‘മാധ്യമപ്രവര്‍ത്തകര്‍ പക്വത കാണിക്കണം’

തങ്ങള്‍ നിയമം പഠിച്ചിട്ടുള്ളവരും നിയമം കൈകാര്യം ചെയ്യുന്നവരു മായതിനാല്‍ ഏതു കാര്യവും തങ്ങള്‍ ആഗ്രഹിക്കുന്ന വഴിയേ കൊണ്ടുവരുമെന്നാണു വക്കീലന്മാരുടെ നിലപാട്. മാധ്യമങ്ങളിലൂടെ ആരെയും കൈകാര്യം ചെയ്യാന്‍ തങ്ങള്‍ക്ക് അവകാശമുള്ളതുകൊണ്ട് ആരും തങ്ങളുടെയടുത്തു കളിക്കേണ്ട എന്നാണു മാധ്യമ പ്രവര്‍ത്തകരുടെ ധാര്‍ഷ്ട്യം.

കേരളത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന അസഹിഷ്ണുതയുടെ പ്രതിഫലനമാണ് അടുത്തകാലത്ത് അഭിഭാഷകരും മാധ്യമപ്രവര്‍ ത്തകരും തമ്മിലുണ്ടായ അടിപിടി. ഒരു ഗവണ്‍മെന്റ് പ്ലീഡറുമായി ബന്ധപ്പെട്ട സ്ത്രീവിഷയ സംബന്ധമായ ഒരു റിപ്പോര്‍ട്ടാണു കയ്യാങ്കളിയില്‍ അവസാനിച്ചത്. ഹൈക്കോടതിയിലെ മീഡിയാ റൂമിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെ ചില അഭിഭാഷകര്‍ കൈകാര്യം ചെയ്തു. തുടര്‍ന്നു കോടതിക്കു പുറത്ത് ഇരുകൂട്ടരും ഏറ്റുമുട്ടി. കല്ലേറും കുപ്പിയേറുമുണ്ടായി. പൊലീസ് കാഴ്ചക്കാരായി നോക്കിനിന്നുവെന്നാണ് ആക്ഷേപം.
സംഘര്‍ഷത്തെത്തുടര്‍ന്നു മീഡിയ റൂം പൂട്ടിയിട്ടു. ഇപ്പോഴും അതു തുറന്നുകൊടുത്തിട്ടില്ലെന്നാണു മനസ്സിലാക്കുന്നത്. ഹൈക്കോടതിയില്‍ നടന്ന സംഘര്‍ഷത്തിനു പിറ്റേന്നു തിരുവനന്തപുരം കോടതിപരിസരത്തു സമാനസംഭവമുണ്ടായി. കോടതിക്കു പുറത്തു നടന്ന സംഘര്‍ഷത്തെപ്പറ്റി ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം നടത്തുമെന്ന് അറിയിപ്പുണ്ടായി. തുടര്‍ നടപടിയൊന്നുമുണ്ടായിട്ടില്ല.
വക്കീലന്മാരും മാധ്യമപ്രവര്‍ത്തകരും ഉള്ളതില്‍ അധികം മേന്മ അവകാശപ്പെടുന്നതാണു തര്‍ക്കത്തിന്റെ മൂലകാരണം. തങ്ങള്‍ നിയമം പഠിച്ചിട്ടുള്ളവരും നിയമം കൈ കാര്യം ചെയ്യുന്നവരുമായതിനാല്‍ ഏതു കാര്യവും തങ്ങള്‍ ആഗ്രഹിക്കുന്ന വഴിയേ കൊണ്ടുവരുമെന്നാണു വക്കീലന്മാരുടെ നിലപാട്. മാധ്യമങ്ങളിലൂടെ ആരെയും കൈകാര്യം ചെയ്യാന്‍ തങ്ങള്‍ക്ക് അവകാശമുള്ളതുകൊണ്ട് ആരും തങ്ങളുടെയടുത്തു കളിക്കേണ്ട എന്നാണു മാധ്യമപ്രവര്‍ത്തകരുടെ ധാര്‍ഷ്ട്യം.
