ഉല്ലാസയാത്ര – അദ്ധ്യായം 14

ഉല്ലാസയാത്ര – അദ്ധ്യായം 14

കുര്യന്‍ പി.എം. എണ്ണപ്പാറ

"കേട്ടോടാ… ഇതെന്‍റെ മച്ചാന്‍… മലയാളി മച്ചാന്‍…. നമ്മുടെയാള്… മച്ചാന് ഒരുപദ്രവവും വരുത്തരുത് കേട്ടോ… ങാ… പിരിഞ്ഞുപോ…." കാട്ടാനകൂട്ടം പിരിഞ്ഞുപോയി. കൊമ്പന്‍ ക്യാപ്റ്റനെ തിരികെ കൊണ്ടുപോയി വിട്ടു. ഇതാണു മോനെ റമ്മിന്‍റെ പവറ്. ഇത് ക്യാപ്റ്റന്‍ നാട്ടില്‍ വന്ന് പറയുന്ന കഥകളിലൊന്ന്. എന്തായാലും ക്യാപ്റ്റന്‍ കാട്ടില്‍ പോയാല്‍ കാട്ടാനകള്‍ ശല്യം ചെയ്യാറില്ല. അതു സത്യം. ക്യാപ്റ്റന്‍ സജന്‍ ഡൊമിനിക്  മൂരിനിവര്‍ത്തി… ബൈക്കില്‍ തന്നെയിരുന്നുകൊണ്ട് ചുറ്റും നോക്കി. ചുറ്റും വിജനവും നിഗൂഢവുമായ വനം. ഒരു മലയുടെ മുകളിലാണ് ക്യാപ്റ്റന്‍ നില്‍ക്കുന്നത്. പുല്ലുനിറഞ്ഞ മൊട്ടക്കുന്ന്. ഒരു ഭാഗം നിബിഡ വനം. ബൈക്കില്‍ നിന്നിറങ്ങിയ ക്യാപ്റ്റന്‍ ബൈക്കു സ്റ്റാന്‍ഡില്‍ വെച്ചു. ബൈനോക്കുലര്‍ എടുത്തു നോക്കി. ഇടതൂര്‍ന്ന വനാന്തരങ്ങളില്‍ മാവോയിസ്റ്റിന്‍റെ സാന്നിദ്ധ്യമുണ്ടോ? മാത്രമല്ല ചെറുജീവികളെന്തെങ്കിലും ഉണ്ടോ? എവിടെയും ചെറുശബ്ദം പോലും കേള്‍ക്കുന്നില്ല. എവിടെയും ഒരിലയുടെ അനക്കം പോലും കാണാനില്ല. ഒരിളം കാറ്റുപോലും പ്രകൃതിക്ക് താളമിട്ടുകൊണ്ട് വീശുന്നില്ല. എങ്ങും നിഗൂഢമായ നിശബ്ദത. ദൂരെയെവിടെയോ ഒരു പുഴയൊഴുകുന്ന ശബ്ദം നേര്‍ത്തു കേള്‍ക്കാം. വെള്ളച്ചാട്ടത്തിന്‍റെയോ മറ്റോ ഇരമ്പല്‍. ഒരുപക്ഷേ, ഇവിടെ കേന്ദ്രീകരിച്ച് വല്ല തുമ്പും കിട്ടിയേക്കും. കുറച്ചുകൂടി അപ്പുറത്തു വണ്ടി പാര്‍ക്കു ചെയ്ത് അന്വേഷിക്കാം. മലയുടെ ചെരിവിനപ്പുറത്തെ വനം ലക്ഷ്യമാക്കി ക്യാപ്റ്റന്‍ പ്ലാന്‍ മനസ്സില്‍ക്കുറിച്ചു. ബൈനോക്കുലര്‍ തോളില്‍ തൂക്കി ബൈക്കില്‍ കയറി. ടാര്‍ നിരത്തില്‍ നിന്നും വനത്തിലേയ്ക്ക് കയറിയതേയുള്ളൂ. ഉദ്ദേശം രണ്ടുകിലോമീറ്ററോളം വനത്തിലേയ്ക്കു കടന്നു കാണും. ക്യാപ്റ്റന്‍ കണക്കുകൂട്ടി. ബൈക്ക് സ്റ്റാന്‍റില്‍ നിന്നും എടുക്കാന്‍ തുടങ്ങിയപ്പോഴാണ് ക്യാപ്റ്റന്‍ സജന്‍ ഡൊമിനിക്കിന്‍റെ സൂക്ഷ്മദൃഷ്ടിയില്‍ അത് പതിഞ്ഞത്!! എന്തോ ഒരു വസ്തു തിളങ്ങുന്നു. ബൈക്ക് തിരികെ സ്റ്റാന്‍ഡില്‍വെച്ച് തിളക്കം കണ്ട ഭാഗത്തേക്ക് ധൃതിയില്‍ ക്യാപ്റ്റന്‍ ഇറങ്ങിചെന്നു. അടുത്തുചെന്ന ക്യാപ്റ്റന്‍ അമ്പരന്നു! താന്‍ വന്നതു വെറുതെയായില്ല. അതും ഒരു മൊബൈല്‍ ഫോണ്‍. അതും ന്യൂ ജെന്‍ മോഡല്‍ സ്മാര്‍ട്ട്ഫോണ്‍. ക്യാപ്റ്റന്‍ ഒരു നിമിഷം ചിന്തിച്ചു. പിന്നെ സാവകാശം ഫോണെടുത്തു.

