ഇമ്മാനുവേല്‍ ഉദിച്ചു നില്‍ക്കട്ടെ

ഇമ്മാനുവേല്‍ ഉദിച്ചു നില്‍ക്കട്ടെ
Published on
അന്ധകാരത്തിന്റെ ഇടവഴികളിലായി രിക്കുന്നവരെ ദൈവത്തിലേക്കടുപ്പിക്കുന്ന, ദൈവത്തിന്റെ നന്മകളെ ദ്യോതിപ്പിക്കുന്ന നക്ഷത്രങ്ങളായി നമ്മുടെ ജീവിതം രൂപാന്തരപ്പെടട്ടെ. ഇമ്മാനുവേല്‍ എന്ന ലോകനക്ഷത്രം ജീവിതത്തിന്റെ മുകളില്‍ ഉദിച്ചുനില്‍ക്കട്ടെ.

അതിമനോഹരമായ ചിത്രങ്ങള്‍കൊണ്ട് അത്ഭുതങ്ങള്‍ വിരിയിച്ച വിന്‍സെന്റ് വാന്‍ഗോഗ് എന്ന ചിത്രകാരന്‍ തനിക്കു ബാധിച്ച ചിത്തഭ്രമത്തിന്റെ തീവ്രമായ ദിനങ്ങളില്‍ ഫ്രാന്‍സിലെ മനോരോഗാശുപത്രിയുടെ ഏകാന്തമായ മുറിക്കുള്ളില്‍ നിന്നു കിഴക്കുഭാഗത്തുള്ള ജനാലക്കരികിലൂടെ ദൂരേക്കു നോക്കി മനസ്സും ആത്മാവും ശരീരവും അഗാധമായ ഇരുട്ടിലായിരുന്നപ്പോഴും ഉദയത്തിനു മുമ്പുള്ള ആ രാത്രിക്കാഴ്ച അയാളെ അത്ഭുതപ്പെടുത്തി. ദൂരെ ഒരു ഗ്രാമത്തിനു മുകളില്‍ ഇരുണ്ട ആകാശ നീലിമയില്‍, അനേകായിരം നക്ഷത്രങ്ങള്‍ തെളിഞ്ഞു നില്‍ക്കുന്ന പ്രതീക്ഷയുടെ യഥാര്‍ത്ഥ ചിത്രം! ആ നക്ഷത്രവെളിച്ചം അയാള്‍ക്കു പകര്‍ന്ന പ്രത്യാശയുടെ വര്‍ണ്ണഭേദങ്ങള്‍ കൊണ്ട് ''സ്റ്റാറി നൈറ്റ്'' എന്ന മനോഹരമായ പെയിന്റിംഗ് അയാള്‍ ലോകത്തിനു സമ്മാനിച്ചു. ഏശയ്യാ പ്രവാചകനാണ് ഇപ്രകാരം സംസാരിച്ചത്, ''അന്ധകാരത്തില്‍ കഴിഞ്ഞിരുന്ന ജനം മഹത്തായ ഒരു പ്രകാശം കണ്ടു. കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെ മേല്‍ പ്രകാശമുദിച്ചു'' (ഏശയ്യ 9:2).

