ഗോവണിപ്പടികളിറങ്ങിപ്പോകുന്നു….

ഇനി തുടര്‍ന്നു വായിക്കുക…

ഡബ്ല്യൂ. ഡബ്ല്യൂ. ജേക്കബ്‌സിന്റെ 'ദ മങ്കീസ് പോ' എന്ന കൃതിയുടെ പുനരാഖ്യാനം: ഗിഫു മേലാറ്റൂര്‍

ഗിഫു മേലാറ്റൂര്‍ നോവലിസ്റ്റ്‌
ഗിഫു മേലാറ്റൂര്‍ നോവലിസ്റ്റ്‌

രാത്രിയുടെ അര്‍ദ്ധയാമവും കഴിഞ്ഞിരിക്കുന്നു.
ലോകമാകെ ഗാഢനിദ്രയിലാണ്.
എന്നാല്‍ മിസ്റ്റര്‍ വൈറ്റിന്റെ ഭവനം ഉണര്‍ന്നമട്ടിലായിരുന്നു അപ്പോള്‍.
വാതിലില്‍ ഭീകരശബ്ദത്തില്‍ മുട്ടുകേട്ട് ഗോവണിയിറങ്ങിപ്പോയ ഭാര്യയ്‌ക്കൊപ്പം വല്ലവിധേനയും മിസ്റ്റര്‍ വൈറ്റും താഴെയെത്തി.
പ്രധാന വാതില്‍ക്കലെത്തി. സാക്ഷ നീക്കാന്‍ ശ്രമിക്കുന്ന ഭാര്യയെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുകയാണ് മിസ്റ്റര്‍ വൈറ്റ്.
"പ്രിയേ, നീയെന്താണീ കാണിക്കുന്നത്. അത് ഹെര്‍ബര്‍ട്ടൊന്നുമല്ല. കടവാതിലുകളാണ്. ഈ നട്ടപ്പാതിരയ്ക്ക് ആരു വരാനാണ്…?"
"നിങ്ങള്‍ക്കെന്തറിയാം മനുഷ്യാ…?"
ഭര്‍ത്താവിനു നേരെ ചീറികൊണ്ട് മിസ്സിസ് വൈറ്റ് പറഞ്ഞു.
"അവന് അമ്മച്ചിയെ കാണാതിരിക്കാനാവില്ല… എനിക്കറിയാം എന്റെ മോനെ!"
മിസ്സിസ് വൈറ്റിന് വാതില്‍പ്പാളിയുടെ മുകളിലെ സാക്ഷയിലേക്ക് കൈ എത്തില്ലായിരുന്നു. അവര്‍ ചാടി നോക്കിയെങ്കിലും സാധിക്കുന്നില്ല.
"മനുഷ്യാ, ഈ കതകൊന്നു തുറന്നു തരൂ… എന്റെ മോന്‍ പുറത്ത് തണുപ്പുകൊണ്ടു നില്‍ക്കുകയാണ്… വേഗമാകട്ടെ…!"
ഭാര്യയുടെ വാക്കുകള്‍ ശ്രദ്ധിക്കാതെ മിസ്റ്റര്‍ വൈറ്റ് അവരെ അടങ്കംപുണര്‍ന്ന് പിറകോട്ടു വലിക്കുകയായിരുന്നു അപ്പോള്‍.
"നിങ്ങളെന്താണീ കാണിക്കുന്നത് മനുഷ്യാ…?"
പ്രകൃതിക്കുമപ്പുറത്തെ ഏതോ ശക്തി ആവേശിച്ചതുപോലെ അതിശക്തിയില്‍ ഭര്‍ത്താവിനെ തള്ളിമാറ്റിക്കൊണ്ട് അവര്‍ ജ്വലിക്കുകയാണ്.
"എനിക്ക് വാതില്‍ തുറക്കണം. എന്റെ മോനാണ് പുറത്തെ മഞ്ഞത്ത്…"
"പ്രിയേ, ദൈവത്തെയോര്‍ത്ത് വാതില്‍ തുറക്കല്ലേ… അവനെ അകത്തു കടത്തല്ലേ…!" വൃദ്ധന്റെ ദീനവിലാപമായിരുന്നു അത്.
"എന്ത്?"
ഭര്‍ത്താവിനെ രൂക്ഷമായി നോക്കിക്കൊണ്ട് മിസ്സിസ് വൈറ്റ് ആക്രോശിച്ചു:
"സ്വന്തം മകനെ നിങ്ങള്‍ക്കു പേടിയാണല്ലേ….?"
