2033- ാമാണ്ട് സ്വപ്നം കാണുന്ന ക്രിസ്റ്റീന്‍

2030 ആകുമ്പോള്‍ ഈശോയെപ്പോലെ ഈശോയോടൊപ്പം ഈശോയ്ക്കുവേണ്ടി മൂന്നു വര്‍ഷക്കാലം സുവിശേഷവേലയ്ക്കു ലഭിക്കുമോ എന്ന് അവര്‍ സ്വപ്നം കാണുന്നു. 2033-ലെ മഹാജൂബിലിയില്‍ എല്ലാവരിലേക്കും സുവിശേഷം എത്തണമെന്ന് അവര്‍ ആഗ്രഹിക്കുന്നു.

നിങ്ങളുടെ കര്‍ത്താവ് ഏതു ദിവസം വരുമെന്ന് അറിയാത്തതുകൊണ്ടു നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. കള്ളന്‍ രാത്രിയില്‍ ഏതു സമയത്താണു വരുന്നത് എന്നു ഗൃഹനാഥന്‍ അറിഞ്ഞിരുന്നെങ്കില്‍, അവന്‍ ഉണര്‍ന്നിരിക്കുകയും തന്‍റെ ഭവനം കവര്‍ച്ച ചെയ്യാന്‍ ഇടകൊടുക്കാതിരിക്കുകയും ചെയ്യുമായിരുന്നു എന്നു നിങ്ങള്‍ അറിയുന്നു. അതിനാല്‍ നിങ്ങളും തയ്യാറായിരിക്കണം. നിങ്ങള്‍ പ്രതീക്ഷിക്കാത്ത മണിക്കൂറിലായിരിക്കും മനുഷ്യപുത്രന്‍ വരുന്നത് (മത്താ. 24:42-44).
ചരിത്രപരമായി ക്രിസ്തു മരിച്ച് ഉത്ഥാനം ചെയ്തു സഭ ഔദ്യോഗികമായി ആരംഭം കുറിച്ചത് ഏ.ഡി. 33-ല്‍ ആണോ എന്നതിനു വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഇതിന്‍റെ ചരിത്രവിശകലനമൊന്നും ഇവിടെ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ ആദ്യം ഉദ്ധരിച്ച ബൈബിള്‍ വചനമാണു ക്രിസ്റ്റീന്‍റെ വലിയ പരിശ്രമത്തെപ്പറ്റി കേട്ടപ്പോള്‍ ഓര്‍മ വന്നത്. രണ്ടായിരാമാണ്ടില്‍ ജനിച്ച കുട്ടികളെ 2030 ആകുമ്പോള്‍ ഈശോയെപ്പോലെ ഈശോയോടൊപ്പം ഈശോയ്ക്കുവേണ്ടി മൂന്നു വര്‍ഷക്കാലം സുവിശേഷവേലയ്ക്കു ലഭിക്കുമോ എന്ന് അവര്‍ സ്വപ്നം കാണുന്നു. 2033-ലെ മഹാജൂബിലിയില്‍ എല്ലാവരിലേക്കും സുവിശേഷം എത്തണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ദൈവരാജ്യത്തിനുവേണ്ടി സത്യംകൊണ്ട് അരമുറുക്കി, നീതിയുടെ കവചം ധരിച്ചു വിശ്വാസത്തിന്‍റെ പരിച അണിഞ്ഞു ദൈവവചനമാകുന്ന പടവാളെടുത്തു യുദ്ധം ചെയ്യുന്ന (എഫേ. 6:10-17) ഒരു പുതുതലമുറയെ പതിനാറു വര്‍ഷംകൊണ്ടു രൂപീകരിക്കാന്‍ ക്രിസ്റ്റീന്‍ കഠിനമായി പ്രയത്നിക്കുന്നു, നിരന്തരമായി പ്രാര്‍ത്ഥിക്കുന്നു.
