Latest News
|^| Home -> Pangthi -> ചിന്താജാലകം -> ഒരു ആശീര്‍വാദ വിവാദം

ഒരു ആശീര്‍വാദ വിവാദം

Sathyadeepam

പോള്‍ തേലക്കാട്ട്

സ്വവര്‍ഗ്ഗാനുരാഗികളുടെ വിവാഹം ആശീര്‍വദിക്കാമോ? അതു കത്തോലിക്കാ സഭയില്‍ അനുവദനീയമല്ല എന്നു മാത്രമല്ല കൂദാശാനുകരണങ്ങളുടെ വിഭാഗത്തില്‍പ്പെട്ട ആശീര്‍വാദം പോലും കൊടുക്കാനാവില്ല എന്നതാണ് വിശ്വാസ കാര്യാലയത്തിന്റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ ലദാരിയ ഒപ്പുവച്ച പ്രസ്താവന വ്യക്തമാക്കുന്നത്. ഈ ലൈംഗികബന്ധത്തെ ആശീര്‍വദിക്കാനാവില്ല എന്നതാണ് നിലപാട്.

എന്നാല്‍ റോം നിശ്ചയിച്ചു കാര്യങ്ങള്‍ ആവസാനിച്ചു എന്ന വിധത്തിലല്ല ഈ പ്രശ്‌നം ലോകത്തില്‍ നാം കണ്ടത്. കത്തോലിക്ക രാജ്യമായ ഓസ്‌ട്രേലിയായിലെ കാര്‍ഡിനല്‍ ഷേണ്‍ബോണ്‍ വിശ്വാസകാര്യാലയത്തിന്റെ 2021 മാര്‍ച്ചു മാസത്തിലെ പ്രസ്താവനയില്‍ അസന്തുഷ്ടി അറിയിച്ചു. സഭ മാതാവാണെന്നും സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് വത്തിക്കാന്‍ പ്രസ്താവന വേദനാജനകമായിട്ടുണ്ടാകും എന്നും അവര്‍ക്ക് ആശീര്‍വാദം നിഷേധിക്കില്ല എന്നും കാര്‍ഡിനല്‍ പറഞ്ഞു. ബല്‍ജിയത്തെ ആന്റുവെര്‍പ്പിലെ മെത്രാന്‍ യോഹാന്‍ ബോണി വിശ്വാസ കാര്യാലയത്തിന്റെ പ്രസ്താവനയെ എതിര്‍ത്തു ”ധാര്‍മ്മികമായും ബൗദ്ധികമായും അതു സുഗ്രാഹ്യമല്ല” എന്ന് വ്യക്തി. ജര്‍മ്മനിയില്‍ 230 ദൈവശാസ്ത്രജ്ഞന്മാര്‍ വിശ്വാസകാര്യാലയത്തിന്റെ പ്രസ്താവന വിവേചന പൂര്‍വ്വകവും അധിശത്വ മനോഭാവത്തിന്റേയുമാണ് എന്നു കുറ്റപ്പെടുത്തി. ഈ ദൈവശാസ്ത്രജ്ഞന്മാരില്‍ ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്റ്, നെതര്‍ലന്റ്‌സ് എന്നിവിടങ്ങളിലെ ദൈവശാസ്ത്രജ്ഞന്മാരുമുണ്ട്. ജര്‍മ്മന്‍ മെത്രാന്‍ സമിതി യുടെ അദ്ധ്യക്ഷനും ഈ നിലപാടില്‍ അനിഷ്ടം പ്രകടിപ്പിച്ചു. എന്നാല്‍ പ്യൂ റിസെര്‍ച്ചിന്റെ 2020 പഠനമനുസരിച്ച് അമേരിക്കന്‍ ഐക്യനാടുകളിലും യൂറോപ്പിലും കത്തോലിക്കരില്‍ ഭൂരിപക്ഷം സ്വവര്‍ഗ്ഗാനുരാഗികളുടെ വിവാഹം അംഗീകരിക്കുന്നില്ല. 38 രാജ്യങ്ങളിലായി 38426 പേരില്‍ നടത്തിയ സര്‍വേ അനുസരിച്ച് 52 ശതമാനം സ്വവര്‍ഗ്ഗാനുരാഗികളെ സമൂഹം അംഗീകരിക്കുന്നു എന്നു അഭിപ്രായപ്പെട്ടു. എന്നാല്‍ വടക്കേ അമേരിക്ക മധ്യയൂറോപ്പ് കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ 46 ശതമാനം സവര്‍ഗ്ഗാനുരാഗികളെ അംഗീകരിക്കുമ്പോള്‍ 44 ശതമാനം അംഗീകരിക്കുന്നില്ല. പാശ്ചാത്യ യൂറോപ്പില്‍ കത്തോലിക്കരില്‍ ഭൂരിപക്ഷവും സ്വവര്‍ഗ്ഗാനുരാഗികളുടെ വിവാഹം അംഗീകരിക്കുന്നു. എന്നാല്‍ മധ്യ യൂറോപ്പിലേയും കിഴക്കന്‍ യൂറോപ്പിലേയും കത്തോലിക്കരില്‍ ഭൂരിപക്ഷം ഈ വിവാഹത്തെ അംഗീകരിക്കുന്നില്ല.