ഗവണ്‍മെന്റ് വക്കീല്‍ വഴിയില്‍ നടന്നുവരുമ്പോള്‍ എതിരേ വന്ന സ്ത്രീയെ കയറിപ്പിടിച്ചുവെന്നാണ് ആരോപണം. സ്ത്രീ പൊലീസില്‍ പരാതി കൊടുത്തു. ജാമ്യമില്ലാത്ത വകുപ്പില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേസ് വക്കീലിനും കുടുംബത്തിനും വലിയ ദോഷം ചെയ്യുമെന്ന സ്ഥിതി വന്നപ്പോള്‍ പിതാവും ഭാര്യയും പരാതിക്കാരിയുടെ കാലുപിടിച്ചു. അവര്‍ കേസില്‍ നിന്നു പിന്മാറാന്‍ തയ്യാറായി. ജാമ്യം കിട്ടാന്‍വേണ്ടി വക്കീല്‍ പറഞ്ഞതുപോലെ ഒരു രേഖ മടിയോടെയാണെങ്കിലും ആ സ്ത്രീ ഒപ്പിട്ടുകൊടുത്തു. പിന്നീടാണു വക്കീലിന്റെ കുനുഷ്ടുബുദ്ധി ഉണര്‍ന്നത്. ഈ രേഖവച്ചു കേസ് മുഴുവന്‍ കെട്ടിച്ചമച്ചതാണെന്നു വരുത്തിത്തീര്‍ക്കാന്‍ വക്കീല്‍ ശ്രമിച്ചു. സഹവക്കീലന്മാര്‍ ഊറ്റമായ പിന്തുണ നല്കി. അതേത്തുടര്‍ന്നാണു കേരളത്തെ നാണം കെടുത്തിയ സംഭവവികാസങ്ങള്‍ കോടതി പരിസരത്ത് അരങ്ങേറിയത്.
സാധാരണഗതിയില്‍ ആരും ശ്രദ്ധിക്കാത്ത ഈ കേസ് വലുതാക്കിയതു മാധ്യമപ്രവര്‍ത്തകരാണ്. പരാതിക്കാരിപോലും ആഗ്രഹിക്കാത്ത വിധത്തിലാണ് അവര്‍ കേസ് പര്‍വതീകരിച്ച് അവതരിപ്പിച്ചത്. വക്കീലന്മാര്‍ സംഘബലം കാണിച്ചെങ്കില്‍ തങ്ങളും അതിനു മോശക്കാരല്ല എന്ന മട്ടില്‍ മാധ്യമപ്രവര്‍ത്തകരും പ്രതികരിച്ചു. ഏതു നാറ്റക്കേസും നാട്ടില്‍ മുഴുവന്‍ പാട്ടാക്കാന്‍ തങ്ങള്‍ക്കാകുമെന്ന ചിന്തയാണ് അവരെ ഭരിക്കുന്നത്. പക്ഷേ, ജനത്തിന് ഇത്തരം കാര്യങ്ങളില്‍ താത്പര്യമില്ലെന്നു വൈകിയാണെങ്കിലും അവര്‍ മനസ്സിലാക്കിക്കാണും.
ഇവിടത്തെ മാധ്യമപ്രവര്‍ത്തകര്‍, പ്രത്യേകിച്ചു ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ തൊഴിലിന്റെ ഉന്നത മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടന്ന് ആരും പറയുകയില്ല. പ്രായത്തിലും അറിവിലും പക്വത തീരെയില്ലാത്തവരാണു കേരളത്തിലെ വാര്‍ത്താചാനലുകളെ നിയന്ത്രിക്കുന്നത്. ബിബിസി, സിഎന്‍എന്‍ തുടങ്ങിയ ചാനലുകളില്‍ പ്രായവും പക്വതയുമുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരാണു തലപ്പത്തുള്ളത്. അവരുടെ വാര്‍ത്താവതരണത്തിലും പ്രതികരണങ്ങളിലും കുലീനതയുണ്ട്.
ഇവിടെ ജേണലിസത്തിലോ മറ്റേതെങ്കിലും വിഷയത്തിലോ ഡിഗ്രിയെടുത്തു മാധ്യമപ്രവര്‍ത്ത കവേഷം കെട്ടിയാല്‍ എന്തുമാകാമെന്നാണു മാധ്യമപ്രവര്‍ത്തകരുടെ ധാരണ. ഒരു സംഭവത്തിന്റെയോ വസ്തുതയുടെയോ രണ്ടു വശവും പരിഗണിക്കണമെന്നതു മധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനതത്ത്വമാണ്. വാര്‍ത്ത അവതരിപ്പിക്കുമ്പോള്‍ അതിന്റെ ചരിത്രപശ്ചാത്തലവും സന്ദര്‍ഭവും വ്യക്തമാക്കേണ്ടതു മാധ്യമപ്രവര്‍ത്തകന്റെ ചുമതലയാണ്. വാര്‍ത്തയുടെ സത്യം ഉറപ്പാക്കാനും അയാള്‍ ശ്രദ്ധിക്കണം. ആരുടെയും മാനനഷ്ടത്തിനു വാര്‍ത്താവതരണം കാരണമായിക്കൂടാ. പാശ്ചാത്യരാജ്യങ്ങളില്‍ കോടികള്‍ ആവശ്യപ്പെട്ടുകൊണ്ടു മാനനഷ്ടക്കേസുകള്‍ ഫയല്‍ ചെയ്യുമെന്നതുകൊണ്ട് അവിടത്തെ പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ അതീവ ശ്രദ്ധയുള്ളവരാണ്.
