ചേരയെ തിന്നുന്ന നാട്

ചേരയെ തിന്നുന്ന നാട്

ലിറ്റി ചാക്കോ

ലിറ്റി ചാക്കോ
ലിറ്റി ചാക്കോ

"എവിടെയെങ്കിലും ഒരു സ്ത്രീക്ക് ഗര്‍ഭമായി കണ്ടാല്‍ 'അതു ഞമ്മളാണ്' എന്ന് എട്ടുകാലി മമ്മൂഞ്ഞ് അന്നു പറഞ്ഞു തുടങ്ങിയിട്ടുണ്ടായിരുന്നില്ല. അന്നതിനൊന്നും മേല്‍പടിയാന് ധൈര്യമില്ലായിരുന്നു." മലയാളത്തിന്റെ സ്വന്തം ബഷീര്‍, എട്ടുകാലി മമ്മൂഞ്ഞിനെ അവതരിപ്പിച്ചത് അങ്ങനെയായിരുന്നു. അതായത് എവിടെയെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ക്രെഡിറ്റ് ഉടന്‍ തനിക്കങ്ങ് പ്രഖ്യാപിച്ചു കളയുന്ന സ്വഭാവത്തില്‍ നിന്ന് മമ്മൂഞ്ഞ് ഒരു പടികൂടി കയറിയ കാലമാണ് കഥയിലെ ശ്രദ്ധാകേന്ദ്രം. ഒരു ട്രാന്‍സ്‌ജെന്‍ഡറായിരുന്ന അയാള്‍ ഒടുക്കം അതിനും ശ്രമിച്ചു ദയനീയമായി പരാജയപ്പെടുന്ന കഥാന്ത്യമാണ് ബഷീര്‍ വരച്ചിട്ട ക്ലാസ്സ് കഥാപാത്രം.

എന്നാല്‍ മമ്മൂഞ്ഞുമാര്‍ക്കിടയില്‍ നിത്യജീവിതവ്യവഹാരങ്ങളിലേര്‍പ്പെടുന്ന നമുക്ക്, ഇന്നിതിലത്ര അപരിചിതത്വങ്ങളില്ല. അനുദിനം നമുക്കു ചുറ്റും പെരുകുന്ന എട്ടുകാലി മമ്മൂഞ്ഞുമാര്‍ക്കിടയില്‍ ആനവാരിയും പൊന്‍കുരിശും അപ്രസക്തരായി മാറുകയും ചെയ്തിരിക്കുന്നു.

പണ്ട്, എന്റെ കുട്ടിക്കാലത്ത് അമ്മൂമ്മ പരിഹാസത്തോടെ ഒരു പാട്ടു പാടാറുണ്ട്.
"നാണം കെട്ടും പണം നേടിക്കൊല്‍
നാണക്കേടാപ്പണം പോക്കിക്കൊള്ളും."

അന്നുകേട്ട പാട്ടിന്റെ അര്‍ത്ഥവ്യവഹാരങ്ങളൊക്കെ ഇന്നു ചിലരെക്കാണുമ്പോഴാണ് ശരിയായി മനസ്സിലാവുന്നത്.

"സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു
നാണംകെട്ടു നടക്കുന്നിതു ചിലര്‍."
എന്ന് പിന്നീട് ജ്ഞാനപ്പാനയില്‍ പൂന്താനത്തെ വായിച്ചപ്പോഴും അതോര്‍ത്തു.

മോഹിച്ചൊരു വസ്തു നേടിയെടുക്കാനും നില്‍ക്കുന്ന പടിയില്‍നിന്ന് അടുത്ത പടി ചവിട്ടാനുമൊക്കെയായി രാഷ്ട്രീയ പ്രവേശങ്ങള്‍ നടത്തുന്നവരും നിലപാടുകള്‍ മാറ്റി പ്രഖ്യാപിക്കുന്നവരെയുമൊക്കെ ധാരാളം കണ്ടുകിട്ടാനുണ്ടിന്ന്. കൂടുതലും പക്ഷെ, അവരല്ല; അതിലൊക്കെ എന്താ തെറ്റെന്നു ചോദിക്കുന്നവരാണ് എന്നതാണ് അടുത്ത തമാശകള്‍. അവരുടേതാണത്രെ ഈ കാലം!

വല്ലാത്ത ലളിതവല്‍ക്കരണങ്ങള്‍ നമുക്കു ചുറ്റും നടക്കുന്നു എന്ന ചിന്തയിലാണ് ഈയക്ഷരങ്ങള്‍ കുറിക്കുന്നത്. നാടോടുമ്പോള്‍ നടുവേയോടുക എന്ന പഴഞ്ചൊല്ല് ചിലരെ നോക്കി പണ്ട് പറഞ്ഞിരുന്നെങ്കില്‍ ഓടാത്തവരൊക്കെ ഭൂലോകതോല്‍വികളാണ് എന്ന ചിന്തയ്ക്കാണ് ഇന്നു മാര്‍ക്കറ്റ്.

