Latest News
|^| Home -> Pangthi -> ചിന്താജാലകം -> മലിനീകരണത്തിന്‍റെ ഭാഷ

മലിനീകരണത്തിന്‍റെ ഭാഷ

ഫാ. പോള്‍ തേലക്കാട്ട്

അഞ്ചു ദിവസത്തെ ധ്യാനപരിപാടി. ബൈബിള്‍ തുറന്നു വായിച്ചു വ്യാഖ്യാനിക്കുന്ന പ്രസംഗകന്‍. ഇടയ്ക്കിടയ്ക്ക് കൈകളിലെ മൊബൈലില്‍ ചില ഭക്തിഗാനങ്ങളും സംഭാഷണശകലങ്ങളും കേള്‍പ്പിക്കുന്നു. പ്രസംഗവിഷയം ദൈവവും ദൈവികവെളിപാടുകളും തന്നെ. പക്ഷേ, അഞ്ചു ദിവസങ്ങള്‍കൊണ്ടു ദൈവം ധ്യാന വേദിയില്‍ നിന്നു മാത്രമല്ല നാട്ടില്‍ നിന്നുപോലും ഓടി മാറി എന്നു തോന്നി. ഏതോ നഷ്ടബോധത്തോടെ തിരിച്ചുപോന്നു. വിശുദ്ധമായ കാര്യങ്ങളല്ലേ പ്രസംഗിച്ചത്, തീര്‍ച്ചയായും അതെ, പിന്നെ എന്താ പ്രശ്നം?

അത്യുന്നതനായ ദൈവത്തെക്കറിച്ചു തറഭാഷയില്‍ പ്രസംഗിച്ചാല്‍ ദൈവം ഭാഷണത്തില്‍നിന്ന് ഓടിമറയും. കാരണം തികച്ചും ഗ്രാമീണവും (vulgar) ലൗകികവുമായ ഭാഷയിലായിരുന്നു പ്രസംഗങ്ങള്‍ മുഴുവന്‍. കാന്‍റ് പറയുന്നതു വലിയ കാര്യമാണ്. ഉദാത്തമായത് ഉദാത്തമായ ഭാഷയില്‍ പറഞ്ഞാലേ ഉദാത്തം കേള്‍വിക്കാരിലേക്ക് എത്തുകയുള്ളൂ. ഉദാത്തമായതു ചന്തഭാഷയില്‍ പറഞ്ഞാല്‍ അതു ചന്തയില്‍ കിട്ടുന്ന ചരക്കാണെന്നു ജനങ്ങള്‍ മനസ്സിലാക്കിപ്പോകും. അതുകൊണ്ടാണു ബ്ലെയ്സ് പസ്കാല്‍ എളിമയോടെ എളിമയെക്കുറിച്ചും ചാരിത്ര്യത്തോടെ ചാരിത്ര്യത്തെക്കുറിച്ചും പറയണമെന്നു നിഷ്കര്‍ഷിച്ചത്. പറയുന്ന ഭാഷയിലാണു പറയുന്നതു സംഭവിക്കുന്നത്.

പ്രഭാഷകന്‍ എന്തുകൊണ്ടു വ്യക്തിപരമായി വന്നുനിന്നു സംസാരിക്കുന്നു എന്നു ചിന്തിച്ചിട്ടുണ്ടോ? പ്രഭാഷണങ്ങള്‍ റിക്കാര്‍ഡ് ചെയ്തു കേള്‍പ്പിച്ചാല്‍ പോരേ? ആളു വന്നു നേരിട്ടു സംസാരിക്കുന്നതെന്തിന്? പറയുന്നവന്‍ പറയുന്നതിന്‍റെ കൂടെ ഉണ്ടാകണം. പ്രത്യേകിച്ചും ആത്മീയകാര്യങ്ങളില്‍, ജീവിതമൂല്യങ്ങളുടെ സാക്ഷ്യങ്ങളാണു സംഭവിക്കേണ്ടത്. പറയുന്നതു സംഭവിച്ചതായി കാണാനും അനുഭവിക്കാനും കഴിയണം. പറച്ചില്‍ ഒരു പ്രൊഫഷനാകരുത്.

ധ്യാനം നടത്തുന്നവര്‍ ഭാഷകൊണ്ടാണ് ഒരു ദേവാലയം സൃഷ്ടിക്കുന്നത്. ദേവാലയം ഒരു കെട്ടിടമല്ല. ഭാഷാഭവനത്തിലാണു നാം വസിക്കുന്നത്. ഭാഷയിലാണു നാം ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നത്. പ്രഭാഷകന്‍റെ ശബ്ദത്തിന്‍റെയും ഭാഷണത്തിന്‍റെ ഒരു ദേവാലയാന്തരീക്ഷം ഉണ്ടാകുന്നു. “ശങ്കരാഭരണം” എന്ന കീര്‍ത്തനം ക്ഷേത്രമുണ്ടാക്കുന്നതു നാം കണ്ടതല്ലേ? വിക്ടര്‍ഹ്യൂഗോ പാരീസിലെ നോത്രദാം കത്തിഡ്രലിനെക്കുറിച്ച് എഴുതിയതു “കല്ലില്‍ തീര്‍ത്ത കീര്‍ത്തനം” എന്നാണ്. വിശുദ്ധ മണ്ഡലമാണു തീര്‍ക്കപ്പെടുന്നത്.