സ്വവര്‍ഗ്ഗാനുരാഗികളോട് ഒരുവിധ വിേവചനവും മാനുഷികമായി കാണിക്കാനാവില്ല; അവരെയും തുല്യമാനവികതയും വ്യക്തിമഹത്വവും നല്കി പരിഗണിക്കണം എന്നും പൊതുധാരണയുണ്ട്. പക്ഷേ ഇവിടെ ഗൗരവമായ വിയോജിപ്പ് വരുന്നതു ലൈംഗികമായ തനിമ അഥവാ സ്വത്വം എങ്ങനെ ഉണ്ടാകുന്നു എന്നതിലാണ്. ഒരുവന്‍ സ്വവര്‍ഗ്ഗാനുരാഗിയായി ജനിക്കുകയാണോ, അതോ അതു സാമൂഹികമായി നിര്‍മ്മിക്കപ്പെടുകയാണോ? ഒരാളുടെ സ്ത്രീ പുരുഷന്‍ എന്ന അവസ്ഥ ശരീര ശാസ്ത്രപരമായി സ്വാഭാവികമാണോ അതോ അതു സാമൂഹികവും സാംസ്‌കാരികവുമായി നിര്‍മ്മിതമാണോ? ഈ രണ്ടു വീക്ഷണവും ഇന്നു സമൂഹത്തില്‍ നിലവിലുണ്ട്. അതു സാമൂഹികമായി നിര്‍മ്മിതമാണെങ്കില്‍ അതു വീണ്ടും അഴിച്ചുപണിയാമല്ലോ എന്ന ചോദ്യവും പ്രസക്തമാണ്. ജനനം, പ്രസവം എന്നിവ വെറുതെ സാമൂഹികമായി നിര്‍മ്മിതമായി ഉണ്ടാകുന്നന്നതല്ല, അതു സ്വാഭാവികമാണ്. സ്വാഭാവികമെന്നു പറയുന്നതു സാംസ്‌കാരികവും സാമൂഹികവുമായി നിര്‍മ്മിക്കപ്പെടുന്നതാണ് എന്നു വന്നാല്‍ സ്വാഭാവികനിയമം എങ്ങനെ മനസ്സിലാക്കണം എന്ന ഗൗരവമേറിയ ധാര്‍മ്മികപ്രശ്‌നമുണ്ട്. ഒരു സമൂഹത്തില്‍ സ്വവര്‍ഗ്ഗാനുരാഗികളും ട്രാന്‍സ്‌ജെന്ററുകളും ഉണ്ടാകുന്നതു എങ്ങനെ എന്ന ചോദ്യത്തിനു കൃത്യവും ശാസ്ത്രീയവുമായ ഉത്തരം നമുക്കു വ്യക്തമായിട്ടുണ്ടോ? ലൈംഗിക തനിമ ജീവശാസ്ത്രപരമോ സാമൂഹ്യശാസ്ത്രപരമോ? ഇതു ഗൗരവമേറിയ ശാസ്ത്രീയ പ്രശ്‌നമാണ്. അതിന് വ്യക്തമായ ഉത്തരം കിട്ടാതെ ഈ പ്രതിസന്ധിക്കു കൃത്യമായ ധാര്‍മ്മിക ഉത്തരം പറയുക പ്രയാസമാണ്. സ്വവര്‍ഗ്ഗാനുരാഗികളുടെ വിവാഹം വിവാഹമായി അംഗീകരിക്കാന്‍ സാധിക്കില്ല എന്ന നിലപാടാണ് വത്തിക്കാന്‍ സ്വീകരിച്ചിരിക്കുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ ഈ സഭാപ്രശ്‌നം തീരുമാനമില്ലാതെ നീട്ടിക്കൊണ്ടു പോകാനാവില്ല.
പക്ഷെ, ചില അവ്യക്തതകള്‍ അവശേഷിക്കുന്നുണ്ട് എന്നതാണ് ധാര്‍മ്മിക മണ്ഡലത്തില്‍ നിന്നുയരുന്ന സംശയങ്ങളുടെ സ്വഭാവം വ്യ ക്തമാക്കുന്നത്. പക്ഷെ, ആ സംശയങ്ങളുടെ പേരില്‍ പ്രബോധനം മാറ്റേണ്ടതുണ്ടോ എന്നതിനാണ് കാര്യാലയം തീര്‍പ്പു കല്പിച്ചിരിക്കുന്നത്. എല്ലാ തീര്‍പ്പുകള്‍ക്കും കാലികമാനമുണ്ടാകാം. അതുകൊണ്ട് നാളെ അതു അംഗീകരിക്കപ്പെടും എന്നും പറയാനാവില്ല. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാട് വ്യക്തമാണ്? ”വിധിക്കാന്‍ ഞാന്‍ ആരാണ്?” എന്നാണ് മാര്‍പാപ്പ ചോദിച്ചത്. അത് ഉദ്ദേശിച്ച ത് ഒരു വ്യക്തി സ്വവര്‍ഗ്ഗാനുരാഗിയായത് എങ്ങനെ എന്നു വിധിക്കു ന്ന പ്രശ്‌നമല്ല. ”പ്രശ്‌നം ഈ ആഭിമുഖ്യമല്ല. നാം സഹോദരരാണ്” എന്നതാണ്. സ്വവര്‍ഗ്ഗാനുരാഗത്തിന്റെ സ്വഭാവത്തെക്കുറിച്ച് മാര്‍പാപ്പ ഒന്നും പറഞ്ഞിട്ടില്ല. നമ്മുടെ ഇടയില്‍ അങ്ങനെയുള്ളവരുണ്ട് എന്നതു നാം അംഗീകരിക്കണം. വത്തിക്കാന്റെ നിലപാടിനെതിരെ അഭിപ്രായപ്പെട്ടവരും സഭാ സ്‌നേഹികളാണ്. അവര്‍ ഉന്നയിക്കുന്ന ഉത്ക്കണ്ഠയും ക്രിസ്തുസഹജമായ അലിവും അപ്രധാനവുമല്ല. പക്ഷെ, നാം വിഷമം പിടിച്ച ഒരു പ്രശ്‌നത്തിനു പരിഹാരം കാണാനുള്ള വഴിയിലാണ്.

