പിന്‍സീറ്റിലെ കളികള്‍!

സ്കൂട്ടറിന്‍റെ പിന്‍സീറ്റിലിരിക്കുന്നയാള്‍ മുന്‍സീറ്റിലിരിക്കുന്നയാളോട് സംസാരിക്കുന്നു. സംസാരത്തിന്‍റെ തീവ്രത കൂടുമ്പോള്‍ സംസാരിക്കുന്നവന്‍റെ ആംഗ്യങ്ങള്‍ കാണേണ്ടതുതന്നെ. ആശയത്തിനൊത്ത് അനുനിമിഷം വൈവിധ്യമാര്‍ന്ന അടയാളങ്ങള്‍! പിന്നാലെ വണ്ടിയോടിച്ചു വരുന്നവര്‍ ഇതുകണ്ടു പതറിപ്പോകാറുണ്ട്, സ്ലോ ചെയ്യാനാണോ കടന്നുപോകാനാണോ എന്നു മനസ്സിലാകാതെ. കുറെ നേരം കഴിയുമ്പോഴാണ് കൂട്ടുകാരനോട് തര്‍ക്കിക്കുന്നതിന്‍റെ അടയാളങ്ങളാണിവയെന്ന് മനസ്സിലാക്കുന്നത്.
പിന്‍സീറ്റിലിരിക്കുന്ന ചില സ്ത്രീകള്‍ മുന്നിലിരിക്കുന്ന ഭര്‍ത്താവിനോട് സംസാരിച്ചുകൊണ്ടേയിരിക്കും. വിഷയമനുസരിച്ച് വികാരത്തിന്‍റെ വേലിയേറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്ഥലമില്ലാത്ത പിന്‍സീറ്റില്‍ തിരിഞ്ഞുംമറിഞ്ഞുമിരിക്കുന്നതും മറ്റുയാത്രക്കാരെക്കൂടി ഭയപ്പെടുത്തുന്നതും പതിവാണ്. ചുരുക്കമെങ്കിലും ചില ഭാര്യമാര്‍ താഴെ വീഴുകയും തൊട്ടുപിന്നാലെ വന്ന വണ്ടിയുടെ ചക്രങ്ങള്‍ക്കിടയില്‍ ഞെരിഞ്ഞുമരിക്കുകയും ചെയ്തിട്ടുണ്ട്.
ജാഥയ്ക്കു പോകുന്ന വണ്ടികളില്‍ കൊടിപാറുന്നതുപോലെ പിന്‍സീറ്റിലിരിക്കുന്ന സ്ത്രീയുടെ ഷോള്‍ പറന്നുപൊന്തുകയും ഇതൊന്നുമറിയാതെ അവര്‍ ആവേശപൂര്‍വ്വം സംഭാഷണം തുടരുകയും ചെയ്യുന്നു. വണ്ടിയുടെ സ്പീഡു കുറഞ്ഞാല്‍ പറന്നുയര്‍ന്നഷോള്‍ താഴേയ്ക്കു വീഴുകയും സ്വന്തം വണ്ടിയുടെ ചക്രങ്ങളില്‍ തന്നെ ചുറ്റിപ്പിടിക്കുകയും ചെയ്യാം. ഇവ്വിധം പൊലിഞ്ഞുപോയ ജീവനുകള്‍ എത്ര! എങ്കിലും ഇന്നും പിന്‍സീറ്റു വ്യവഹാരങ്ങളും കഥകളികളും നിര്‍ബാധം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org