കുരങ്ങന്റെ കൈപ്പത്തി – 5

കുരങ്ങന്റെ കൈപ്പത്തി – 5

കഥ ഇതുവരെ
മിസ്റ്റര്‍ വൈറ്റ്, പത്‌നി മിസിസ് വൈറ്റ്, മകന്‍ ഹെര്‍ബര്‍ട്ട് എന്നിവരുടെ വീട്ടിലേക്ക് ഒരു അര്‍ദ്ധരാത്രിയില്‍ അതിഥിയായി, ഇന്ത്യയിലെ ബ്രിട്ടീഷ് പട്ടാളത്തിലെ സെര്‍ജന്റ് ആയി റിട്ടയര്‍ ചെയ്ത മേജര്‍ മോറിസ് എത്തുന്നു. വിശുദ്ധനായ ഒരു ഫക്കീര്‍ മന്ത്രശക്തി നല്‍കിയ ഒരു കുരങ്ങുപാദം തന്റെ കൈവശമുണ്ടെ ന്നും അതുകൊണ്ട് മനുഷ്യന്റെ മൂന്ന് ആഗ്രഹങ്ങള്‍ സാധിക്കു മെന്നും സെര്‍ജന്റ് മോറിസ് അവകാശപ്പെട്ടു.
എന്നാല്‍ അത് ഒരു നല്ല ആഗ്രഹല്ലെന്ന് തന്റെയും സഹപ്ര വര്‍ത്തകരുടേയും മോശമായ അനുഭവങ്ങള്‍ സാക്ഷിയാണെന്നും അദ്ദേഹം വിശദമാക്കി. ദരിദ്രനായ തനിക്കും കുടുംബത്തിനും കുരങ്ങുപാദം വഴിയുണ്ടാകുന്ന മൂന്ന് ആഗ്രഹങ്ങള്‍ വഴി നല്ല കാലം വന്നേക്കാമെന്ന ചര്‍ച്ചയില്‍ കുരങ്ങുപാദം തനിക്കു തരണ മെന്ന് മിസ്റ്റര്‍ വൈറ്റ് മേജര്‍ മോറിസിനോട് ആവശ്യപ്പെടുന്നു. എന്നാല്‍ അത് ഒരു നല്ല രീതിയല്ലെന്ന് മേജര്‍ മോറിസ് വീണ്ടും വീണ്ടും മുന്നറിയിപ്പു നല്‍കിയെങ്കിലും അതുകൊണ്ടുണ്ടാകുന്ന എല്ലാ അനര്‍ത്ഥങ്ങള്‍ക്കും താനും കുടുംബവും മാത്രമായിരി ക്കും ഉത്തരവാദികള്‍ എന്ന് വൈറ്റ് കുടുംബം മോറിസിന് ഉറപ്പു നല്‍കിയതു പ്രകാരം, കൈപ്പത്തി കൊണ്ട് എങ്ങനെയാണ് ആഗ്ര ഹങ്ങള്‍ ആവശ്യപ്പെടേണ്ടത് എന്ന് മോറിസ് വിശദീകരിക്കാനൊ രുങ്ങുന്നു. മേജര്‍ മോറിസ് അത് വിശദമാക്കിയതു പ്രകാരം മിസ്റ്റര്‍ വൈറ്റ് കുരങ്ങുപാദം വലതുകൈയ്യില്‍ പിടിച്ച്, തന്റെ കുടുംബത്തിന് 200 പവന്‍ ആവശ്യമുണ്ട് എന്ന് പറയുന്നു. ആഗ്ര ഹം പറഞ്ഞു തീര്‍ന്നതും വലിയ ഒരു അലര്‍ച്ചയോടെ മിസ്റ്റര്‍ വൈറ്റ് ഞെട്ടിത്തരിക്കുന്നു. വിവരമെന്തെന്നറിയാതെ മിസ്സിസ്റ്റ് വൈറ്റും ഹെര്‍ബര്‍ട്ടും പിതാവിനരികിലേക്ക് ഓടിയെത്തുന്നു…

ഇനി തുടര്‍ന്നു വായിക്കുക…

ഡബ്ല്യൂ. ഡബ്ല്യൂ. ജേക്കബ്‌സിന്റെ 'ദ മങ്കീസ് പോ' എന്ന കൃതിയുടെ പുനരാഖ്യാനം: ഗിഫു മേലാറ്റൂര്‍

മഞ്ഞിന്റെ ആക്രമണത്തില്‍ മരങ്ങളിലെ ഇലകളില്‍ കട്ടികൂടിയിരിക്കുന്നു.
