അടയാളങ്ങള്‍

എം.പി. തൃപ്പൂണിത്തുറ

നാം നമുക്ക് പേരിടുകയല്ല, അപരന്‍ നമ്മെ വിളിക്കുന്നത് നമുക്ക് പേരാവുകയാണ്. പിന്നീട് ഈ പേരിനു പകരം വിളിപ്പേരുകള്‍ പലത് നമ്മില്‍ ചാര്‍ത്തപ്പെടും. നമ്മോടുള്ള ഇഷ്ടം കൂടിയതുകൊണ്ടുള്ള പുന്നാരപ്പേരുകള്‍, നമ്മുടെ കുറവുകള്‍ ചൂണ്ടിക്കാട്ടുന്ന ഇരട്ടപ്പേരുകള്‍, ചെയ്യുന്ന പ്രവൃത്തികള്‍ക്കനുസരിച്ചുള്ള കര്‍മ്മനാമങ്ങള്‍, നമ്മുടെ കഴിവിനും പ്രശസ്തിക്കുമനുസരിച്ചുള്ള മഹിമപ്പേരുകള്‍… അങ്ങനെ പേരുള്ളവരും പേരെടുത്തവരുമായി നാം മാറുന്നു. എല്ലാം വിളിക്കപ്പെടുകയാണ്. സ്വയം മറച്ചു വയ്ക്കാന്‍ തൂലികാനാമങ്ങള്‍ സ്വീകരിക്കുന്നവരുണ്ട്. സ്വയം ചെറുതാകാന്‍ പേരുകള്‍ ഉപേക്ഷിക്കുന്നവരുമുണ്ട്.

ബാഹ്യാടയാളങ്ങളില്‍ ക്രിസ്ത്യാനികളും സ്വയമേ അങ്ങനെ അവകാശപ്പെടുന്നവരും സ്വയം അങ്ങനെ വിളിക്കുന്നതില്‍ ഉത്സുകരും വര്‍ത്തമാനകാല ജീവിത പരിസരത്ത് വേണ്ടുവോളമുണ്ട്. ബാഹ്യത്തില്‍ സാധാരണക്കാരും ജീവിതത്തില്‍ ക്രൈസ്തവ ധാര്‍മ്മികതയുടെ അടയാളങ്ങളുമായി ജീവിക്കേണ്ടവരാണ് നാമോരോരുത്തരും. എന്നാല്‍ പുറമേ ധരിച്ച അടയാളങ്ങളില്‍ കുടുങ്ങി അകമേ ക്രൈസ്തവ വിരുദ്ധമായ ജീവിതനിലപാടുകളില്‍ മുങ്ങിത്താഴുകയാണ് നാം. നീതിക്കു വേണ്ടി കലഹിക്കുന്നവരും ന്യായത്തിനുവേണ്ടി വാദിക്കുന്നവരും നിലനില്‍പ്പിനു വേണ്ടി യുദ്ധം ചെയ്യുന്നവരും സ്വയം നീതീകരിക്കുന്നവരും അവകാശാധികാരങ്ങള്‍ക്കു വേണ്ടി കലഹിക്കുന്നവരുമായി നാം മാറുന്നു. മാനുഷികതയുടെ മാലുകള്‍ നമ്മെ ചുറ്റിവരിയുന്നുണ്ട്. എന്നാല്‍ പിന്‍ഗമിക്കുന്നത് വീഴ്ചയുടെ ചുവടുകളെയല്ല എന്ന ഓര്‍മ്മയും നിരന്തര ജാഗ്രതയും ആത്മാനുതാപത്തിന്‍റെ ഹൃദയഎരിച്ചിലും നിരന്തരം നമ്മെ ഭരിക്കണം.

കുരിശും കൊന്തയും ധരിക്കാനും ആചാരാനുഷ്ഠാനങ്ങളില്‍ മുഴുകാനും നാം തയ്യാറാകുന്നു. അതാണ് ക്രൈസ്തവ വിശ്വാസത്തിന്‍റെ അടയാളമെന്ന് നാം ധരിച്ചുവശായിരിക്കുന്നു. എന്നാല്‍ എടുക്കരുതെന്ന് ഗരുവും കര്‍ത്താവുമായവന്‍ പറഞ്ഞതൊക്കെ ഭാണ്ഡങ്ങളില്‍ നാം കുത്തിനിറച്ചിട്ടുണ്ട്.