ഇവിടെയാണ് സിനഡാലിറ്റി എന്ന സമ്മേളനത്തിന്റെ പ്രസക്തി. ഏതു പ്രശ്‌നവും സൗഹൃദത്തിന്റെയും സത്യാന്വേഷണത്തിന്റെയും സാഹചര്യത്തില്‍ കൂട്ടായ ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്താമെ ന്നുള്ള വിശ്വാസം. ബഹുസ്വരതയാണ് പ്രധാനം, അതു ആരുടെയും സ്വരത്തിന്റെ ആധിപത്യമല്ല. പക്ഷെ, പരസ്പരം മനസ്സിലാക്കാനും കേള്‍ക്കാനും മനസ്സുള്ള സഭയുടെ ഈ വിഷയത്തിലുള്ള അങ്കലാ പ്പും ആകാംക്ഷയും പരസ്പരം മനസ്സിലാക്കി മുന്നോട്ടു പോകാന്‍ കഴിയണം. മനുഷ്യനെക്കുറിച്ചുള്ള പഠനങ്ങളും അറിവുകളും വര്‍ദ്ധി ക്കുന്നതിനനുസരിച്ച് മനുഷ്യന്റെ ധാര്‍മ്മിക സമീപനങ്ങളില്‍ ഒരു മാറ്റവും വരില്ല എന്നതല്ല നാം കണ്ടിട്ടുള്ളത്. എന്നാല്‍ എല്ലാം മാറിമറിയും എന്നും പറയാനാവില്ല.

Leave a Comment

*
*