എത്താത്തകൊമ്പില്‍ എത്തിപ്പിടിക്കുമ്പോള്‍

അമ്മയും മകളും കൂടി നാട്ടിലെല്ലാം പിരിവെടുത്തു. മകള്‍ക്ക് മെഡിസിന് സെലക്ഷന്‍ കിട്ടി. കാര്യങ്ങളന്വേഷിക്കേണ്ട അച്ഛന്‍ പണ്ടേ മരിച്ചുപോയി. അതുകൊണ്ടാണ് അമ്മ തന്നെ തെണ്ടാനിറങ്ങിയത്. ഒരു പാവപ്പെട്ട കുട്ടിയുടെ ആഗ്രഹമല്ലേ, എല്ലാവരും സഹകരിച്ചു: സഹായിച്ചു. ആദ്യവര്‍ഷത്തെ കാര്യങ്ങള്‍ ഭദ്രമായി.
ഭാവികാര്യങ്ങളോര്‍ത്തുകൊണ്ട് സഹായസംഘങ്ങള്‍ക്ക് അപേക്ഷ വച്ചു. എത്രപേരെ പ്രീതിപ്പെടുത്തുമ്പോഴാണ് ഒരപേക്ഷ സ്വീകരിക്കപ്പെട്ടുന്നതെന്നോ?എത്ര കഷ്ടപ്പെട്ടാലും പിന്നോട്ടില്ല, എന്ന നിശ്ചയത്തോടെ അമ്മ മുന്നോട്ടുതന്നെ പോയി. ആദ്യവര്‍ഷത്തെ പരീക്ഷയുടെ ഫലം വന്നു. കുട്ടി കഷ്ടിച്ച് പാസ്സായിട്ടുണ്ട്.
കൂടുതല്‍ ശുഷ്ക്കാന്തിയോടെ പഠനം തുടര്‍ന്നു. എങ്കിലും മുന്നോട്ടു പോകുംതോറും പഠനം കൂടുതല്‍ ക്ലേശകരമായി വന്നു. അപ്പോള്‍ ഉറക്കമിളച്ച് പഠിക്കുക; ട്യൂഷനുപോകുക മുതലായ മാര്‍ഗ്ഗങ്ങള്‍ തേടി. എന്നിട്ടും കോളേജില്‍ നിന്നു നടത്തിയ ടെസ്റ്റില്‍ കുട്ടി തോറ്റു. പിന്നെ ദുഃഖമായി, വേദനയായി. പഠനത്തില്‍ താല്പര്യമില്ലാതായി. അപ്പോള്‍ കൗണ്‍സെലിംഗിനു പോയി. അവിടെ കിട്ടിയ ഉപദേശമനുസരിച്ച് മുന്നോട്ടുപോയി.
മകള്‍ക്കു കൂടുതലായി വന്ന ആവശ്യങ്ങള്‍ എങ്ങനെ നടത്തുമെന്നത് അമ്മയ്ക്കു വലിയ പ്രശ്നമായിരുന്നു. അപ്പോള്‍ അവര്‍ പുതിയ ആളുകളെ കണ്ട് സഹായമഭ്യര്‍ത്ഥിച്ചു. അപേക്ഷ കേട്ടവരും കേള്‍ക്കാത്തവരുമുണ്ട്. വിമര്‍ശിച്ചവരും അധിക്ഷേപിച്ചവരുമുണ്ട്. തന്‍റെ വേദന മകളുമായി അമ്മ പങ്കുവച്ചിരുന്നു.
ഒരുനാള്‍ പിരിവിനു പോയ അമ്മ കിട്ടിയ പണവുമായി തിരിച്ചുവന്നപ്പോള്‍ വീടിന്‍റെ വാതില്‍ അകത്തുനിന്ന് പൂട്ടിയിരിക്കുന്നു. തള്ളിത്തുറന്ന് അകത്തുചെന്നപ്പോള്‍ മരിച്ചുകിടക്കുന്ന മകളും അവളുടെ ആത്മഹത്യാകുറിപ്പും.
"അമ്മ എനിക്കുവേണ്ടി ഒത്തിരി കഷ്ടപ്പെടുന്നു. എത്രപേരുടെ മുമ്പിലാണ് എനിക്കുവേണ്ടി അമ്മ കുമ്പിടുന്നത്! അമ്മയുടെ അദ്ധ്വാനത്തിന് ആനുപാതികമായി വിജയിക്കാന്‍ എനിക്കു സാധിക്കുന്നില്ല. ഇപ്പോള്‍ കഴിഞ്ഞ പരീക്ഷകളിലെല്ലാം ഞാന്‍ തോറ്റു. അതുകൊണ്ട്…."
ഈ കുട്ടിയുടെ ബുദ്ധിശക്തിയെക്കുറിച്ചും പഠന നിലവാരത്തെക്കുറിച്ചും അന്വേഷിച്ചു. ആവറേജില്‍ താഴെ പോകുന്ന കുട്ടി! പറ്റുന്നതല്ലേ ചെയ്യാനൊക്കൂ! അതിരുകളില്ലാത്ത മോഹങ്ങള്‍ മനുഷ്യനെ എവിടെ എത്തിക്കാനാണ്?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org