ആരാണ് നാം ക്രിസ്ത്യാനിയാണെന്ന് പറയേണ്ടത്? നമ്മളോ നമ്മെ അനുഭവിക്കുന്ന സഹചരോ? മുളക് തനിക്ക് എരിവാണെന്ന് അവകാശപ്പെടുന്നതില്‍ എന്തര്‍ത്ഥം? അത് അനുഭവിക്കുന്നവരാണ് പറയേണ്ടതും വിളിക്കേണ്ടതും. അന്ത്യോക്യാ നിവാസികള്‍ ശിഷ്യരുടെ ജീവിതം കണ്ട് അവരെ ക്രിസ്ത്യാനികള്‍ എന്ന് ആദ്യമായി വിളിച്ചു. നമ്മുടെ ജീവിത നിലപാടുകളില്‍ തെളിയുന്ന ക്രിസ്തുവിനെ തിരിച്ചറിഞ്ഞ് ലോകം നമ്മെ അങ്ങനെ വിളിക്കണം. അബ്രഹാമിനോട് തന്‍റെ പിന്നാലെ ഇറങ്ങുമ്പോള്‍ ദൈവം പറഞ്ഞത് നിന്‍റെ പേര് ഞാന്‍ മഹത്തരമാക്കും എന്നാണ്. അത് സ്വയംകൃതിയല്ല ദൈവത്തിന്‍റെ പ്രവൃത്തിയാണ്.

കേട്ടുപഴകിയ കഥകളിലൊന്നില്‍ അന്ധനായ കുട്ടിയുടെ കയ്യില്‍ നിന്നും താഴെ വീണുപോയ ഓറഞ്ചുകള്‍ പെറുക്കിക്കൊടുക്കുന്ന ഒരു യാത്രക്കാരനെ ഓര്‍മ്മവരുന്നു. എല്ലാം ശേഖരിച്ച് അവന്‍റെ കൂടയില്‍ വച്ചു കൊടുത്തപ്പോള്‍ അവനയാളോട് ചോദിക്കുന്ന ചോദ്യമാണ് കഥയിലെ മര്‍മ്മം: "നിങ്ങളാണോ ക്രിസ്തു?"

കാര്യത്തിലേക്ക് കടക്കുമ്പോള്‍ കല്‍ക്കത്തയിലെ കാളീഘട്ടില്‍ അതിസാരം ബാധിച്ചു മൃതപ്രായനായ പൂജാരിയെ മരണംവരെ ശുശ്രൂഷിച്ച കാരുണ്യത്തിന്‍റെ അമ്മയുടെ കയ്യില്‍ പിടിച്ച് മരണനേരത്ത് അയാള്‍ വിളിച്ചു. "അമ്മേ ദേവീ" എന്ന്. മുപ്പത്തിയഞ്ചു വര്‍ഷം ഒരു കല്‍പ്രതിമയുടെ മുന്നിലിരുന്ന് അമ്മേ ദേവീ എന്നു വിളിച്ച ഒരു മനുഷ്യന്‍ ക്രിസ്തുവിന്‍റെ മുഖം കണ്ടുമുട്ടിയത് മദറിന്‍റെ കരുണാര്‍ദ്രമായ പ്രവൃത്തിയിലായിരുന്നു. അതിനു മുമ്പേ അയാളില്‍ ക്രിസ്തുവിന്‍റെ മുഖം കാണാന്‍ അമ്മയ്ക്കു കഴിഞ്ഞു. കാരുണ്യത്തിന്‍റെ വലിയ പ്രവൃത്തികളായി നാം കാണുന്ന ജീവകാരുണ്യ കര്‍മ്മങ്ങളില്‍ വേണ്ടതിനേക്കാള്‍ ശ്രദ്ധാപൂര്‍വ്വമായ സ്വാര്‍ത്ഥലംഘനങ്ങളും പാദക്ഷാളനവും സാധാരണ ജീവിത വഴിയില്‍ നമുക്കു വേണ്ടതുണ്ട്. നമ്മുടെ ജീവിതംകൊണ്ട് ക്രിസ്തുവിന്‍റെ അടയാളങ്ങള്‍ പ്രകാശിപ്പിക്കുന്നവരായി നാം മാറുന്നില്ലെങ്കില്‍ ബാഹ്യാടയാളങ്ങള്‍ കാപട്യത്തിന്‍റെ മുഖംമൂടികളായി പുറംപൂച്ചായി അധഃപതിപ്പിക്കും എന്നും നാം ഓര്‍ക്കണം.

ഏതു മതസ്ഥരായാലും ബാഹ്യാടയാളങ്ങള്‍ ധരിക്കുന്നവരെ എവിടെ നോക്കിയാലും ഇന്നു നമുക്ക് കാണാം. കൊന്തയും കുരിശും ധരിക്കുന്നവര്‍, കയ്യില്‍ ചരടും നെറ്റിയില്‍ കുറിയും അണിയുന്നവര്‍, പര്‍ദ്ദയും തൊപ്പിയും തുടങ്ങി പലവിധ വേഷങ്ങള്‍ കൊണ്ടും അടയാളങ്ങള്‍ കൊണ്ടും, മനുഷ്യത്വത്തെ വിഭജിക്കാമെന്നല്ലാതെ, അതു വിശ്വാസത്തിന്‍റെ പ്രഘോഷണമാകില്ല.

