തീവ്രവാദികളായ വിശ്വാസികള്‍

പരി. കുര്‍ബാനയ്ക്കു മുമ്പില്‍ ധൂപക്കുറ്റി വീശിയപ്പോള്‍ മൂന്നു പ്രാവശ്യം വീശുന്നതിനു പകരം രണ്ടു പ്രാവശ്യമേ വീശിയുള്ളൂ എന്നതില്‍ മാനസികപീഡ അനുഭവിക്കുന്ന വൈദികന്‍, ബലിയര്‍പ്പിച്ചപ്പോള്‍ പ്രാര്‍ത്ഥനയില്‍ ഒരു വരി വിട്ടുപോയതിനാല്‍ ബലിയുടെ മൂല്യത്തെപ്പറ്റി (validity) ആശങ്കപ്പെടുമ്പോഴും തന്‍റെ അജഗണത്തില്‍ തളര്‍ന്നു കിടക്കുന്ന ആത്മാവിനെ ഇടയ്ക്കൊന്നു സന്ദര്‍ശിക്കാത്തതില്‍ ഒരു വിഷമവും തോന്നുന്നില്ലായെങ്കില്‍ അദ്ദേഹം സാബത്തായ തിനാല്‍ ആടു കിണറ്റില്‍ കിടന്നു ചത്തോട്ടെ (മത്താ. 12:11) എന്നു കരുതുന്ന വിശ്വാസത്തിലെ തീവ്രവാദി അല്ലാതാകുന്നതെങ്ങനെ!?
"കൂടിയാല്‍ അമൃതും വിഷം" എന്നു പറയുന്ന തുപോലെ ഏതു കാര്യത്തിലുമുള്ള ചിന്താഗതിയും തീവ്രമായാല്‍ അപകടമാണ്. അതു വിശ്വാസത്തിന്‍റെ കാര്യത്തിലും. ഇസ്ലാമിക് സ്റ്റേറ്റിനുവേണ്ടി (ഐഎസ്) പ്രവര്‍ത്തിക്കുന്നവര്‍ തങ്ങളുടെ വിശ്വാസത്തിന്‍റെ ആഴംകൊണ്ടാണു മറ്റുള്ളവനെ കൊല്ലാനും സ്വയം മരിക്കാനും വരെ തയ്യാറാകുന്നത്. ആ വിശ്വാസസംഹിതയെ ലോകം മുഴുവന്‍ തള്ളിക്കളയുകയാണ്. അമേരിക്കയും റഷ്യയും ഇവരെ തകര്‍ക്കാന്‍ ഒരുമിക്കുന്നു എന്നതാണു പുതിയ വാര്‍ത്ത. രണ്ടു രാജ്യങ്ങള്‍ മാത്രമല്ലല്ലോ…. എല്ലാവരും ഇവര്‍ക്കെതിരെ നിലപാടെടുക്കുന്നു. അവരുടെ വിശ്വാസത്തെ നാം തീവ്രവാദം എന്നു വിളിക്കുന്നു. മനുഷ്യര്‍ എന്തെല്ലാം പറഞ്ഞാലും എന്തൊക്കെ പ്രശ്നങ്ങളുണ്ടാക്കിയാലും ഞങ്ങള്‍ ചെയ്യുന്നതെല്ലാം ദൈവത്തിനുവേണ്ടിയാണ് എന്നാണ് ഈ തീവ്രവാദികളുടെ പക്ഷം. പടച്ചവന്‍, സ്രഷ്ടാവ് അവര്‍ക്കു മോക്ഷം കൊടുക്കുമത്രേ!!!
ഈശോ വിഭാവനം ചെയ്ത വിശ്വാസസംഹിത ഇതിനു തീര്‍ത്തും വിരുദ്ധമായിരുന്നു. മനുഷ്യനെ കാണാതെ ദൈവത്തെ കാണാനാവില്ല എന്നതാണു ക്രിസ്തുവേദാന്തത്തിന്‍റെ പരമകാഷ്ഠ. വിശ്വാസമുണ്ടെന്നു പറയുകയും പ്രവൃത്തി ഇല്ലാതിരിക്കുകയും ചെയ്യുന്നവന് എന്തു മേന്മയാണുള്ളത്? (യാക്കോ. 2:4); മനുഷ്യന്‍ വിശ്വാസം കൊണ്ടു മാത്രമല്ല പ്രവൃത്തികളാലുമാണു നീതീകരിക്കപ്പെടുന്നത് (യാക്കോ. 2:24).
