മുന്‍വിധികളുടെയും, അല്പജ്ഞാനത്തിന്റെയും കാലം

മുന്‍വിധികളുടെയും, അല്പജ്ഞാനത്തിന്റെയും കാലം

ബോബി ജോര്‍ജ്ജ്

ബോബി ജോര്‍ജ്ജ്
ബോബി ജോര്‍ജ്ജ്

ഇന്റര്‍നെറ്റും, സാമൂഹ്യമാധ്യമങ്ങളും ഏറ്റവും പ്രചരിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍, നമ്മള്‍ എങ്ങനെയാണ് ഓരോ വിഷയത്തെയും സമീപിക്കുന്നത് എന്നത് വളരെ പ്രസക്തമായ ഒരു ചിന്തയാണ്. മുന്‍പ് എക്കാലത്തെയും അപേക്ഷിച്ചു നമ്മള്‍ ഇന്ന് ചര്‍ച്ചകളിലും തര്‍ക്കങ്ങളിലും കൂടുതലായി ഏര്‍പ്പെടുന്നു. നമുക്ക് വേണ്ട അറിവുകള്‍ ഏറ്റവും പെട്ടെന്ന് കിട്ടാന്‍ ഇന്ന് സാധ്യത ഉണ്ടെന്നു നമ്മള്‍ വിശ്വസിക്കുന്നു. എങ്കില്‍ പോലും, നമ്മള്‍ നടത്തുന്ന ചര്‍ച്ചകളുടെയും, തര്‍ക്കങ്ങളുടെയും ചില പൊതുസ്വഭാവങ്ങള്‍ പരിശോധിക്കുന്നത് നന്നായിരിക്കും. മാധ്യമങ്ങളുടെ അതിപ്രസരത്തിനിടയിലും, നമ്മളെ സത്യത്തില്‍ നിന്നും, യഥാര്‍ത്ഥ വസ്തുതകളില്‍ നിന്നും പലപ്പോഴും അകറ്റുന്നത് എന്താണ്? അമേരിക്കയിലെ പ്രശസ്തമായ വാര്‍ട്ടണ്‍ ബിസിനസ് സ്‌കൂളിലെ പ്രൊഫസര്‍ ആയ, ആദം ഗ്രാന്റ് (Adam Grant) ഈയിടെ എഴുതിയ 'വീണ്ടും ചിന്തിക്കുക' (Think Again) എന്ന ഒരു പുസ്തകം ഉണ്ട്. നമ്മള്‍ തുടക്കത്തില്‍ പറഞ്ഞ വിഷയങ്ങളില്‍ മൗലികമായ ചില നിരീക്ഷണങ്ങള്‍ ആദം ഗ്രാന്റ് ഈ പുസ്തകത്തില്‍ നടത്തുന്നുണ്ട്.

പുസ്തകത്തിലേക്ക് കടക്കുന്നതിനു മുമ്പ്, കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത ഒരു വിഷയം ഓര്‍ക്കുന്നത് നന്നായിരിക്കും. ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണത്തോടുള്ള നമ്മുടെ പ്രതികരണം നമ്മെ പലതും പഠിപ്പിക്കുന്നുണ്ട്. ഫാദര്‍ സ്വാമിയുടെ മരണം, ഈ അടുത്ത കാലത്തു നമ്മുടെ മനസ്സാക്ഷിയെ ഏറ്റവും ഉലച്ച ഒന്നായിരുന്നു. 84 വയസ്സായി അനേകം രോഗങ്ങള്‍ അലട്ടിയിരുന്ന ഒരു മനുഷ്യന് വേണ്ട ഏറ്റവും ചുരുങ്ങിയ നീതി പോലും ലഭ്യമാക്കുന്നതില്‍ ഈ രാജ്യം പരാജയപ്പെട്ടു എന്നതാണ് ഇവിടത്തെ പ്രാഥമികമായ പ്രശ്‌നം. ശക്തമായ ഒരു തെളിവും ഇല്ലാതെ ആണ്, അദ്ദേഹത്തെ മാസങ്ങളായി, വിചാരണ തടവുകാരന്‍ ആയി ജയിലില്‍ അടച്ചത്. എങ്കില്‍ പോലും, കേന്ദ്ര സര്‍ക്കാരിനെ അനുകൂലിക്കുന്നവര്‍ ചര്‍ച്ച തിരിച്ചുവിടുന്നതു, അദ്ദേഹം മതപരിവര്‍ത്തന മാഫിയയുടെ ആളാണ്, മാവോയിസ്റ്റ് അനുകൂലി ആണ് എന്നൊക്കെയുള്ള മട്ടിലാണ്. ഒരു പക്ഷെ അവ എഴുതുന്നവര്‍ക്കു അതേപ്പറ്റി ഒരു തെളിവും വേണമെന്നില്ല. തികച്ചും മുന്‍വിധിയോടെ ഒരു പക്ഷം പിടിക്കുക, അതേപ്പറ്റി എല്ലായിടത്തും എഴുതുക എന്ന ലളിതമായ തന്ത്രമാണ് അത്. വൃദ്ധനായ ഒരു മനുഷ്യനെപ്പോലും കെട്ടിച്ചമച്ച കേസുകളുടെ പേരില്‍ എത്ര നാള്‍ വേണമെങ്കിലും ജയിലില്‍ ഇടാം എന്നും, അത് നമ്മുടെ നീതി ന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ എങ്ങനെ ബാധിക്കും എന്നൊന്നും നമ്മുടെ ഗൗരവമായ ചര്‍ച്ചകളില്‍ വരുന്നില്ല. അതോടൊപ്പം തന്നെ, ആരായിരുന്നു ഫാദര്‍ സ്വാമി, അദ്ദേഹം തന്റെ ജീവിതത്തില്‍ ഉടനീളം എന്ത് ചെയ്യുകയായിരുന്നു എന്നതും അന്വേഷണത്തിന് വിഷയമല്ല.

