പരി.അമ്മയെന്ന പുല്ക്കൂട്

പരി.അമ്മയെന്ന പുല്ക്കൂട്

സുജമോള്‍ ജോസ്

നമ്മിലെ രക്ഷകന്‍റെ പുതുപിറവിക്കായി ഇനിയും ഒരുക്കേണ്ട നമ്മിലെ പുല്‍ക്കൂടുകളെക്കുറിച്ച്…

'ട്രാഫിക്' എന്ന മലയാള സിനിമയില്‍ ജോസ് പ്രകാശിന്‍റെ ഹൃദയസ്പര്‍ശിയായ ഒരു ഡയലോഗുണ്ട്. "നിങ്ങള്‍ 'നോ' പറഞ്ഞാല്‍ ഇവിടെ ഒന്നും സംഭവിക്കില്ല. ഏതൊരു ദിവസത്തെയുംപോലെ ഈ ദിവസവും കടന്നുപോകും. പക്ഷേ, നിങ്ങളുടെ ഒരൊറ്റ 'യെസ്' ചിലപ്പോള്‍ ചരിത്രമാകും. വരാനിരിക്കുന്ന ഒരുപാടു പേര്‍ക്കു 'യെസ്' പറയാന്‍ ധൈര്യം പകരുന്ന ചരിത്രം." 'ഉണ്ടാകട്ടെ' എന്ന ഒറ്റു വാക്കുകൊണ്ടു പ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവം പാപാന്ധകാരത്തില്‍ കഴിഞ്ഞ മാനവകുലത്തെ വീണ്ടെടുക്കാന്‍ ഒരു സ്ത്രീയുടെ 'യെസി'നായി കാത്തിരിക്കുന്നു. തന്‍റെ ഏകജാതനെ ഭൂമിയിലേക്കയയ്ക്കാന്‍ മറിയം എന്ന നസ്രത്തിലെ ആ കന്യകയുടെ 'ഇതാ കര്‍ത്താവിന്‍റെ ദാസി' എന്ന ഒറ്റ 'യെസു'കൊണ്ടു ചരിത്രത്ത രണ്ടായി പകുത്തു ദൈവകുമാരന്‍ രക്ഷകനായി ഭൂമിയില്‍ അവതരിക്കുന്നു. ഹൃദയത്തിന്‍റെ പുല്ക്കൂട്ടില്‍ ഉണ്ണീശോയെ വരവേല്ക്കാനുള്ള ഒരുക്കത്തിന്‍റെ ഈ യാത്ര അവളെ ഉദരത്തില്‍ സംവഹിച്ചവളോടൊപ്പമാകുക എന്നത് എത്ര ആനന്ദകരമാണ്.

നസ്രത്തിലെ മറിയം ഇന്നു ലോകമാതാവായി, പരി. അമ്മയായി, സഹരക്ഷകയായി നമ്മുടെ ജീവിതത്തില്‍ നിറഞ്ഞു നില്ക്കുന്നു. തന്‍റെ മകനു ജന്മമേകാന്‍ ദൈവം എന്തുകൊണ്ടു മറിയത്തെത്തന്നെ തിരഞ്ഞെടുത്തു? ദൈവമാതൃത്വത്തിലേക്കുള്ള തന്‍റെ തിരഞ്ഞെടുപ്പിനെക്കുറിച്ചു ലൂക്കാ സുവിശേഷം 1:48-ല്‍ മറിയം തന്നെ പറയുന്നതിങ്ങനെയാണ്. "അവിടുന്നു തന്‍റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു." അതേ മറിയത്തിന്‍റെ എളിമയെ തന്നെയാണു ദൈവം ശ്രേഷ്ഠമായി കണ്ടത്. ദൈവസന്നിധിയില്‍ കൃപ കണ്ടെത്തുന്നതിനു കാരണമായി മറിയത്തില്‍ വിളങ്ങിയിരുന്ന മറ്റൊരു പ്രധാന പുണ്യമാണു വിശ്വാസം. ഗബ്രിയേല്‍ ദൂതനില്‍ നിന്ന് മംഗളവാര്‍ത്ത കേട്ടതിനുശേഷം മറിയം ആദ്യം ചെയ്തതു ചാര്‍ച്ചക്കാരി എലിസബത്തിന്‍റെ അടുക്കലേയ്ക്കു യാത്ര തിരിച്ചു എന്നതായിരുന്നു. ലൂക്കാ സുവിശേഷം ഒന്നാം അദ്ധ്യായം 39 മുതല്‍ 45 വരെയു ള്ള വാക്യങ്ങളിലാണ് ഈ സന്ദര്‍ശനം വിവരിക്കുന്നത്. മറിയത്തെ സ്തുതിച്ചുകൊണ്ട് എലിസബത്ത് പറയുന്നു, "കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്നു വിശ്വസിച്ചവള്‍ ഭാഗ്യവതി" (ലൂക്കാ 1:45).

