സൂപ്പര്‍ സ്റ്റാറിന്‍റെ മത്സരങ്ങള്‍

സൂപ്പര്‍ സ്റ്റാറിന്‍റെ പദവി ലഭിച്ചവന്‍ പ്രാദേശിക സാംസ്കാരികവേദിയുടെ നാടക അവാര്‍ഡ് മേടിക്കാന്‍ പോകുന്നത് ആക്ഷേപാര്‍ഹമാണ്. മലയാള സാഹിത്യരംഗത്ത് എന്നുമിതുണ്ടായിരുന്നു. അത്യുന്നത പദവി ലഭിച്ചവന്‍ കണ്ണടയ്ക്കുംവരെ ചെറിയ അവാര്‍ഡുകള്‍ മേടിച്ചുകൂട്ടുന്നതു കാണാം. ആ പ്രതിഭ കണ്ണടച്ചാലേ തൊട്ടടുത്തുനില്ക്കുന്ന, ഒട്ടും മോശമല്ലാത്തൊരാള്‍ക്ക് അവാര്‍ഡ് ലഭിക്കുകയുള്ളൂ. ലഭിച്ചാലോ, ഇനി അയാളുടെ ഊഴമാണ്. മരണം വരെ അയാളും അവാര്‍ഡുകള്‍ സ്വീകരിക്കുന്നു. വലുതു കൈവശമുള്ളവന്‍ ഇനിയും ചെറുതിനായി പോകുന്നതെന്തിന്?
സൂപ്പര്‍ സ്റ്റാറുകള്‍ക്ക് 'ഫാന്‍സു'കളുണ്ട്. അതുമൂലം സമൂഹത്തില്‍ അവരുടെ മൂല്യം ഉയരുന്നുവെന്നു കരുതേണ്ട. 60 കഴിഞ്ഞ സൂപ്പര്‍സ്റ്റാര്‍ നൃത്തം ചെയ്യുന്നതു നോക്കിയിരിക്കാം; വൃദ്ധന് ഇനിയും നടുവു വളയുന്നുണ്ടോയെന്നറിയാന്‍. എന്നാല്‍ ആ റോള്‍ ഒരു യുവനര്‍ത്തകനു കൊടുത്താല്‍ എത്ര നന്നായിരുന്നു! അര നൂറ്റാണ്ടു കാലം സിനിമയില്‍ തിളങ്ങിയെന്നു പറയുന്നതു ശരിയല്ല; പിടിച്ചുനിന്നുവെന്നു വേണം പറയാന്‍. കട്ടി മേയ്ക്കപ്പിട്ടു വൃദ്ധ, യുവതിയുടെ റോളില്‍ വരുമ്പോള്‍ എങ്ങനെയുണ്ടെന്ന് എല്ലാവരും നോക്കും. തൊലിയുടെ ചുളുക്കുകള്‍ ശരീരചലനങ്ങളില്‍ തെളിഞ്ഞുവരുന്നതു കാണുകയും ചെയ്യും. കൊച്ചുമക്കളുടെ പ്രായത്തിലുള്ളവരെ നൃത്തത്തിനു വിട്ടിട്ടു ഗ്രാനി മാറിയിരുന്നു കണ്ടാസ്വദിക്കുന്നതല്ലേ നല്ലത്. ഇനി നൃത്തം ചെയ്താലേ തൃപ്തരാകൂ എന്നുണ്ടെങ്കില്‍ അതിനു നിരവധി അവസരങ്ങളുണ്ടല്ലോ. കൊച്ചു മക്കളുടെ ജന്മദിനം ആഘോഷിക്കുമ്പോള്‍, വിവാഹത്തിന്‍റെ വജ്രജൂബിലി തകര്‍ക്കുമ്പോള്‍, നാടിന് അന്തര്‍ദേശീയാംഗീകാരം ലഭിക്കുമ്പോള്‍ പ്രായം നോക്കാതെ നമുക്കു നൃത്തമാടാം. അത് ഏവരെയും ഹരം കൊള്ളിക്കുകയും ചെയ്യും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org