എറണാകുളം-അങ്കമാലി അതിരൂപതയിലെ തേവയ്ക്കല്‍ പള്ളി വികാരിയായ എനിക്ക് ഇതെല്ലാം കേട്ടപ്പോള്‍ എന്തോ ഒരു മുറുമുറുപ്പ്. അവരോടൊക്കെ ഒരു അസൂയ. ഇതൊന്നും ആവശ്യമില്ല എന്നു എന്നെത്തന്നെ ആശ്വസിപ്പിക്കാനുള്ള ഒരു ശ്രമം! ഒരു മേരിക്കുട്ടിചേച്ചിയും ഒരു സന്തോഷും ഒരു ബിജുവുമൊക്കെ ഇത്രയേറെ ആവേശം കാണിക്കേണ്ടതില്ല എന്ന് ഒന്നു പ്രഖ്യാപിക്കണം എന്നു തോന്നി!! അവരോടൊപ്പമുള്ള ബഹുമാനപ്പെട്ട വൈദികരും വലിയ ആവേശത്തിലാണ്. ആയതിനാല്‍ പ്രത്യേകമായ അഭിപ്രായമൊന്നും പറയേണ്ടതില്ല എന്നു വച്ചു.
ഞാനും കുറേ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്, എന്‍റെ ഇടവകയില്‍. അതിന് 2033 ഒന്നും ആകേണ്ട. രണ്ടു വര്‍ഷത്തിനുള്ളില്‍ നല്ല ഒരു ഓഡിറ്റോറിയം പണിയണം. എല്ലാവരോടും പിരിവു ചോദിച്ചിട്ടുണ്ട്. പള്ളിയും പറ്റുമെങ്കില്‍ ഒന്നു പുതുക്കണം. രണ്ടു കോടി രൂപ വേണ്ടി വന്നേക്കാം. സാരമില്ല…. ആളുകള്‍ തരും. വചനം പറയുന്നതിലും ആവേശത്തോടെ അറിയിപ്പു നടത്തിയാല്‍ മതി. ഒക്ടോബറിലെ കൊന്തനമസ്കാരംകൊണ്ട് ഒരു ഒന്നര ലക്ഷം ഒപ്പിക്കണം. ഒരു ജനറേറ്റര്‍ വാങ്ങണം. ഇങ്ങനെ എത്രയെത്ര പദ്ധതികള്‍. എത്രയെത്ര സ്വപ്നങ്ങള്‍.
ജൂബിലി ആഘോഷങ്ങളും മീറ്റിംഗുകളുമായി മാത്രം ഔദ്യോഗികസഭ മുന്നോട്ടു നീങ്ങിയാല്‍ വിവാഹം, മാമ്മോദീസ, ആഘോഷമായ ദിവ്യകാരുണ്യസ്വീകരണം തുടങ്ങി ബാഹ്യമായ ആഘോഷങ്ങളുടെ പ്രതീകം മാത്രമായി വിശ്വാസികള്‍ സഭാജീവിതത്തെ കണ്ടാല്‍ യേശുക്രിസ്തുവിന്‍റെ തുടര്‍ച്ച എന്നു നാം വിളിക്കുന്ന യേശുവിന്‍റെ സഭയുടെ തിളക്കം നഷ്ടപ്പെടും. ദൈവരാജ്യമല്ലേ സംസ്ഥാപിക്കപ്പെടേണ്ടത്. ദൈവപരിപാലനയിലല്ലേ നാം ആശ്രയം വയ്ക്കേണ്ടത്. നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുളളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും (മത്താ. 6:33). ജനറേറ്ററും ഓഡിറ്റോറിയവുമെല്ലാം താനേ വരുമെന്ന്. പ്രയത്നവും അദ്ധ്വാനവുമെല്ലാം ദൈവരാജ്യത്തിനുവേണ്ടി… ദൈവരാജ്യത്തിനുവേണ്ടി മാത്രം.
2016-ല്‍ കര്‍ത്താവായ മിശിഹാ കേരളത്തിലെത്തിയാല്‍ എന്നെപ്പോലെയുള്ളവരെ നോക്കി എന്തു പറയും? നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗരാജ്യം അടച്ചുകളയുന്നു. നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നുമില്ല. പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല (മത്താ. 23:13-14). ഇതൊക്കെ പറഞ്ഞിട്ട് എന്നെ ഉപേക്ഷിച്ചു ക്രിസ്റ്റീന്‍കാരെ ദൈവരാജ്യത്തിലേക്കു കൊണ്ടുപോകുമോ എന്നാണ് എന്‍റെ ഭയം!!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org