വിശ്വാസഭ്രംശത്തിന്‍റെ ബൗദ്ധികസാഹചര്യം

വിശ്വാസഭ്രംശത്തിന്‍റെ ബൗദ്ധികസാഹചര്യം

വിശദീകരണം തേടുന്ന വിശ്വാസം (അധ്യായം-1)

ബിനു തോമസ്, കിഴക്കമ്പലം

സംക്ഷേപം
ദൈവം എന്ന സങ്കല്‍പ്പത്തിന് മനുഷ്യന്‍റെ ബോധമണ്ഡലത്തിലുള്ള സ്വാധീനം തീര്‍ത്തും കുറയുന്ന ഒരു ബൗദ്ധികസാംസ്കാരിക സാഹചര്യമാണ് ഇന്നുള്ളത്.

ദൈവം എന്നൊരാള്‍ ഉണ്ടെന്ന് എങ്ങനെ അറിയാനും സമര്‍ത്ഥിക്കാനുമാകും? ആധുനികശാസ്ത്രത്തിന്‍റെ കണ്ടുപിടുത്തങ്ങളും പരമ്പരാഗതമായ ലോകസങ്കല്‍പ്പങ്ങളും എങ്ങനെ പൊരുത്തപ്പെടുത്തും? ആപേക്ഷികമായ മൂല്യങ്ങള്‍ നിറയുന്ന സംസ്കാരത്തില്‍ സനാതനമൂല്യങ്ങളെ എങ്ങനെ സാധൂകരിക്കും? സര്‍വ്വ നന്മയായ ദൈവമുണ്ടെങ്കില്‍ ന്യൂനതകളും ക്രൂരതകളും സംഭവിക്കുന്നത് എങ്ങനെ ന്യായീകരിക്കും? "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി" എങ്കില്‍ ഒരു പ്രത്യേക ദൈവത്തില്‍ എന്തിനു വിശ്വസിക്കണം? ഇത്തരം അനേകം ചോദ്യങ്ങളും ഉപചോദ്യങ്ങളും ഒരു വിശ്വാസിയുടെ മുമ്പില്‍ ഇന്ന് ഉയരുന്നു.

"നിങ്ങള്‍ക്കുള്ള പ്രത്യാശയെ പറ്റി വിശദീകരണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയാന്‍ സദാ സന്നദ്ധരായിരിക്കുവിന്‍" (1 പത്രോസ് 3:15) എന്നാണ് ശിഷ്യ പ്രഥമന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. എത്ര ക്രിസ്ത്യാനികള്‍ ഇത്തരത്തില്‍ സന്നദ്ധരാണ്?

മനുഷ്യന്‍റെ സ്വാഭാവികബുദ്ധി പ്രകാശത്താല്‍ ദൈവത്തെ അറിയുവാന്‍ സാധിക്കും എന്നുള്ളത് സഭ അസ്സന്നിഗ്ദ്ധമായി പഠിപ്പിക്കു ന്ന ഒരു കാര്യമാണ് (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, ഖണ്ഢിക 36). അതായത്, വിശ്വാസം എന്നത് കണ്ണടച്ച് ഇരുട്ടാക്കുന്ന ഒരു പ്രക്രിയയല്ല എന്ന് സാരം. വിശ്വാസത്തിന്‍റെ വിവിധ വശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളെ അവഗണിക്കുകയോ, വിജ്ഞാനത്തിന്‍റെ പടവുകളെ നിരാകരിക്കുകയോ ചെയ്യുന്ന ഒരു പാരമ്പര്യമല്ല കത്തോലിക്കാസഭയുടേത്. പരമ സത്യമായ ദൈവത്തില്‍ വിശ്വസിക്കുന്ന സഭയ്ക്ക്, നാനാവിധ ശാസ്ത്രങ്ങളുടെയും മനുഷ്യയുക്തിയുടേയും സത്യങ്ങളെ ആ പരമസത്യത്തിന്‍റെ വെളിച്ചത്തില്‍ വായിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകേണ്ടതില്ല.

