‘മാര്‍പാപ്പ ഒന്നു പഠിക്കട്ടെ’

ആരാണു യഥാര്‍ത്ഥ ക്രിസ്തുശിഷ്യര്‍? ബാഹ്യമായി കുറേ ഭക്തി പ്രകടിപ്പിക്കുകയും ഉള്ളില്‍ ഇതര മതവിദ്വേഷം സൂക്ഷിക്കുകയും ചെയ്യുന്ന നമ്മളോ അതോ, ഭക്താഭ്യാസങ്ങളില്‍ പിന്നോട്ടെങ്കിലും ക്രിസ്തുവിന്റെക്ഷമയും കരുണ്യവും ജീവിക്കുന്ന യൂറോപ്യന്‍ ക്രിസ്ത്യാനികളോ?

"ഇനിയെങ്കിലും മാര്‍പാപ്പ ഒന്നു പഠിക്കട്ടെ." ഈയടുത്തു ഫ്രാന്‍സില്‍ തുടരെത്തുടരെ ഭീകരാക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ ചില കേരള കത്തോലിക്കരുടെയിടയില്‍ പ്രചരിച്ച അടക്കം പറച്ചിലുകളില്‍ ഒന്നാണു മുകളില്‍ ഉദ്ധരിച്ചത്. യൂറോപ്യന്‍ രാജ്യങ്ങള്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കണമെന്ന ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനത്തോടുള്ള വിയോജിപ്പാണ് ഇവിടെ പ്രകടമായത്.
മതത്തിന്റെ പേരിലുള്ള പ്രശ്‌നങ്ങള്‍ സാമൂഹ്യജീവിതത്തിനു വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഇക്കാലത്ത് ഇത്തരം പ്രതികരണങ്ങളെ ഗൗരവമായി കാണണമെന്നാണ് എന്റെ അഭിപ്രായം. ഭീകരവാദികള്‍ക്ക് അഭയം കൊടുക്കണമെന്നു മാര്‍പാപ്പ നിര്‍ദ്ദേശിച്ച മട്ടിലാണു ചിലര്‍ വിമര്‍ശിക്കുന്നത്. ആഭ്യന്തരയുദ്ധം മൂലം പൊറുതി മുട്ടിയ ജനത സഹായത്തിനായി കേഴുമ്പോള്‍ ക്രിസ്തുവിന്റെ പ്രതിനിധി എന്താണു പറയേണ്ടത്? വിശന്നു കരയുന്ന കുഞ്ഞുങ്ങളുടെയും അന്തിയുറങ്ങാന്‍ ഇടമില്ലാത്ത സ്ത്രീകളുടെയും തൊഴില്‍രഹിതരായ കുടുംബനാഥന്മാരുടെയും നീണ്ടനിര അതിര്‍ത്തികളില്‍ കാണുമ്പോള്‍ അവര്‍ക്കെതിരെ ഹൃദയം കൊട്ടിയടയ്ക്കണമെന്നാണോ പത്രോസിന്റെ പിന്‍ഗാമി പറയേണ്ടത്? അഭയാര്‍ത്ഥികളെയും ഭീകരവാദികളെയും വേര്‍തിരിച്ചറിയാനുള്ള സംവിധാനം ഉണ്ടാക്കേണ്ട തു സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണ്.
വസ്തുതകള്‍ പരിശോധിച്ചാല്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്കു നിരക്കാത്ത നിഗമനങ്ങളാണു പാപ്പാവിരുദ്ധര്‍ തട്ടിവിടുന്നത് എന്നു കാണാം. അഭയാര്‍ത്ഥി പ്രവാഹം തുടങ്ങിയ ശേഷം ഫ്രാന്‍സിലുണ്ടായ ഭീകരാക്രമണങ്ങളുടെ പുറകില്‍ ആരെന്നു പരിശോധിച്ചാല്‍ 2015 നവംബറില്‍ ഫുട്‌ബോള്‍ ഗ്രൗണ്ടിലുണ്ടായ ആക്രമണത്തില്‍ ഒരാള്‍ മാത്രമാണ് അഭയാര്‍ത്ഥി പ്രവാഹത്തില്‍ എത്തിയതെന്നു കാണാം. മറ്റു പ്രതികള്‍ ബെല്‍ജിയം മു സ്‌ലീങ്ങളായിരുന്നു. നീസില്‍ ടാങ്കര്‍ കയറ്റി 89 പേരെ കൊന്നവനും ഫാ. ഷാക് ഹാമെലിന്റെ കഴുത്തറുത്തവനും ദശാബ്ദങ്ങളായി ഫ്രാന്‍സില്‍ കഴിയുന്ന ഫ്രഞ്ചു പൗരന്മാരാണ്.
