കുരങ്ങന്റെ കൈപ്പത്തി – 4

കുരങ്ങന്റെ കൈപ്പത്തി – 4

കഥ ഇതുവരെ
മിസ്റ്റര്‍ വൈറ്റ്, പത്‌നി മിസിസ് വൈറ്റ്, മകന്‍ ഹെര്‍ബര്‍ട്ട് എന്നിവരുടെ വീട്ടിലേക്ക് രാത്രി അതിഥിയായി, ഇന്ത്യയിലെ ബ്രിട്ടീഷ് പട്ടാളത്തിലെ സെര്‍ജന്റ് മോറിസ് എത്തുന്നു. വിശുദ്ധനായ ഒരു ഫക്കീര്‍ മന്ത്രശക്തി നല്‍കിയ ഒരു കുരങ്ങുപാദം തന്റെ കൈവശമുണ്ടെന്നും അതുകൊണ്ട് മനുഷ്യന്റെ മൂന്ന് ആഗ്രഹങ്ങള്‍ സാധിക്കുമെന്നും സെര്‍ജന്റ് മോറിസ് അവകാശപ്പെട്ടു.
എന്നാല്‍ അത് ഒരു നല്ല ആഗ്രഹമല്ലെന്ന് സെര്‍ജന്റ് മുന്നറിയിപ്പു നല്‍കിയെങ്കിലും അതുകൊണ്ടുണ്ടാകുന്ന എല്ലാ അനര്‍ത്ഥങ്ങള്‍ക്കും താനും കുടുംബവും മാത്രമായിരിക്കും ഉത്തരവാദികള്‍ എന്ന് വൈറ്റ് കുടുംബം മോറിസിന് ഉറപ്പു നല്‍കിയതു പ്രകാരം, കൈപ്പത്തി കൊണ്ട് എങ്ങനെയാണ് ആഗ്രഹങ്ങള്‍ ആവശ്യപ്പെടേണ്ടത് എന്ന് മോറിസ് വിശദീകരിക്കാനൊരുങ്ങുന്നു…

ഇനി തുടര്‍ന്നു വായിക്കുക…

ഡബ്ല്യൂ. ഡബ്ല്യൂ. ജേക്കബ്‌സിന്റെ 'ദ മങ്കീസ് പോ' എന്ന കൃതിയുടെ പുനരാഖ്യാനം: ഗിഫു മേലാറ്റൂര്‍

