ഫോണ്‍വിളിയിലെ പ്രാഥമികാന്വേഷണങ്ങള്‍

അങ്ങോട്ട് ഹലോ പറഞ്ഞാല്‍ ഉടനെ ഇങ്ങോട്ടു ചോദ്യശരങ്ങളാണ്. ഇന്നലെ എവിടെയായിരുന്നു ? ഞാന്‍ മൂന്നു പ്രാവശ്യം വിളിച്ചിരുന്നു. 8.17-ന് ആദ്യം വിളിച്ചു. അപ്പോള്‍ ഞാന്‍ പള്ളിയിലായിരുന്നുവെന്നു മറുപടി പറഞ്ഞു. എങ്കില്‍ 1.20-ന് ഞാന്‍ വീണ്ടും വിളിക്കുമ്പോള്‍ എവിടെയായിരുന്നു? 3.40-നോ…? ഇതിനെല്ലാം കൃത്യമായ ഉത്തരം കിട്ടണം. വസ്തുതകള്‍ക്ക് എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അതിനു വിശദീകരണം ചോദിക്കും. ഈ പീഡനമെല്ലാം സഹിച്ചാലേ ഇപ്പോള്‍ വിളിച്ചതെന്തിനാണെന്നു പറയുകയുള്ളൂ.
ഇത്തരം ചോദ്യങ്ങള്‍ക്ക് അപ്പപ്പോള്‍ കളവു പറയുന്ന ഒരു പുതിയ രീതി വളര്‍ന്നുവരുന്നുണ്ട്. അതൊക്കെ അറിവുണ്ടെങ്കിലും ചോദ്യാവലിയില്‍ നിന്നും ഒന്നും കുറയ്ക്കുകയില്ല. അതുകൊണ്ടു വിളിച്ചവനോടു സംസാരിക്കാനുള്ള താത്പര്യം തന്നെ ഇല്ലാതായിക്കാണും.
വിജയകരമായ ഫോണ്‍ വിളിക്കു പരസ്പര വിശ്വാസ്യത (Rapport) നേടിയെടുക്കുകയാണാവശ്യം. അതിനു വലിയ ബുദ്ധിമുട്ടൊന്നുമില്ല. ഏറ്റം ലളിതമായ ഭാഷയില്‍ കാര്യം തുറന്നു പറയുന്നതാണ് ഏറ്റം നല്ലത്. വക്രത ഒരിക്കലും ഗുണം ചെയ്യില്ല. അതു വിശ്വസനീയത നഷ്ടമാക്കുന്നു. പരിശോധിക്കുന്ന ചോദ്യങ്ങള്‍ (Probing Questions) ഒഴിവാക്കണം. കള്ളനെക്കൊണ്ടു സത്യം പറയിക്കാന്‍ ശ്രമിക്കുന്ന പൊലീസുകാരാണ് അത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത്.
ഗവേഷണത്തില്‍, ഇന്‍റര്‍വ്യൂ വിവരശേഖരണത്തിനുള്ള ഒരംഗീകൃത പഠനരീതിയാണ്. അവിടെ സോഷ്യല്‍ റിയാലിറ്റി കണ്ടുപിടിക്കുന്നതിനു പരോക്ഷമായ ചോദ്യങ്ങള്‍ ചോദിക്കാറുണ്ട്. എന്നാല്‍ ഒരിക്കലും ചോദ്യം ചെയ്യപ്പെടുന്നവന്‍റെ വ്യക്തിത്വത്തെ മാനിക്കാത്തവ ചോദിക്കാറില്ല.
ടെലിഫോണ്‍ വിളിയിലെ അനാവശ്യമായ പ്രാഥമികാന്വേഷണങ്ങള്‍ ഒഴിവാക്കിയാല്‍… പണലാഭം… സമയലാഭം… അങ്ങനെ പല മെച്ചങ്ങളുമുണ്ട്. മറ്റു ജോലികളൊന്നുമില്ലാത്തവരാണു ഫോണ്‍വിളി വലിച്ചുനീട്ടി അരോചകമാക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org