സോഷ്യല്‍ മീഡിയ വികസിച്ച ഇക്കാലത്ത് അതിര്‍ത്തികള്‍ അടച്ചതുകൊണ്ടു മാത്രം ഭീകരവാദത്തെ തടയാനാവില്ലെന്നല്ലേ ഇതു സൂചിപ്പിക്കുന്നത്.
യൂറോപ്പില്‍ മുസ്‌ലീം ജനസംഖ്യ വര്‍ദ്ധിച്ചത് എങ്ങനെയെന്നുകൂടി ഇവിടെ ഓര്‍ക്കേണ്ടതാണ്. രണ്ടാം ലോക മഹായുദ്ധത്തില്‍ തകര്‍ന്നു തരിപ്പണമായ യൂറോപ്പിലെ നിരവധി പട്ടണങ്ങള്‍ പുനരുദ്ധരിക്കാന്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍നിന്നും കൊണ്ടുവന്ന തൊഴിലാളികളില്‍ മുസ്‌ലീങ്ങളും ഉണ്ടായിരുന്നു. ഫ്രാന്‍സിനെസം ബന്ധിച്ചിടത്തോളം അവരുടെ കോളനികളില്‍ പലതും അള്‍ജീരി യയെപ്പോലെ, ഏറെ മുസ്‌ലീം സാന്നിദ്ധ്യമുള്ളവയായിരുന്നു. കോളനികള്‍ക്കു സ്വാതന്ത്ര്യം നല്കിയപ്പോള്‍ ആഗ്രഹിക്കുന്നവര്‍ക്കൊക്കെ ഫ്രഞ്ച് പൗരത്വവും നല്കുകയുണ്ടായി. ഈയിടെ ജര്‍മന്‍ ചാന്‍സലര്‍ ഉദാരമായി അഭയാര്‍ ത്ഥികളെ സ്വീകരിച്ചതിനു പുറകില്‍ 'കുറഞ്ഞ വേതനത്തിനുള്ള ജോലി', 'വ്യവസായത്തിന് ഉണര്‍വ്' എന്നിങ്ങനെയുള്ള നിഗൂഢ സാമ്പത്തികലക്ഷ്യങ്ങളുണ്ടെന്നു വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കുടിയേറ്റങ്ങള്‍ ചരിത്രയാത്രയില്‍ ഒഴിച്ചുകൂടാനാകാത്ത യാഥാര്‍ത്ഥ്യമാണ്. വ്യത്യസ്തമായ കാരണങ്ങളാല്‍ രാജ്യങ്ങളില്‍ നിന്നു രാജ്യങ്ങളിലേക്കും വന്‍കരകളില്‍ നിന്നു വന്‍കരകളിലേക്കും അതു നിരന്തരമായി നടന്നുകൊണ്ടേയിരിക്കും. ഗള്‍ഫ് രാജ്യങ്ങള്‍ ജോലിക്കായി ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും സ്വീകരിക്കുകയില്ലെന്ന നയം എടുത്തിരുന്നെങ്കില്‍ ഇന്ത്യയുടെ സാമ്പത്തികസ്ഥിതി എന്താകുമായിരുന്നു? മലയാളികള്‍ക്കെതിരെ ഇതര സംസ്ഥാനങ്ങള്‍ അതിര്‍ത്തി അടച്ചാല്‍ കേരളത്തിന്റെ സാമ്പത്തികഭദ്രത എന്തായിരിക്കും? ജനസമൂഹങ്ങള്‍ പരസ്പരാശ്രിതരായാണു ലോകത്തില്‍ വസിക്കുന്നത്. ഈ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടാണു ഭീകരവാദത്തിന് ഇരയാക്കപ്പെടുന്ന മുസ്‌ലീങ്ങളോട് അനുകമ്പ കാണിക്കാന്‍ പാപ്പ ആവശ്യപ്പെടുന്നത്. മനുഷ്യവര്‍ഗം മുഴുവന്‍ ഒരേ സ്വര്‍ഗസ്ഥനായ പിതാവിന്റെ മക്കളാണെന്നു വിശ്വസിക്കുന്ന സഭയുടെ അമരക്കാരന്‍ ഇതല്ലാതെ എന്താണു ലോകത്തെ പഠിപ്പിക്കേണ്ടത്?