വിളറിയ ആകാശത്ത് അവിടവിടെ ഒന്നോ, രണ്ടോ നക്ഷത്രങ്ങള്‍ മാത്രം.
മിസ്റ്റര്‍ വൈറ്റിന്റെ ഭവനത്തില്‍ എന്തെന്നറിയാത്ത ഒരു ഭീതി തളം കെട്ടി നില്‍ക്കുന്നുണ്ടായിരുന്നു അപ്പോള്‍.
കുരങ്ങന്റെ കൈപ്പത്തി വലതു കൈയ്യില്‍ പിടിച്ച് ആഗ്രഹമായ ഇരുന്നൂറു പവന്‍ പറഞ്ഞ് പിതാവിന്റെ നിലവിളിയുടെ കാരണമറിയാതെ നല്‍ക്കുകയാണ് അമ്മയും മകനും.
ഹെര്‍ബര്‍ട്ട് പിതാവിന്റെ ചുമലില്‍ പിടിച്ചുകൊണ്ടു പിന്നെയും കാര്യം തിരക്കി.
"ഇത്… ഇത്… അനങ്ങി. എന്റെ കയ്യില്‍ക്കിടന്ന് പാമ്പിനെപ്പോലെ പുളഞ്ഞു…!! ഇരുന്നൂറു പവന്‍ വേണമെന്നുരുവിട്ടപ്പഴാണത് അനങ്ങിയത്, ഹെര്‍ബര്‍ട്ട് മകനേ…"
വിറയാര്‍ന്ന സ്വരത്തില്‍ മിസ്റ്റര്‍ വൈറ്റ് വല്ലവിധേനയും പറഞ്ഞൊപ്പിച്ചു.
പിതാവിനെയും കൈപ്പത്തിയെയും മാറിമാറി നോ ക്കിക്കൊണ്ട് ഹെര്‍ബര്‍ട്ട് വൈറ്റ് ചോദിച്ചു:
"എന്നിട്ട് പണമൊന്നും കാണുന്നില്ലല്ലോ, അപ്പച്ചാ…?"
മകന്‍ പറഞ്ഞതൊന്നും മിസ്റ്റര്‍ വൈറ്റ് ശ്രദ്ധിച്ചില്ല.
"അല്ലെങ്കില്‍ത്തന്നെ ആ മേജര്‍ അപ്പച്ചനെ ഒന്നു കളിപ്പിച്ചതാണ് എന്ന് അപ്പോഴേ എനിക്കു മനസ്സിലായിരുന്നു. കുരങ്ങു കൈപ്പത്തികൊണ്ടല്ലേ, മനുഷ്യര്‍ക്കു സൗഭാഗ്യമുണ്ടാകുന്നത്. ഹല്ല പിന്നേ…!"
ഹെര്‍ബര്‍ട്ട് പുച്ഛത്തോടെ, നിലത്തുവീണു കിടന്ന കൈപ്പത്തിയെടുത്ത് മേശയിലേക്കിട്ടുകൊണ്ടു പറഞ്ഞു.
"ചലിച്ചുവെന്ന് നിങ്ങള്‍ക്കു വെറുതെ തോന്നിയതാവും. കാരണം ഇതു മാത്രമായിരുന്നുവല്ലോ, ചിന്ത."
മിസ്സിസ് ഹെര്‍ബര്‍ട്ട് ഭര്‍ത്താവിനെ സാന്ത്വനിപ്പിച്ചു.
"അല്ല… ചലിച്ചു. ഏതായാലും അപകടങ്ങളൊന്നും ഉണ്ടായില്ലല്ലോ ഭാഗ്യം!"
മിസ്റ്റര്‍ വൈറ്റ് സ്വയം ആശ്വസിച്ചു.
മൂവരും നെരിപ്പോടിനരികില്‍ ഇരുപ്പുറപ്പിച്ചു. മിസ്റ്റര്‍ വൈറ്റും മകനും മത്സരിച്ച് പുകയൂതിയപ്പോള്‍ മിസ്സിസ് വൈറ്റ് തന്റെ തുന്നല്‍ പണി പൂര്‍ത്തിയാക്കി.
പുറത്ത് തണുപ്പിന് ശക്തി കൂടിക്കൊണ്ടിരിക്കുയായിരുന്നു. വെന്റിലേറ്ററിലൂടെ ശക്തിയായ തണുപ്പന്‍ കാറ്റ് അകത്തേക്ക് വന്നു. മുകളിലത്തെ നിലയില്‍ ജനപാളി ഒന്ന് തുറന്നടഞ്ഞപ്പോള്‍ മിസ്റ്റര്‍ വൈറ്റ് ഉഗ്രമായി ഞെട്ടിപ്പോയി. കണ്ണുകള്‍ ഉരുട്ടിക്കൊണ്ട് അയാള്‍ മുകളിലേക്കും മുറിയിലാകെയും കണ്ണോടിച്ചുകൊണ്ടിരുന്നു.