തന്‍റെ പരസ്യജീവിതത്തിലുടനീളം വിശ്വാസത്തിന്‍റെ തീവ്രവാദവുമായി നടന്നവര്‍ക്കെതിരെ ഈശോ ആഞ്ഞടിച്ചിട്ടുണ്ട്. കപടനാട്യക്കാരായ ഫരിസേയരേ, നിയമജ്ഞരേ നിങ്ങള്‍ക്കു ദുരിതം. നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗരാജ്യം അടച്ചുകളയുന്നു (മത്താ. 23:13) എന്ന വചനം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വിശ്വാസത്തിന്‍റെ തീവ്രവാദം അരക്കിട്ടുറപ്പിക്കുന്നതാണു മത്തായി സുവിശേഷം 23-ാം അദ്ധ്യായം. 23-ാം വാക്യം. "കപടനാട്യക്കാരായ ഫരിസേയരേ, നിയമജ്ഞരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ തുളസി, ചതുകപ്പ, ജീരകം എന്നിവയ്ക്കു ദശാംശം കൊടുക്കുകയും നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങളായ നീതി, കാരുണ്യം, വിശ്വസ്തത എന്നിവ അവഗണിക്കുകയും ചെയ്യുന്നു. ഇവയാണു നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്; മറ്റുള്ളവരെ അവഗണിക്കാതെ തന്നെ."ڔ
വിശന്നപ്പോള്‍ ദാവീദും അനുചരന്മാരും എന്താണു ചെയ്തത്? (മത്താ. 12:3-4). വിശാല അര്‍ത്ഥത്തില്‍ അവര്‍ പള്ളിയില്‍ കയറി അച്ചന്മാര്‍ക്കല്ലാതെ തങ്ങള്‍ക്കു തൊടാന്‍പോലും അവകാശമില്ലാത്ത കാഴ്ചയപ്പം എടുത്തു ഭക്ഷിച്ചു. വിശ്വാസത്തേക്കാള്‍ വലുതു വിശപ്പായി മാറുമ്പോള്‍ അവനോടു തീ കായുക, വിശപ്പടക്കുക തുടങ്ങിയ പ്രസംഗമല്ല ആവശ്യമായുള്ളത് (യാക്കോ. 2;16). നിയമങ്ങളാല്‍ ബന്ധിക്കപ്പെടുന്ന സാബത്തായിരുന്നാലും ആടു കിണറ്റില്‍ വീണാല്‍ ചാടിയിറങ്ങി പിടിച്ചു കയറ്റുക തന്നെ വേണം (മത്താ. 12:11). ആചാരാനുഷ്ഠാനങ്ങളില്‍ കടിച്ചുതൂങ്ങുന്ന തീവ്രവാദ വിശ്വാസം ഈശോയ്ക്ക് ഒരിക്കലും സ്വീകാര്യമായിരുന്നില്ല.
നമ്മുടെ വിശ്വാസജീവിതവും പഴയ നിയമ വിശ്വാസസംഹിതകളില്‍ കടിച്ചുതൂങ്ങി നില്ക്കുകയാണോ എന്നു ചിന്തിക്കേണ്ടതുണ്ട്. എങ്കിലതു പുതിയ നിയമത്തിന്‍റെയും പുതിയ കാലഘട്ടത്തിന്‍റെയും വിശ്വാസമാകുമോ? പരി. കുര്‍ബാനയ്ക്കു മുമ്പില്‍ ധൂപക്കുറ്റി വീശിയപ്പോള്‍ മൂന്നു പ്രാവശ്യം വീശുന്നതിനു പകരം രണ്ടു പ്രാവശ്യമേ വീശിയുള്ളൂ എന്നതില്‍ മാനസികപീഡ അനുഭവിക്കുന്ന വൈദികന്‍, ബലിയര്‍പ്പിച്ചപ്പോള്‍ പ്രാര്‍ത്ഥനയില്‍ ഒരു വരി വിട്ടുപോയതിനാല്‍ ബലിയുടെ മൂല്യത്തെപ്പറ്റി (validity) ആശങ്കപ്പെടുമ്പോഴും തന്‍റെ അജഗണത്തില്‍ തളര്‍ന്നു കിടക്കുന്ന ആത്മാവിനെ ഇടയ്ക്കൊന്നു സന്ദര്‍ശിക്കാത്തതില്‍ ഒരു വിഷമവും തോന്നുന്നില്ലായെങ്കില്‍ അദ്ദേഹം സാബത്തായതിനാല്‍ ആടു കിണറ്റില്‍ കിടന്നു ചത്തോട്ടെ (മത്താ. 12:11) എന്നു കരുതുന്ന വിശ്വാസത്തിലെ തീവ്രവാദി അല്ലാതാകുന്നതെങ്ങനെ!? കൊന്തയും കാനോന നമസ്കാരവും ചൊല്ലാത്തപ്പോഴുണ്ടാകുന്ന മനഃസാക്ഷിക്കടിയും വിമ്മിഷ്ടവും വഴിയില്‍ വിശന്നു കിടക്കുന്നവനെ കാണുമ്പോള്‍ ഉണ്ടാകുന്നില്ലായെങ്കില്‍ നമ്മുടെ സന്ന്യാസം ആചാരാനുഷ്ഠാനങ്ങളില്‍ തളയ്ക്കപ്പെട്ട തീവ്രവാദമാണോ എന്നു സംശയിക്കണം.
എത്രയോ ഉദാഹരണങ്ങള്‍ ഇതുപോലെ കുറിക്കാം. ആചാരാനുഷ്ഠാനങ്ങളിലും നിയമസംഹിതകളിലും കുടുങ്ങിക്കിടക്കുന്ന വിശ്വാസത്തിന്‍റെ തീവ്രവാദികളായ ഫരിസേയരാകാനല്ല അതിനേക്കാള്‍ ഗൗരവമേറിയ കാര്യങ്ങളായ നീതി, കാരുണ്യം, വിശ്വസ്തത തുടങ്ങിയവയ്ക്കു പ്രാധാന്യം കൊടുക്കേണ്ടത്; മറ്റുള്ളവ അവഗണിക്കാതെ തന്നെ (മത്താ. 23:23).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org