ഫ്രഞ്ചുസഭ ഈ പ്രതിസന്ധിയെ നേരിട്ട രീതികൂടി ചിന്താവിഷ യമാക്കേണ്ടതാണ് ക്രൈസ്തവരായ നമ്മള്‍. നോത്രദാം കത്തിഡ്രലില്‍ ഫാ. ഹാമലിന്റെ മൃതസംസ്‌കാരവേളയില്‍ പാരീസ് കര്‍ദിനാള്‍ പറഞ്ഞതിങ്ങനെ: "ദൈവത്തിന്റെ സ്‌നേഹവും ശക്തിയും ചോദ്യം ചെയ്യപ്പെടുന്ന സംഭവങ്ങളാണു നമ്മുടെ നാട്ടില്‍ നടന്നത്. ദൈവനാമം ഉച്ഛരിച്ചു സഹോദരങ്ങളെ കൊല്ലുന്നവരുടെ ഗൂഢപദ്ധതികള്‍ക്കു മുമ്പില്‍ നാം തോറ്റുപോകരുത്. പിതാവായ ദൈവം പുത്രനിലൂടെ വെളിപ്പെടുത്തിയ അനുകമ്പയും കാരുണ്യവും പ്രകടമാക്കാനുള്ള സന്ദര്‍ഭമാണിത്. ശത്രുതയുടെ പ്രലോഭനത്തില്‍ വീഴാതെ ക്രൂശിതനായ ക്രിസ്തുവിലുള്ള വിശ്വാസത്തിനും പ്രത്യാശയ്ക്കും നമുക്കു സാക്ഷ്യം വഹിക്കാം."
പാശ്ചാത്യനാടുകളില്‍ വിശ്വാസം നഷ്‌പ്പെട്ടുവെന്നു വിലപിക്കുന്നവരാണു കേരള ക്രൈസ്തവരില്‍ അധികവും. വാസ്തവത്തില്‍ വിശ്വാസത്തിന്റെ മാറ്റുരച്ചു നോക്കുന്ന ഈ പീഡനനാളുകളില്‍ പക്വമായ വിശ്വാസത്തിന്റെ സാക്ഷ്യമാണു കാര്‍ഡിനലിന്റെ വാക്കുകളില്‍ തെളിഞ്ഞുനിന്നത്. അതേസമയം വിശ്വാസത്തിന്റെ ഈറ്റില്ലമെന്ന് അഹങ്കരിക്കുന്ന കേരള ക്രൈസ്തവരില്‍ ചിലരുടെയെങ്കിലും പ്രതികരണം "മുസ്‌ലീങ്ങളെ നിലയ്ക്കു നിര്‍ത്തണം" എന്നായിരുന്നല്ലോ. ആരാണു യഥാര്‍ത്ഥ ക്രിസ്തുശിഷ്യര്‍? ബാഹ്യമായി കുറേ ഭക്തി പ്രകടിപ്പിക്കുകയും ഉള്ളില്‍ ഇതര മതവിദ്വേഷം സൂക്ഷിക്കുകയും ചെയ്യുന്ന നമ്മളോ അതോ, ഭക്താഭ്യാസങ്ങളില്‍ പിന്നോട്ടെങ്കിലും ക്രിസ്തുവിന്റെ ക്ഷമയും കരുണ്യവും ജീവിക്കുന്ന യൂറോപ്യന്‍ ക്രിസ്ത്യാനികളോ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org