സ്വര്‍ഗത്തിന്‍റെ വിശുദ്ധ മണ്ഡലത്തിലേക്കു പ്രവേശിപ്പിക്കപ്പെട്ട ഏശയ്യ വേദനയോടെ ഏറ്റു പറയുന്നു: “എനിക്കു ദുരിതം, ഞാന്‍ നശിച്ചു, എന്തെന്നാല്‍ ഞാന്‍ അശുദ്ധമായ അധരങ്ങള്‍ ഉള്ളവനും അശുദ്ധമായ അധരങ്ങള്‍ ഉള്ളവരുടെ മദ്ധ്യേ വസിക്കുന്നവനുമാണ്” (ഏശ. 6:4). വിശുദ്ധിയുടെ മണ്ഡലമാണു വിശുദ്ധിയെക്കുറിച്ചു പറയുമ്പോള്‍ ദൈവം പറയുന്നവന്‍റെ കൈകളിലെ പാവയോ നെല്ലിക്കയോ അല്ല. മയിസ്റ്റര്‍ എക്കാര്‍ട്ട് എഴുതിയതു വിശുദ്ധ ഭാഷണക്കാര്‍ ശ്രദ്ധിക്കണം.” പശുവിനെ കാണുന്ന അതേ കണ്ണുകളോടെ അവര്‍ ദൈവത്തെ കാണുന്നു. പശുവിനെ സ്നേഹിക്കുന്നതു പാലും വെണ്ണയും മറ്റു കാര്യങ്ങളും കിട്ടുന്നതുകൊണ്ടാണ്. അവരുടെ സ്നേഹം പരമാര്‍ത്ഥമാണ്. പക്ഷേ, അതു സ്വാര്‍ത്ഥസ്നേഹമാണ്.” ദൈവത്തെ ലാഭത്തിനും കച്ചവടത്തിനും കാര്യനേട്ടത്തിനും ഉപയോഗിക്കുമ്പോള്‍ ദൈവം കയ്യിലെ ഉപകരണം മാത്രമാണ്. അപ്പോള്‍ ദൈവം പ്രപഞ്ചത്തിലെ ഒന്നായി വിഗ്രഹമായി മാറുന്നു. വിഗ്രഹാരാധനയുടെ കാളക്കുട്ടിക്കെതിരെയാണു മോസസ് പ്രതികരിച്ചത്.

മോസസിന്‍റെ നാവു പിഴയ്ക്കുന്നതുകൊണ്ടും ഭാഷാവരമില്ലാത്തതുകൊണ്ടുമാണു മോസസിന് നാവായി വക്താവിനെ, അഹറോനെ നല്കിയത്. പക്ഷേ, അദ്ദേഹമാണ് കാളക്കുട്ടിയെ തീര്‍ത്തത്.

ഷേണ്‍ബര്‍ഗ് എന്ന ജര്‍മന്‍ യഹൂദന്‍ ഉണ്ടാക്കിയ ഓപ്പറെയാണു “മോസസും അഹറോനും.” അതില്‍ മോസസ് അഹറോനോടു പറയുന്നു, “നീ അതിനു ധൈര്യപ്പെടരുത്, നിത്യവും എന്നുമുള്ളതും കാണാനാവാത്തതും അളക്കാനാവാത്തതും സര്‍വശക്തനുമായവനെ അറിയാന്‍ ശ്രമിക്കരുത്.” “നിങ്ങള്‍ അറിയുന്നെങ്കില്‍ അതു ദൈവമല്ല” എന്നാണു വി. അഗസ്റ്റിന്‍ എഴുതിയത്. അതുകൊണ്ടാണു ദൈവത്തെക്കുറിച്ചു പറയാന്‍ മണല്‍ക്കാട്ടിലേക്കു പോകാന്‍ പിതാമഹന്മാര്‍ നിര്‍ദ്ദേശിക്കുന്നത്. ലോകത്തിലെ ഒന്നിനെക്കുറിച്ചുമുള്ള ഭാഷ വെടിയാനും പറയാനുള്ളത് ഒന്നുമല്ലാത്തതുമായവന്‍റെ ബിംബമായി മാറുന്നു. നീ ഒന്നിനെക്കുറിച്ചല്ലാത്ത ഭാഷയ്ക്ക് അനിവാര്യം വിശുദ്ധിയും ഉദാത്തതയുമാണ്. അല്ലാത്ത ഭാഷ ദൈവത്തെ ആട്ടിപായിക്കുകയോ വിഗ്രഹവത്കരിക്കുകയോ ചെയ്യുന്നു.

അസ്തിത്വത്തിന്‍റെ വെള്ളിത്തിരയിലാണു ദൈവം പ്രത്യക്ഷപ്പെടുന്നത്. ദൈവം പ്രത്യക്ഷം സംഭവിക്കുന്ന വസ്തുവല്ല, വെള്ളിത്തിരയല്ല. വെള്ളിത്തിരയിലെ പ്രത്യക്ഷവും ദൈവമല്ല. കാരണം അതില്‍ ദൈവത്തെ അടച്ചു നിര്‍ത്താനാവില്ല. ദൈവത്തിന്‍റെ പ്രത്യക്ഷം മാത്രമാണ് അവിടെ ഉണ്ടായത് – ദൈവികത പ്രത്യക്ഷമായി. ദൈവമല്ല പ്രത്യക്ഷമായത്, ദൈവികത സൃഷ്ടികളില്‍ പ്രത്യക്ഷമാകും. അവയൊന്നും ദൈവമല്ല. ദൈവികത കാണപ്പെടുന്ന സര്‍വവും ദൈവമല്ല. ദൈവത്തെ ഒന്നുമായിട്ടു സങ്കല്പിക്കുകയോ വേലികെട്ടിയും വരച്ചും കാണിക്കാനോ പറ്റില്ല. ദൈവത്തെക്കുറിച്ചു പറയുന്നവനില്‍ അനിവാര്യം ഉണ്ടാകേണ്ടതു ദൈവികതയുടെ പ്രത്യക്ഷമാണ്.

Leave a Comment

*
*