കത്തോലിക്കാ സഭയുടെ ഒരു ശ്വേതപത്രം

കത്തോലിക്കാ സഭയുടെ ഒരു ശ്വേതപത്രം

പോള്‍ തേലക്കാട്ട്

വൈറ്റ് പേപ്പര്‍, ശ്വേതപത്രം ആരംഭിക്കുന്നത് 1922-ല്‍ ജെര്‍ത്രൂദ് ബെല്‍ മെസോപ്പെട്ടോമിയായുടെ സിവില്‍ ഭരണത്തെക്കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച പഠന റിപ്പോര്‍ട്ടില്‍ നിന്നാണ്. സത്യസന്ധവും ധാര്‍മ്മികവുമായ റിപ്പോര്‍ട്ടാണ് ശ്വേതപത്രം. അങ്ങനെയൊരു ശ്വേതപത്രമാണ് ഈ നവം. 10-ന് വത്തിക്കാന്‍ പുറപ്പെടുവിച്ചിരിക്കുന്നത്. അതിന് ആമുഖം എഴുതിയതു സ്‌റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പരോളിനാണ്. ഉപസംഹാരം ഫ്രാന്‍സിസ് മാര്‍പാപ്പയെ ഉദ്ധരിച്ചുമാണ്. 449 പേജുകളുള്ള ഈ റിപ്പോര്‍ട്ട് അമേരിക്കന്‍ ഐക്യനാടുകളില്‍ മൂന്നു രൂപതകളുടെ മെത്രാനും കാര്‍ഡിനലുമായിരുന്ന മക്കാറിക്ക് യുവ വൈദികരേയും സെമിനാരിക്കാരെയും ലൈംഗികമായി പീഡിപ്പിച്ചതിനെയും ഈ കാലഘട്ടത്തില്‍ അദ്ദേഹത്തിനു ലഭിച്ച നിയമനങ്ങളും അദ്ദേഹത്തെ സംബന്ധിച്ചുണ്ടായ വത്തിക്കാന്‍ നടപടികളെയും സംബന്ധിച്ച് കൃത്യമായ രേഖകളോടെ നടത്തിയ പഠനമാണ്.
കത്തോലിക്കാ സഭയില്‍ നടന്ന അതിഭീകരമായ ഒരു നാണക്കേടിന്റെ ദുരന്തകഥയാണ് തികഞ്ഞ ആര്‍ജ്ജവത്വത്തോടെ ധീരമായും വെള്ളമോ നിറമോ ചേര്‍ക്കാതെയും പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ സമീപനങ്ങളും ആത്മവിമര്‍ശനവും സത്യസന്ധവും വേദനാജനകവുമാണ്, പക്ഷെ, അതു ഏറ്റവും സുതാര്യവും വിശുദ്ധവും ആദരണീയവുമാണ്. സഭയിലെ ഒരംഗം അതിസമര്‍ത്ഥനായിരുന്നു, സമര്‍ത്ഥമായി കോണിപ്പടികള്‍ കയറി, ആ സാമര്‍ത്ഥ്യം അധികം കഴിയാതെ ആത്മവഞ്ചനയുടേതായി, തന്നോടും ലോകത്തോടും നുണ പറഞ്ഞതിന്റെ. എന്നിട്ടും കോണികള്‍ കയറിക്കൊണ്ടിരുന്നു, വത്തിക്കാന്റെ അധികാരത്തിന്റെ ഇടനാഴികളില്‍ അദേഹത്തിനു സ്വന്തക്കാരുണ്ടായി, അദ്ദേഹം നല്ല പണപ്പിരിവുകാരനായിരുന്നു, സംഘാടകനായിരുന്നു, ബന്ധങ്ങളില്‍ പണംകൊണ്ട് മെഴുക്കിട്ടുകൊണ്ടിരുന്നു. അങ്ങനെ പറ്റിച്ചവരില്‍ മാര്‍പാപ്പയടക്കമുള്ള ഉന്നതരുണ്ടായിരുന്നു. ചിലര്‍ വഞ്ചിക്കപ്പെടാന്‍ പാകത്തിനു വളഞ്ഞുകൊടുത്തു. അദ്ദേഹത്തിന്റെ അകൃത്യങ്ങളില്‍ പീഡനമനുഭവിച്ചവര്‍ പീഡനത്തെക്കുറിച്ചു പറഞ്ഞതു കുറ്റമായി വേട്ടയാടപ്പെട്ടു. അവരില്‍ ഒരമ്മയുണ്ടായിരുന്നു, യുവ വൈദികരുണ്ടായിരുന്നു, ചെറുപ്പക്കാരായ സെമിനാരി വിദ്യാര്‍ ത്ഥികളുണ്ടായിരുന്നു. കാരണം മറുവശത്ത് അവരെ നിശബ്ദരാക്കി അവഹേളിച്ചവര്‍ക്ക് അധികാരമുണ്ടായിരുന്നു; സഭയുടെ സംവിധാന ശക്തിയുണ്ടായിരു ന്നു. ഇവരില്‍ പച്ചക്കള്ളം പറ ഞ്ഞ സഭാധികാരികളും സൗകര്യപൂര്‍വ്വം നട്ടെല്ലു വളച്ചുകൊടുത്തു സുവിശേഷത്തെ ഒറ്റിയവരുമുണ്ടായിരുന്നു.