വരാന്‍ പോകുന്ന അനര്‍ത്ഥങ്ങളും അശുഭങ്ങളുമൊന്നും മുഖവിലയ്‌ക്കെടുക്കാതെ കുരങ്ങന്റെ കൈ പ്പത്തി സ്വന്തമാക്കി, തന്റെ മറുപടിക്കു കാത്തു നില്‍ ക്കുന്ന മിസ്റ്റര്‍ വൈറ്റിനെ സഹതാപത്തോടെ ഒന്നു നോക്കി മേജര്‍ മോറിസ് ഇങ്ങനെ പറഞ്ഞു:
"കുരങ്ങന്റെ കൈപ്പത്തി വലതു കൈക്കുള്ളില്‍ പിടിച്ച് ആഗ്രഹം എന്താ ണോ അത് ഉറക്കെ പറയുക. അതു മാത്രമേ വേണ്ടൂ, മിസ്റ്റര്‍ വൈറ്റ്!"
"ഇത് ശരിക്കും അറബിക്കഥ തന്നെ, അപ്പച്ചാ…"
"അതെയതെ… ഒരു അസ്ഥിക്കഷണം പിടിച്ച് ആഗ്രഹം പറഞ്ഞാല്‍ ഫലിക്കുന്നത് ശരിക്കും യക്ഷികള്‍ തന്നെ!" മിസ്സിസ് മോറിസ് മകനെ പിന്താങ്ങി.
മിസ്റ്റര്‍ വൈറ്റ് കൈപ്പത്തി കുപ്പായക്കീശയില്‍ തിരുകിവെച്ചു.
"എന്റെ മുന്നറിയിപ്പ് മറക്കണ്ട, മിസ്റ്റര്‍ വൈറ്റ്…"
ഒരോര്‍മ്മപ്പെടുത്തലുപോലെ മേജര്‍ മോറിസ് പറഞ്ഞു.
മിസ്സിസ് വൈറ്റ് അത്താഴം തയ്യാറാക്കാന്‍ അടുക്കളയിലേക്കുപോയി അവരുടെ മനസ്സില്‍ കൈപ്പത്തിയുടെ ദിവ്യത്വം തന്നെയായിരുന്നു ഉണ്ടായിരുന്നത്. അതിഥിക്കുവേണ്ടി തയ്യാറാക്കുന്ന അത്താഴത്തിന് തന്നെ സഹായിക്കാന്‍ ആരുമില്ലല്ലോയെന്നോര്‍ത്തപ്പോള്‍, അവര്‍ സ്വീകരണമുറിയിലേക്കു നോക്കി വിളിച്ചുപറഞ്ഞു:
"എനിക്ക് നാലുകൈകള്‍ വേണമെന്ന് കൈപ്പത്തിയോടു ചോദിച്ചു നോക്കൂ… എന്നാല്‍ സൗകര്യമായേനേ…"
അപ്പോള്‍ മിസ്റ്റര്‍ വൈറ്റ് കീശയില്‍ നിന്ന് കൈപ്പ ത്തി പുറത്തെടുത്ത് കൗതുകത്തോടെ നോക്കുകയായിരുന്നു.
അതുകണ്ടപ്പള്‍ മേജര്‍ മോറിസിന്റെ മുഖത്ത് ആശങ്കകളും ഉത്കണ്ഠയും എന്തെന്നില്ലാത്ത ഭീതിയും വന്നു നിറഞ്ഞു. കൊച്ചു കുട്ടികള്‍ കളിപ്പാട്ടം കൊണ്ടു കളിക്കുന്നതുപോലെ ശനിദശ നിറഞ്ഞ കുരങ്ങന്റെ കൈപ്പത്തികൊണ്ട് അപ്പനും മകനും പെരുമാറുന്നത് അയാള്‍ നോക്കിയിരുന്നു.
"മിസ്റ്റര്‍ വൈറ്റ്. ഒരപേക്ഷയുണ്ട്. കൈപ്പത്തികൊണ്ട് ആഗ്രഹങ്ങള്‍ നേടുന്നന്നത് അത് നല്ലവണ്ണം ആലോചിച്ചു വേണം. അനര്‍ഹമായി വരുന്ന അനുഗ്രഹങ്ങള്‍ നമുക്ക് തീരാത്ത വേദനകളും നഷ്ടങ്ങളുമാണ് വരുത്തിവെയ്ക്കുക എന്നതാണ് ചരിത്രം…!"
പുഞ്ചിരിച്ചുകൊണ്ട് മിസ്റ്റര്‍ വൈറ്റ് തലയാട്ടി.
അത്താഴവേളയില്‍ വൈറ്റ് കുടുംബവും മേജര്‍ മോറിസും കൈപ്പത്തിയെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. പട്ടാളകഥകളുടെ വീരസമായിരുന്നു അപ്പോഴത്തെ സംസാരം.
അത്താഴത്തിനുശേഷം മേജര്‍ മോറിസ് ധൃതിയില്‍ പോകാന്‍ വട്ടം കൂട്ടുകയായിരുന്നു. എത്രയും വേഗം സ്ഥലം വിടുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം. സുഖമല്ലാത്ത എന്തെല്ലാ മോ വൈറ്റ് കുടുംബ ത്തി നു വന്നു ചേരുന്നുവെന്ന ഉത്ക്കണ്ഠയായിരുന്നു മേജര്‍ക്ക്.
മേജറെ രാത്രി വണ്ടിയില്‍ യാത്രയാക്കി മടങ്ങിവന്ന മിസ്റ്റര്‍ വൈറ്റിനോട് പത്‌നി ഇങ്ങനെ ചോദിച്ചു:
