മനുഷ്യാവതാരം

കഴിഞ്ഞ ക്രിസ്മസ് ഓര്‍മ്മയില്‍നിന്നു മാഞ്ഞിട്ടില്ല. വീണ്ടും ഒരു ക്രിസ്മസിനുവേണ്ടി നാമൊരുങ്ങുന്നു. ആണ്ടുതോറും എന്തിന് ഈ ഓര്‍മ്മകളുടെ വഴിയില്‍ തുടരണം? എന്താണ് ഈ അനുഷ്ഠാനങ്ങളുടെ അര്‍ത്ഥം? രണ്ടായിരം വര്‍ഷം മുമ്പ് ക്രിസ്തു ജനിച്ചത് ഓര്‍ത്തും ആഘോഷിച്ചും ക്രിസ്തു ജനിച്ചത് സ്ഥാപിച്ചെടുക്കുകയാണോ നമ്മുടെ ലക്ഷ്യം? അഥവാ അണമുറിയാത്ത ആചരണങ്ങളിലൂടെയും ആഘോഷങ്ങളിലൂടെയും വിശ്വാസ സമൂഹത്തെ നിലനിര്‍ത്തുക എന്നതാണോ?

ഇവയൊന്നുമല്ല യഥാര്‍ത്ഥത്തില്‍ ആകേണ്ടതെങ്കിലും ഇവയില്‍ ഏതെങ്കിലുമൊക്കെ, ലക്ഷ്യമായി പരിഗണിക്കപ്പെട്ടുപോകുന്നുണ്ട് ഈ ആഘോഷങ്ങളില്‍ എന്നത് പരമാര്‍ത്ഥമാണ്. എന്നാല്‍ ക്രിസ്മസിനായി ഒരുങ്ങുമ്പോള്‍, നമ്മില്‍ രൂപപ്പെട്ട ക്രിസ്തുവിനെ തിരിച്ചറിയാനും, അപരനില്‍ തിരിച്ചറിയപ്പെടാതെപോയ ക്രിസ്തുവിനെ എത്തിപ്പിടിക്കാനും നാം അകമൊരുക്കുകയും സ്വയമൊരുങ്ങുകയുമാണ്.

ലോകം മനുഷ്യനെ എന്നും പല തട്ടുകളായി വിഭജിച്ചിട്ടുണ്ട്. ദൈവികസത്തയില്‍നിന്നും അടര്‍ത്തിമാറ്റി ലോകത്തിന്‍റേതെന്ന മട്ടില്‍ എന്ന് അവന്‍ സ്വയം പ്രഖ്യാപിച്ചുവോ അന്നുമുതല്‍, പുരുഷ സ്ത്രീ പ്രകൃതങ്ങളാക്കി തിരിച്ചും അകന്നും അവന്‍ യാത്രയാരംഭിച്ചു. പിന്നെ ജാതിയുടെ പേരില്‍ മതത്തിന്‍റെ പേരില്‍ ആചാരങ്ങളുടെ പേരില്‍ കുലത്തിന്‍റെ പേരില്‍ വംശത്തിന്‍റെ പേരില്‍ സമ്പത്തിന്‍റെ പേരില്‍ നൂറ് നൂറ് വിഭജനങ്ങള്‍; തരംതിരിക്കലുകള്‍.