കാലം കാതോര്‍ത്തിരുന്ന രക്ഷയുടെ വരവ് കാലാതീതമായ ഒരു താരോദയം വഴി സാഫല്യമണിഞ്ഞു. നസ്രത്തിന്റെ മുഴുവന്‍ നന്മയും ശാലീനതയും ഒത്തിണങ്ങിയ, കൃപ നിറഞ്ഞവള്‍ എന്നു ദൈവദൂതനാല്‍ അഭിസംബോധന ചെയ്യപ്പെട്ട മേരിയും നീതിമാനായ തച്ചനും ഒരു വിവാഹത്താല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത് തികച്ചും ഭൗതികമായ കുടുംബത്തിന്റെ ചെറിയ ഭാരങ്ങളിലേക്കും ഉത്തരവാദിത്വങ്ങളിലേക്കും ഒതുങ്ങിത്തീരുവാനായിരുന്നില്ല. ലോകത്തിന്റെ ഇരുള്‍ മൂടിയ ഇടങ്ങളില്‍ ആയിരം നക്ഷത്രശോഭ വിതറിക്കൊണ്ട് നീതിനക്ഷത്രവും നന്മയുടെ താരകവുമായി പ്രശോഭിക്കാനായിരുന്നു. ബെത്‌ലേഹം കുന്നിന്‍ ചെരുവില്‍ ആട്ടിടയന്മാരുടെ രാത്രിജാഗരണത്തിനു ദൈവപുത്രന്റെ നിഷ്‌കളങ്കമായ ദര്‍ശനം പരിഹാരമായപ്പോള്‍ ആകാശത്തിന്റെ നിര്‍മ്മല നീലിമയില്‍ ആ താരകം ഉദിച്ചുയര്‍ന്നു. ദൂരെ കിഴക്കുനിന്നു വന്ന രാജാക്കന്മാര്‍ക്കു മാത്രമുള്ള വഴികാട്ടിയായി ആ താരോദയത്തെ കണ്ടാല്‍ ക്രിസ്മസ് അര്‍ഥമില്ലാത്തതായി മാറും. കാരണം, ക്രിസ്മസ് ഒരു ഓര്‍മ്മപ്പെടുത്തലാണ്. എന്റെ ആശങ്കകളുടെയും അസ്വസ്ഥതകളുടെയും വഴികളില്‍ അപര്യാപ്തതയുടെ കാലിത്തൊഴുത്തിനു മുകളില്‍ ഇമ്മാനുവേല്‍ എന്ന ലോകനക്ഷത്രം നിരന്തരം വസിക്കുന്നുണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍. ഓരോ നക്ഷത്രവെളിച്ചവും ഭൂമിയിലെത്തുന്നത് അനേകം പ്രകാശവര്‍ഷങ്ങള്‍ സഞ്ചരിച്ചിട്ടാണ്. നമ്മുടെ കണ്ണുകളില്‍ വെളിച്ചം പതിക്കുമ്പോഴേക്കും അവ പുറപ്പെടുവിച്ച പല നക്ഷത്രങ്ങളുടെയും അസ്തിത്വം ഇല്ലാതാകുന്നുവെന്നത് പ്രപഞ്ചത്തിലെ ഒരു യാഥാര്‍ത്ഥ്യമാണ്. സ്വന്തം അസ്തിത്വം ഇല്ലാതായി കഴിയുമ്പോഴും മറ്റുള്ളവരുടെ ജീവിതത്തിനു പ്രകാശം പരത്താനാകുക എന്നത് എത്ര സുന്ദരമായ അവസ്ഥയാണ്. ഈ പിറവിത്തിരുനാളില്‍ നക്ഷത്രങ്ങളുടെ ഈ ദൗത്യത്തിലേക്ക് നമുക്കു ഉണരാനാകണം.

