മദര്‍ തെരേസ സമ്മാനിക്കുന്ന പുഞ്ചിരിയുടെ വിശുദ്ധി

2016 സെപ്റ്റംബര്‍ മാസം 4-ാം തീയതി ഫ്രാന്‍സിസ് മാര്‍പാപ്പ കരുണയുടെ വര്‍ഷത്തിലെ ഏറ്റവും മഹത്തായ കര്‍മ്മത്തിന് നേതൃത്വം നല്കും. പാവങ്ങളുടെ അമ്മ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ചേരിയിലെ മാലാഖയായിരുന്ന മദര്‍ തെരേസയെ അള്‍ത്താരയില്‍ വണങ്ങപ്പെടുന്നതിനായി വിശുദ്ധയായി പ്രഖ്യാപിക്കും. ജീവിച്ചിരിക്കുമ്പോള്‍ തന്നെ വിശുദ്ധയെന്ന് എല്ലാവരും വിളിക്കുകയും ആ അമ്മയെ കാണാനും സംസാരിക്കാനും സ്പര്‍ശിക്കാനും അവള്‍ ചെല്ലുന്നിടത്തെല്ലാം ജനങ്ങള്‍ ഓടിക്കൂടുകയും ചെയ്തിരുന്നു. അത്രയ്ക്ക് മാലോകരുടെ ഹൃദയത്തില്‍ ഇടം പിടിച്ച വ്യക്തിത്വമാണ് ചുക്കിച്ചുളിഞ്ഞ തൊലിയുമായി കൃപയുടെ വദനവുമായി ലോകമെങ്ങും ഉപവിയുടെ മിഷനറിമാരുടെ പ്രവര്‍ത്തനത്തിന് തുടക്കമിട്ട ആധുനിക ലോകത്തിലെ പുണ്യദാനമായ മദര്‍ തെരേസ.
1986 ജൂലൈ മാസത്തില്‍ കമ്യൂണിസത്തിന്റെ ആധുനിക ആചാര്യനെന്നോ നിലയ്ക്കാത്ത വിപ്ലവത്തിന്റെ നായകനെന്നോ വിശേഷിപ്പിക്കാവുന്ന ക്യൂബയിലെ ഫിഡല്‍ കാസ്‌ട്രോ പോലും അവസാനം മദര്‍ തെരേസയെ ഉള്‍ക്കൊണ്ടു. ക്യൂബയില്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഭവനം തുടങ്ങിയപ്പോള്‍ ലോകം മുഴുവനും മദര്‍ തെരേസയെ ആദരവോടെയും അത്ഭുതത്തോടെയുമാണ് കണ്ടത്. ഒരു സ്ത്രീയുടെ ശക്തി ആര്‍ദ്രതയിലും അലിവിലുമാണ് എന്ന് ലോകത്തെ കാണിച്ചു കൊടുത്ത ഏറ്റവും ശക്തയായ ഒരു സ്ത്രീത്വമായിരുന്നു മദര്‍ തെരേസ. 1993-ല്‍ മദര്‍ തെരേസ കേരളത്തില്‍ വന്നപ്പോള്‍ മദറിന്റെ ആ രോഗ്യനില വളരെ മോശമായിരുന്നു. അന്നാളുകളില്‍ ഇന്ത്യയിലെ മാധ്യമങ്ങളിലെ പ്രധാനവാര്‍ത്ത മദര്‍ തെരേസയുടെ ആരോഗ്യത്തെക്കുറിച്ചായിരുന്നു. അന്ന് എറണാകുളത്തുള്ള നിര്‍മല ശിശുഭവനില്‍ മദര്‍ തെരേസ പങ്കെടുത്ത വിശുദ്ധ കുര്‍ബാനയില്‍ മാര്‍ ആന്റണി പടിയറ പിതാവിനോടൊപ്പം സഹകര്‍മികനായി നില്‍ക്കുവാന്‍ അവസരം ഉണ്ടായി. കുര്‍ബാനയ്ക്കു ശേഷം മദര്‍ തെരേസക്കൊപ്പം പിതാവും ഞങ്ങള്‍ വൈദികരും പ്രാതല്‍ കഴിച്ചു. ചപ്പാത്തിയും ദാലും കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ പടിയറ പിതാവ് മദറിന്റെ ഹൃദ്‌രോഗത്തെക്കുറിച്ച് അന്വേഷിച്ചു. അപ്പോള്‍ മദര്‍ പറഞ്ഞത് ഒരു തമാശയാണ്. മദര്‍ പറഞ്ഞു, "ഞാന്‍ മരിച്ചു സ്വര്‍ഗത്തില്‍ ചെന്നതായി സ്വപ്നം കണ്ടു. പക്ഷേ അവിടെ ചെന്നപ്പോള്‍ വി. പത്രോസ് പേരും ഊരും ചോദിച്ചു. കല്‍ക്കട്ടയിലെ തെരുവുമക്കളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന മദര്‍ തെരേസയാണെന്നു മനസ്സിലാക്കിയപ്പോള്‍ പത്രോസ് പറഞ്ഞുവത്രേ. മദര്‍ തല്ക്കാലം ഇവിടെ വരേണ്ട. സ്വര്‍ഗത്തില്‍ ചേരി ഇല്ല. അതിനാല്‍ കുറേ ചേരികളിലെ ജനങ്ങളെയും കൂട്ടികൊണ്ടു വരുക". അങ്ങനെ പത്രോസ് തിരിച്ചയച്ചതിനാലാണ് ഇപ്പോള്‍ ഇവിടെയിരിക്കുന്നതെന്ന് മദര്‍ പറഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചു. വാസ്തവത്തില്‍ മദര്‍ തെരേസ വീണ്ടും ജീവിച്ചത് കൂറേ കൂടി മനുഷ്യര്‍ക്കു ക്രൂശിതനായ ക്രിസ്തുവിന്റെ കാരുണ്യം നല്കാനായിരുന്നു. 1999 വരെ ലോകമെങ്ങുമുള്ള ചേരിയിലെ നിര്‍ദ്ധനര്‍ക്കും നിരാലംബര്‍ക്കും യേശുവിന്റെ സ്‌നേഹവും സാന്ത്വനവും നല്കികൊണ്ടു ജീവിച്ച മദര്‍ തെരേസയെ വിശുദ്ധ പദവിയിലേയ്ക്കുയര്‍ത്തുന്നതു വഴി ചേരിയിലും അഭയാര്‍ത്ഥി ക്യാമ്പുകളിലും മറ്റും കഴിയുന്ന കോടിക്കണക്കിനു ജനങ്ങളോടുള്ള ആദരവു തന്നെയാണ് കത്തോലിക്കാ സഭ പ്രകടമാക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ അഭയാര്‍ത്ഥി ക്യാമ്പുകളിലും മറ്റും ചെന്ന് ഇതര മതസ്ഥരായ നിരാലംബരെ പോലും തന്റെ വിമാനത്തില്‍ കയറ്റി കൊണ്ടുവന്നതൊക്കെ കാരുണ്യത്തിന്റെ മഹത്തായ മാതൃകയാണ് കത്തോലിക്കാസഭ എന്നു വിളിച്ചു പറയുകയാണ്.
ഇന്ത്യയിലെ ആര്‍.എസ്.എസ്സുകാരും ബി.ജെ.പി.യുടെ എം.പി.മാരും മറ്റും പലപ്പോഴും മദര്‍ തെരേസയെ കുറ്റപ്പെടുത്തുകയുണ്ടായിട്ടുണ്ട്. മദര്‍ തെരേസ ഇന്ത്യയിലെ ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കുന്ന ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും, മദറിന്റെ ഉപവി പ്രവൃത്തികളെല്ലാം ആലക്ഷ്യം സാധൂകരിക്കുന്നതാണെന്നും പറഞ്ഞിട്ടുണ്ട്. പക്ഷേ, ഈ ആരോപണങ്ങളില്‍ യാതൊരു കഴമ്പുമില്ല എന്ന് മദറിന്റെയും മിഷനറി ഓഫ് ചാരിറ്റി സിസ്റ്റേഴ്‌സിന്റെയും പ്രവര്‍ത്തനങ്ങളെ ഏറ്റവും അടുത്ത് നിരീക്ഷിക്കുന്നവര്‍ക്ക് മനസ്സിലാകും. മാഗ്നം