അപ്പോഴും പുറത്തുനിന്ന് പൂര്‍വ്വാധികം ശബ്ദത്തിലും മുഴക്കത്തിലും മുട്ടു തുടരുകതന്നെയായിരുന്നു; വാതില്‍ തുറക്കാനുള്ള വൃദ്ധയുടെ ശ്രമവും.
വാതില്‍ പൊളിഞ്ഞു വീഴുമെന്ന് മിസ്റ്റര്‍ വൈറ്റ് ഉറുപ്പിച്ചു. ഓരോ മുട്ടിനും പഴയ വീട് പ്രകമ്പനം കൊള്ളുന്നു. നില്‍ക്കുന്ന തറയൊന്നടങ്കം തരിച്ചുകൊണ്ടിരിക്കുന്നതായി അയാള്‍ക്കനുഭവപ്പെട്ടു.
പുറത്തനിന്നുള്ള അതിശക്തമായ മുട്ടില്‍ അകത്തെ സാക്ഷയുടെ ആണികള്‍ ഇളകിത്തുടങ്ങിയതായി മിസ്റ്റര്‍ വൈറ്റിനു തോന്നി.
അയാളുടെ കണ്ണുകളില്‍ ഇരുട്ടുകയറി. മേലാകെ കുളിരുകോരുന്ന പ്രതീതി.
തനിക്കു ഭാര്യയെ പിടിച്ചു മാറ്റാനൊക്കില്ല. തീര്‍ച്ച. ഭാര്യയില്‍ ഏതോ അവതാരശക്തി പ്രവേശിച്ചിരിക്കുന്നുവെന്ന് വൃദ്ധന്‍ സംശയിച്ചു.
നഷ്ടപ്പെട്ടുവെന്നു കരുതിയ കുഞ്ഞിനെ തിരികെ കിട്ടാന്‍ ഏതൊരമ്മയും കാണിക്കുന്ന വ്യഗ്രതയും പരവേശവുമാണ് തന്റെ ഭാര്യയും കാണിക്കുന്നതെന്ന് മിസ്റ്റര്‍ വൈറ്റിനറിയാമായിരുന്നു.
പക്ഷേ, മടങ്ങി വന്നിരിക്കുന്നത്….
ആലോചിച്ചു നില്‍ക്കാന്‍ നിമിഷങ്ങള്‍ പോലുമില്ല.
ഉടനടി എന്തെങ്കിലും ചെയ്‌തേ പറ്റൂ…
അപ്പോള്‍ അയാള്‍ ആ കാഴ്ച കണ്ടു. ഒരു കസേര വാതിലനടുത്തേക്ക് വലിച്ചിട്ട് സാക്ഷനീക്കാന്‍ ശ്രമിക്കുന്ന ഭാര്യ….!
സര്‍വ്വ ചരാചരങ്ങളെയും കിടിലം കൊള്ളിച്ചുകൊണ്ട് വാതിലില്‍ മുട്ട് ഭീഷണമാംവണ്ണം ഉയര്‍ന്നു കൊണ്ടേ യിരുന്നു.
വൃദ്ധനായ മിസ്റ്റര്‍ വൈറ്റ് നിലത്തിരുന്ന് തപ്പിക്കൊണ്ടിരുന്നു. കുരങ്ങന്റെ കൈപ്പത്തി. ദൈവേമ, എവിടെയാണത്…? രണ്ടാമത്തെ ആഗ്രഹം പറഞ്ഞ്, പാമ്പിനെപ്പോലെ പുളഞ്ഞപ്പോള്‍ താന്‍ കൈയില്‍നിന്ന് നിലത്തേക്കിട്ടതാണ്. തനിക്കത് കണ്ടെത്തിയേ മതിയാകൂ…
വൃദ്ധന്‍ വിയര്‍പ്പില്‍ കുളിച്ചു.
രണ്ടു കൈകള്‍കൊ ണ്ടും അയാള്‍ പരതുകയാണ്, കുരങ്ങന്റെ കൈപ്പത്തി.
പരത്തുന്നതിനിടയില്‍ മിസ്റ്റര്‍ വൈറ്റ് ആ കാഴ്ച കൂടി കണ്ടു.
വാതിലിനടുത്ത് കസേരയിട്ട് അതില്‍കയറി സാക്ഷനീക്കുന്ന ഭാര്യ…
പുറത്തുനിന്ന് ദിഗന്തങ്ങള്‍ തകര്‍ക്കുമാറുച്ചത്തില്‍ മുട്ടുന്ന 'അവനും!