വാഷിംഗ്ടണ്‍ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ആരെയാക്കും എന്ന ചര്‍ച്ചയായി. കാര്‍ഡിനല്‍ മക്കാറിക്ക് സ്ഥാനാര്‍ത്ഥിയായി. അദ്ദേഹത്തെ നിയമിക്കരുത് എന്ന് പറഞ്ഞ് ന്യൂയോര്‍ക്കിലെ ആര്‍ച്ചുബിഷപ്പ് മാര്‍പാപ്പയ്ക്കു എഴുതി. ഇങ്ങനെ കത്തു മാര്‍പാപ്പയ്ക്കു വന്ന കാര്യം വത്തിക്കാനില്‍ നിന്നു മക്കാറിക്ക് അറിഞ്ഞു. അദ്ദേഹം മാര്‍പാപ്പയ്ക്കു പഴയ ബന്ധങ്ങളും വിധേയത്വവും പറഞ്ഞുകൊണ്ടു വാഷിംഗ്ടണിലെ ജനങ്ങളുടെ വിശുദ്ധിക്കുവേണ്ടി അദ്ധ്വാനിക്കും എന്ന് അറിയിച്ചുകൊണ്ടു സ്വന്തം കൈപ്പടയില്‍ കത്തയച്ചു. മാര്‍പാപ്പ 2001 ഫെബ്രുവരി 3-ാം തീയതി അദ്ദേഹത്തെ ആ സ്ഥാനത്തേക്ക് നിയമിച്ചു. അടുത്ത മാസം അദ്ദേഹം കര്‍ദ്ദിനാളായി. ആ വര്‍ഷം അമേരിക്കയിലെ ഒരു ഡൊമിനിക്കന്‍ വൈദികന്‍ നവംബര്‍ 22-ന് അമേരിക്കയിലെ വത്തിക്കാന്‍ സ്ഥാനപതിക്ക് ഒരു കത്തയച്ചു. വാഷിംഗ്ടണിലെ കാര്‍ഡിനല്‍ അദ്ദേഹത്തിന്റെ സെമിനാരിക്കാരെ ലൈംഗികമായി പീഡിപ്പിക്കുന്ന വിവരങ്ങളും മുന്‍വത്തിക്കാന്‍ പ്രതിനിധി തന്നെയും പരാതിപ്പെട്ടവരേയും ഇതിന്റെ പേരില്‍ ശാസിച്ചിട്ടുണ്ട് എന്നും അറിയിച്ചു. വത്തിക്കാന്‍ പ്രതിനിധി ഈ കത്തു മാര്‍പാപ്പയ്ക്കു നല്കാന്‍ മുകളി ലേക്ക് അയച്ചു. സ്റ്റേറ്റ് സെക്രട്ടറി മാര്‍പാപ്പയ്ക്കു കൊടുത്തു, കത്തു തിരിച്ചുവന്നു. അതില്‍ ചശവശഹ ഉശരലി െ- ഒന്നും പറയുന്നില്ല എന്ന് എഴുതിയിരുന്നു.
ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും പിന്നീട് ഫ്രാന്‍സിസ് മാര്‍പാപ്പയുമാണ് അമേരിക്കന്‍ പ്രസിഡന്റുമാരായ ബുഷും ഒബാമയും പ്രകീര്‍ത്തിച്ചിട്ടുള്ള കാര്‍ഡിനല്‍ മക്കാറിക്കിനെ എല്ലാ വൈദികസ്ഥാനങ്ങളില്‍ നിന്നും മെത്രാന്‍ സ്ഥാനത്തില്‍ നിന്നും ഒഴിവാക്കി ശിക്ഷിച്ചത്. എന്തിനീ പാപത്തിന്റെ പഴയ ചരിത്രം വീണ്ടും സമൂഹത്തിലിട്ട് അലക്കുന്നു എന്നു ചോദിക്കുന്നവരുണ്ടാകാം. അലക്കി തന്നെ വേണം മുന്നോട്ടുപോകാന്‍. ചത്ത കൊച്ചിന്റെ ജാതകം നോക്കി യില്ലെങ്കില്‍ ഇനിയും കൊച്ചുങ്ങള്‍ ചാവും. ഇവിടെ മരിച്ചതു ദൈവമാണ്. കാര്‍ഡിനല്‍ മക്കാറിക്കില്‍, പിന്നെയും വേഷംകെട്ടി, അങ്ങനെ കെട്ടിയാടാന്‍ കാരണമായത് "അരമന പാപ്പസ്ഥാനത്തിന്റെ കുഷ്ഠമാണ്" എന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞ രോഗമാണ്. ഇങ്ങനെയും സഭയെ സംരക്ഷിക്കുന്നവരുണ്ട്; മൂടിവച്ച്. അവിടെയാണ് ക്രിസ്തുവിനെ വീണ്ടും ക്രൂശിക്കുന്നത്. പണം കൊടു ത്തും സ്വാധീനം കൊണ്ടും അധികാരത്തിന്റെ ഇടനാഴികളില്‍ നിരന്തരമായി അധികാരവ്യാപാരം നടത്തുന്നവര്‍ ഇപ്പോഴുമുണ്ട്. ഈ റിപ്പോര്‍ട്ട് അങ്ങനെയുള്ളവരെ തുറന്നു കാണിക്കുന്നു. അങ്ങനെയുള്ളവര്‍ക്ക് ഇരുട്ടിന്റെ സുരക്ഷിതത്വം നല്കില്ല എന്നു സഭ പറയുന്നു. ഈ നടപടി പണം കൊണ്ടും സ്വാധീനം കൊണ്ടും സഹപാഠിത്തം കൊണ്ടും ദേശബലം കൊണ്ടും വര്‍ഗ്ഗബലം ഉപയോഗിച്ചും നുണ നേരാക്കുന്നവരുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ സുതാര്യത അത്ഭുതപ്പെടുത്തുന്നു. ഈ റിപ്പോര്‍ട്ടിന്റെ വസ്തുതകള്‍ കരയിപ്പിക്കുന്നു. അതിലുടനീളം സത്യനിഷ്ഠയും നീതിബോധവും വിശുദ്ധിയും കാത്തുസൂക്ഷിക്കാന്‍ പെടാപ്പാട് കഴിച്ചവരെ സ്തുതിക്കണം. ഇതിന്റെ സത്യം പ്രത്യാശയും വിശ്വാസവും തരുന്നു. യേശുവിനെ ഒറ്റിക്കൊടുത്തവനെ സുവിശേഷകര്‍ വെട്ടിനീക്കിയില്ല സുവിശേഷമെഴുതാന്‍. മനുഷ്യസ്വാതന്ത്ര്യത്തിന്റെ രഹസ്യം അമ്പരിപ്പിക്കുന്നു. വി. അഗസ്റ്റിന്‍ എഴുതി "ഞാന്‍ എനിക്ക് ഒരു ചോദ്യമായി." ഇങ്ങനെ ചോദ്യമാകാത്തവരുടെ ദുരന്തമാണ് നാം കണ്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org