ജനാധിപത്യത്തിന്റെ ധാരാളിത്തം

ജനാധിപത്യത്തിന്റെ ധാരാളിത്തം

ബോബി ജോര്‍ജ്ജ്

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് എന്ന് സ്‌കൂളില്‍ പഠിക്കാത്തവര്‍ ആരും തന്നെ കാണില്ല. ജനാധിപത്യം എന്ന ആശയത്തെ പൂര്‍ണ്ണമായി മനസ്സിലാക്കുന്നതിനു മുമ്പ് തന്നെ നമ്മുടെ ഉള്ളില്‍ വേരോടിയ ഒന്നാണ്, അത് മധുരമായ ഒരു സങ്കല്പം ആണ് എന്നത്. നിങ്ങളെ സ്‌നേഹിക്കുന്ന ഒരു ഭാര്യയുണ്ടെങ്കില്‍ ദാരിദ്ര്യവും, നഗ്‌നതയും ഒന്നും പ്രശ്‌നമല്ല എന്നെഴുതിയത്, ഗ്രീക്ക് സാഹിത്യകാരന്‍ നിക്കോസ് കസാന്റ് സാക്കിസ് ആയിരുന്നു. അതുപോലെ തന്നെ, കൊടിയ ദാരിദ്ര്യത്തിലും, കഷ്ടപ്പാടിലും ഒരു സമൂഹത്തെ പ്രതീക്ഷയുടെ വെള്ളിവെളിച്ചത്തില്‍ നിലനിര്‍ത്തിയത്, ജനാധിപത്യവും സ്വാതന്ത്ര്യബോധവും ഉള്ള ഒരു രാജ്യത്തു ജീവിക്കുന്നു എന്ന ബോധ്യമാണ്. ഇതിപ്പോ ഇവിടെ ഓര്‍ക്കാന്‍ ഒരു കാരണമുണ്ട്. നമ്മുടെ രാജ്യത്തു കുറച്ചു പേര്‍ക്കെങ്കിലും, ഇവിടെ ജനാധിപത്യം കൂടുതല്‍ ആണ് എന്ന് തോന്നിത്തുടങ്ങിയിരിക്കുന്നു.
രാജ്യത്തെ വളരെ ഉയര്‍ന്ന സ്ഥാനം വഹിക്കുന്ന ഒരാള്‍ കഴിഞ്ഞ ദിവസം പറഞ്ഞ ഒരു പ്രസ്താവന വലിയ വിവാദം ഉണ്ടാക്കുകയുണ്ടായി. ഇന്ത്യയുടെ ഒരു വലിയ പ്രശ്‌നം, ഇവിടെ ജനാധിപത്യം വളരെ കൂടുതല്‍ ആണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് ഒരാളുടെ അഭിപ്രായം മാത്രമായി എടുക്കേണ്ടതില്ല. നമ്മുടെ രാജ്യത്തെ പ്രശ്‌നങ്ങള്‍ക്ക് എല്ലാം പരിഹാരം പട്ടാളഭരണമാണെന്നു കരുതുന്ന ഒരുപാട് ആളുകള്‍ ഇവിടെയുണ്ട്. ഇന്ത്യയിലെ ജനാധിപത്യം വളരെ വലിയ ഒരു അത്ഭുതം ആണെന്ന്, പ്രശസ്ത ചരിത്രകാരനായ രാമചന്ദ്രഗുഹ അഭിപ്രായപ്പെടാറുണ്ട്. അതിന് അദ്ദേഹം പറയുന്ന കാരണം വളരെ ശ്രദ്ധേയമാണ്. ലോകരാജ്യങ്ങളുടെ കൂട്ടത്തില്‍, ദാരിദ്ര്യവും, നിരക്ഷരതയും ഇത്രമാത്രം ഉണ്ടായിട്ടും സ്വാതന്ത്ര്യം കിട്ടിയത് മുതല്‍ ജനാധിപത്യം തിരഞ്ഞെടുത്ത അധികം രാജ്യങ്ങള്‍ ഇല്ല. ധീരമായ ഒരു പരീക്ഷണം തന്നെ ആയിരുന്നു അത്. ജാതിവ്യവസ്ഥയും, പുരുഷമേധാവിത്വവും ഒക്കെ നിര്‍ലോഭം ഉള്ള ഒരു രാജ്യം, ആദ്യത്തെ തിരഞ്ഞെടുപ്പ് മുതല്‍ എല്ലാവര്‍ക്കും തുല്യമായ വോട്ടവകാശം കൊടുത്തു എന്നത് അതിശയകരമാണ്. അമേരിക്കന്‍ ഐക്യനാടുകളില്‍ സ്ത്രീകള്‍ക്ക് തുല്യമായ വോട്ടവകാശം കിട്ടുന്നത് അര നൂറ്റാണ്ട് നീണ്ട പ്രക്ഷോഭങ്ങള്‍ക്കു ശേഷം 1920-ല്‍ മാത്രമാണ് എന്നും കൂടി ഇവിടെ ഓര്‍ക്കുക.

