മാതാപിതാക്കള്‍ ഭൗമികജീവിതവും ജ്ഞാനസ്നാനം അനശ്വരജീവിതവും നൽകുന്നു

മാതാപിതാക്കള്‍ ഭൗമികജീവിതവും ജ്ഞാനസ്നാനം അനശ്വരജീവിതവും നൽകുന്നു

വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്ക ദേവാലയ അങ്കണത്തില്‍ എല്ലാ ബുധനാഴ്ചയും ഒന്നിച്ചു ചേരുന്ന വിശ്വാസികളുടേയും തീര്‍ത്ഥാടകരുടേയും പ്രതിവാരകൂടിക്കാഴ്ചയില്‍ മാമ്മോദീസയെ ആസ്പദമാക്കി നല്‍കിവരുന്ന അഞ്ചാമത്തെ മതബോധന പരമ്പരയിലേക്കാണ് നമ്മള്‍ പ്രവേശിക്കുന്നത്. ജ്ഞാനസ്നാനകര്‍മത്തിലെ മര്‍മ്മപ്രധാനമായ ഭാഗത്തെക്കുറിച്ചാണ് ഇന്ന് നമ്മള്‍ ചിന്തിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് പാപ്പ തന്‍റെ പ്രഭാഷണം ആരംഭിച്ചത്.

ജ്ഞാനസ്നാനം സ്വീകരിക്കുന്ന വ്യക്തിയുടെമേല്‍ കാര്‍മികന്‍ വിശുദ്ധ ജലം ഒഴിച്ചുകൊണ്ട് പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ ഞാന്‍ ജ്ഞാനസ്നാനം നല്‍കുന്നുവെന്ന് ത്രിയേകദൈവത്തിന്‍റെ നാമത്തില്‍ പ്രാര്‍ത്ഥിക്കുന്നു. അപ്പോള്‍ കൂദാശ സ്വീകരിച്ചവര്‍ പിതാവായ ദൈവത്തിന്‍റെ മക്കളുടെ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുന്നു. അതോടൊപ്പം സഭ അവരുടെ മാതാവുമായിത്തീരുന്നു. അതിനാല്‍ ആ വ്യക്തികള്‍ അവരുടെ തുടര്‍ന്നുള്ള ജീവിതത്തില്‍ പാപത്തെ ഒഴിവാക്കി സഭാമക്കള്‍ക്ക് ഉചിതമായ രീതിയില്‍ ജീവിതം നയിക്കണം.

നമ്മുടെ മാതാപിതാക്കളിലൂടെയാണ് നമുക്ക് ശാരീരിക ജന്മം ലഭിക്കുന്നത്. എന്നാല്‍ മാമ്മോദീസ ഈ ലോകജീവിതത്തിനപ്പുറം നമുക്ക് അനശ്വരജീവിതം വാഗ്ദാനം ചെയ്യുന്നു. ജ്ഞാനസ്നാനമെന്ന കൂദാശ നമ്മളെ വിശുദ്ധീകരിച്ച് പുതുജീവന്‍ നല്‍കുന്നു. ജലത്താലും ആത്മാവിനാലും വീണ്ടും ജനിച്ച് അനശ്വരജീവിതത്തിലേക്ക് കടക്കുന്ന ചുവടുവയ്പാണ് മാമ്മോദീസ. അതുവഴി രാജകീയവും പ്രവാചകപരവുമായ പൗരോഹിത്യഗണത്തിലേക്കാണ് നമ്മള്‍ പ്രവേശിക്കുന്നത്. അതിനാല്‍ നമ്മള്‍ വിശ്വാസത്തിന് സാക്ഷികളായി നമ്മുടെ സഹോദരങ്ങള്‍ക്ക് വിശ്വാസത്തിലും സ്നേഹത്തിലും അധിഷ്ഠിതമായ സ്നേഹപ്രവര്‍ത്തികള്‍ നല്‍കികൊണ്ട് ക്രിസ്തുവിന്‍റെ രാജത്വം പ്രഘോഷിക്കുന്നവരാവണം.