ദൂതനിലൂടെ അരുള്‍ ചെയ്യപ്പെട്ട കാര്യങ്ങളെല്ലാം ശങ്കയേതുമില്ലാതെ മറിയം വിശ്വസിച്ചു എന്നതിനു തെളിവാണു തിടുക്കത്തിലുള്ള എലിസബത്തിന്‍റെയടുത്തേയ്ക്കുള്ള യാത്ര. "ഇതാ കര്‍ത്താവിന്‍റെ ദാസി, നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ" (ലൂക്കാ 1:38) എന്നത് മറിയത്തിന്‍റെ വിശ്വാസത്തിന്‍റെ ഏറ്റുപറച്ചില്‍തന്നെയായിരുന്നു. ആ ഏറ്റുപറച്ചിലാണു മാനവകുലത്തിനു രക്ഷയായിത്തീര്‍ന്നത്. പരിശുദ്ധ അമ്മയില്‍ വിളങ്ങിനിന്ന ഈ എളിമയുടെയും വിശ്വാസത്തിന്‍റെയും പാതയിലൂടെയാവണം നമ്മുടെ പുല്ക്കൂട്ടിലേക്കുള്ള യാത്രയും. എന്നാല്‍ പലപ്പോഴും തലകുനിക്കാനും എളിമപ്പെടാനും നാം തയ്യാറാകാത്തതുകൊണ്ടു തന്നെ ദൈവഹിതം നമ്മള്‍ തിരിച്ചറിയാതെ പോകുന്നു.

ഒരു കഥയുണ്ട്, ഒരു കാട്ടില്‍ വലിയൊരു ചക്കരമാവും ചുറ്റും കുറേ ചൂരല്‍ച്ചെടികളും. വലിപ്പത്തില്‍ തന്നേക്കാള്‍ ഏറെ ചെറുതായിരുന്ന ചൂരല്‍ച്ചെടികളെ എപ്പോഴും പരിഹസിക്കുക എന്നതായിരുന്നു ചക്കരമാവിന്‍റെ പ്രധാന വിനോദം. അങ്ങനെയിരിക്കെ ഒരുനാള്‍ പേമാരിയും കൊടുങ്കാറ്റുമുണ്ടായി. തന്‍റെ മുഴുവന്‍ ശക്തിയുമുപയോഗിച്ചു ചക്കരമാവു കാറ്റിനെ എതിരിടാന്‍ നോക്കി. എന്നാല്‍ ഏറെ വൈകാതെ കടപുഴകി വീണു. കാറ്റ് ശമിച്ചപ്പോള്‍ തലയുയര്‍ത്തി നോക്കിയ ചക്കരമാവ് കണ്ട കാഴ്ച ഇളംകാറ്റില്‍ തലയാട്ടി നില്ക്കുന്ന ചൂരല്‍ച്ചെടികളെയാണു ശക്തനായ താന്‍ കടപുഴകി വീണിട്ടും നിങ്ങളെങ്ങനെ പിടിച്ചുനിന്നു എന്ന മാവിന്‍റെ ചോദ്യത്തിനു ചൂരല്‍ച്ചെടികള്‍ പറഞ്ഞ മറുപടിയാണിവിടെ പ്രസക്തം. "ഞങ്ങള്‍ കാറ്റു ശക്തമായി വീശുമ്പോള്‍ തലകുനിച്ചു കൊടുക്കും. കാറ്റു ഞങ്ങളെ തഴുകി കടന്നുപോകും. അങ്ങനെ തല കുനിക്കുന്നതുകൊണ്ടു ഞങ്ങളെ മറിക്കാനോ ഒടിക്കാനോ കാറ്റിനു കഴിയാറില്ല."

ഇന്നു നമ്മുടെ കുടുംബങ്ങള്‍ പലതും തകരുന്നതിനു പിന്നിലെ കാരണവും ഇതുതന്നെയാണ്. തല കുനിക്കാന്‍ കുടുംബത്തില്‍ ആരും തയ്യാറാകുന്നില്ല. അപ്പനും അമ്മയും മക്കളും പരസ്പരം എളിമപ്പെടാന്‍ തയ്യാറല്ല. അതുകൊണ്ടുതന്നെ ജീവിതത്തില്‍ പ്രശ്നങ്ങളും പ്രതിസന്ധികളുമുണ്ടാകുമ്പോള്‍ നാം തളരുകയും തകരുകയും ചെയ്യുന്നു. ഇവിടെയാണു പരിശുദ്ധ അമ്മ വ്യത്യസ്തയാകുന്നത്. മാതാവിന്‍റെ എളിമയിലാണു തിരുക്കുടുംബം പടുത്തുയര്‍ത്തപ്പെട്ടത്. പരിശുദ്ധ അമ്മയെ കടാക്ഷിച്ച ദൈവം നമ്മുടെ താഴ്മയെയും കടാക്ഷിക്കുമ്പോഴാണു നമ്മുടെ കുടുംബം അനുഗ്രഹിക്കപ്പെടുക. നമ്മളൊന്നു തോല്ക്കുന്നിടത്തു നമ്മുടെ കുടുംബം പടുത്തുയര്‍ത്തപ്പെടും.

നമ്മുടെ വിശ്വാസജീവിതത്തെ ഒന്നുകൂടി അരക്കിട്ടുറപ്പിക്കേണ്ട കാലംകൂടിയാണീ നാളുകള്‍. പ്രഥമ വിശ്വാസപരിശീലനക്കളരിയായ കുടുംബത്തില്‍ വിശ്വാസം വളര്‍ത്തിയെടുക്കേണ്ട ദിനങ്ങള്‍. കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്നുറച്ചു വിശ്വസിച്ച മറിയംതന്നെയാണ് ഇവിടെയും നമ്മുടെ മാതൃക. വിശ്വാസത്തില്‍ കൂടുതല്‍ ആഴപ്പെടാനും എളിമയില്‍ ജീവിക്കാനും നമുക്കീ നാളുകളില്‍ പരിശീലിക്കാം. സ്വജീവിതത്തിലൂടെ ഇതു നമുക്കു കാണിച്ചുതന്ന പരിശുദ്ധ അമ്മയോടൊപ്പം പുല്‍ക്കൂട്ടിലേക്കു നമുക്കും നടക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org