കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പാലാ സമറിയക്കാര്‍ റെഡി

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പാലാ സമറിയക്കാര്‍ റെഡി

പാലാ : കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന പാലാ രൂപതയുടെ നേതൃത്വത്തില്‍ പാലാ സമരിറ്റന്‍സ് എന്ന പേരില്‍ കോവിഡ് ടാസ്‌ക് ഫോഴ്‌സ് തയ്യാറായിക്കഴിഞ്ഞു. രൂപതയിലെ എല്ലാ ഭാഗത്തും വോളണ്ടിയേഴ്‌സിനെ വിന്യസിക്കത്തക്ക വിധത്തില്‍ 17 ഫൊറോനകളില്‍ നിന്നും ഓരോ വൈദികനും ഓരോ അല്മായ നേതാവും നേതൃത്വം നല്‍കത്തക്ക വിധത്തിലാണ് ക്രമീകരണം ചെയ്തിട്ടുള്ളത്. പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നിര്‍ദ്ദേശാനുസരണം എ. കെ. സി. സി., ഡി. സി. എം. എസ്., കുടുംബക്കൂട്ടായ്മ, വിശ്വാസ പരിശീലകര്‍, പിതൃവേദി, സ്വാശ്രയ- കര്‍ഷക സംഘങ്ങള്‍, എസ്. എം. വൈ. എം. – കെ. സി. വൈ. എം. എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ഫോഴ്‌സ് റെഡി ആയിരിക്കുന്നത്. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് 20 പേരടങ്ങുന്ന വൈദികരുടെയും അല്മായരുടെയും രണ്ട് സംഘങ്ങള്‍ക്ക് പാലാ ബിഷപ്‌സ് ഹൗസില്‍ വച്ച് പ്രത്യേക ട്രെയിനിങ് നല്‍കി. കോട്ടയം ഡി.എം.ഒ. യുടെയും പാലാ ജനറല്‍ ആശുപത്രിയുടെയും നേതൃത്വത്തിലുള്ള ആരോഗ്യ വിദഗ്ധരാണ് ക്ലാസുകള്‍ നയിച്ചത്. രോഗത്തിന്റെ പ്രത്യേകതകള്‍, രോഗം വരാതെ സൂക്ഷിക്കേണ്ട വിധം, സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്, മാസ്‌ക് കൃത്യമായി ഉപയോഗിക്കേണ്ട വിധം, കൈകഴുകേണ്ട ശാസ്ത്രീയ രീതി, രോഗവ്യാപനം ഉണ്ടായാല്‍ ഓരോ പ്രദേശങ്ങളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, രോഗികളുള്ള വീടുകളിലും പരിസരങ്ങളിലും വേണ്ട കരുതലുകള്‍, രോഗികള്‍ സൂക്ഷിക്കേണ്ട വിധം, രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ആരോഗ്യ ശീലങ്ങള്‍, കോവിഡ് ബാധിച്ചു രോഗികള്‍ മരിക്കാന്‍ ഇടയായാല്‍ മൃത സംസ്‌കാര ശുശ്രൂഷകള്‍ മതിയായ കരുതലുകളോടെ നടത്തേണ്ട വിധം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ക്ലാസുകളില്‍ വിശദമായി പ്രതിപാദിക്കപ്പെട്ടു. PPE കിറ്റ് ധരിക്കുന്നതിന് പ്രത്യേകമായ പരിശീലനം നല്‍കി. രൂപതയ്ക്കുള്ളില്‍ ക്രിസ്ത്യാനികളുടെ ഇടയില്‍ മാത്രമല്ല, അക്രൈസ്തവ സഹോദരങ്ങള്‍ക്കും വേണ്ടിവന്നാല്‍ രൂപതയ്ക്ക് വെളിയിലും ഈ ഫോഴ്സിന്റെ സേവനം ലഭ്യമാക്കണമെന്ന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പാലാ സമരിറ്റന്‍സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് ബിഷപ്പ് നിര്‍ദ്ദേശിച്ചു. രോഗത്തെ ഭയന്ന് ഓടി ഒളിക്കുക അല്ല, ജാഗ്രതയോടെ സമൂഹമൊന്നാകെ വേണ്ട കരുതലുകളോടുകൂടി നേരിടുകയാണ് വേണ്ടത് എന്ന് ബിഷപ്പ് അഭിപ്രായപ്പെട്ടു. സഹായമെത്രാന്‍ ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍, വികാരി ജനറാള്‍മാര്‍, സംഘടനകളുടെ ഡയറക്ടര്‍മാര്‍, ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് ബോധവല്‍ക്കരണത്തിനായി ഫോഴ്‌സിലെ അംഗങ്ങള്‍ തയ്യാറാണെന്ന് സംഘാടകര്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org