ഇന്ത്യയുടെ ജനാധിപത്യ സംവിധാനങ്ങള്‍ യഥാര്‍ത്ഥത്തില്‍
ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു എന്നതാണ് വസ്തുത.
അഭിപ്രായ സ്വാതന്ത്ര്യം പലപ്പോഴും വിട്ടുവീഴ്ചകള്‍ നേരിടുന്നു,
ജനാധിപത്യ സമരങ്ങള്‍ അതീവ ദുര്‍ബ്ബ ലമാകുന്നു,
തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തന്നെ അപ്രസക്തമാക്കി ഭരണം
തട്ടിയെടുക്കപ്പെടുന്നു, ഇവയെല്ലാം ജനാധിപത്യത്തിന്റെ
അപചയം ആണ് കാണിക്കുന്നത്.

ജനാധിപത്യത്തിന്റെ സൗന്ദര്യത്തെ പൂര്‍ണമായും മനസ്സിലാക്കണമെങ്കില്‍, ജനാധിപത്യം ഇല്ലാത്ത ഒരു വ്യവസ്ഥിതിയെ പരിചയം ഉണ്ടെങ്കില്‍ മാത്രമേ പറ്റൂ. ജനാധിപത്യം എന്താണ് എന്നതിനെക്കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങള്‍ പ്രധാനമാണ്. ഒരു പാടുപേര്‍ വിചാരിക്കുന്നത് അത് അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന തിരഞ്ഞെടുപ്പ് മാത്രമാണ് എന്നാണ്. ഭൂരിപക്ഷം എന്നത്, എല്ലാം ചെയ്യാനുള്ള സ്വാതന്ത്ര്യം ആണെന്ന് വിചാരിക്കുന്ന ഒരു പക്ഷവും ഉണ്ട്. അഭിപ്രായ സ്വാതന്ത്ര്യം, നിയമവാഴ്ച, സുതാര്യമായ തിരഞ്ഞെടുപ്പുകള്‍, രാഷ്ട്രീയ സംവാദങ്ങള്‍ ഇവയെല്ലാം ചേര്‍ന്നതാണ് ജനാധിപത്യം എന്ന് മനസ്സിലാക്കുമ്പോള്‍ ആണ് നമ്മള്‍ അതിന് പൂര്‍ണമായ ഒരു അര്‍ത്ഥം കൊടുക്കുന്നത്. ഏറ്റവും ദുര്‍ബലമായ ന്യൂനപക്ഷത്തിനു പോലും രാഷ്ട്രത്തിന്റെ നടത്തിപ്പില്‍ തുല്യമായ ഒരവകാശം എന്നതാണ് ജനാധിപത്യത്തിലെ ഏറ്റവും പാവനമായ ആശയം.
അധികമായാല്‍ അമൃതും വിഷം എന്നതിന്റെ ചുവട് പിടിച്ചായിരിക്കും ചിലപ്പോള്‍ ചിലര്‍ക്ക് ഇവിടെ ജനാധിപത്യം കൂടുതലാണ് എന്ന് തോന്നിയത്. പക്ഷെ സത്യം എന്താണ്? ഇന്ത്യയുടെ ജനാധിപത്യ സംവിധാനങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു എന്നതാണ് വസ്തുത. അഭിപ്രായ സ്വാതന്ത്ര്യം പലപ്പോഴും വിട്ടുവീഴ്ചകള്‍ നേരിടുന്നു, ജനാധിപത്യ സമരങ്ങള്‍ അതീവ ദുര്‍ബ്ബലമാകുന്നു, തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തന്നെ അപ്രസക്തമാക്കി ഭരണം തട്ടിയെടുക്കപ്പെടുന്നു, ഇവയെല്ലാം ജനാധിപത്യത്തിന്റെ അപചയം ആണ് കാണിക്കുന്നത്. സമാധാനപരമായി സമരം ചെയ്തു എന്തെങ്കിലും നേടി എടുക്കാം എന്ന പ്രതീക്ഷ ഇന്ന് പലര്‍ക്കും ഇല്ല. ഈ അടുത്ത കാലത്തു നടന്ന ജനകീയ പ്രക്ഷോഭങ്ങളെ നോക്കൂ. പലതും ഒന്നും നേടിയെടുക്കാതെ അവസാനിക്കുന്നത് കാണാം. പ്രതിപക്ഷം അങ്ങേയറ്റം ദുര്‍ബലമാകുന്ന ഒരവസ്ഥയാണ് ഒരു പരിധിവരെ ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കണ്ടു