കൈയിലെടുത്ത ക്യാപ്റ്റന്‍ അമ്പരന്നുപോയി!! ഫോണ്‍ ഓണാണ്!! വീഡിയോ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. ആരോ ഇപ്പോ ഉപയോഗിച്ച് കളഞ്ഞതോ നഷ്ടപ്പെട്ടതോ ആവാം. ക്യാപ്റ്റന്‍ പെട്ടെന്ന് ജാഗരൂകനായി. അയാള്‍ തലയുയര്‍ത്തി ചുറ്റും നോക്കി. തോക്ക് പുറകിലുണ്ടെന്ന് ഉറപ്പു വരുത്തി. ഇതിലേയൊരു വഴിയില്ലല്ലോ? വഴിച്ചാല്‍ കാണുന്നുമില്ല. ഈ പ്രദേശത്ത് ആദ്യം വരികയുമാണ്. ക്യാപ്റ്റന്‍ വീണ്ടും ചുറ്റുപാടൊന്നു പരതി. പെട്ടെന്ന് ക്യാപ്റ്റന്‍ ആ കാഴ്ച കണ്ടു. കുറച്ചപ്പുറത്ത് വെളുത്ത വസ്ത്രം ധരിച്ച ഒരു രൂപം കമിഴ്ന്ന് കിടക്കുന്നു. ഒറ്റനോട്ടത്തില്‍ തന്നെ ഒരു പെണ്‍കുട്ടിയാണെന്ന് ക്യാപ്റ്റന് മനസ്സിലായി. ക്യാപ്റ്റനൊന്ന് നടുങ്ങി. അങ്ങോട്ട് നടക്കാനാഞ്ഞ ക്യാപ്റ്റന്‍ മറ്റൊന്നു കൂടി കണ്ടു. കുറച്ചുമാറി ഒരാണ്‍കുട്ടിയും ചെരിഞ്ഞു കിടപ്പുണ്ടായിരുന്നു. ക്യാപ്റ്റന്‍റെ നടുക്കം പൂര്‍ണ്ണമായി. ഈ ഘോരവനത്തില്‍ ഈ കുട്ടികളെങ്ങനെ പെട്ടു. ആറരയടിയോളം ഉയരവും, അതിനൊത്ത വണ്ണവുമുള്ള അരോഗദൃഢഗാത്രനായ അമ്പത്തിരണ്ടുകാരനായ ക്യാപ്റ്റന്, ഈ രണ്ടു കട്ടികളെയും ഒരുമിച്ച് ഇരു തോളിലുമെടുക്കാന്‍, വലിയ ആയാസപ്പെടേണ്ടി വന്നില്ല. കുട്ടികള്‍ ക്ഷീണിതരായിട്ടുപോലും. ഈ കായികശേഷിയാണ് ക്യാപ്റ്റന്‍റെ പ്രത്യേകത. ക്യാപ്റ്റന്‍ കുട്ടികളെയും കൊണ്ട് ബൈക്കിനരികിലെത്തി. ചുറ്റുപാടും നോക്കി അല്പം നിരന്ന തണലുള്ള സ്ഥലത്ത് അവരെ കിടത്തി. തിരികെ ചെന്ന് കുട്ടികളെ കിട്ടിയ സ്ഥലം വിശദമായി പരിശോധിച്ചു. വിശേഷവിധിയായ് ഒന്നും കിട്ടിയില്ല. കുറച്ചുമാറി ഒരു ബാഗും, ഒരു കൂടും കിടപ്പുണ്ടായിരുന്നു. ക്യാപ്റ്റന്‍ അതെടുത്തുകൊണ്ട് തിരികെ വന്നു. കുട്ടികള്‍ ബോധം കെട്ട അവസ്ഥയിലായിരുന്നു. ക്യാപ്റ്റന്‍ കുട്ടികളെ വിശദമായി പരിശോധിച്ചു. പെണ്‍കുട്ടിയുടെ നെറ്റിയില്‍ ഒരു മുറിവ്. വീണപ്പോള്‍ പറ്റിയതാവാം. മുറിവില്‍ നിന്നും രക്തം ഒഴുകുന്നുണ്ട്. കുട്ടികള്‍ ഇരുവരും വളരെ അവശരായിരുന്നു. പെണ്‍കുട്ടിയുടെ ഉടുപ്പ് കീറിപ്പറിഞ്ഞിരുന്നു. കൈകാലുകള്‍ കീറിമുറിഞ്ഞ് നീരുവെച്ചിരിക്കുന്നു. ആണ്‍കുട്ടിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. അവനും പരുക്കുണ്ട്. അവന്‍റെ ജീന്‍സിന്‍റെ അടിഭാഗം കീറി തുടങ്ങി. ശരീരം അവിടവിടെ മുറിഞ്ഞിട്ടുണ്ട്. ഷര്‍ട്ട് കീറിപ്പറിഞ്ഞിരിക്കുന്നു. ഏതോ നല്ല കുടുംബത്തിലെ മക്കളാണ് എന്ന് മനസ്സിലാക്കാം. അവര്‍ ദിവസങ്ങളായി വനത്തിലാണെന്ന് തോന്നും അവരുടെ രൂപവും പ്രകൃതിയും കണ്ടാല്‍. അലച്ചില്‍ മുഖത്തുനിന്നും വായിച്ചെടുക്കാം. പക്ഷേ, ഇവിടെയെങ്ങനെ ഇവര്‍, എവിടെ നിന്നു വരുന്നു. താരതമ്യേന നാട്ടിന്‍പുറത്തിനടുത്താണ്. ഉള്‍ക്കാട് തുടങ്ങുന്നതേയുള്ളൂ. എങ്കിലും ഇതുവഴി ആളുകള്‍ വരാറില്ല. ഭീകരതയ്ക്ക് പേരുകേട്ടതാണീ പ്രദേശം. ചുറ്റുപാടും നിബിഢ വനങ്ങളുമാണ്. ക്യാപ്റ്റന്‍ ചിന്താക്കുഴപ്പത്തില്‍പ്പെട്ടു. അയാള്‍ പെട്ടെന്ന് ബാഗില്‍ നിന്നും വെള്ളമെടുത്ത് കുട്ടികളുടെ മുഖത്ത് തളിച്ചു. പെണ്‍കുട്ടിയാണ് ആദ്യം കണ്ണുതുറന്നത്. തളര്‍ന്ന കണ്‍പോളകള്‍ അകത്തി അവള്‍ ചുറ്റും നോക്കി. അത് ശ്രമകരമായ ഒരു ജോലിപോലെ ക്യാപ്റ്റന് തോന്നി. അത്രയും ക്ഷീണിതയായിരുന്നു അവള്‍. കുട്ടാ… കുട്ടാ… ക്ഷീണിച്ച സ്വരത്തില്‍ അവള്‍ വിളിച്ചു. കുട്ടി തന്നെ കണ്ടില്ലെന്ന് ക്യാപ്റ്റന് തോന്നി. പിന്നെയാണ് കുട്ടന്‍ കണ്ണു തുറന്നത്. ചേ…. ച്ചീ… കുട്ടന്‍റെ സ്വരം ക്ഷീണിച്ചു നേര്‍ത്തിരുന്നു. ഒരു ഞരക്കം പോലെയാണ് ശബ്ദം പുറത്തുവന്നത്. കുട്ടികള്‍ അവശരാണെന്ന് ക്യാപ്റ്റന് മനസ്സിലായി. ചേ… ച്ചീ… പ….പ്പ…യെ….ന്തി….