വൈകാതെ എല്ലാം ശാന്തമായി.
ആ ശാന്തത മിസ്റ്റര്‍ വൈറ്റിനെ കൂടുതല്‍ പേടിപ്പെടുത്താന്‍ പോന്നതായിരുന്നു. എന്തെല്ലാമോ തന്നെയും കുടുംബത്തെയും ബാധിക്കാന്‍ പോകുന്നുവല്ലോ എന്ന ആധിയില്‍ അയാള്‍ വിഹ്വലനായി.
മേജര്‍ മോറിസിന്റെ ഉപദേശങ്ങളും വാക്കുകളിലെ ഭയാശങ്കകളും അയാള്‍ ഓര്‍ത്തെടുക്കുകയായിരുന്നു. മേശപ്പുറത്ത് അനങ്ങാതിരിക്കുന്ന കൈപ്പത്തി നോക്കാന്‍ അയാള്‍ ഭയന്നു.
"ശുഭരാത്രി നേരുന്നു. അപ്പച്ചാ, അമ്മച്ചീ…"
ഹെര്‍ബര്‍ട്ട് കൈപ്പത്തിയെടുത്ത് സ്വീകരണമുറിയിലെ ചില്ലലമാരിയില്‍ വെച്ചു.
"നീ എന്റെ അപ്പച്ചനെ നന്നായി പേടിപ്പിച്ചല്ലോടാ കുട്ടിക്കുരങ്ങാ…"
ഉറക്കറയിലേക്കു നടക്കുകയായിരുന്ന പിതാവിനെ നോക്കി ഹെര്‍ബര്‍ട്ട് ഇങ്ങനെ പറഞ്ഞു:
"കാലത്ത് അപ്പച്ചന്റെ കിടക്കയില്‍ ഇരുന്നൂറു പവന്റെ പണക്കിഴി ഉണ്ടാകുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ഗുഡ്‌ലക്ക്…!"
മകന്റെ നേരമ്പോക്ക് പക്ഷേ, മിസ്റ്റര്‍ വൈറ്റിന് ആസ്വദിക്കാന്‍ കഴിഞ്ഞില്ല. അയാള്‍ നിശബ്ദനായി തലകുനിച്ച് കിടപ്പുമുറിയിലെത്തി.
"അപ്പച്ചാ, ഇതു കൂടി കേട്ടുകൊള്‍ക. കൈനനയാതെ മീന്‍ പിടിച്ചതിനുള്ള ശിക്ഷയായി അലമാരിയുടെ മുകളിലായി ഒരു ഭീകരസത്വം, അതായത് നിധി കാക്കുന്ന ഭൂതം നമ്മെ നന്നായി നിരീക്ഷിക്കുകയും ചെയ്യും… അദ്ധ്വാനിക്കാതെ നേടിയ സമ്പാദ്യം അപകടം വിളിച്ചുവരുത്തുമെന്നു കേട്ടിട്ടുണ്ട്…."
മകന്‍ ഇത്രകൂടി പറഞ്ഞപ്പോള്‍ മിസ്റ്റര്‍ വൈറ്റിന്റെ കണ്ണുകള്‍ ഒന്നുകൂടി ഭയവിഹ്വലമായി ഉരുണ്ടുകൂടി. മകനില്‍ നിന്ന് ഇത്രകാലമായി ഇങ്ങനെയൊന്നും അയാള്‍ കേട്ടിട്ടേയില്ലായിരുന്നു.
അടുത്ത ദിവസം പ്രസന്നമായിരുന്നു വൈറ്റ് ഭവനത്തില്‍. തലേന്നു രാത്രിയിലെ അശുഭകരവും അശാന്തി നിറഞ്ഞതുമായ അന്തരീക്ഷം പാടേ മറന്ന പ്രതീതി.
"അപ്പച്ചാ, പണക്കിഴി എന്തിയേ…""
മകന്റെ ചോദ്യത്തിന്, മിസ്റ്റര്‍ വൈറ്റ് കുപ്പായക്കീശയില്‍നിന്ന് തന്റെ സ്വന്തം പേഴ്‌സ് എടുത്തുകാണിക്കുകയാണു ചെയ്തത്.
