പാക്കിസ്ഥാനില്‍ തീവ്രവാദം വര്‍ദ്ധിക്കുന്നുവെന്നു പുതിയ കാര്‍ഡിനല്‍

പാക്കിസ്ഥാനില്‍ തീവ്രവാദം വര്‍ദ്ധിക്കുന്നുവെന്നു പുതിയ കാര്‍ഡിനല്‍

പാക്കിസ്ഥാനില്‍ തീവ്രവാദസംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്നും രാജ്യത്തെ സംബന്ധിച്ച് ഏറ്റവും ആശങ്കാകുലമായ സാഹചര്യം ഇതാണെന്നും കാര്‍ഡിനലായി ഉയര്‍ത്തപ്പെട്ട കറാച്ചി ആര്‍ച്ചുബിഷപ് ജോസഫ് കുട്ട്സ് പറഞ്ഞു. പാക്കിസ്ഥാനിലെ കത്തോലിക്കാസഭയില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ കാര്‍ഡിനല്‍ പദവിയിലെത്തുന്നത്. കര്‍ക്കശമായ ഒരു ഇസ്ലാമിക രാഷ്ട്രമായി പാക്കിസ്ഥാനെ മാറ്റണമെന്നാവശ്യപ്പെടുന്നവരാണ് തീവ്രവാദികളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യസ്ഥാപനസമയത്ത് മതസ്വാതന്ത്ര്യത്തോട് പുലര്‍ത്തിയിരുന്ന അനുഭാവം ഇന്നു പൂര്‍ണമായി ഇല്ലാതായി. തീവ്ര ഇസ്ലാമിക വാദത്തിന്‍റെ പുതിയ ഭീഷണികള്‍ രാജ്യമെങ്ങും ഉയര്‍ന്നു വരുന്നു-കാര്‍ഡിനല്‍ വിശദീകരിച്ചു.

സൗദി അറേബ്യയിലേയ്ക്ക് ദൈവശാസ്ത്രം പഠിക്കാന്‍ പോകുന്ന പാക് ഇസ്ലാമിക പുരോഹിതര്‍ മടങ്ങി വരുന്നത് സംഗീതത്തിനും നൃത്തത്തിനും എതിരായ പ്രബോധനങ്ങളുമായിട്ടാണെന്ന് കാര്‍ഡിനല്‍ പറഞ്ഞു. വഹാബി ഇസ്ലാമാണ് അവര്‍ പിന്നെ പഠിപ്പിക്കുന്നത്. അതില്‍ പാട്ടും നൃത്തവുമെല്ലാം വിലക്കപ്പെട്ടതാണ്. വഹാബിസമാണ് ആഗോള തീവ്രവാദത്തിന്‍റെ പ്രാഥമിക സ്രോതസ്സെന്നു 2013-ല്‍ യൂറോപ്യന്‍ പാര്‍ലിമെന്‍റ് കണ്ടെത്തിയിരുന്നു. ആത്മഹത്യ ഇസ്ലാമില്‍ വിലക്കപ്പെട്ടതാണെങ്കിലും പാക്കിസ്ഥാനില്‍ ചാവേര്‍ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചത് വഹാബിസത്തിന്‍റെ വരവോടെയാണ്. പാക്കിസ്ഥാനിലെ ഭൂരിപക്ഷം മുസ്ലീങ്ങളും മിതവാദികളാണ്. തീവ്രവാദികള്‍ ആകെ ജനസംഖ്യയുടെ 5 ശതമാനത്തില്‍ താഴെയാണ് – കാര്‍ഡിനല്‍ പറഞ്ഞു.

ജനാധിപത്യത്തോടു തങ്ങള്‍ക്കു വിയോജിപ്പില്ലെന്നു പറയുന്ന ധാരാളം മുസ്ലീങ്ങള്‍ പാക്കിസ്ഥാനിലുണ്ടെന്ന് കാര്‍ഡിനല്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യം ഇസ്ലാമിക ചിന്തയുമായി ചേര്‍ന്നു പോകുന്നതാണ്. അതുകൊണ്ടാണ് പാക്കിസ്ഥാന്‍ ഒരു ജനാധിപത്യരാജ്യമായിരിക്കുന്നത്. എന്നാല്‍ ജനാധിപത്യം ഇസ്ലാമികമല്ലെന്നും അതിനാല്‍ അതു സ്വീകാര്യമല്ലെന്നും പറയുന്നവരാണ് തീവ്രവാദികള്‍. ഈ തീവ്രവാദികള്‍ക്കു വലിയ സ്ഥാനം പാക്കിസ്ഥാനില്‍ ഒരിക്കലും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ അവര്‍ കൂടുതല്‍ ശക്തിയാര്‍ജിച്ചു വരികയാണ് – കാര്‍ഡിനല്‍ വിശദീകരിച്ചു.

പാക് ജനസംഖ്യയുടെ രണ്ടു ശതമാനമാണ് ക്രൈസ്തവര്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org