യേ… പപ്പേ… ആണ്‍കുട്ടി കരഞ്ഞു മയങ്ങി അവന്‍റെ കണ്ണുകള്‍ മറിഞ്ഞുമറിഞ്ഞു വന്നു. ക്യാപ്റ്റന്‍ അവന് വെള്ളം കുടിക്കാന്‍ കൊടുത്തു. അവന്‍ ഒരിറക്ക് വെള്ളം കുടിച്ചു. പിന്നെ കുടിച്ചില്ല. ക്യാപ്റ്റന്‍ 'ചേച്ചി'ക്കും വെള്ളം കൊടുത്തു. മുഖത്തുവെള്ളം വീണപ്പോള്‍ അവള്‍ വായ് തുറന്ന് വെള്ളം കുടിച്ചു. അമ്മേ…. പപ്പേ… കുട്ടാ… വാടാ… അവള്‍ എന്തൊക്കെയോ പറഞ്ഞു. ക്യാപ്റ്റന് മുഴുവന്‍ മനസ്സിലായില്ല. അവളൊന്ന് എക്കിള്‍ എടുത്തു. കുടിച്ച വെള്ളത്തില്‍ അല്പം പുറത്തുവന്നു. ഇവര്‍ക്ക് എത്രയും വേഗം വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണം. ഇല്ലെങ്കില്‍ ബുദ്ധിമുട്ടാവും. അതിനു ശേഷമേ ഇവര്‍ ആരാണെന്ന് അറിയാന്‍ കഴിയൂ.. ചേച്ചീ… ആ… ന… ഇതേ… കുരങ്ങന്‍… പിടി…ക്കുന്നേ.. ഞെട്ടിയുണര്‍ന്ന് കരഞ്ഞു വീണ്ടും മയക്കത്തിലായി. ഇവരെ എത്രയും വേഗം ആസ്പത്രിയില്‍ ആക്കണം ക്യാപ്റ്റന്‍ ധൃതിയില്‍ തന്‍റെ ഫോണെടുത്ത് ഒരു നമ്പര്‍ ഡയല്‍ ചെയ്തു. അല്പം കഴിഞ്ഞ് മറുതലയ്ക്കല്‍ ഫോണെടുത്തു. "ഹ ലോ"… "സ്വാമീ ഇതു ഞാന്‍… …അല്ലെടോ".. "താന്‍ വേഗം വാ"…. "നമ്മുടെ പുഷ്പകവിമാനവുമായി"… "അല്ലിഷ്ടാ ഇതു കേസു വേറെ"… "ക്യാപ്റ്റന്‍റെ സ്വരം ഗൗരവത്തിലായി… "അതു താന്‍ മൊബൈല്‍ സിഗ്നല്‍ നോക്കി വന്നാല്‍ മതി വേഗമാവട്ടെ." ക്യാപ്റ്റന്‍ ഫോണ്‍ ഓഫാക്കി കുട്ടികളുടെ നേരെ തിരിഞ്ഞു. അവര്‍ വീണ്ടും മയക്കത്തിലാണ്ടു. ഇവര്‍ മലയാളികളാണെന്ന് ക്യാപ്റ്റന് ബോദ്ധ്യമായി. എങ്കിലും ഇവിടെയെങ്ങനെ…. ആ ചോദ്യം ക്യാപ്റ്റനെ ചിന്താധീനനാക്കി. ഇവരുടെ പപ്പയും അമ്മയും എവിടെ? ഒരുപക്ഷേ, ആ മൊബൈലില്‍ നിന്നും ഇവരാരാണെന്ന് അറിയാന്‍ കഴി ഞ്ഞേക്കും. ക്യാപ്റ്റന്‍ ദീര്‍ഘമായി നിശ്വസിച്ചു. ഫോണ്‍ തന്‍റെ പോക്കറ്റിലുണ്ടെന്ന് ക്യാപ്റ്റന്‍ ഉറപ്പുവരുത്തി. ആകാശത്ത് ഹെലികോപ്റ്ററിന്‍റെ ശബ്ദമുയര്‍ന്നു. സാമി വരുന്നുണ്ട്. കുഞ്ഞുങ്ങള്‍ മയക്കത്തില്‍ തന്നെയായിരുന്നു.
(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org