ചുരുക്കത്തില്‍, നമ്മള്‍ നമ്മുടെ മുന്‍വിധികളുടെ ചുവട് പിടിച്ചാണ് അഭിപ്രായങ്ങള്‍ ഉണ്ടാക്കുന്നത്. നമ്മുടെ രാഷ്ട്രീയം ആണ് ഏതൊരു കാര്യത്തെക്കുറിച്ചും ഉള്ള നമ്മുടെ വീക്ഷണത്തെ രൂപപ്പെടുത്തുന്നത്. ഒരിക്കല്‍ പോലും അവ തെറ്റാണോ എന്നൊരു സംശയം പോലും നമുക്ക് തോന്നണം എന്നില്ല. നമ്മുടെ അറിവിന്റെ സ്രോതസ്സുകളെ, തികച്ചും സ്വതന്ത്രമായി പരിശോധിക്കാന്‍ നമുക്ക് വിമുഖതയാണ്. ഈ ഒരു വിഷയത്തില്‍ മാത്രമല്ല, നമ്മുടെ എല്ലാ ചര്‍ച്ചകളിലും അറിവന്വേഷണങ്ങളിലും ഇപ്പോള്‍ നമ്മുടെ പ്രധാന ബലഹീനത ഇതാണ്.

നമ്മള്‍ നമ്മുടെ മുന്‍വിധികളുടെ ചുവട് പിടിച്ചാണ് അഭിപ്രായങ്ങള്‍ ഉണ്ടാക്കുന്നത്. നമ്മുടെ രാഷ്ട്രീയം ആണ് ഏതൊരു കാര്യത്തെക്കുറിച്ചും ഉള്ള നമ്മുടെ വീക്ഷണത്തെ രൂപപ്പെടുത്തുന്നത്. ഒരിക്കല്‍ പോലും അവ തെറ്റാണോ എന്നൊരു സംശയം പോലും നമുക്ക് തോന്നണം എന്നില്ല.

ആദം ഗ്രാന്റിന്റെ പുസ്തകം മുന്നോട്ടു വയ്ക്കുന്ന ഏറ്റവും വലിയ ഒരാശയം, നമുക്ക് അറിവില്ലാത്തതിനെക്കുറിച്ചു നമുക്ക് ധാരണ വേണം എന്നുള്ളതാണ്. അറിവാണ് ശക്തി എന്ന് നമ്മള്‍ പറയാറുണ്ട്. ഗ്രാന്റ് പറയുന്നത്, അറിവ് ശക്തി ആണെങ്കില്‍, നമുക്ക് അറിവ് ഇല്ലാത്തത് എന്താണ് എന്ന് അറിയുന്നത് ജ്ഞാനം ആണെന്നാണ്. (If knowledge is power, knowing what we don't know is wisdom) പലതരം മുന്‍വിധികളെക്കുറിച്ചു ഗ്രാന്റ് പറയുന്നുണ്ട്. നമ്മുടെ സോഷ്യല്‍ മീഡിയ ഇടപെടലുകളെ ഏറ്റവും ബാധിക്കുന്ന ഒന്നാണ് അത്. നമ്മള്‍ എന്ത് പ്രതീക്ഷിക്കുന്നുവോ അത് മാത്രം നമ്മള്‍ കാണുന്നു (confirmation bias). അതുമല്ലെങ്കില്‍ നമുക്ക് വേണ്ടത് എന്ത് അത് മാത്രം കാണുന്നു (desirability bias). ഫാദര്‍ സ്വാമി, മാവോവാദി ആണെന്ന് വിചാരിച്ചിരിക്കുന്ന ആള്‍, എല്ലാറ്റിലും അതാണ് കാണുന്നത്. വടക്കേ ഇന്ത്യയില്‍ എല്ലാ പുരോഹിതരും മത പരിവര്‍ത്തനം ആണ് ചെയ്യുന്നത് എന്ന് വിചാരിക്കുന്ന ഒരാള്‍, സ്വാമി തന്റെ ജീവിതം മുഴുവന്‍ അവിടത്തെ ഏറ്റവും താഴെക്കിടയിലുള്ള, ഒരു സമൂഹത്തെ ശക്തിപ്പെടുത്താന്‍ ആയിരുന്നു നീക്കി വച്ചതു എന്ന് കാണുന്നില്ല.