അങ്ങനെ വിഭജിതനും വൃണിതനുമായ മനുഷ്യനെ, തന്‍റെ മുറിപ്പാടുകളോട് ചേര്‍ന്ന് ഒന്നാക്കിമാറ്റാന്‍, ദൈവത്വത്തിന്‍റെ സമ്പൂര്‍ണതയിലേക്ക് ഉള്‍ച്ചേര്‍ക്കാന്‍ ദൈവം മനുഷ്യനായി അവതരിച്ചതിന്‍റെയും നമ്മെ ദൈവമക്കളാക്കി മാറ്റിയതിന്‍റെയും വെളിച്ചത്തിലേക്ക് നമ്മെ ചേര്‍ത്തുവയ്ക്കാനുള്ള ഒരുക്കങ്ങളാണ് ഈ നാളുകളില്‍. അതിനാല്‍ നമ്മിലുള്ള ക്രിസ്തുഭാവത്തെ തൊട്ടറിയാനും നമ്മുടെ സ്പര്‍ശത്താല്‍ അപരനിലെ ക്രിസ്തുവിനെ ഉണര്‍ത്താനും എത്രത്തോളം നമുക്ക് കഴിഞ്ഞു എന്നതിന്‍റെ കണക്കെടുപ്പ് പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ആഗമനകാലത്തിന്‍റെ നാള്‍വഴിയില്‍, പിന്നിട്ട നാളുകളില്‍ അകമെ വസിക്കുന്നവനെ അറിഞ്ഞും അനുഭവിച്ചും അവനില്‍ അലിഞ്ഞും എത്രത്തോളം ഒന്നായെന്ന് സ്വയമറിയണം. ജീവിതബന്ധങ്ങള്‍ക്കകത്ത് അപരനില്‍ ക്രിസ്തുവിനെ തിരിച്ചറിഞ്ഞതും, അവനുള്ള അര്‍പ്പണമായി ജീവിതം മാറിയതും ഏതളവോളമെന്ന് ചിന്തിച്ചെടുക്കുന്നതാകണം നമ്മുടെ നോമ്പുകാല ധ്യാനങ്ങള്‍. ക്രിസ്തു ഭൂമിയില്‍ വന്ന് മനുഷ്യനായി അവതരിച്ചത് മാനുഷിക വിഭജനങ്ങളെ നീക്കാനും പഴയ മനുഷ്യന്‍റെ സ്ഥാനത്ത് സമ്പൂര്‍ണനായ പുതിയ മനുഷ്യനിലേക്ക് എല്ലാവരെയും ഉള്‍ച്ചേര്‍ക്കാനുമാണ്.

ചരിത്രവഴിയില്‍ മതവിഭജനത്തെ, മതത്തിനകത്തെ ആചാരവിഭാഗീയതകള്‍ക്കെതിരെ, പാപിയെന്നും നല്ലവനെന്നും തിരിക്കുന്ന മാനുഷിക നീതിബോധത്തെ, നല്ലവനെന്നും കെട്ടവനെന്നുമുള്ള തരംതിരിക്കലുകളെ ഒക്കെ തകര്‍ത്തുകൊണ്ടാണ്, മനുഷ്യനെ ക്രിസ്തു പുനര്‍വിഭാവനം ചെയ്യുന്നത്. ഏതുതരം വിഭാഗീയതയും, അത് സ്ത്രീപുരുഷ വിവേചനമായാലും ക്രിസ്തു എതിര്‍ത്തു. ശാപജന്മങ്ങളായി കരുതിയ ഭിന്നപ്രകൃതികളെ, അംഗവിഹീനരെയെല്ലാം ഒറ്റ മനുഷ്യനില്‍ സംയോജിപ്പിച്ചും, സകലരുടെയും കുറവുകള്‍ക്ക് പകരമായി തന്‍റെ ശരീരം അര്‍പ്പിച്ചും ദൈവ ഐക്യത്തിലേയ്ക്കും മാനുഷിക ഐക്യത്തിലേക്കും അവിടുന്ന് നമ്മെ തിരികെ ചേര്‍ത്തു.

ലോകം പ്രധാനമായി മാറുന്നിടത്ത്, സമ്പത്ത് കേന്ദ്രമായി മാറുന്നിടത്ത്, അധികാരവും, സ്വാര്‍ത്ഥതയും കൂനകൂടുന്നിടത്തൊക്കെ, ഈ സത്യം അവഗണിക്കപ്പെടുന്നു. അനുഭവമല്ലാതാകുന്നു. അവിടെയാണ് ക്രിസ്മസ് വീണ്ടും പ്രസക്തമാകുന്നത്. നോമ്പനുഷ്ഠാനം ആവശ്യമായി വരുന്നത്.