ദൂരെ കിഴക്കുനിന്നു വന്ന മൂന്നു രാജാക്കന്മാരുടെ മുമ്പില്‍ സഞ്ചരിച്ച ആ നക്ഷത്രത്തിന്റെ പ്രഥമദൗത്യം കാലിത്തൊഴുത്തിലേക്കു വഴികാട്ടിയാകുക എന്നതു തന്നെയായിരുന്നു. പ്രകാശം പരത്തി മുമ്പേ ചരിക്കുക. പ്രകാശത്തിന്റെ നക്ഷത്രവഴികള്‍ വിട്ട് തിന്മയുടെയും അധികാരദുര്‍മോഹത്തിന്റെയും അരാജകത്വത്തിന്റെയും ലഹരികളുടെയുമൊക്കെ തമോഗര്‍ത്തത്തിലേക്കു നാം ഊളിയിടുന്ന ഇരുളിന്റെ കാലഘട്ടമാണിത്. വിദ്യ നേടിയിട്ടും നാം ജ്ഞാനികളാകുന്നില്ല. ആവശ്യത്തിലധികം ആഹരിച്ചിട്ടും നാം ആരോഗ്യം നേടുന്നില്ല. ഉത്തരാധുനിക കാലഘട്ടവും പിന്നിട്ട് അറിവിന്റെ അക്ഷയഖനികളിലൂടെ സഞ്ചരിച്ചിട്ടും നമുക്കു നെറിവുണ്ടാകുന്നില്ല. അനാവശ്യമായ ധനങ്ങള്‍ ശേഖരിക്കുന്നതില്‍ അഗ്രഗണ്യരാണു നാം. പക്ഷേ നമുക്ക് ഒന്നിനെക്കുറിച്ചും ധ്യാനമുണ്ടാകുന്നില്ല. നമ്മുടെ കുടുംബങ്ങളും വിദ്യാലയങ്ങളും ആത്മീയതയുടെ പരിശീലനക്കളരികള്‍ പോലും അന്ധകാരത്തിന്റെ ഇടങ്ങളായി മാറുന്നു. ഇലക്ട്രിസിറ്റി ഇല്ലാതിരുന്ന കാല ഘട്ടത്തില്‍ മണ്ണെണ്ണ വിളക്കും മെഴുകുതിരി വെട്ടവും അകതാരില്‍ വെളിച്ചത്തിന്റെ സ്ഥിരമായ വിന്യാസം തീര്‍ത്തിരുന്നു. സ്‌നേഹത്തിന്റെയും ലാളിത്യത്തിന്റെയും വെളിച്ചങ്ങളൊക്കെ കാലഹരണപ്പെട്ടിരിക്കുന്നു. വീടു മുഴുവന്‍ ദീപാലംകൃതമാകുമ്പോഴും ഉള്ളില്‍ ഇരുട്ടു നിറയുന്നത് ആശങ്കയോടെ വേണം നാം കാണാന്‍. എന്റെ തെറ്റുകള്‍ക്കു മറയാകാനും അപരന്റെ മുഖം കാണാതിരിക്കാനും തമസ്സാണു സൗകര്യപ്രദമെന്നു നാം ചിന്തിക്കുന്നുണ്ടെങ്കില്‍ ക്രിസ്തു നമ്മില്‍ വന്നു പിറക്കുന്നതെങ്ങനെ?

അദൃശ്യനായ ദൈവത്തിന്റെ സാന്നിധ്യത്തിന്റെ അടയാളങ്ങളാണു നക്ഷത്രങ്ങള്‍ എന്നു പറയാറുണ്ട്. എത്ര ദൂരെയുള്ള ന ക്ഷത്രങ്ങളെയാണു നാം അടുത്തു നിന്നു കാണുക! ക്രിസ്മസും അതു തന്നെയല്ലേ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്? നമുക്ക് അദൃശ്യനും അപ്രാപ്യനുമാണെന്നു കരുതുന്ന ദൈവം നിസാരമായ ഒരു കാലിത്തൊഴുത്തില്‍ പിറന്ന് ''നമ്മോടുകൂടെ'' ആയിരിക്കുന്നു എന്ന സത്യം.

ഇമ്മാനുവേലിന്റെ പിറവിത്തിരുനാളിനു നക്ഷത്രങ്ങളുടെ നി യോഗങ്ങളിലേക്കുണരാം. അന്ധകാരത്തിന്റെ ഇടവഴികളിലായിരിക്കുന്ന വരെ ദൈവത്തിലേക്കടുപ്പിക്കുന്ന, ദൈവത്തിന്റെ നന്മകളെ ദ്യോതിപ്പിക്കുന്ന നക്ഷത്രങ്ങളായി നമ്മുടെ ജീവിതം രൂപാന്തരപ്പെടട്ടെ. ഇമ്മാനുവേല്‍ എന്ന ലോകനക്ഷത്രം ജീവിതത്തിന്റെ മുകളില്‍ ഉദിച്ചു നില്‍ക്കട്ടെ. കര്‍മ്മവും ചിന്തയും നിയോഗവും തിരിച്ചറിഞ്ഞും ശുദ്ധീകരിച്ചും നമുക്കു നക്ഷത്രങ്ങളെ വിരിയിക്കാം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org