ആ ശബ്ദങ്ങള്‍ ഒരു ചാട്ടുളിപോലെ മിസ്റ്റര്‍ വൈറ്റിന്റെ മജ്ജകളിലേയ്ക്ക് ചുഴിഞ്ഞിറങ്ങി…
പെട്ടെന്ന്, അയാളുടെ കൈയില്‍ അത് തടഞ്ഞു…
കുരങ്ങന്റെ കൈപ്പത്തി.
വൃദ്ധന്‍ ദൈവത്തെ വാഴ്ത്തി.
പൊടുന്നനെ സാക്ഷ നീക്കി കസേരയില്‍ നിന്നിറങ്ങുന്ന മിസ്സിസ് വൈറ്റ്…!
വാതില്‍ തുറക്കപ്പെടുകയാണ്…
നിമിഷങ്ങള്‍… നിമിഷങ്ങള്‍…
സ്ഥലകാലബോധം വീണ്ടെടുത്ത മിസ്റ്റര്‍ വൈറ്റ് അരക്ഷണത്തിനകം കൈപ്പത്തി തന്റെ വലതുകൈയ്യില്‍ പിടിച്ചുകൊണ്ട് മൂന്നാമത്തെ ആഗ്രഹം ഉറക്കെ ഉച്ഛരിച്ചു…
'എന്റെ മകന്‍ എത്രയും വേഗം വന്നിടത്തേക്കുതന്നെ മടങ്ങിപ്പോകണേ…!'
ഇത്തവണ മിസ്റ്റര്‍ വൈറ്റ് കൈപ്പത്തി കൈക്കുള്ളില്‍നിന്ന് നിലത്തേക്കെറിഞ്ഞില്ല. കാരണം മുമ്പത്തെ രണ്ട് ആഗ്രഹങ്ങളും നടക്കാന്‍ താമസിച്ചത്, കൈപ്പത്തി തന്റെ കൈയ്യില്‍ നിന്നും വീണുപോയതിനാലായിരുന്നുവന്ന് അയാള്‍ക്കു മനസ്സിലായിരുന്നു.
ഒരു ഇന്ദ്രജാലമെന്നപോ ലെ പുറത്തെ വാതിലിലുണ്ടായിരുന്ന മുട്ടിന്റെ ശക്തി യും ശബ്ദവും പതുക്ക അടങ്ങിക്കൊണ്ടിരിക്കുന്ന താണ് അയാള്‍ കണ്ടത്.
ഭാര്യ, താന്‍ ചേര്‍ത്തിട്ടിരുന്ന കസേര മുറിയുടെ മധ്യത്തിലേക്ക് വലിച്ചിട്ടിരിക്കുന്നു.
മകന്റെ ആഗമനം പ്രതീക്ഷിച്ച് വാതില്‍പ്പാളികള്‍ മലര്‍ക്കെ തുറന്ന അവരുടെ മുഖത്തേക്ക് ശീതക്കാറ്റ് ആഞ്ഞുവീശിയത് മിസ്റ്റര്‍ വൈറ്റ് കണ്ടു.
ദൈവീകമായ ഒരു സാന്ത്വനമാണ് ആ മഞ്ഞുകാറ്റ് എന്ന് അയാള്‍ക്കു തോന്നി.
നിരാശയും വേദനയും നല്കിയ തേങ്ങലില്‍നിന്ന് മുക്തനായ മിസ്റ്റര്‍ വൈറ്റ് ദൈവദത്തമായ ഒരു ധൈര്യം തനിക്കു ലഭിച്ചതായി മനസ്സിലാക്കി. പ്രിയതമയുടെയടുത്തേക്കുചെന്ന് അവളെ ചാരത്തുനിര്‍ത്തി. പിന്നെ തുറന്ന വാതിലിലൂടെ ഓക്കുമരത്തടികൊണ്ടുണ്ടാക്കിയ ഗേറ്റിലേക്കു നോക്കി.
ഗേറ്റിനപ്പുറത്ത് അരണ്ടവെട്ടം പരത്തുന്ന തെരുവുവിളക്കിനു കീഴില്‍ നീണ്ടു കിടക്കുന്ന പൊട്ടിപ്പൊളിഞ്ഞ നിരത്തില്‍, ശാന്തിയുടെ തുഷാരകണങ്ങള്‍…
ആ തുഷാരകണികകളില്‍ കാണുന്ന പാടുകള്‍ തന്റെ പൊന്നോമന മകന്റെ കാലടികളായിരിക്കുമോ?
(അവസാനിച്ചു.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org