മാസികയുടെ ഫോട്ടോ ഗ്രാഫര്‍ രഘുറായ് പറയുന്നു, "കല്‍ക്കട്ടയിലെ തെരുവുകളില്‍ സേവചെയ്തിരുന്ന മദര്‍ തെരേസയെ ഞാന്‍ കാണുവാന്‍ പോകുന്നത് ഒരു ദര്‍ശന്‍ കിട്ടാനായിരുന്നു. ഒരു പ്രാവശ്യം മദറിനെ കണ്ടാല്‍ പിന്നെ രണ്ടു മൂന്നാഴ്ച ഉന്മേഷത്തോടെ ജോലി ചെയ്യുവാനുള്ള ഊര്‍ജ്ജം ലഭിക്കും. അത്രയ്ക്ക് ദൈവകൃപ നിറഞ്ഞ വ്യക്തിത്വമാണ് മദറിന്റേത്. മനുഷ്യത്വത്തിന്റെ നൂറു ശതമാനവും മദറില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വര്‍ഷങ്ങള്‍ നീണ്ട നിരന്തരമായ പ്രാര്‍ത്ഥനയുടെയും ആത്മീയമായ പ്രതിബദ്ധതയുടെയും പാവങ്ങള്‍ക്കു വേണ്ടിയുള്ള നിസ്തന്ദ്രമായ പ്രവൃത്തികളുടെയും ഫലമായി മദറിന്റെ മുഖത്ത് ദൈവത്തിന്റെ കൃപ തുളുമ്പിയിരുന്നു. പ്രാര്‍ത്ഥനയും രോഗീശുശ്രൂഷയുമാണ് മദര്‍ തെരേസയുടെ ജീവിത ക്രമം. അതിനുവേണ്ടി നൂറു ശതമാനവും ജീവിതം ഉഴിഞ്ഞു വച്ചപ്പോള്‍ അവള്‍ എല്ലാവര്‍ക്കും അമ്മയായി, വിശുദ്ധയായി". മദര്‍ തെരേസ മരിക്കുന്നതിനു മുമ്പ് അവസാനമായി മദറിനെ രഘു റായ് കണ്ടത് ആശുപത്രിയില്‍ വച്ചാണ്. അതേക്കുറിച്ച് റായി പറയുന്നത് ഇങ്ങനെയാണ്, " ആശുപത്രിയില്‍ ഐസിയുവില്‍ നിന്നും മദര്‍ വീല്‍ ചെയറില്‍ പുറത്തേയ്ക്കു വന്നു. ആ നിമിഷം ഞാന്‍ മദറിനെ നോക്കി. അവളുടെ മുഖത്ത് ദൈവികമായ പ്രഭ ഞാന്‍ കണ്ടു. ആ കാഴ്ച എനിക്കു മറക്കാനാകില്ല. അത്രയ്ക്ക് വിസ്മയനീയമായിരുന്നു മദറിന്റെ മുഖത്തുണ്ടായിരുന്ന ചമത്കാരം. ഏതോ ദൈവികമായ പ്രകാശത്താല്‍ മദര്‍ വലയം ചെയ്യപ്പെട്ടിരുന്നു". മദര്‍ തെരേസയെ അടുത്തു കണ്ട അ ക്രൈസ്തവര്‍ പോലും ഒരു സ്വര്‍ഗീയമായ കാന്തി മദറിന്റെ മുഖത്തു ദര്‍ശിച്ചിരുന്നു. ജീവിച്ചിരിക്കുമ്പോള്‍ തന്നെ വിശുദ്ധ എന്ന് വിളിപ്പേരു കിട്ടിയ മദറിനെ അള്‍ത്താരയിലേയ്ക്ക് ഉയര്‍ത്തുമ്പോള്‍ നമുക്ക് ഇന്ത്യക്കാര്‍ക്കും ശിരസ്സുയുര്‍ത്തിപിടിക്കാം. മദര്‍ തെരേസ ജന്മം കൊണ്ട് ആല്‍ബേനിയക്കാരിയാണെങ്കിലും കര്‍മം കൊണ്ട് ഇന്ത്യക്കാരിയാണ്.
ഫുള്‍സ്റ്റോപ്പ്: "ഒരു പുഞ്ചിരികൊണ്ട് എല്ലാവരെയും കണ്ടുമുട്ടുവാന്‍ നമുക്കാവട്ടെ. പുഞ്ചിരി സ്‌നേഹത്തിന്റെ ആരംഭമാണ്."
-മദര്‍ തെരേസ

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org