ആ തിരിച്ചറിവില്‍ നിന്നുകൊണ്ട്, ക്രിസ്തീയവിശ്വാസത്തിന്‍റെ യുക്തിപരമായ, തത്ത്വചിന്താപരമായ അടിത്തറ പരിചയപ്പെടുത്തുക എന്നതാണ് ഈ പരമ്പരയിലൂടെ ലക്ഷ്യമാക്കുന്നത്. വിശുദ്ധ ഗ്രന്ഥ വ്യാഖ്യാനമോ ആത്മീയ ഉണര്‍വിനായുള്ള വഴികാട്ടിയോ ദൈനംദിന ജീവിതത്തിന്‍റെ മാര്‍ഗ്ഗ ദര്‍ശിയോ ആയിട്ടല്ല ഇതിനെ വായിക്കേണ്ടത്. മറിച്ച്, വിശ്വാസത്തെക്കുറിച്ചുള്ള സംശയത്തിന്‍റെ അന്ധകാരത്തില്‍ ഉഴലുമ്പോള്‍, തെളിക്കുവാന്‍ അടുക്കല്‍ സൂക്ഷിച്ചിരിക്കുന്ന ഒരു കൊച്ചു മെഴുകുതിരിയായിട്ടു വേണം ഈ പരമ്പരയെ സങ്കല്‍പ്പിക്കുവാന്‍.

ഈ പരമ്പരയില്‍ ചര്‍ച്ച ചെയ്യുന്ന ചില പ്രധാന പ്രമേയങ്ങള്‍:
1. വിശ്വാസം, ആദ്ധ്യാത്മികത, മതങ്ങള്‍
2. ദൈവം
3. വെളിപാട്
4. ഈശോ എന്ന മനുഷ്യദൈവം
5. ശാസ്ത്രവും മതവും
6. ശാസ്ത്രവും തത്ത്വചിന്തയും
7. ദൈവവും തിന്‍മയെന്ന പ്രശ്നവും
8. ക്രിസ്തീയവിശ്വാസത്തിന്‍റെ പ്രഥമത
9. ഉപസംഹാരം

ഒരു അനുഭവക്കുറിപ്പില്‍ നിന്നു തുടങ്ങാം.
1980-കളുടെ അവസാനം. മലയോരജില്ലയിലെ കുടിയേറ്റ കര്‍ഷകന്‍റെ മകന്‍. പഠനത്തില്‍ അഗ്രഗണ്യന്‍. നല്ല കത്തോലിക്കാ വിശ്വാസത്തില്‍ വളര്‍ന്ന കുട്ടി. ആ മലയോര നാടിന്‍റെ ചരിത്രം കുറിച്ച വിജയവുമായി പത്താം ക്ലാസ്സ് പാസ്സായി. അവന്‍റെ സാമ്പത്തിക പരാധീനത കേട്ടറിഞ്ഞ ഒരു ക്രിസ്ത്യന്‍ മാനേജ്മെന്‍റ് കോളേജ് സൗജന്യമായി താമസ്സവും ഭക്ഷണവും പുസ്തകങ്ങളും നല്‍കി പ്രീഡിഗ്രി (അക്കാലത്തെ പ്ലസ്ടു) പഠിപ്പിച്ചു.

ആ മിടുക്കന്‍ പൊടുന്നനേ പള്ളിയില്‍ കയറാതായി. ദുശ്ശീലങ്ങളോ, ചീത്ത കൂട്ടുകാരോ ആയിരുന്നില്ല അവനെ പള്ളിയില്‍ നിന്ന കറ്റിയത്. വായിച്ച പുസ്തകങ്ങളിലൂടെ, പഠിച്ച ശാസ്ത്രത്തിലൂടെ, കേട്ടറിഞ്ഞ മഹാന്മാരുടെ അറിവുകളിലൂടെ അവന്‍ ഒരു പുതിയ ലോകം കണ്ടു.

ഗാന്ധിജിയെപ്പോലൊരു വലിയ നന്മയുള്ള ആള്‍ക്ക്, അന്യമതസ്ഥന് രക്ഷ ലഭ്യമല്ലേ എന്ന് അവന്‍ ചിന്തിക്കാന്‍ തുടങ്ങി. കോടിക്കണക്കിനു വര്‍ഷങ്ങളുടെ പ്രപഞ്ച പ്രയാണത്തിന്‍റെ ഫലമാണ് മനുഷ്യനെന്ന ജീവിയെന്ന കാര്യം ശാസ്ത്രത്തിലൂടെ അറിഞ്ഞപ്പോള്‍ ബൈബിളിലെ സൃഷ്ടിവിവരണം അവന് ബോധ്യമായില്ല. സൃഷ്ടിവിവരണം തെറ്റെങ്കില്‍ മറ്റെന്തൊക്കെ കാര്യങ്ങള്‍ തെറ്റാണ്? അവന്‍റെ സംശയം ഇരട്ടിച്ചു.