"അതുതന്നെ അപ്പച്ചാ… അത് നമ്മള്‍ അധ്വാനിച്ചു നേടിയതാണ്. ആരെയും പേടിക്കാതെ വിയര്‍പ്പിന്റെ മണമുള്ള കാശ് നമ്മെ സംതൃപ്തരാക്കും. കുരങ്ങു കൈപ്പത്തികൊണ്ട് നേടാമെന്നു പറഞ്ഞത് വെറുതെയായിരുന്നുവെന്നു ബോധ്യമായില്ലേ…?"
മകന്റെ വാക്കുകള്‍ തന്നെയായിരുന്നു മിസ്സിസ് വൈറ്റും ഏറ്റുപിടിച്ചത്. മിസ്റ്റര്‍ വൈറ്റിനും അപ്പോള്‍ വര്‍ദ്ധിച്ച ആശ്വാസവും സംതൃപ്തിയും തോന്നി.
"സൈനികര്‍ വീമ്പടിയിലും ബഡായി പറച്ചിലിലും കേമന്മാരാണ്. എന്തൊക്കെ വേണ്ടാതീനങ്ങളാ അവര്‍ പറഞ്ഞുവെക്കുന്നത്. അന്യഗ്രഹ ജീവികളെ കണ്ടു, പറക്കും തളികകള്‍ തങ്ങളുടെ യുദ്ധവിമാനങ്ങള്‍ ക്കൊപ്പം സഞ്ചരിച്ചു, ആകാശത്ത് മിന്നായങ്ങള്‍ കണ്ടു എന്നിങ്ങനെ നട്ടാല്‍ മുളയ്ക്കാത്ത നുണകള്‍… മേജര്‍ മോറീസും അക്കൂട്ടത്തില്‍പ്പെട്ടതു മാത്രമേ പറഞ്ഞിട്ടുള്ളൂ…"
മിസ്സിസ് വൈറ്റ് മകനെ പിന്താങ്ങിക്കൊണ്ടു പറഞ്ഞു.
"അതെയതെ… ഇക്കാലത്ത് ഇത്തരം ഇന്ദ്രജാലക്കഥകള്‍ വിലപ്പോകില്ല… ഇനി ഇരുന്നൂറു പവനല്ലേ, ഹെര്‍ബര്‍ട്ടിന് ജോലി ചെയ്തു സമ്പാദിക്കാനേയുള്ളൂ, ആ തുകയത്രയും…"
"ഇനി ഒരുപക്ഷേ, ഇരുന്നൂറുപവന്‍ ആകാശത്തുനിന്ന് പൊട്ടിവീഴുമായിരിക്കുമോ?
"അങ്ങനെയല്ല ഹെര്‍ബര്‍ട്ട്… തികച്ചും സ്വാഭാവികമായ രീതിയിലാണ് ആഗ്രഹങ്ങള്‍ സാധിക്കുക എന്നാണ് മേജര്‍ പറഞ്ഞിട്ടുള്ളത്."
"ദൈവമേ, ഒരു കാര്യം ചെയ്യണം. ഞാന്‍ ജോലി കഴിഞ്ഞു വരുമ്പോഴേക്കും മുഴുവനും വാരിക്കൂട്ടരുതേ… അപ്പച്ചനൊരു പിശുക്കനും അല്പനുമാണ് എന്ന് വരുത്തീതീര്‍ക്കലായിരിക്കും അത്… ഹല്ല പിന്നേ…"
ഹെര്‍ബര്‍ട്ട് വൈറ്റ് താന്‍ ജോലി ചെയ്യുന്ന 'മാവ് ആന്റ് മെഗ്ഗിന്‍സ്' കമ്പനിയിലേക്കു പോയി. മിസ്സിസ് വൈറ്റ് അടുക്കളപ്പണിയിലും മിസ്റ്റര്‍ വൈറ്റ് തോട്ടത്തിലേക്കും ഇറങ്ങി.
ഉച്ചയായപ്പോള്‍ മിസ്റ്റര്‍ വൈറ്റ് വീടിനകത്തേക്കു കയറി.
അല്പസമയം കഴിഞ്ഞപ്പോള്‍ ഒരാള്‍ ഗേറ്റിനു പുറത്തുനിന്ന് വീട്ടിലേക്കു നോക്കി. പരുങ്ങുന്നത് മിസ്സിസ് വൈറ്റ് കണ്ടു. അസ്വസ്ഥനായ അയാള്‍ ഗേറ്റ് തുറക്കണോ വേണ്ടയോ എന്ന ഭാവത്തിലായിരുന്നു….
(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org