വരുന്നത്. അതോടൊപ്പം തന്നെ, ജാതി, മത ലേബലുകള്‍ നമ്മുടെ തിരഞ്ഞെടുപ്പുകളെ വളരെ അപകടകരമായി സ്വാധീനിക്കുന്നു എന്നതും ഒരു വസ്തുതയാണ്. സര്‍ക്കാരുകളുടെ നയപരമായ നിലപാടുകള്‍ക്കു അനുകൂലമായോ, പ്രതികൂലമായോ ഉള്ള വിധിയെഴുത്തുകള്‍ അല്ല നാം ഈയിടെ കാണുന്നത് മറിച്ചു, വര്‍ഗ്ഗീയ നിലപാടുകള്‍ക്ക് വലിയ സ്വീകാര്യത കിട്ടുന്ന രീതിയിലുള്ള, തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നാം ഇപ്പോള്‍ കൂടുതലായി കാണുന്നു. ഇത് ഒരു തിരിഞ്ഞു നടത്തമാണ്.
ജനാധിപത്യത്തിലൂടെ അധികാരത്തില്‍ വരുന്നവര്‍ക്കു പലപ്പോഴും, ജനാധിപത്യം വളര്‍ത്തണം എന്ന ആഗ്രഹം ഉണ്ടാകണം എന്നില്ല. അധികാരം കിട്ടിക്കഴിഞ്ഞാല്‍ അത് ലഹരി ആയി മാറുന്നവരുണ്ട്. ഈ ലഹരിയുടെ പാരമ്യം, ജനാധിപത്യത്തിന്റെ അസ്തമയം ആണ്. ടര്‍ക്കി, റഷ്യ തുടങ്ങി ഒട്ടനവധി രാജ്യങ്ങളില്‍, ഇന്ന് ജനാധിപത്യം എന്നത് പേരില്‍ മാത്രം ഒതുങ്ങുന്ന ഒരു സംഗതിയാണ്. ഏതൊരു രാജ്യത്തും ജനാധിപത്യം വളരെ പെട്ടെന്ന് ഇല്ലാതാകുന്ന ഒന്നല്ല. ചിലപ്പോ അത് സാവധാനം ഇല്ലാതാകുന്നത് നമ്മള്‍ അറിയണം എന്നുമില്ല. ജനാധിപത്യം വാഗ്ദാനം ചെയ്യുന്ന, മനുഷ്യന്റെ അവകാശങ്ങള്‍ ഓരോന്നായി ഹനിക്കപ്പെടുമ്പോള്‍, സംസാരിക്കാനും, വിയോജിക്കാനും ഒക്കെയുള്ള ഇടങ്ങള്‍ ഇല്ലാതെ ആകുമ്പോള്‍ നമ്മള്‍ ജനാധിപത്യം പേരില്‍ മാത്രമുള്ള ഒരവസ്ഥയിലേക്ക് പ്രവേശിക്കും. പക്ഷെ നമ്മുടെ ജനാധിപത്യത്തിന്റെ ആ അവസ്ഥ നമുക്ക് മനസ്സിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ എന്ത് ചെയ്തിട്ടും കാര്യമില്ല. സ്വന്തം ചങ്ങലകളെ ആരാധിക്കുന്നവരെ അതില്‍നിന്നും മോചിപ്പിക്കാന്‍ സാധിക്കുകയില്ല എന്ന് പറഞ്ഞതു വോള്‍ട്ടയര്‍ ആണല്ലോ. ജനാധിപത്യത്തിന്റെ ധാരാളിത്തത്തെക്കുറിച്ചു വേ വലാതിപ്പെടുന്നവരും അവരും തമ്മില്‍ വലിയ വ്യത്യാസമില്ല. സോഷ്യല്‍ മീഡിയയിലൂടെ മാത്രം ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ സാധിക്കുകയില്ല. കാഴ്ചക്കാരായി ദൂരെ മാറിനിന്നിട്ടോ, അപചയത്തെക്കുറിച്ചു പറഞ്ഞു കരഞ്ഞിട്ടോ ഒന്നും കാര്യമില്ല. ഓരോ സമൂഹത്തിനും അവര്‍ അര്‍ഹിക്കുന്ന ഭരണം കിട്ടും എന്ന് പറയാറുണ്ട്. എന്തെല്ലാം കുറവുകള്‍ ഉണ്ടെങ്കിലും ജനാധിപത്യം എന്ന ആശയത്തിന് പകരം വയ്ക്കാന്‍ നമുക്ക് വേറൊന്നില്ല. അതുകൊണ്ടു തന്നെ അത് കാത്തുസൂക്ഷിക്കുവാന്‍ ജാഗ്രതയോടെ ഇരിക്കാന്‍ നമുക്ക് ബാധ്യതയും ഉണ്ട്.

ലേഖകന്റെ ബ്ലോഗ്: www.bobygeorge.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org