പ്രകൃതീപ്രതിഭാസങ്ങളെ മനസ്സിലാക്കാന്‍ സാധിക്കാതെപോയ പൗരാണികമനുഷ്യരുടെ ഭാവനാ സൃഷ്ടിയാണ് ദൈവങ്ങളും മതങ്ങളുമെന്ന് അവന്‍ ചരിത്രത്താളുകളിലൂടെ ധരിച്ചു. പ്രകൃതിദുരന്തങ്ങളിലൂടെ മനുഷ്യജീവനുകളെ നല്ലവരും ദുഷ്ടരുമെന്ന തരംതിരിവില്ലാതെ നിഷ്കരുണം കശാപ്പു ചെയ്യുന്ന ദൈവത്തിലുള്ള വിശ്വാസത്തിന്‍റെ ആവശ്യം അവന്‍ ചോദ്യം ചെയ്തു. ഒടുവില്‍, സ്വന്തം സഹോദരിമാരുടെ വിവാഹത്തിന് പള്ളിയില്‍ കയറാന്‍ പോലും അവന്‍ വിസ്സമ്മതിക്കുന്ന വിധത്തില്‍ ആ അവിശ്വാസം വളര്‍ന്നു.

വിശ്വാസഭ്രംശം ഒരു അവലോകനം
ഇതുപോലെ തീവ്രതയോടെ അവിശ്വാസം പുലര്‍ത്തുന്നവര്‍ കുറവായിരിക്കാം. പക്ഷേ, നാമമാത്രമായി പള്ളിയില്‍ പോകുന്ന ആളുകള്‍ ധാരാളമുണ്ട്. വിശ്വാസത്തെ ആചാരമായി കാണുന്നവര്‍. വിശ്വാസത്തിന്‍റെ മര്‍മ്മപ്രധാനമായ പലതും കെട്ടുകഥകളാണെന്ന് ചിന്തിക്കുന്നവര്‍. സഭയെ ഒരു സാമൂഹ്യകൂട്ടായ്മയോ പരസ്പര സഹായസഹകരണ സംഘമോ മാത്രമായി കാണുന്നവര്‍. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അനേകം ചോദ്യങ്ങള്‍ ഉള്ളില്‍ വഹിക്കുന്നവര്‍.

ദൈവവിശ്വാസത്തിന്‍റെ മേലുള്ള ഈ ക്ഷയത്തിന് ഒരുപാടു കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാം. മോശമായ ജീവിതമാതൃകയും അവയോടുള്ള ഇടപഴകലുമാണ്ഏറ്റവും കൂടുതലായി പറയപ്പെടുന്ന കാരണം. പക്ഷേ, മുകളില്‍ സൂചിപ്പിച്ച യുവാവിനെപ്പോലെ, ഉത്തരം കിട്ടാതെ ഉള്ളില്‍ കിടന്നു നീറുന്ന ചോദ്യങ്ങള്‍ മൂലം സംഭവിക്കുന്ന വിശ്വാസക്ഷയം അധികം ചര്‍ച്ച ചെയ്യപ്പെടാറില്ല.

പാശ്ചാത്യസഭയിലെ കാലിയാകുന്ന പള്ളികള്‍ നമ്മുടെ മുമ്പില്‍ വലിയൊരു വിശ്വാസത്യാഗത്തിന്‍റെ സാക്ഷ്യമായി തല കുനിച്ച് നില്‍ക്കുന്നു. പ്രധാനകാരണം ഒന്നേയുള്ളൂ. വിശ്വാസത്തെ യുക്തിസഹമായി ബോധ്യപ്പെടുന്ന രീതിയില്‍ സാമാന്യജനത്തിനുമുമ്പില്‍ അവതരിപ്പിക്കാന്‍ സഭയ്ക്കു കഴിഞ്ഞിട്ടില്ല.