മതഭേദങ്ങള്‍ക്കും ഏതു തരംതിരിവുകള്‍ക്കും അതിര്‍ത്തി നിര്‍ണയങ്ങള്‍ക്കും എതിരാണ് ക്രിസ്തു. മതാചാരങ്ങളുടെയും ജാതിബോധത്തിന്‍റെയും മതിലുകള്‍ തകര്‍ത്ത് ഇരുകൂട്ടരും ഒന്നായിത്തീരുന്ന സമാധാനത്തിന്‍റെ പേരാണത്. വാച്യാര്‍ത്ഥത്തില്‍ ഈ വിഭജനങ്ങളെ തകര്‍ക്കുന്നതില്‍ നാം ശ്രദ്ധാലുക്കളാണ്. അതിന്‍റെ ഭാഗമായി സാംസ്കാരികാനുരൂപണവും സൗഹാര്‍ദ്ദവും നാം പ്രോത്സാഹിപ്പിക്കുന്നു. ലോകത്തിന്‍റെ കയ്യടി നേടാന്‍ നാമെന്തും ചെയ്യും. പ്രകൃതി സ്നേഹം പ്രകൃതിയെ ആരാധിച്ചുകൊണ്ടല്ല, പരിപാലിച്ചുകൊണ്ടാണ് എന്നതും നാം ദൈവകരമായി സകലസൃഷ്ടികള്‍ക്കും അനുഭവമാകേണ്ടവരാണെന്നതും മറക്കും. പ്രകൃതിസ്നേഹത്തിന്‍റെയും മനുഷ്യ സ്നേഹത്തിന്‍റെയും തേനൂറുന്ന വാക്കുകള്‍ പൊഴിക്കും.

പക്ഷേ, ഓര്‍ത്തുനോക്കൂ, അകമെ എത്ര വിഭജനങ്ങള്‍, റീത്ത് വിവാദങ്ങള്‍. പരസ്പരമുള്ള ആചാരങ്ങളെ അംഗീകരിക്കാന്‍ കഴിയാത്ത എത്രയെത്ര വിഭജനയുക്തികള്‍, നാമിപ്പോഴും ചുമക്കുന്നു. ആരാധനാഘോഷങ്ങളില്‍പോലും വേര്‍തിരിവിന്‍റെ ലോകം നാം നിലനിര്‍ത്തുന്നുണ്ട്. ഉന്നതനും പാരമ്പര്യ ക്രി സ്ത്യാനിയും ശുദ്ധരക്തവാദികളും അഞ്ഞൂറ്റിക്കാരും എഴൂന്നൂറ്റിക്കാരും ദളിത് ക്രൈസ്തവരും എന്നൊക്കെയായി നിറഞ്ഞ വിഭജനങ്ങളെ മറികടക്കാന്‍ എന്ത് ശ്രമമാണ് നമുക്കിടയിലുള്ളത്? യേശുക്രിസ്തുവിലുള്ള വിശ്വാസം വഴി നാമെല്ലാം ഒരു ശരീരമെന്ന് ഗലാത്തിയാ ലേഖനത്തിലെ തിരുവചനം ഉറക്കെ വായിച്ചിട്ടും പ്രഘോഷിച്ചിട്ടും സ്വന്തം കാതിലെ പഞ്ഞി നാം എടുത്തു മാറ്റിയിട്ടില്ല. അപരനെ മാനിക്കാന്‍ കഴിയാത്തതിന്‍റെ അടയാളങ്ങള്‍ എത്രവേണം നമ്മുടെ കൂട്ടായ്മയില്‍. കുടുംബത്തില്‍ തുടങ്ങി ഉന്നതത്തില്‍ വരെ അകമെ നിലനില്‍ക്കുന്ന അകലങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് മനുഷ്യാവതാരത്തിന്‍റെ രഹസ്യത്തെ അവഹേളിക്കുകയല്ലേ യഥാര്‍ത്ഥത്തില്‍ നമ്മള്‍? നൂറ് നൂറ് ന്യായങ്ങള്‍ നമുക്കുണ്ട്. വ്യക്തിസഭകളുടെ സ്വതന്ത്രതയും അവകാശങ്ങളും, വൈവിധ്യങ്ങളിലെ വര്‍ണ്ണപ്പൊലിമയുമൊക്കെ നാം പറയും. നമുക്കെന്തിനും ന്യായമുണ്ടല്ലോ. പക്ഷേ, പരസ്പരം അകലമുണ്ടാക്കുന്നതൊന്നും നീതിയല്ലെന്ന് വിളിച്ചു പറഞ്ഞുകൊണ്ട് വീണ്ടും ക്രിസ്തു ജനനത്തിന്‍റെ ഓര്‍മ്മയെത്തുന്നു.

അവനവനിലെ ക്രിസ്തുവിനെ അറിഞ്ഞോ?
അപരനിലെ ക്രിസ്തുവിനായി അര്‍പ്പിച്ചോ?
ചോദ്യം ശേഷിക്കുന്നു.

martheenos@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org