നിങ്ങള്‍ സ്വീകരിച്ചിരിക്കുന്ന ജ്ഞാനസ്നാനമെന്ന കൂദാശയെക്കുറിച്ച് നിങ്ങള്‍ക്കറിയാമോ? ജ്ഞാനസ്നാന സ്വീകരണത്തിലൂടെ മിശിഹാരഹസ്യത്തിലേക്ക് നമ്മള്‍ ആഴ്ന്നിറങ്ങുകയാണ്. യേശുക്രിസ്തുവിനോട് ഐക്യപ്പെടാന്‍ ജ്ഞാനസ്നാനം സ്വീകരിച്ച നാമെല്ലാവരും അവന്‍റെ മരണത്തോട് ഐക്യപ്പെടാനാണ് ജ്ഞാനസ്നാനം സ്വീകരിച്ചതെന്ന് നിങ്ങള്‍ക്കറിഞ്ഞുകൂടേ എന്ന് പൗലോസ് അപ്പസ്തോലന്‍ റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ ചോദിക്കുന്നുണ്ട്. ക്രിസ്തു മരിച്ചതിനുശേഷം പിതാവിന്‍റെ മഹത്ത്വത്തില്‍ ഉയിര്‍ത്തെഴുന്നേറ്റതു പോലെ നാമും പുതിയ ജീവിതം നയിക്കേണ്ടതിനാണ് അവനോടൊത്ത് സംസ്കരിക്കപ്പെട്ടത് (റോമാ 6:3-4). അതുകൊണ്ട് ജ്ഞാനസ്നാനം ഉത്ഥാനജീവിതത്തിലേക്കുള്ള വാതില്‍ തുറക്കുന്നു.

ഒന്നിനും മായ്ച്ചുകളയാനാവാത്തതും ഒരിക്കലും മായാത്തതുമായ മുദ്രയാണ് മാമ്മോദീസായിലൂടെ ലഭിക്കുന്നത്. പാപത്തിനുപോലും ഈ മുദ്രയെ മായ്ക്കാനാവില്ല. പാപം മൂലം ജ്ഞാനസ്നാനത്തിന്‍റെ ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ ഒരുവന് സാധിക്കില്ല. എന്നാല്‍ പരിശുദ്ധാത്മാവിലൂടെ ലഭിച്ച ജ്ഞാനസ്നാനമെന്ന മുദ്ര അപ്പോഴും നഷ്ടമാവുന്നില്ല. അതിനാല്‍തന്നെ ഒരു വ്യക്തിക്ക് മാമ്മോദീസ എന്ന കൂദാശ വീണ്ടും ആവര്‍ത്തിക്കുന്നില്ല.

ദൈവം തന്‍റെ മക്കളെ ഒരു നാളും തള്ളിക്കളയില്ല എന്ന വാക്യം സദസ്സിനെക്കൊണ്ട് പാപ്പ ഉച്ചത്തില്‍ പല പ്രാവശ്യം പറയിപ്പിച്ചു. ജ്ഞാനസ്നാന സമയത്ത് കേള്‍ക്കുന്ന നീ എന്‍റെ പ്രിയപ്പെട്ട പൈതലാവുന്നു എന്ന പൈതൃകസ്വരം വിശ്വസിക്കുന്നവരുടെ ഹൃദയത്തില്‍ നിരന്തരം മുഴങ്ങുന്നു. കാരണം അവിടുന്ന് നമ്മളെ ഉപേക്ഷിക്കാതെ എപ്പോഴും അനുധാവനം ചെയ്യുന്നു.

വത്തിക്കാന്‍ സമയം രാവിലെ ഒമ്പത് ഇരുപതിന് നടന്ന പ്രഭാഷണം ശ്രവിക്കുവാന്‍ ഇറ്റലിയില്‍നിന്നും ലോകമെമ്പാടുനിന്നും ധാരാളം പേര്‍ എത്തിച്ചേര്‍ന്നിരുന്നു. പതിവുപോലെ യുവജനങ്ങളെയും നവദമ്പതികളെയും സന്ദര്‍ശനത്തിനായി പ്രത്യേകമായെത്തിയ വിവിധ ഗ്രൂപ്പുകളെയും പാപ്പ പ്രത്യേകം അഭിവാദനം ചെയ്യുകയും പ്രര്‍ത്ഥിച്ച് അനുഗ്രഹിക്കുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org