നമുക്ക് ഏതു കാര്യത്തിലും തെറ്റ് പറ്റാം. വസ്തുതകള്‍ മാറുമ്പോള്‍ നമ്മള്‍ നമ്മുടെ അഭിപ്രായങ്ങള്‍ മാറ്റേണ്ടതുണ്ട് എന്ന ആശയം ഗ്രാന്റ് മുന്നോട്ടു വയ്ക്കുന്നുണ്ട്. അറിവ് നമുക്ക് തരേണ്ടത് എളിമയാണ്, അഹങ്കാരമല്ല. തനിക്കു ഇനിയും എന്തെങ്കിലും ഒക്കെ അറിയാന്‍ ഉണ്ട് എന്ന എളിമയില്‍ നിന്നും ആണ് ഒരാള്‍ അറിവ് സ്വായത്തമാക്കുന്നത്. നമ്മള്‍ കണ്ടു മുട്ടുന്ന എല്ലാ മനുഷ്യരില്‍ നിന്നും നമുക്ക് എന്തെങ്കിലും പഠിക്കാന്‍ ഉണ്ടാകും. നമ്മള്‍ എത്രയോ വര്‍ഷങ്ങള്‍ ആയി ശരി എന്ന് വിചാരിച്ചിരിക്കുന്ന കാര്യങ്ങളോട് പോലും, വേണ്ടി വന്നാല്‍ വിയോജിക്കാന്‍ നമ്മള്‍ തയ്യാറുണ്ടോ എന്നതാണ് ചോദ്യം. എപ്പോഴും സ്വയം പറഞ്ഞുകൊണ്ടിരിക്കാതെ നല്ലൊരു കേള്‍വിക്കാരന്‍ ആകാനും ആദം ആഹ്വാനം ചെയ്യുന്നുണ്ട് ഈ പുസ്തകത്തില്‍. നമ്മുടെ വിമര്‍ശകരെ നമ്മള്‍ പിന്തുടരുകയും, വായിക്കുകയും വേണം. സാമൂഹ്യ മാധ്യമങ്ങളില്‍ പലപ്പോഴും ഏറ്റവും കുറച്ചു സംഭവിക്കുന്ന ഒന്നാണ് അത്. എല്ലാ ഗ്രൂപ്പും, പരസ്പരം സപ്പോര്‍ട്ട് ചെയ്തു മുന്നോട്ടു പോകുന്നു. ഒരേ തരത്തില്‍ ചിന്തിക്കുന്നവര്‍ മാത്രം ഒന്നായി ഇരുന്നു ചര്‍ച്ച ചെയ്യുന്നു. അവിടെ എതിര്‍ സ്വരം എന്നതിന് യാതൊരു പ്രസക്തിയും ഇല്ല. നമ്മുടെ ധാരണകള്‍ തിരുത്താനും ആരും കാണില്ല.

ആദം ഗ്രാന്റിന്റെ പുസ്തകം ഈ കാലഘട്ടത്തിനു ഏറ്റവും പ്രസക്തമായ ചില ചിന്തകള്‍ ആണ് മുന്നോട്ടു വയ്ക്കുന്നത്. അറിവിന്റെ കാര്യത്തില്‍ ഇന്ന് നമുക്ക് കുറവില്ല. പക്ഷെ, നമുക്ക് കിട്ടുന്ന അറിവിനെ വിവേചനത്തോടെ ഉപയോഗിക്കാന്‍ നമുക്ക് സാധിക്കുന്നുണ്ടോ? ചര്‍ച്ചകള്‍ക്ക് നമുക്ക് കുറവില്ല. പക്ഷെ നമ്മുടെ ചര്‍ച്ചകള്‍ ഒരു വിഷയത്തെക്കുറിച്ചുള്ള ശരിയായ ധാരണകളിലേക്കു നമ്മെ നയിക്കുന്നുണ്ടോ എന്നതാണ് പ്രശ്‌നം. നമ്മെ കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നവരുടെ കൂടെ മാത്രം ആണോ നമ്മള്‍ നടക്കുന്നത്? വസ്തുതകളെ, തെളിവുകളെ തേടിപ്പോകാന്‍ ആണ് നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടത്. നമ്മുടെ കുട്ടികള്‍ എല്ലാം കണ്ണടച്ചു വിശ്വസിക്കുന്നവര്‍ ആകരുത്. നമ്മുടെ മുന്‍വിധികളിലേക്കും, അറിവിന്റെ അഹങ്കാരങ്ങളിലേക്കും ഒക്കെ ഒരു തിരിഞ്ഞു നോട്ടത്തിനു ആദം ഗ്രാന്റിന്റെ ഈ പുസ്തകം സഹായിക്കും എന്നതില്‍ സംശയം വേണ്ട.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org