"കൈപ്പത്തിയുടെ വില യായി എന്തെങ്കിലും മേജര്‍ക്കു നല്കിയോ?"
"ഞാന്‍ ഒരു സംഖ്യ നല്കിയെങ്കിലും അദ്ദേഹം വാങ്ങാന്‍ കൂട്ടാക്കിയില്ല. നിര്‍ബന്ധിച്ചപ്പോള്‍ കൈനീട്ടമെന്ന പേരില്‍ ചെറിയൊരു സംഖ്യമാത്രം വാങ്ങി."
"എന്നിട്ട്?"
"കൈപ്പത്തി ഉപേക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്യാന്‍ വീണ്ടും നിര്‍ബന്ധിച്ചു മേജര്‍."
"ഏതായാലും കളയുകയൊ ന്നും വേണ്ട അപ്പച്ചാ, നമ്മള്‍ പണക്കാരാകാന്‍ പോകുകയല്ലേ. ഇംഗ്ലണ്ടിന്റെ ചക്രവര്‍ത്തിയായിത്തീരാന്‍ ആഗ്രഹിക്കുക… എന്നാല്‍ എനിക്ക് ജോലിക്കൊന്നും പോകാതെ സുഖമായി കഴിയാലോ… അമ്മച്ചിക്ക് അടുക്കളപ്പണിയുമെടുക്കണ്ട… അപ്പച്ചന്‍ ഭരണം മാത്രം നോക്കിയാല്‍ മതി…!"
ഹെര്‍ബര്‍ട്ട് അങ്ങനെ പറഞ്ഞപ്പോള്‍ മിസ്റ്റര്‍ വൈറ്റ് ഒരിക്കല്‍ക്കൂടി കൈപ്പത്തി പുറത്തെടുത്തു.
"ആദ്യമായി എന്താണ് ആഗ്രഹിക്കേണ്ടത് എന്നൊരു തിട്ടവുമില്ല, മോനേ ഹെര്‍ബര്‍ട്ട് ഒന്നാലോചിച്ചൊരു ആഗ്രഹം പറഞ്ഞാട്ടേ. അപ്പച്ചന്‍ ആഗ്രഹിച്ചോളാം."
"അപ്പച്ചനൊരു കാര്യം ചെയ്യൂ. ഇരുന്നൂറു പവന്‍ വേണമെന്ന് ആഗ്രഹിക്കുക. നമ്മുടെ തല്‍ക്കാലത്തെ ആവശ്യങ്ങള്‍ ക്ക് ഇരുന്നൂറു പവന്‍ മതിയാകും. വാടക രണ്ടു മാസത്തേത് ബാക്കിയുള്ള കാര്യം ഓര്‍മ്മയുണ്ടല്ലോ…?"
മകന്റെ നിര്‍ദ്ദേശം മിസ്റ്റര്‍ വൈറ്റിന് കൊള്ളാമെന്നു തോന്നി.
ഹെര്‍ബര്‍ട്ട് അത്രയും പറ ഞ്ഞ് തന്റെ പിയാനോ എടുത്ത് മധുരമായ ഈണത്തില്‍ ഒരു ഗാനം മീട്ടാന്‍ തുടങ്ങി. ഐശ്വര്യത്തിന്റെ സംഗീതമാണ് അതെന്ന് മിസ്റ്റര്‍ വൈറ്റ് കരുതി.
അടുക്കളയില്‍ എച്ചില്‍ പാത്രങ്ങള്‍ വൃത്തിയാക്കുന്ന തിരക്കിലായിരുന്നു മിസ്സിസ് വൈറ്റ്. അവരുടെ ശ്രദ്ധ സ്വീകരണ മുറിയിലേക്കും നീളുന്നുണ്ടായിരുന്നു. അപ്പനും മകനും എന്തു ചെയ്യുന്നുവെന്ന് ശരിക്കും അവര്‍ക്കു കാണാം.
മിസ്റ്റര്‍ വൈറ്റ് കുരങ്ങു കൈപ്പത്തി വലതു കൈയ്ക്കുള്ളിലാക്കി വിരലുകള്‍ മടക്കി, കണ്ണുകള്‍ അടച്ചുപിടിച്ച് മൃദുവായി പറഞ്ഞു:
"ഞാനിതാ, എന്റെ കുടുംബത്തിനുവേണ്ടി ഇരുന്നൂറു പവനുവേണ്ടി ആഗ്രഹിക്കുന്നു…!"
അപ്പച്ചന്‍ ആഗ്രഹിച്ചു പറഞ്ഞത് ഹോര്‍ബര്‍ട്ട് കേട്ടിരുന്നു. അവന്‍ സംഗീതം ഒന്നുകൂടി ഉച്ചത്തിലാക്കി.
പെട്ടെന്നായിരുന്നു മിസ്റ്റര്‍ വൈറ്റിന്റെ നിലവിളി മിസ്സിസ് വൈറ്റും ഹെര്‍ബര്‍ട്ടും കേട്ടത്. ഒറ്റക്കുതിപ്പിന് അമ്മയും മകനും പിതാവിന്നരികിലെത്തി.
"എന്താ, എന്താണുണ്ടായത്…. എന്തിനാ നിലവിളിച്ചത്…?'
അപ്പച്ചാ, എന്തായാലും പറയൂ.. എന്താണ് ?"
ഭാര്യയുടെയും മകന്റെയും ചോദ്യത്തിനു മുന്നില്‍ എന്തുത്തരം നല്കണമെന്നറിയാതെ മിസ്റ്റര്‍ വൈറ്റ് മിഴിച്ചുനിന്നു.
(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org