യുദ്ധവും സമാധാനവും

Published on

"നാം എല്ലാവരുടെയും പിതാവു യുദ്ധമാണ്" – ഹെരാക്ലിറ്റസ് ക്രിസ്തുവിനുമുമ്പ് എഴുതി. ജീവിതം ഒരേസമയം യുദ്ധവും അതോടൊപ്പം സന്തുലനത്തിന്റെ സമാധാനവുമാണ്. വിരുദ്ധ ശക്തികള്‍ നമ്മിലുണ്ട്; അകത്തും പുറത്തും. ദിനരാത്രങ്ങള്‍, കറുപ്പും വെളുപ്പും, നീതിയും അനീതിയും, സ്‌നേഹവും വൈരവും, പ്രകാശവും അന്ധകാരവും – ഇവയൊക്കെ തമ്മില്‍ നിരാമയമായ യുദ്ധമാണു നടക്കുന്നത്. ജീവന്റെയും മരണത്തിന്റയും ഏറ്റുമുട്ടല്‍ എവിെടയാണില്ലാത്തത്? അതുകൊണ്ടു നീഷേ എഴുതി: "ഒരു ശക്തി താഴോട്ടു നയിച്ച് എല്ലാം തൂവിക്കളയുന്നു; അതു നിശ്ചലതയില്‍ എത്തി മരിക്കുന്നു. മറ്റേശക്തി ഉയര്‍ത്തുന്നു, സ്വാതന്ത്ര്യത്തിലേക്കും അമര്‍ത്യതയിലേക്കും. രണ്ടു വൈരുദ്ധ്യങ്ങള്‍ കറുത്തതും വെളുത്തതും, ജീവന്റെയും മരണത്തിന്റെയും സൈന്യങ്ങള്‍ നിത്യമായി ഏറ്റുമുട്ടുന്നു. അതിന്റെ ദൃശ്യമായ അടാളങ്ങളാണു സസ്യങ്ങളും മൃഗങ്ങളും മനുഷ്യരും."
ഈ വൈരുദ്ധ്യം ലോകത്തില്‍ മാത്രമല്ല, മനുഷ്യജീവിതത്തിന്റെ ഉള്ളിലുമുണ്ട്. പട്ടണവാസികള്‍ ഗ്രാമത്തിലേക്കു പോകാന്‍ ആഗ്രഹിക്കുമ്പോള്‍ ഗ്രാമവാസികള്‍ പട്ടണം കാണാന്‍ പോകുന്നു. എപ്പോഴും വിരുദ്ധ ദിശയിലേക്കാണു പുറപ്പാട്. ഒരറ്റത്തുനിന്നു മറ്റേ അറ്റത്തേയ്ക്കാണു യാത്ര. മദ്ധ്യസ്ഥാനമാണു പലപ്പോഴും ഇഷ്ടപ്പെടുന്നത്.
പണിയെടുക്കുന്നവന്‍ വിശ്രമം തേടുമ്പോള്‍ പണിയെടുക്കാത്തവര്‍ വ്യായാമം ചെയ്യാന്‍ പോകുന്നു. ഗ്രീക്കു പുരാണത്തിലെ യുദ്ധ ദേവന്റെ മകളാണു ഹര്‍മോണിയ. അവള്‍ വിരുദ്ധശക്തിയെ അനുനയിപ്പിക്കുന്നവളാണ്. അനുനയിക്കുമ്പോള്‍ വിരുദ്ധശക്തികള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നു – സമാധാനം. അതുകൊണ്ടാണ് അരിസ്റ്റോട്ടല്‍ പുണ്യം മദ്ധ്യസ്ഥായിയാണ് എന്നെഴുതിയത്. അധികം ഇടത്തോട്ടു പോയാലും അധികം വലത്തോട്ടു പോയാലും എത്തുന്നതു സാമ്യമുള്ള തീവ്രബിന്ദുക്കളിലാണ്. തീവ്രബിന്ദു യുദ്ധത്തിന്റേതുമാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org