എകെസിസിയുടെ ചരിത്രത്തെ വികലമാക്കുന്നവർ

എകെസിസിയുടെ ചരിത്രത്തെ വികലമാക്കുന്നവർ

സമുദായത്തിന്‍റെയും പ്രദേശത്തിന്‍റെയും വര്‍ഗത്തിന്‍റെയും വംശത്തിന്‍റെയും മുന്‍വിധികളുടെ ചേരുവകളാല്‍ ചായം തേച്ചതാണ് ചരിത്രമെഴുത്ത്. വ്യത്യസ്ത പാര്‍ട്ടികളും പ്രസ്ഥാനങ്ങളും സമുദായങ്ങളും എഴുതിയിരിക്കുന്ന ഇന്ത്യന്‍ ചരിത്രമെടുത്ത് വായിച്ചാല്‍ അതു മനസ്സിലാകും.

ഇത്തരത്തിലാണ് ഇന്ത്യന്‍ സഭാ ചരിത്രം ഓര്‍ത്തഡോക്സുകാരും, യാക്കോബായക്കാരും, മാര്‍തോമാസഭക്കാരും, സുറിയാനി ക്രൈസ്തവരും ലത്തീന്‍ ക്രൈസ്തവരും എഴുതിയിരിക്കുന്നത്. അവരവരുടെ സഭയുടെ പ്രാമുഖ്യവും പ്രമാണിത്തവും തെളിയിക്കുന്ന വിധത്തിലാണ് അവയൊക്കെ രചിക്കപ്പെട്ടിരിക്കുന്നത്. കത്തോലിക്കാ സഭയുടെ ചരിത്രവും അങ്ങനെ വളച്ചൊടിക്കലുകള്‍ക്കും കൂട്ടിച്ചേര്‍ക്കലിനുമൊക്കെ വിധേയമായിട്ടുണ്ട്. അതുകൊണ്ടാണല്ലോ ജര്‍മന്‍ സഭാ ചരിത്രപുസ്തകങ്ങള്‍ പരിചയമുള്ള റാറ്റ്സിംഗര്‍ (ബെനഡിക്ട് പതിനാറാമന്‍ മാര്‍ പാപ്പ) മാര്‍ തോമാശ്ലീഹായെ കുറിച്ച് ബുധനാഴ്ച കൂടികാഴ്ചയില്‍ പ്രസംഗിച്ചപ്പോള്‍ തോമാശ്ലീഹാ വടക്കു പടിഞ്ഞാറന്‍ ഇന്ത്യയിലാണ് വന്നതെന്നും അവിടെ നിന്നും ക്രൈസ്തവികത കേരളത്തിലെത്തിയെന്നും എഴുതിയതും സത്യദീപത്തിന്‍റെയും കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ പിതാവിന്‍റെയും ഇടപെടല്‍ നിമിത്തം പിന്നീട് പ്രസ്താവന തിരുത്തേണ്ടിവന്നതും.

എന്തുകൊണ്ടാണ് ചരിത്രത്തിന്‍റെ വളച്ചൊടിക്കലുകളെക്കുറിച്ച് പറഞ്ഞു വരുന്നതെന്ന് ചോദിച്ചാല്‍ അതു സീറോ മലബാര്‍ സഭയുടെ അല്മായ പ്രസ്ഥാനമായ കത്തോലിക്ക കോണ്‍ഗ്രസിന്‍റെ ഉത്ഭവത്തെക്കുറിച്ചും അതിന്‍റ ശതാബ്ദിയെക്കുറിച്ചും ഈയിടെ ഉണ്ടായ ചില ആശയകുഴപ്പങ്ങളാണ്. കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ ഉത്ഭവം എല്ലാ ചരിത്രരേഖകളും വച്ച് 1905-ലാണെന്നും അതൊരിക്കലും 1918-ല്‍ അല്ലെന്നും ഫാ. പീറ്റര്‍ കോയിക്കര 2017-ല്‍ പ്രസിദ്ധികരിച്ച "കത്തോലിക്ക കോണ്‍ഗ്രസ് ചരിത്രവഴികളിലൂടെ" എന്ന പുസ്തകത്തില്‍ അസന്നിഗ്ദ്ധമായി തെളിയിച്ചിട്ടുണ്ട്. അദ്ദേഹം വലിയ ചരിത്രകാരനായി അറിയപ്പെടുന്നില്ലെങ്കിലും വളരെ ആത്മാര്‍ത്ഥമായി ഇന്ന് ലഭ്യമായ എല്ലാ രേഖകളും പുസ്തകങ്ങളും ലേഖനങ്ങളും വച്ച് തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകത്തിന്‍റെ ആധികാരികതയെ സംശയിക്കേണ്ടതില്ലായെന്ന് പുസ്തകം വായിച്ചപ്പോള്‍ തോന്നി.

മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ക്കായി ഒരു സമുദായ സംഘടനയെക്കുറിച്ച് ആദ്യം പ്രസംഗിച്ചത് അല്മായരുടെ നേതൃത്വത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്ന നിധിരിക്കല്‍ മാണി കത്തനാര്‍ 1904-ല്‍ മാന്നാനം പള്ളിയിലെ നാല്പതുമണിയാരാധനയ്ക്കു നടത്തിയ പ്രസംഗത്തിലാണ്. 1904 ജൂണ്‍ മാസം അദ്ദേഹം മരിക്കുകയും ചെയ്തു. എങ്കിലും അദ്ദേഹത്തില്‍നിന്നും ഈ ആശയം അന്നത്തെ പ്രതിഭാധനരായ അല്മായരും വൈദികരും ഏറ്റെടുത്തു. 1905-ല്‍ മാന്നാനത്തു വച്ചു നാല്പതുമണിയാരാധനയുടെ പശ്ചാത്തലത്തില്‍ തന്നെയാണ് മാണിക്കത്തനാരുടെ ആശയം നെഞ്ചിലേറ്റിയ പുരോഗമനവാദിയായ എഴുപുന്ന പാറായില്‍ അവിര തരകന്‍റെ നേതൃത്വത്തില്‍ ഈ അല്മായ സംഘടനയുടെ ആദ്യ ആലോചനാ യോഗം നടത്തിയത്. ആ യോഗത്തില്‍ കൃത്യമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിച്ചില്ല. അതിനാല്‍ 1905 ജൂലൈ 8-ന് ആലപ്പുഴയില്‍ വച്ച് അടുത്ത ആലോചനായോഗം നടത്തി. "സുറിയാനിക്കാര്‍ക്കിടയില്‍ വടക്കുംഭാഗക്കാര്‍, തെക്കുംഭാഗക്കാര്‍ എന്ന തിരിവും ലത്തീന്‍കാര്‍ക്കിടയില്‍ എഴുന്നൂറ്റിക്കാര്‍ മുന്നൂറ്റിക്കാര്‍ എന്ന തിരിവും നിലനിന്നിരുന്നു. ഈ വിഭാഗീയ നിലപാടുകള്‍ മാറ്റി എല്ലാവരും ഒരുമയോടെ പോകണമെന്ന ചിന്താഗതി പ്രബലമായിക്കൊണ്ടിരുന്ന പശ്ചാത്തലത്തിലാണ് ആലപ്പുഴ സമ്മേളനം നടത്തിയത്." ലത്തീന്‍കാരെയും സുറിയാനിക്കാരെയും ഒരുമിച്ച് നിര്‍ത്താന്‍ ആലപ്പുഴ യോഗം സഹായകരമായെങ്കിലും ചരിത്രം വീണ്ടും വഴി മാറി. 1905-ല്‍ എറണാകുളം അതിരൂപതയുടെ അസ്ഥാനമന്ദിരത്തില്‍ ളൂയീസ് പഴേപറമ്പില്‍ പിതാവിന്‍റെ മഹനീയ സാന്നിധ്യത്തിലാണ് ഈ സമുദായ സംഘടനയ്ക്ക് കത്തോലിക്കാ മഹാജന സഭ എന്നു പേരു നല്കി അതിന്‍റെ നിയമാവലി പാസ്സാക്കിയത്. പിന്നീട് കേരള കത്തോലിക്കാ കോണ്‍ഗ്രസ്സെന്നും ഇപ്പോള്‍ വെറും കത്തോലിക്കാ കോണ്‍ഗ്രസ്സെന്നും അറിയപ്പെടുന്ന ഈ സംഘടനയുടെ വജ്രജൂബിലി 1965-ല്‍ ആ ഘോഷിച്ചപ്പോള്‍ (മേയ് 12) ദീപികപത്രം മുഖപ്രസംഗത്തില്‍ എഴുതിയതും ഏകെസിസിയുടെ ഉത്ഭവം 1905-ലാണെന്നാണ്. 1980-ല്‍ എറണാകുളത്ത് വച്ച് പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. ഇപ്പോള്‍ ഏകെസിസിയുടെ തുടക്കം 1918 -ല്‍ ചങ്ങനാശ്ശേരിയിലാണെന്ന് പറയുന്നവരുടെ രാഷ്ട്രീയം കോയിക്കര അച്ചന്‍ വളരെ കൃത്യമായി അദ്ദേഹത്തിന്‍റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഫുള്‍സ്റ്റോപ്പ്: വളച്ചൊടിക്കലും തമസ്കരിക്കലും അസത്യപ്രചാരണവുമൊക്കെ മനുഷ്യരചിത ചരിത്രത്തിലുണ്ട്. പക്ഷേ കൃത്യമായ വര്‍ഷങ്ങളും തീയതിയുമായി രേഖകള്‍ കണ്‍മുമ്പില്‍ ഉണ്ടായിട്ടും അവയ്ക്കു നേരെ കണ്ണടയ്ക്കുന്നതിനെ ന്യായികരിക്കാനാവില്ല. സത്യമറിയാഞ്ഞിട്ടല്ല, കണ്ണടച്ച് ഇരുട്ടാക്കുന്നതിലാണല്ലോ താല്ക്കാലിക സുഖവും മുഖംമൂടിയണിഞ്ഞ മാന്യതയും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org