ഇന്നാട്ടില്‍ അങ്ങനെ വലിയ കേസുകള്‍ ഇല്ലാത്തതുകൊണ്ടു മാധ്യമപ്രവര്‍ത്തകര്‍ അമിതസ്വാതന്ത്ര്യമെടുക്കുകയാണ്. പ്രവര്‍ത്ത നപരിചയമില്ലാത്തവര്‍ മൈക്കും കയ്യില്‍ പിടിച്ചു രണ്ടു ബൈറ്റും സംഘടിപ്പിച്ചു വാര്‍ത്ത നല്കുകയാണ്. ചിലപ്പോള്‍ തത്പരകക്ഷികള്‍ തന്നെയാകാം ബൈറ്റ് നല്കുന്നത്. അതിന്റെ വസ്തുസ്ഥിതി അന്വേഷിക്കാന്‍ മൈക്കു കയ്യിലെടുക്കുന്നവര്‍ തയ്യാറല്ല. തങ്ങളുടേതാണ് അവസാനവാക്ക് എന്ന മട്ടിലാണ് അവര്‍ പെരുമാറുന്നത്.
ചില മാധ്യമപ്രവര്‍ത്തകര്‍ നിക്ഷിപ്ത താത്പര്യക്കാരുടെ പിടിയിലാണ്. അവര്‍ക്കു സ്വന്തം അജണ്ടയുണ്ട്. ചിലര്‍ മാധ്യമ ഉടമകളുടെ താത്പര്യങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുന്നു. ഇവരെല്ലാവരുംകൂടി മാധ്യമപ്രവര്‍ത്തനത്തിന്റെ വിശ്വാസ്യതയാണു നശിപ്പിക്കുന്നത്.
ചാനല്‍ ചര്‍ച്ചയെപ്പറ്റി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച ഒരു ചിത്രം രസകരമാണ്. ചാനല്‍ ചര്‍ച്ചയെന്ന അടിക്കുറിപ്പോടെ വന്നതു നാലു പട്ടികള്‍ ഒരേ സമയം കുരയ്ക്കുന്ന ചിത്രമാണ്. പട്ടികള്‍ കുരയ്ക്കുന്നതിന്റെ അവസാനം കുറച്ചുകൂടി വലിയ പട്ടി ഉച്ചത്തില്‍ കുരച്ചു മറ്റു പട്ടികളെ നിശ്ശബ്ദരാക്കുന്നു. പല ചാനല്‍ചര്‍ച്ചകളും അങ്ങനെയാണ്. അതിഥികള്‍ എന്ന പേരില്‍ ചിലര്‍ എത്തി ഒച്ചയെടുക്കും. ചര്‍ച്ച നിയന്ത്രിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ അതിലും വലിയ ഒച്ചയെടുക്കും. ഒച്ചയെടുക്കുന്നവരും പ്രേക്ഷകരും മടുക്കുന്നതോടെ ചര്‍ച്ചയ്ക്കു തിരശ്ശീല വീഴും. 'ടൈംസ് നൗ' എന്ന ചാനലിന്റെ മുഖ്യ നടത്തിപ്പുകാരന്‍ അര്‍ണാബ് ഗോസ്വാമിയാണ് ഇത്തരം ചര്‍ച്ചകള്‍ക്കു കുപ്രസിദ്ധി നേടിയിരിക്കുന്നത്. ചില മലയാള മാധ്യമപ്രവര്‍ത്തകര്‍ അര്‍ണാബാകുവാന്‍ ശ്രമിക്കുകയാണോ എന്നു സംശയിക്കണം.
എന്തായാലും മലയാള മാധ്യമപ്രവര്‍ത്തകര്‍ എല്ലാക്കാര്യത്തിലും മിതത്വവും പക്വതയും പുലര്‍ ത്തുന്നത് അവരുടെതെന്നെ വിശ്വാസ്യതയ്ക്കു നല്ലതാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org