കഴിഞ്ഞ വര്‍ഷങ്ങളിലായി കണ്ടുമുട്ടിയ സുനാമിയാണ് ഇടതു രാഷ്ട്രീയ പ്രവേശങ്ങള്‍. അതിന് പക്ഷഭേദങ്ങളൊന്നുമില്ല. ന്യൂന-ഭൂരി-വലതുപക്ഷങ്ങളൊക്കെ ഒന്നടങ്കം ഇടതു നിലപാടെടുക്കാന്‍ മത്സരിച്ചോടുകയാണ്. പലരും അതില്‍ വിജയവും നേടുന്നുണ്ട്. ഇടതുപക്ഷത്തില്‍ ആളു കൂടുന്നത് ചുരുങ്ങിയ പക്ഷം ഇടതിനെങ്കിലും നല്ലതല്ലേ എന്നാലോചിച്ചു വിട്ടുകളയേണ്ടതാണ്. കാരണം, ചരിത്രപരമായ ഒരു തുടര്‍ച്ച അവര്‍ നേടിനില്‍ക്കുന്ന കാലമാണ്. അധികാരമാണല്ലോ പലപ്പോഴും സമൂഹത്തിന്റെ ഗതിനിര്‍ണ്ണയം നടത്തുക. പക്ഷേ, ജാഥയ്ക്കു വരിനില്‍ക്കല്‍ മാത്രമല്ലല്ലോ പ്ര സ്ഥാനത്തിന്റെ ലക്ഷ്യം എന്നാലോചിക്കുമ്പോഴാണ്, നമുക്കതില്‍ ഭാവിയിലൊരു ദുരന്തം കാണേണ്ടി വരുന്നത്. ഒരു പ്രസ്ഥാനത്തിന് അതിന്റേതായ ആശയസംഹിതകളുണ്ടെന്നും അതു കൂടിയാണു താന്‍ എന്നും തിരിച്ചറിയാന്‍ പോലുമാവാത്ത ഒരാള്‍ക്കൂട്ടമായിട്ടേ എനിക്കിതിനെ കാണാനാവുന്നുള്ളൂ.

അക്ഷരത്തെറ്റുപോലും തിരുത്താന്‍ ഇന്ന് ഭാഷാദ്ധ്യാപകര്‍ക്കുപോലും അനുവാദമില്ലാത്ത കാലമാണ്. അക്ഷരത്തെറ്റിനടിയിലെങ്ങാന്‍ ഒരു ചുവപ്പു വരയിട്ടാല്‍, 'പാരന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍' കുട്ടിക്കുവേണ്ടി 'ഇതൊന്നും ഇത്ര ബല്യ ഇശ്യു ആക്കണ്ട' എന്ന് കുഞ്ഞാലിക്കുട്ടി സ്റ്റൈലില്‍ അവതരിക്കും. കുട്ടി സയന്‍സിലൊക്കെ പ്രതിഭയാത്രെ! ട്രോളന്റെ ഭാഷയില്‍ തിരിച്ചു ചോദിക്കയാണു വേണ്ടത്; "അയ്‌ന്?" കുട്ടി ശാസ്ത്ര പ്രതിഭയാണെങ്കില്‍ ശാസ്ത്രത്തില്‍ വീഴട്ടെ ഫുള്‍മാര്‍ക്ക്. ഭാഷയിലെ ചുവപ്പു വര മായ്ക്കാന്‍ ആ 'നൂറേ നൂറ്' പറ്റില്ല. അത് തിരിച്ചറിയുന്ന കാലത്തേ സ്റ്റാഫ് റൂമുകളില്‍ നിന്ന് സ്റ്റാഫ് റൂമുകളിലേക്കുള്ള ജാഥ നില്‍ക്കൂ.

ചെഗുവേരയുടെ പോസ്റ്റൊട്ടിച്ച് തിരിഞ്ഞു നടന്ന കുട്ടിസഖാവിനോടു പറഞ്ഞു, "പ്രക്ഷോപമല്ല, സഖാവേ, പ്രക്ഷോഭം ആണ് ശരി." ഞാനെത്ര സ്റ്റഡി ക്ലാസ്സു കേട്ടതാ എന്നായിരുന്നില്ല അവന്റെ നോട്ടം, മറ്റേ പഴയ ട്രോള്‍തന്നെയായിരുന്നു; "ഇതൊക്കെ ഇത്ര ബല്യ ഇശ്യു ആണോ?" എന്ന്.

വല്ലാത്ത ലളിതവല്‍ക്കരണങ്ങള്‍ നമുക്കു ചുറ്റും നടക്കുന്നു എന്ന ചിന്തയിലാണ് ഈയക്ഷരങ്ങള്‍ കുറിക്കുന്നത്. നാടോടുമ്പോള്‍ നടുവേയോടുക എന്ന പഴഞ്ചൊല്ല് ചിലരെ നോക്കി പണ്ട് പറഞ്ഞിരുന്നെങ്കില്‍ ഓടാത്തവരൊക്കെ ഭൂലോകതോല്‍വികളാണ് എന്ന ചിന്തയ്ക്കാണ് ഇന്നു മാര്‍ക്കറ്റ്. അവിടെയാണ് മമ്മൂഞ്ഞുമാര്‍ക്കൊരു രാജ്യവും അവര്‍ക്കു സ്വന്തം രാജാവും ഉണ്ടാകുന്നത്. കാര്യങ്ങള്‍ അങ്ങനെയൊക്കെയായിക്കഴിഞ്ഞ നിലയ്ക്ക്, 'എന്നാപ്പിന്നെ, അവരില്‍ നീണ്ട മൂക്കന്‍ തന്നെ നേതാവാകട്ടെ.'

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org