അമേരിക്കയിലെ പ്യൂ റിസേര്‍ ച്ച് സെന്‍റര്‍ നടത്തിയ പഠനത്തില്‍, സംശയങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം ലഭിക്കാത്തതാണ് പുതിയ തലമുറ വിശ്വാസത്തില്‍ നിന്ന് അകന്നുപോകുന്നതിന്‍റെ ഒന്നാമത്തെ കാരണമായി കണ്ടെത്തിയത്. ആധുനികവിജ്ഞാനത്തിന്‍റെ ഫലമായി, പ്രപഞ്ചത്തിലും സമൂഹത്തിലും ഒരു മനുഷ്യവ്യക്തിയുടെ സ്ഥാനത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടിരിക്കുന്നു. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളെ സാധാരണ മതവിശ്വാസവുമായി പൊരുത്തപ്പെടുത്താന്‍ സാധിക്കാത്തതാണ് വിശ്വാസനഷ്ടത്തില്‍ കലാശിക്കുന്നത് എന്നാണ് ഈ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

വ്യക്തികളുടെ വിശ്വാസ അപചയം ഇന്ന് സാംസ്കാരിക ബൗദ്ധികതലങ്ങളിലാണ് ആദ്യം ആരംഭിക്കുന്നത്. വളര്‍ന്നു വരുന്ന കുട്ടികളുടേയും യുവാക്കളുടേയും സാഹചര്യം ഒന്നു നോക്കുക. അവര്‍ ഞായറാഴ്ച്ചയിലെ ഏതാനും മണിക്കൂറുകളിലെ മതബോധനത്തിലൂടെയും പള്ളിപ്രസംഗങ്ങളിലൂടെയും ഒരു ആത്മീയമായ ലോകത്തെ കാണുന്നു. മറ്റ് ആറു ദിവസങ്ങളില്‍ സ്കൂളുകളിലെയും കോളേജുകളിലേയും പാഠഭാഗങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും മുഖ്യധാരാമാധ്യമങ്ങളിലൂടെയും അവര്‍ മറ്റൊരുതരം ലോക വിജ്ഞാനം ആര്‍ജ്ജിക്കുന്നു. ഈ വിജ്ഞാനങ്ങള്‍ തമ്മില്‍ പൊരുത്തപ്പെടുത്താന്‍ സാധിക്കാതെ വരുമ്പോള്‍, കൂടുതല്‍ പെട്ടെന്നു ബോധ്യപ്പെടുന്നതും ലോകം അംഗീകരിക്കുന്നതുമായ ലോകവീക്ഷണത്തിന് അവര്‍ അംഗീകാരം നല്‍കുന്നു. ആ വീക്ഷണത്തോട് ചേര്‍ന്നുപോകാത്ത കാര്യങ്ങളെ അവര്‍ തിരസ്കരിക്കുവാന്‍ തുടങ്ങുന്നു.

ഇന്നിന്‍റെ യുഗചേതനയും (Zeitgeist) പാരമ്പര്യമതസങ്കല്‍പ്പങ്ങളും തമ്മിലുള്ള സംഘര്‍ഷം പ്രധാനമായും അഞ്ച് മാനങ്ങളില്‍ പെടുത്താവുന്നതാണ്.
1. ദൈവാസ്തിത്വത്തിന്‍റെ വിശദീകരണം
2. മതവിശ്വാസങ്ങളും ആധുനികവിജ്ഞാനവും
3. മൂല്യങ്ങളുടെ ആപേക്ഷികത എന്ന സങ്കല്‍പ്പം
4. തിന്മ എന്ന പ്രതിഭാസവും സര്‍വ്വനന്മയായ ദൈവവും
5. ഒരു ദൈവവും പല വഴികളും
6. വിശ്വാസികളുടെ വീഴ്ചകള്‍ (Scandals)
ഇന്നത്തെ സമൂഹത്തില്‍ ഈ മാനങ്ങള്‍ ചെലുത്തുന്ന സ്വാധീനം നമുക്ക് അടുത്ത ലക്കത്തില്‍ വിശദമായി പരിശോധിക്കാം.

binu.thomaz@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org