നമ്മുടെ ഉള്ളിലെരിയുന്ന സത്യബോധത്തിന്‍റെ വെളിച്ചം ജീവിത പ്രവൃത്തികള്‍കൊണ്ട് പ്രകാശിപ്പിക്കുകയാണ് ആത്മീയത. അങ്ങനെ ക്രിസ്തുവിന്‍റെ മുഖം നമ്മിലൂടെ പ്രകാശിക്കാന്‍ നമ്മുടെ ഹൃദയം ക്രിസ്തു അനുരൂപമാകേണ്ടതുണ്ട്. അത്, നമ്മില്‍ നിന്ന് ആവശ്യപ്പെടുന്നത് ഒരു ജീവാര്‍പ്പണത്തിന്‍റെ പവിത്രതയാണ്. ക്രിസ്തു ദൈവത്തെ തന്നില്‍ വെളിപ്പെടുത്തിയത്, കരുണാര്‍ദ്രമായ സ്നേഹവും ക്ഷമയും അനുകമ്പയും ജാതിമതഭേദങ്ങള്‍ക്ക് അതീതമായ ഏകതാബോധവും പാപികള്‍ക്ക് പകരമാകാനുള്ള ജീവത്യാഗവും നേരിടുന്ന സഹനങ്ങളില്‍ പതറിപ്പോകാത്ത ദൈവാശ്രയവും സ്വയം സമര്‍പ്പണവും കൊണ്ടാണ്. മനുഷ്യത്വത്തിനകത്ത് ദൈവത്തിന്‍റെ നേര്‍മുഖം വെളിപ്പെടുത്തുന്ന ക്രിസ്തുവിന്‍റെ പിന്‍ഗാമികളെന്ന് അവകാശപ്പെടുന്നതില്‍ എത്രത്തോളം നമുക്ക് നിര്‍വ്യാജമാകാന്‍ കഴിയും? ആദിയിലെ വാക്ക് ആളത്തമായ ക്രിസ്തുവില്‍ ഒരാള്‍ ആയിത്തീരുന്നത് മനുഷ്യസഹജമായ മണ്‍ഭാവങ്ങളെ ക്രിസ്തുവില്‍ നിമജ്ജനം ചെയ്തുകൊണ്ടാവണം. ക്രിസ്തു സ്നേഹത്തില്‍ കത്തിയെരിഞ്ഞ് സ്നേഹപ്രവാഹമായി മാറാന്‍ കഴിയണം.

സ്നേഹം പ്രഘോഷിക്കുന്ന നാം തമ്മില്‍ ഭിന്നതയുടെ മതില്‍ക്കെട്ടുകള്‍ പണിതുയര്‍ത്തുന്നു. ക്ഷമയെക്കുറിച്ച് പ്രബന്ധങ്ങളവതരിപ്പിക്കുന്ന നാം അസഹിഷ്ണതയും അസഹ്യതയുംകൊണ്ട് ഹൃദയത്തെ നിറയ്ക്കുന്നു. വ്യക്തിബന്ധങ്ങളിലും കുടുംബസാഹചര്യങ്ങളിലും തുടങ്ങി ഉന്നതങ്ങളില്‍വരെ നിഴല്‍ വീഴ്ത്തുന്ന സ്വയം സ്നേഹം അപരനെ സ്വീകരിക്കാതിരിക്കാനുള്ള കാരണം കണ്ടെത്തലുകളുടെ തിരക്കില്‍പെട്ടുഴലുകയാണ്.

അല്‍പകാലത്തെ ജീവിതമാണ് ഭൂമിയില്‍. ഏത് സാഹചര്യത്തിലായാലും സ്ഥാനങ്ങളിലാണെങ്കിലും ഞൊടിയിടകൊണ്ട് മാഞ്ഞുപോകുന്ന ജീവിതം. ക്രിസ്തുബോധത്തിലെങ്കില്‍ നിത്യാനന്ദത്തിലേക്ക് മിഴി തുറക്കും. അപരന്‍ ക്രിസ്തുവെന്നും ആ ക്രിസ്തു എന്നിലെന്നും ഞാന്‍ ക്രിസ്തുവിലെന്നും തിരിച്ചറിയുമ്പോള്‍, ജീവിക്കുന്നത് ക്രിസ്തുവാകും. സത്യമാകുന്ന ഈ തത്ത്വം പ്രയോഗപ്പിഴവുകളില്ലാതെ നമ്മില്‍ പൂര്‍ത്തിയാക്കാനുള്ള യത്നമാണ് ക്രൈസ്തവ ജീവിതം. നമുക്ക് അറിയാവുന്ന ഈ സത്യം നമ്മുടെ ചുറ്റുപാടുകളില്‍ ഒരു നിരന്തര ഓര്‍മ്മയാകട്ടെ.

martheenose@gamil.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org